ഇന്ന് അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം

 
Special Story

ലഹരി വർധന നാടിന്‍റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്നു

ഇന്ന് അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം

MV Desk

അഡ്വ. ചാർളി പോൾ

മനുഷ്യ സമൂഹം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹികവും ആരോഗ്യകരവുമായ പ്രതിസന്ധികളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിന്‍റെ വ്യാപനവും. മദ്യവും പുകയിലയും മയക്കുമരുന്നുകളും സിന്തറ്റിക് ലഹരി വസ്തുക്കളും വരെ വ്യാപിച്ചു കിടക്കുന്ന ഈ പ്രശ്നം ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നു. വ്യക്തികളുടെ ആരോഗ്യം, കുടുംബ ബന്ധങ്ങൾ, സാമ്പത്തിക വളർച്ച, സാമൂഹ്യ സുരക്ഷ എന്നിവയയെ എല്ലാം പ്രതികൂലമായി ബാധിക്കുന്ന വലിയ വിപത്താണിത്. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്താനുമാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

2026ലെ ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയം "ലോക ലഹരി പ്രശ്നം: നിലനിൽക്കുന്ന പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതനപരിഹാരങ്ങൾ " (The world Drug Problem: Persisting issues, New challenges, Innovative Responses) എന്നതാണ്. ഐക്യരാഷ്‌ട്ര സഭയുടെ കീഴിൽ വിയന്ന ആസ്ഥാനമായുള്ള യുഎൻഒഡിസി (യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ് ആൻഡ് ക്രൈം) എന്ന ഘടകമാണ് ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത്. 1987 ജൂൺ 26 മുതൽ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോരുന്നു. ലോകത്ത് ആദ്യത്തെ ലഹരി വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം (കറുപ്പ് ) യുദ്ധത്തിന്‍റെ ഓർമയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്.

ലഹരിയുടെ പ്രശ്നം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല. അത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തെ ബാധിക്കുന്ന ആഗോള വെല്ലുവിളിയാണ്. നിലനിൽക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിയുക, പുതിയ വെല്ലുവിളികളെ നേടുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, സാമൂഹിക പിന്തുണ എന്നിവയെ സംയോജിപ്പിച്ചുള്ള നൂതന പരിഹാര ഭാഗങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷത്തോടെയാണ് ഇത്തവണത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്.

നിലനിൽക്കുന്ന പ്രശ്നങ്ങൾ

ലക്ഷക്കണക്കിനാളുകൾ ലഹരി മൂലം ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും ഇരയാകുന്നു. യുവജനങ്ങളാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്ന വിഭാഗം. ലഹരി ഉപയോഗം മൂലം യുവജനങ്ങൾ പാഴ്ജന്മങ്ങളായി മാറുകയാണ്. മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്കു പിന്നാലെ പോകുന്നത്. അറിയാനുള്ള ആകാംക്ഷയിൽ ഉപയോഗിച്ചു തുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് മയക്കുമരുന്ന് ആസക്തി. ചിന്തകളെ, പെരുമാറ്റത്തെ, ഇന്ദ്രിയനുഭൂതികളെ, വികാരങ്ങളെ എല്ലാം ലഹരി ആസക്തി ബാധിക്കുന്നു. സർവനാശത്തിലേക്കാണ് ലഹരികൾ വഴി തുറക്കുന്നത്. ഒറ്റത്തവണ ഉപയോഗം മതി, തീർന്നു ജീവിതം.

ഡ്രഗ്സ് ആൻഡ് ക്രൈം സംബന്ധിച്ച ഐക്യരാഷ്‌ട്ര സഭയുടെ ഓഫിസ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 36.3 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങൾ അനുഭവിക്കുന്നു. ഏകദേശം 200 ദശലക്ഷം പേർ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു. ഓരോ വർഷവും ഏകദേശം രണ്ടുലക്ഷം പേർ ലഹരിയുടെ അനധികൃത കടത്ത് കൈകാര്യം ചെയ്യുന്നു.

275 ദശലക്ഷത്തിലേറെ ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകവ്യാപകമായി പ്രതിവർഷം 50,000 കോടി ഡോളറിന്‍റെ മയക്കുമരുന്നു വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് മയക്കുമരുന്നു വ്യാപാരത്തിനുള്ളത്. എല്ലാ മയക്കുമരുന്നുകളുടെയും ഉപയോഗം വർധിച്ചുവരികയാണ്. ഒപ്പം ലഹരിക്കടത്ത് സംഘടിത കുറ്റകൃത്യ ശൃംഖലയായി മാറിയിട്ടുണ്ട്. ഇത് ദേശ സുരക്ഷയ്ക്കു പോലും വെല്ലുവിളിയാകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ലഹരിയുടെ ദുഷ്ചക്രത്തെ തകർത്തേ മതിയാവു.

പുതിയ വെല്ലുവിളികൾ

അനുദിനം വിശാലമാവുകയാണ് ലഹരിയുടെ ലോകം. പുതിയ ഉത്പന്നങ്ങളും പുത്തൻ മാർഗങ്ങളുമായി ലഹരി നമ്മെ ചുറ്റി പ്പിടിക്കുന്നു. കരയും കടലും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത്. പുതിയതരം സിന്തറ്റിക് ലഹരികളുടെ ഉത്പാദനവും വിതരണവും വർധിച്ചു. ചെറിയ അളവിൽ പോലും ഇവ ഗുരുതരമായ ആരോഗ്യ - മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വേഗത്തിൽ അടിമത്തം ഉണ്ടാക്കുന്നു. അപകട സാധ്യതകൾ വർധിക്കുന്നു.

ഇന്‍റർനെറ്റിന്‍റെയും നവ മാധ്യമങ്ങളുടെയും വ്യാപനം മറ്റൊരു വെല്ലുവിളിയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ലഹരി വിൽപനയും പ്രചാരണവും നടക്കുന്നു. കൊവിഡ്-19 മഹാമാരിക്ക് ശേഷം പല രാജ്യങ്ങളിലും ഏകാന്തത, വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചതോടെ ലഹരി ഉപയോഗസാധ്യത യുടെ തോത് വർധിച്ചു. ആരോഗ്യ- സാമൂഹിക രംഗത്തെ സംയുക്ത വെല്ലുവിളിയായി ഇതു മാറി.

നൂതന പരിഹാരങ്ങൾ

ലഹരി വസ്തുക്കൾക്കെതിരേ, ലഹരി വിൽക്കുന്ന മരണ വ്യാപാരികൾക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. "തൂഫാൻ ദി നാർക്കോ ഹണ്ട് ' എന്ന പേരിൽ കേരള സർക്കാർ ആരംഭിച്ച ലഹരി വേട്ട സ്വാഗതാർഹമാണ്. വിൽപ്പന തടയുക മാത്രമല്ല, വിപണത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം. ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം നിരീക്ഷണത്തിലാക്കി കർശന നടപടികൾ സ്വീകരിക്കണം. പഴുതടച്ചുള്ള ലഹരി നിർമാർജന മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്.

രാസലഹരികൾ ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷടിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ദുരന്തങ്ങൾ സൃഷ്ടിക്കുന്നതും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ്. അതിനാൽ മദ്യോപയോഗത്തെ നിസാരവത്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ സമീപനങ്ങൾ സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്.

ലഹരി പ്രശ്‌നത്തെ നേരിടാൻ ശിക്ഷാപരമായ സമീപനങ്ങൾ മാത്രം മതിയാകില്ല. ബോധവത്കരണം, ചികിത്സ, പുനരധിവാസം എന്നിവയ്ക്ക് തുല്യപ്രാധാനം നൽകുന്ന സമീപനം ഉണ്ടാകണം. ലഹരിക്ക് അടിമയായവരോടുള്ള സാമൂഹിക അവഗണനയും വിവേചനവും അവസാനിപ്പിക്കണം. ചെറുപ്രായത്തിലെ ബോധവത്കരണ ശ്രമങ്ങൾ ആരംഭിക്കണം. ശാസ്ത്രീയമായ ചികിത്സക്കും പുനരധിവാസത്തിനുമുള്ള സാഹചര്യങ്ങൾ ഇന്ന് വളരെ കുറവാണ്. അത് പരിഹരിക്കപ്പെണം. വിദ്യാർഥികളിൽ ആത്മവിശ്വാസവും ആത്മധൈര്യവും ജീവിത നൈപുണ്യവും വളർത്തിയാൽ ലഹരി വഴി തേടാൻ സാധ്യത കുറയും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൗൺസിലിങ്, ഓൺലൈൻ മാനസികാരോഗ്യ പിന്തുണ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ പ്രയോജനപ്പെടുത്തണം. ലഹരിയുടെ ഉപയോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള സഹായം നൽകുന്നതിനുള്ള കൃത്രിമബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്.

ലഹരിയുടെ തായ്‌വേരുകൾ അറുത്തു മാറ്റാനും ലഹരിയുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും ഓരോ മനുഷ്യസ്നേഹിക്കും കടമയും ഉത്തരവാദിത്തമുണ്ട്. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി ഉപയോഗം. വ്യക്തി- കുടുംബ- സാമൂഹ്യ തലങ്ങളിലെല്ലാം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയാണ് ലഹരികൾ. ഇതിനെതിരേ സംഘടിതമായി ചെറുത്തുനിൽപ്പ് അനിവാര്യമാണ്. സൂഹത്തെ കാർന്നു നശിപ്പിക്കുന്ന ലഹരിക്കെതിരേ സർക്കാരുകൾ, നിയമപാലന ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, രാഷ്‌ട്രീയ പാർട്ടികൾ, സാമൂഹിക- സാംസ്കാരിക സംഘടനകൾ, മതങ്ങൾ എന്നിങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തു വരണം. ഇനി ആരും ലഹരി വഴി തേടാതിരിക്കാൻ നിതാന്ത പരിശ്രമങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ലഹരി ഉപയോഗമില്ലാത്ത ഒരു അന്താരാഷ്‌ട്ര സമൂഹം എന്ന ലക്ഷ്യം സുരക്ഷിതമാക്കാനുള്ള ധീരമായി പ്രവർത്തനത്തിന് ഒരുമിച്ച് അണിചേരാം.

(മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം നേടിയിട്ടുള്ള ലേഖകൻ ട്രെയ്നറും മെന്‍ററുമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലനകനുമാണ്- 8075789768)

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു