നൂതനാശയങ്ങൾ കൈത്തറിയുടെ ഭാവി നെയ്‌തെടുക്കുന്നു
ഗിരിരാജ് സിങ്- കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പു മന്ത്രി
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കു വഹിക്കുകയും 3.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുകയും ചെയ്യുന്ന ഏറ്റവും വലിയ കുടില്‍ വ്യവസായമാണു കൈത്തറി മേഖല. വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന ഫാസ്റ്റ് ഫാഷന് പ്രാദേശിക നെയ്ത്തുകാര്‍ സൃഷ്ടിച്ച കൈത്തറിയും കരകൗശല തുണിത്തരങ്ങളും അര്‍ഥവത്തായ ഒരു ബദല്‍ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ആധുനിക ലോകത്തിനായുള്ള വിശാലമായ ആഖ്യാനത്തിലേക്ക് ഉള്‍പ്പെടുത്തുന്നു.
സുസ്ഥിരമായ ഒരു ടെക്‌സ്‌റ്റൈല്‍ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഗ്രാമീണ കൈത്തറി, കരകൗശല ക്ലസ്റ്ററുകളെ പിന്തുണയ്ക്കണം. കുടുംബങ്ങളും സമൂഹങ്ങളും തലമുറകളായി നിലനിര്‍ത്തുന്ന ഇന്ത്യന്‍ കരകൗശലത്തിന്‍റെ ജീവസുറ്റ പാരമ്പര്യങ്ങളെ ഈ ക്ലസ്റ്ററുകള്‍ പ്രതിനിധീകരിക്കുന്നു. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയും സാമൂഹിക സംരംഭങ്ങളും പങ്കു വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍, പ്രാദേശിക സ്രോതസുകള്‍, പുനരുപയോഗം, പുനഃചംക്രമണം, പരമ്പരാഗത രീതികളുമായി സാങ്കേതികവിദ്യ സംയോജിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള നവീകരണത്തിലൂടെ അവരുടെ പ്രവര്‍ത്തനം വ്യാപിക്കുന്നു. കരകൗശല സമൂഹങ്ങളെ ശാക്തീകരിക്കുക, കരകൗശല വിദഗ്ധരും ഡിസൈനര്‍മാരും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുക, ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കുക, കരകൗശല വിദഗ്ധരെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുക എന്നിവയിലും ഈ ശ്രമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോ- 2025, യുഎസ്എയിലെ സാന്താ ഫെയിലെ ഇന്‍റര്‍നാഷണല്‍ ഫോക്ക് ആര്‍ട്ട് മാര്‍ക്കറ്റ് തുടങ്ങിയ വേദികളിലെ ഇന്ത്യന്‍ കരകൗശല വിദഗ്ധരുടെ പങ്കാളിത്തം അവരുടെ പൊരുത്തപ്പെടാനുള്ള കഴിവും ആഗോള ആകര്‍ഷണവും പ്രകടമാക്കുന്നു.
നിരവധി പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും കേന്ദ്ര ഗവണ്‍മെന്‍റ് ടെക്‌സ്‌റ്റൈല്‍ ആവാസ വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാൻ സാമ്പത്തിക സഹായം, തറികള്‍- അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ സംഭരണം, സ്ത്രീ ശാക്തീകരണത്തിനുള്ള പ്രോത്സാഹനങ്ങള്‍, നൈപുണ്യ വികസന പരിപാടികള്‍, പരമ്പരാഗത കൈത്തറി സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വിപണന ശ്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരിസ്ഥിതി സൗഹൃദവും ചാക്രികവുമായ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ജൈവ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്താനും ധാര്‍മിക രീതികളിലൂടെ മത്സരശേഷി വര്‍ധിപ്പിക്കാനും ഊന്നല്‍ നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, "വോക്കല്‍ ഫോര്‍ ലോക്കല്‍', "ആത്മനിര്‍ഭര്‍ ഭാരത്' തുടങ്ങിയ സംരംഭങ്ങള്‍ കൈത്തറി നെയ്ത്തുകാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിച്ചു. "സ്‌കില്‍ ഇന്ത്യ', "ഡിജിറ്റല്‍ ഇന്ത്യ' തുടങ്ങിയ മറ്റു പരിപാടികള്‍ കരകൗശല വിദഗ്ധരുടെ കഴിവുകള്‍ നവീകരിക്കാനും അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് നേരിട്ടു വിശാലമായ വിപണികളിലേക്കു പ്രവേശിക്കാനും പ്രാപ്തരാക്കുന്നു.
കൈത്തറി പാരമ്പര്യങ്ങളുടെ രേഖപ്പെടുത്തലും സംരക്ഷണവും മേഖലയുടെ വളര്‍ച്ച നിലനിര്‍ത്താൻ അത്യാവശ്യമാണ്. ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം നേതൃത്വം നല്‍കുന്ന ഡിജിറ്റല്‍ ശേഖരമായ "ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ് ' പരമ്പരാഗതവും സമകാലികവുമായ അറിവുകള്‍ ശേഖരിച്ച് ഈ ലക്ഷ്യം നിറവേറ്റുന്നു. ഈ പ്ലാറ്റ്ഫോം ഗവേഷണ ഡാറ്റ, ഡിസൈനര്‍, ആര്‍ട്ടിസാന്‍ പ്രൊഫൈലുകള്‍, വെര്‍ച്വല്‍ മ്യൂസിയം, ഡിജിറ്റല്‍ പ്രദര്‍ശനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് പണ്ഡിതര്‍, പഠിതാക്കള്‍, കരകൗശല പ്രേമികള്‍ എന്നിവര്‍ക്കു വിലപ്പെട്ട വിഭവമായി മാറുന്നു.
കൈത്തറി മേഖലയെ കൂടുതല്‍ ലക്ഷ്യബോധമുള്ളതും ലാഭകരവുമാക്കാൻ വ്യവസായ കേന്ദ്രീകൃത തന്ത്രം അത്യാവശ്യമാണ്. കോ- ഓപ്ടെക്സ്, ബോയാനിക്ക, ടാറ്റ ട്രസ്റ്റിന്‍റെ അന്തരണ്‍ പോലുള്ള കൈത്തറി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നതു വ്യവസ്ഥാപിത ആസൂത്രണം സൊസൈറ്റികളുടെ പ്രോത്സാഹനത്തിലൂടെയോ, സഹകരണ സ്ഥാപനങ്ങളിലൂടെയോ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയോ കൈത്തറി നെയ്ത്തുകാരുടെ വരുമാനവും ഉപജീവനമാര്‍ഗവും ഗണ്യമായി മെച്ചപ്പെടുത്തും എന്നാണ്.
പരമ്പരാഗതവും ആധുനികവുമായ വിപണികള്‍ക്കായി പുതിയവ വികസിപ്പിക്കുന്നതിനൊപ്പം, പ്രമേയാധിഷ്ഠിത പ്രദര്‍ശനങ്ങളിലൂടെ പരമ്പരാഗത ഡിസൈനുകള്‍ പുനരുജ്ജീവിപ്പിക്കുന്നത് ഉപഭോക്താക്കളെ ബോധവത്കരിക്കാനും ആവശ്യകത വര്‍ധിപ്പിക്കാനും സഹായിക്കും. അംഗവസ്ത്രങ്ങള്‍, വേഷ്ടികള്‍, മുണ്ടുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കു ഡിസൈന്‍ നവീകരണം ആവശ്യമാണ്. നിലവിലെ ഡാറ്റ കാണിക്കുന്നത് കൈത്തറി നെയ്ത്തുകാരില്‍ 22% പേര്‍ മാത്രമേ സാരികള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും 19% പേര്‍ അംഗവസ്ത്രങ്ങളിലും സമാന ഉത്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ എന്നുമാണ്. ആധുനിക അഭിരുചികൾക്കനുസരിച്ചു സവിശേഷമായ പ്രാദേശിക കഴിവുകളും സാങ്കേതിക വിദ്യകളും സംരക്ഷിക്കേണ്ടതുണ്ട്. ജൈവ നാരുകള്‍, പ്രകൃതിദത്ത ചായങ്ങള്‍, സുസ്ഥിര വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് കൈത്തറി ഉത്പന്നങ്ങളുടെ മൂല്യവും ആകര്‍ഷണവും വര്‍ധിപ്പിക്കും.
സന്ത് കബീര്‍, ദേശീയ കൈത്തറി അവാര്‍ഡുകള്‍ തുടങ്ങിയ അവാര്‍ഡുകളിലൂടെ നെയ്ത്തുകാരുടെ സംഭാവനകളെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം അംഗീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍ വനിതാ നെയ്ത്തുകാര്‍, ആദിവാസി കരകൗശല വിദഗ്ധര്‍, ദിവ്യാംഗ നെയ്ത്തുകാര്‍, നൂതന ഉത്പാദക സംഘങ്ങള്‍, സൃഷ്ടിപരമായി ഇടപെടുന്ന ഡിസൈനര്‍മാര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ പോലുള്ള പുതിയ വിഭാഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടിയവരും നവീകരണത്തിനോ സംരംഭകത്വത്തിനോ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ 30 വയസിനു താഴെയുള്ള കരകൗശല വിദഗ്ധരെ അംഗീകരിക്കുന്ന യങ് വീവര്‍ അവാര്‍ഡ് ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലാണ്. ക്യാഷ് പ്രൈസുകളും പ്രശസ്തിപത്രങ്ങളും സഹിതമുള്ള ഈ അവാര്‍ഡുകള്‍ സുതാര്യവും ജനാധിപത്യപരവുമാണ്. ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സന്ത് കബീര്‍ ആജീവനാന്തം 8,000 രൂപ പ്രതിമാസ സഹായം നല്‍കുന്നു.
കൈത്തറിയിലെ നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണു ലക്ഷ്യം. ഇന്ത്യന്‍ കൈത്തറി വ്യവസായത്തെ നിലനിര്‍ത്താൻ പാരമ്പര്യവും നൂതനാശയവും സ്വീകരിക്കേണ്ടതുണ്ട്. പരുത്തി, പട്ട്, കമ്പിളി, ചണം, കയര്‍ തുടങ്ങിയ പ്രകൃതിദത്ത നാരുകളാല്‍ സമ്പന്നമായ ഇന്ത്യ മുള, വാഴനാര്, ചണം, എരുക്ക് നാര് തുടങ്ങിയ പുതിയ വസ്തുക്കള്‍ കൂടുതലായി പര്യവേഷണം ചെയ്യുന്നു. കാര്‍ഷിക മാലിന്യങ്ങൾ വലിയ അളവില്‍ ഉപയോഗശൂന്യമായി തുടരുന്നു. ഈ സമൃദ്ധി ഉണ്ടായിരുന്നിട്ടും, യഥാര്‍ഥ സുസ്ഥിര ഉത്പാദനത്തിന് വലിയ തോതിലുള്ള നൂലും തുണി സംസ്‌കരണവും ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത നിലനില്‍ക്കുന്നു.
ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സംരംഭങ്ങളില്‍ ചാക്രിക ഉല്‍പാദനം ശക്തി പ്രാപിക്കുന്നു. നൂലുകളിലും തുണിത്തരങ്ങളിലും മാത്രമല്ല, വസ്ത്രങ്ങള്‍ക്കായുള്ള ഘടകങ്ങളിലും അവയുടെ പാരിസ്ഥിതിക കാല്‍പ്പാടുകള്‍ വിലയിരുത്തപ്പെടുന്നു. അവശേഷിക്കുന്ന തുണിത്തരങ്ങളും നൂലുകളും ഉപയോഗിച്ച് പുനഃചംക്രമണം ചെയ്ത ശേഖരങ്ങള്‍ ജനപ്രിയമാവുകയാണ്. അത് പരിസ്ഥിതി ബോധമുള്ള ഫാഷനിലേക്കുള്ള വിശാലമായ ആഗോള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
ദ്രുതഗതിയിലുള്ള നഗര കുടിയേറ്റവും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വര്‍ധിച്ചുവരുന്ന ഭീഷണിയും മൂലം പരമ്പരാഗത നെയ്ത്തുകാരന്‍റെ പങ്ക് പ്രതീകാത്മകം മാത്രമല്ല, അത് ഹരിത സാങ്കേതികവിദ്യയുടെയും സാംസ്‌കാരിക സംരക്ഷണത്തിന്‍റെയും ശക്തമായ ഉദാഹരണമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മുടെ കൈത്തറി പൈതൃകം പരിസ്ഥിതിയേയും കരകൗശലത്തിനു പിന്നിലുള്ള ആളുകളെയും ബഹുമാനിക്കുന്ന മുന്നോട്ടുള്ള പാത വാഗ്ദാനം ചെയ്യുന്നു.