കൂട്ടിയിട്ട മണ്ണല്ല ദുരന്തത്തിനു കാരണം.

 

Representative image

Special Story

കൂട്ടിയിട്ട മണ്ണല്ല ദുരന്ത കാരണം: സഹ്യന് എല്ലാം ഓർമയുണ്ട്, മറന്നത് നമ്മളാണ്

വയനാട്ടിലെ ഇരട്ട തുരങ്ക പദ്ധതി കവാടത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ, പുത്തുമലയും മുണ്ടക്കൈയും ഉൾപ്പെടുന്ന മുൻ ദുരന്ത മുന്നറിയിപ്പുകൾ അവഗണിച്ച ഭരണകൂടത്തെ ചോദ്യം ചെയ്യുന്നു

MV Desk

ഇരട്ട തുരങ്ക പദ്ധതിയുടെ കവാടത്തിൽ, പാരിസ്ഥിതികമായി അതിലോലമായ വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ അധികാരികൾക്ക് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല; മുൻപ് ഇതേ പ്രദേശത്തുണ്ടായ രണ്ട് ഭയാനകമായ ദുരന്തങ്ങളിൽ നിന്നു പാഠം ഉൾക്കൊള്ളാൻ വിസമ്മതിച്ചവർക്കുള്ള കനത്ത താക്കീത് കൂടിയാണിത്. ഈ തുരങ്ക പദ്ധതി ഉപേക്ഷിക്കുക തന്നെ വേണം, കാരണം അവിടെ നടക്കുന്ന ഏത് നിർമാണ പ്രവർത്തനവും കൂടുതൽ വിനാശകരമായ ദുരന്തങ്ങൾക്ക് വഴിയൊരുക്കും.

അജയൻ

പഴഞ്ചൊല്ല് തിരുത്തിയെഴുതുകയാണ് വയനാട്: രണ്ടിൽ പിഴച്ചു, മൂന്നാമതും പിഴച്ചു, പക്ഷേ, മനുഷ്യന്‍റെ ദുര തീർന്നിട്ടില്ല! ഭയം വേണം, ജാഗ്രതയും വേണം, പ്രകൃതിയോടു മനുഷ്യൻ കാണുക്കുന്ന അഹങ്കാരം അവസാനിക്കുകയും വേണം. 2019-ലെ പുത്തുമല ദുരന്തത്തിനും 2024-ലെ മുണ്ടക്കൈ ദുരന്തത്തിനും ശേഷം, ഇപ്പോൾ കള്ളാടിയിൽ നിന്നുയരുന്ന നിലവിളി, സഹനത്തിന്‍റെ സകല പരിധികളും ലംഘിക്കപ്പെട്ട ഒരു കീറ് മണ്ണിന്‍റെ മുന്നറിയിപ്പാണ്.

പക്ഷേ, നടക്കുന്നത് ആത്മപരിശോധനയല്ല. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണാണ് ദുരന്ത കാരണമെന്നു വരുത്തിത്തീർക്കാനാണ് ശ്രമം. ആ വിശദീകരണം കൂടുതൽ ഗൗരവതരവും അലോസരപ്പെടുത്തുന്നതുമായ ചോദ്യത്തെ അവഗണിക്കുന്നു. വിവാദമായ ഇരട്ട തുരങ്ക പദ്ധതിയുടെ പ്രവേശന കവാടത്തിലാണ് ഈ ഉരുൾപൊട്ടലുണ്ടായത്. നിർമാണത്തിനായി നീക്കം ചെയ്ത മണ്ണല്ല യഥാർഥ പ്രശ്നം, മറിച്ച് പ്രകൃതി ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ നിരന്തരം അവഗണിച്ച് ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുന്നതിലെ വിവേകരാഹിത്യം തന്നെയാണ് അടിസ്ഥാന പ്രശ്നം. കുന്നിന്‍റെ മുകൾഭാഗം തകർന്നപ്പോൾ താഴേക്ക് കുത്തിയൊലിച്ചുവന്നത് അവഗണിക്കപ്പെട്ട മുന്നറിയിപ്പുകളുടെ വലിയൊരു കൂമ്പാരമാണ്, അത് ഇന്ന് പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

ഒന്നും പറയാനില്ലാത്ത രാഷ്ട്രീയ മൗനം ഉരുൾപൊട്ടലിനെപ്പോലെ തന്നെ അവിശ്വസനീയമാണ്. ഇരട്ട തുരങ്ക പദ്ധതിയെയും അതിനു സംഘടിപ്പിച്ച 'തട്ടിക്കൂട്ട്' പാരിസ്ഥിതികാനുമതിയെയും പ്രതിപക്ഷ നേതാവായിരിക്കെ ചോദ്യം ചെയ്തയാളാണ് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോൾ അദ്ദേഹത്തിന് അത്തരം ആശങ്കകളൊന്നുമുള്ളതായി തോന്നുന്നില്ല! പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പുകൾക്കിടയിലും പദ്ധതിയുമായി മുന്നോട്ടു പോയ പിണറായി വിജയൻ, ഇപ്പോഴീ ദുരന്തഭൂമി സന്ദർശിച്ചെങ്കിലും, ആ മുന്നറിയിപ്പുകൾ വീണ്ടും പരിശോധിക്കപ്പെടേണ്ടതാണെന്ന ഒരു സൂചന പോലും നൽകിയില്ല.

മുന്നറിയിപ്പുകളുടെ ചോദ്യചിഹ്നങ്ങൾ ആദ്യം തന്നെ വ്യക്തമായിരുന്നു. വിജയൻ ധൃതിപ്പെട്ട് തുരങ്ക സ്ഫോടനത്തിനു തുടക്കമിട്ടപ്പോൾ തന്നെ സംശയങ്ങൾ ഉയർന്നിരുന്നു, പ്രത്യേകിച്ച് വയനാട്ടിലെ പഴയ ദുരന്തങ്ങൾ നടന്ന സ്ഥലങ്ങളോട് അപകടകരമാംവിധം സാമീപ്യമുണ്ട് ഈ പദ്ധതിക്ക് എന്നതുകൊണ്ട്. വിദഗ്ധരുടെ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞു, പരിസ്ഥിതി പ്രവർത്തകർ വേട്ടയാടപ്പെട്ടു. ഉരുൾപൊട്ടലിന് ആഴ്ചകൾക്കു മുൻപ് നടത്തിയ ഭൗമശാസ്ത്ര പഠനം പോലും സുപ്രധാന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. വലിയ തോതിലുള്ള ചരിവ് കാരണം മണ്ണിടിയാനുള്ള സാധ്യതയെക്കുറിച്ച് അതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാന വിദഗ്ധ സമിതിയും ഈ ആശങ്കകൾ ശരിവച്ചു. സ്ഫോടനങ്ങൾ ഭൂമിക്കടിയിൽ പാറകളുടെ ഘടനയെ ദുർബലപ്പെടുത്തുമെന്നും ചരിവുകളുടെ സ്ഥിരത കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ തറപ്പിച്ചു പറഞ്ഞിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും കോടതികൾക്കും പലതവണ പരാതി നൽകിയിട്ടും, അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് ഈ പദ്ധതി സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, ഇതൊരു 'ജീവനാഡി'യാണെന്ന് പറഞ്ഞ് അനുമതി നൽകുകയായിരുന്നെന്ന് സമിതി പ്രസിഡന്‍റ് എൻ. ബാദുഷ ഓർക്കുന്നു.

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മുൻ ഭൗമശാസ്ത്രജ്ഞനും കണക്റ്റിക്കട്ടിലെ കൺസോർഷ്യം ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെന്‍റ് ഡയറക്റ്ററുമായ പ്രമുഖ ഭൂമിശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രൻ വ്യക്തമായി പറയുന്നു: ഭൗമശാസ്ത്രപരമായി നോക്കിയാൽ, വലിയ നിർമാണ പ്രവർത്തനങ്ങൾ താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് ഈ പ്രദേശം. രണ്ട് വർഷം മുൻപുള്ള വിനാശകരമായ ഉരുൾപൊട്ടലിനു ശേഷം സ്ഥലം സന്ദർശിച്ച രാജേന്ദ്രൻ, എൻജിനീയറിങ് ഇടപെടലുകൾക്ക് ഇവിടെ ഇടമില്ലെന്നും ഇതൊരു 'നോ-ബിൽഡ് സോൺ' (നിർമാണം പാടില്ലാത്ത പ്രദേശം) ആയി കണക്കാക്കണമെന്നും ഉറപ്പിച്ചു പറയുന്നു.

"2019-ലെ പുത്തുമല ദുരന്തത്തിന്‍റെ മുറിപ്പാടുകൾ ഇന്നും മായാതെ നിൽക്കുന്നു," രാജേന്ദ്രൻ പറയുന്നു. "രണ്ട് വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടും, മറ്റൊന്ന് ഒഴിവാക്കാൻ അർഥവത്തായ നടപടികളൊന്നും സ്വീകരിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്. അതിനു പകരം തുരങ്ക പദ്ധതിക്കായി വാശിപിടിക്കുന്നത്, ഈ പ്രദേശത്തിന്‍റെ പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ ദൗർബല്യത്തോടുള്ള കടുത്ത അവഗണനയാണ് കാണിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

തോട്ടങ്ങളുടെ വിപുലീകരണം, നദീതീരങ്ങളിലെ അനിയന്ത്രിതമായ നിർമാണം, വിവേചനരഹിതമായ ഖനനം തുടങ്ങിയ ശാസ്ത്രീയമല്ലാത്ത മനുഷ്യ ഇടപെടലുകൾ ഭൂപ്രകൃതിയെ ഗുരുതരമായി അസ്ഥിരപ്പെടുത്തിയിരിക്കുന്നു. നിർദിഷ്ട തുരങ്ക പദ്ധതിക്കു വേണ്ടി കുന്നുകൾ വൻതോതിൽ ഇടിക്കുന്നത്, ഈ ദുർബലമായ ഭൗമസാഹചര്യത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂ.

പദ്ധതി പ്രദേശം ഉൾപ്പെടെ വയനാടിന്‍റെ പല ഭാഗങ്ങളും മാധവ് ഗാഡ്ഗിൽ കമ്മിറ്റി അതീവ പരിസ്ഥിതി സംരക്ഷണം ആവശ്യമുള്ള 'ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ-1' ആയി തരംതിരിച്ച പ്രദേശങ്ങളാണ്. ഇത്തരം മനുഷ്യനിർമിത പാരിസ്ഥിതിക ദുരന്തങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകിയ ഏറ്റവും ശക്തമായ ശാസ്ത്രീയ ശബ്ദങ്ങളിലൊന്നാണ് ഗാഡ്ഗിലിന്‍റെ വേർപാടിലൂടെ ഇല്ലാതാക്കിയത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ വക്താവായി സ്വയം വിശേഷിപ്പിച്ച സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ യഥാർഥ പരീക്ഷണം നേരിടുകയാണ്. വിവാദമായ ഇരട്ട തുരങ്ക പദ്ധതി താത്കാലികമായി നിർത്തിവയ്ക്കുന്നതിനും, അതിന്‍റെ പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വതന്ത്രമായ ശാസ്ത്രീയ അവലോകനത്തിന് ഉത്തരവിടുന്നതിനുമാണ് സർക്കാർ അടിയന്തരമായി മുൻഗണന നൽകേണ്ടത്. തുടർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ സമഗ്രമായ ഹസാർഡ് മാപ്പിങ്ങും വിശദമായ ജിയോടെക്നിക്കൽ-മണ്ണ് പരിശോധനകളും നടത്തണം. ഈ പഠനങ്ങൾ പൂർത്തിയാകുന്നതു വരെ ഇത്തരം ദുർബല ആവാസവ്യവസ്ഥകളിൽ കൂടുതൽ മനുഷ്യ ഇടപെടലുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണം. രാഷ്ട്രീയ താത്പര്യങ്ങളല്ല, ശാസ്ത്രം മാത്രമായിരിക്കണം ഈ പ്രദേശത്തിന്‍റെ ഭാവി തീരുമാനിക്കേണ്ടത്.

'എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ല, പിണറായി വിജയന്‍റെ ധാർഷ്ട‍്യം തിരിച്ചടിയായി'; വിമർശനം

ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസ്: നടൻ പ്രകാശ് രാജിന് ജാമ‍്യം

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി