എഐ മുന്നേറ്റവും ദേശീയ ശേഷിയുടെ അടിസ്ഥാന യുക്തിയും
symbolic image
ഹർദീപ് സിങ് പുരി,
കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി
സംസാര ഭാഷയിലെ സങ്കീർണതകളെ ഒതുക്കമാര്‍ന്നതും ഗണനയോഗ്യവുമായ വ്യാകരണമാക്കി മാറ്റിയ, ക്രിസ്തുവിനും 700 വർഷം മുമ്പു ജീവിച്ചിരുന്ന പാണിനി മഹർഷി ഇക്കാലത്തും പ്രസക്തമായ ഒരു കാര്യം തെളിയിച്ചു: ഘടനയോടു കൂടി പ്രകടിപ്പിക്കുമ്പോഴാണ് വിവേകം സുശക്തമായി മാറുന്നത്.
ആ ഉൾപ്രേരണയെ സ്ഥാപനങ്ങളിലേക്കു പകർന്ന നളന്ദ സർവകലാശാല വിജ്ഞാനത്തെ അതിർത്തിക്കള്‍ക്കപ്പുറം സംവദിക്കാനും സംരക്ഷിക്കാനും കൈമാറാനും രീതികൾ ആവിഷ്കരിച്ചു. "ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026'ന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തീരുമാനമെടുത്തത് ഈ നാഗരിക പ്രേരണയിൽ നിന്നാണ്.
കാരണം, വന്‍തോതില്‍ പഠിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന സംവിധാനങ്ങളെക്കുറിച്ച് സാങ്കേതികവിദ്യ അടുത്ത കുതിച്ചുചാട്ടത്തിനൊരുങ്ങവെ ഈ സംവിധാനങ്ങൾ എങ്ങനെ നിർമിക്കണമെന്ന് ചുരുക്കം ചില ശക്തികള്‍ മാത്രം തീരുമാനിക്കുന്ന ഭാവി ലോകത്തിന് താങ്ങാനാവില്ല.
കഴിഞ്ഞയാഴ്ച ഡൽഹി ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ഉച്ചകോടി ഒരു ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രം ആതിഥേയത്വം വഹിച്ച ആദ്യ ആഗോള എഐ ഉച്ചകോടിയാണ്. മുമ്പു നടന്ന ഒരു പതിപ്പിലും ഇത്ര വലിയ പങ്കാളിത്തമുണ്ടായിട്ടില്ല. 20ലധികം രാഷ്‌ട്രത്തലവന്മാരും 60 മന്ത്രിമാരും 100ലേറെ രാജ്യങ്ങളിൽ നിന്ന് 500ലധികം എഐ നേതാക്കളും 10 പ്രമേയാധിഷ്ഠിത പവലിയനുകളിലായി 300 പ്രദർശകരും ഇതിന്‍റെ ഭാഗമായി.
ഡാറ്റാ പരമാധികാരം, രൂപകല്പനയിലെ ഉൾച്ചേർക്കൽ, ഉത്തരവാദിത്തബോധം എന്നിവയിലൂന്നിയ സ്വന്തം ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ഈ വ്യവസ്ഥകൾക്ക് വിധേയമായി രാജ്യത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ആഗോള നിക്ഷേപങ്ങളെ ഇന്ത്യ ക്ഷണിക്കുന്നു.
പ്രധാനമന്ത്രിയുടെ "മാനവ് ' എന്ന ദർശനത്തിലാണ് ഈ ആശയം ഏറ്റവും വ്യക്തമായി പ്രകടിപ്പിക്കപ്പെടുന്നത്. ധാര്‍മിക സുരക്ഷാ കവചങ്ങൾ, ഉത്തരവാദിത്തപൂര്‍ണ ഭരണനിര്‍വഹണം, പണ്ട് ഉത്പന്നങ്ങൾ ചൂഷണം ചെയ്യപ്പെട്ടതുപോലെ എഐ സാങ്കേതികവിദ്യയുടെ അസംസ്കൃത വസ്തുക്കൾ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ഡാറ്റാ പരമാധികാരം, ബംഗളൂരുവിലെ എന്‍ജിനീയർക്ക് ലഭിക്കുന്നത് പോലെ തന്നെ മധ്യപ്രദേശിലെ കർഷകനും നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങൾ ലഭിക്കൽ, ഓരോ സംവിധാനത്തെയും ജനാധിപത്യപരമായ പരിശോധനകൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥമാക്കുന്നതിന് കൃത്യമായ നിയമസാധുത എന്നിവയാണ് ഈ ആശയത്തിന്‍റെ അടിത്തറ.
നിര്‍മിതബുദ്ധിക്ക് തുറന്ന ആകാശം നൽകുമ്പോൾ തന്നെ അതിന്‍റെ നിയന്ത്രണം മനുഷ്യകരങ്ങളിൽ നിലനിർത്തണമെന്ന മോദിയുടെ തീരുമാനം പല വികസിത രാജ്യങ്ങളും സ്വീകരിക്കാൻ മടിക്കുന്ന നിലപാടാണ്. ഉച്ചകോടിയിൽ അംഗീകരിച്ച "ന്യൂഡൽഹി പ്രഖ്യാപന'ത്തിലൂടെ ഈ തത്വങ്ങൾക്ക് ബഹുരാഷ്‌ട്ര സ്വാധീനം കൈവന്നിരിക്കുന്നു. ഗ്ലോബൽ സൗത്തിലെ ആദ്യ സുപ്രധാന എഐ ഭരണനിർവഹണ രൂപരേഖയെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
കർശന നിയമപാലനത്തേക്കാൾ വഴക്കമാര്‍ന്ന സുരക്ഷാ കവചങ്ങൾക്കു മുൻഗണന നൽകുന്ന നിയമപരവും സാങ്കേതികവുമായ ശൈലിയാണ് ഇതു പിന്തുടരുന്നത്. ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്നു സ്തംഭങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത് ആഗോള സഹകരണത്തിന് രൂപം നല്‍കുന്നത്. 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന "ഭാരത് ജെൻ' പോലുള്ള വന്‍കിട പരിഹാരങ്ങൾ ലോകത്തിന്‍റെ ഭൂരിഭാഗം ഇംഗ്ലീഷിനെ അടിസ്ഥാനമാക്കിയല്ല പ്രവർത്തിക്കുന്നത് എന്ന യാഥാർഥ്യത്തെ അഭിസംബോധന ചെയ്യുന്നു.
ഇന്ത്യയിൽ നിലവില്‍ മണിക്കൂറിന് 65 രൂപ സബ്‌സിഡി നിരക്കില്‍ ലഭ്യമായ ജിപിയു സേവനം മാതൃകയാക്കി വിഭാവനം ചെയ്ത ആഗോള "കംപ്യൂട്ട് ബാങ്ക്' എല്ലായിടത്തും ഈ രംഗത്തെ പ്രവേശന തടസങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ, വികസ്വര രാജ്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നിർമിക്കുന്ന എഐ മോഡലുകൾ പിന്നീട് പണം നൽകി ഉപയോഗിക്കേണ്ടി വരുന്ന "എഐ എക്സ്ട്രാക്റ്റിവിസം' എന്ന ഡാറ്റാ ചൂഷണരീതിയെ ഈ ഡാറ്റാ പരമാധികാര പ്രഖ്യാപനം നേരിട്ട് വെല്ലുവിളിക്കുന്നു.
ഈ രൂപരേഖയ്ക്ക് വിശ്വാസ്യത നല്‍കുന്നത് ഒരു പതിറ്റാണ്ടായി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളാണ്. കാരണം, ഈ സർക്കാർ നിര്‍മിതബുദ്ധിയുടെ ആശയത്തിലെത്തിയത് കേവലം ധവളപത്രങ്ങളിലൂടെയല്ല, മറിച്ച് ഏതൊരു ജനാധിപത്യ രാജ്യവും ഏറ്റെടുത്തതിൽ ഏറ്റവും വലിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ പദ്ധതിയിലൂടെയാണ്. 2025ൽ യുപിഐ വഴി 228 ബില്യണിലധികം ഇടപാടുകളാണ് നടന്നത്. ഇതിന്‍റെ മൂല്യം ഏകദേശം 3.4 ട്രില്യൺ ഡോളറാണ്.
ലോകത്തെ തത്സമയ ഡിജിറ്റൽ പണമിടപാടുകളുടെ പകുതിയോളവും വിസ ആഗോളതലത്തിൽ നടത്തുന്ന ഇടപാടുകളെക്കാള്‍ കൂടുതലുമാണിത്. 2015 മുതൽ ജൻധൻ- ആധാർ- മൊബൈൽ ത്രയത്തിലൂടെ സാമൂഹ്യക്ഷേമ പദ്ധതികളിൽ 3.48 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കാനായി. കേവലം ഒരു നയത്തിനു കീഴിൽ ഇത്ര വിപുലമായ തോതില്‍ തിരിച്ചറിയൽ സംവിധാനവും പണമിടപാടുകളും ആനുകൂല്യ വിതരണവും ഒരു രാജ്യവും വികസിപ്പിച്ചിട്ടില്ല. ഈ അടിത്തറയിലാണ് ഇന്ത്യയുടെ എഐ മുന്നേറ്റം നിലകൊള്ളുന്നത്.
ഓരോ പൗരനെയും ഭരണകൂടവുമായി ബന്ധിപ്പിക്കുകയായിരുന്നു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിന്‍റെ ലക്ഷ്യമെങ്കില്‍ എഐ അടിസ്ഥാനസൗകര്യം ലക്ഷ്യമിടുന്നത് ഓരോ പൗരനെയും മികച്ച ശേഷികളുമായി ബന്ധിപ്പിക്കുക എന്നതാണ്. എന്നാല്‍, കണക്കുകൾ ഇവിടെ അമ്പരപ്പിക്കുന്ന ഒരു വിടവ് അടയാളപ്പെടുത്തുന്നു. ലോകത്തെ ഡാറ്റയുടെ 20 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന ഇന്ത്യയില്‍ ആഗോള ഡാറ്റാ സെന്‍റർ ശേഷിയുടെ കേവലം 3 ശതമാനം മാത്രമാണുള്ളത്.
യുപിഐ വികസിപ്പിച്ച അതേ നിശ്ചയദാര്‍ഢ്യത്തോടെ ആ വിടവ് ഇപ്പോള്‍ നികത്തപ്പെടുകയാണ്, വേഗത്തിലും വിപുലമായും സ്വന്തം രൂപകല്പനയിലും. ഭാരത് മണ്ഡപത്തിൽ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങൾ മാത്രം പരിശോധിക്കാം:
* ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രങ്ങള്‍ക്കായി 2030ഓടെ 50 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്യുകയും അതിൽ 17.5 ബില്യൺ ഡോളർ ഇതിനകം ഇന്ത്യയ്ക്കായി ഉറപ്പിക്കുകയും ചെയ്ത് മൈക്രോസോഫ്റ്റ്;
* 5 വർഷത്തിനിടെ 15 ബില്യൺ ഡോളർ മുടക്കുന്ന "അമെരിക്ക- ഇന്ത്യ കണക്റ്റ്' പദ്ധതിയുമായി ഗൂഗ്ൾ;
* മഹാരാഷ്‌ട്രയിൽ 8.3 ബില്യൺ ഡോളർ നിക്ഷേപവുമായി ആമസോൺ വെബ് സർവീസസ്;
* പുനരുപയോഗ ഊർജമുപയോഗിച്ച് പ്രവർത്തിക്കുന്ന എഐ ഡാറ്റാ സെന്‍ററുകൾക്ക് 2035ഓടെ 100 ബില്യൺ ഡോളർ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്;
* എൻവിഡിയയുടെ "ബ്ലാക്ക്‍വെൽ അൾട്രാ' ചിപ്പുകൾ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ എഐ കംപ്യൂട്ടിങ് കേന്ദ്രങ്ങളിലൊന്നിനായി 2 ബില്യൺ ഡോളറിലധികം നിക്ഷേപവുമായി യോട്ട ഡാറ്റ സർവീസസ്;
* ഇന്ത്യയിലെ ഏറ്റവും വലിയ "ജിഗാവാട്ട്- സ്കെയിൽ' എഐ ഫാക്റ്രറി നിർമിക്കാൻ എൻവിഡിയയുമായി ചേർന്ന് വിഭാവനം ചെയ്യുന്ന സംരംഭവുമായി ലാർസൻ ആൻഡ് ടൂബ്രോ.
ഇതിനകം 38,000 ജിപിയുകൾ പിന്നിട്ട "ഇന്ത്യ എഐ മിഷന്‍റെ' ദേശീയ കംപ്യൂട്ട് ക്ലസ്റ്റർ 58,000ത്തിലേക്ക് ഉയർത്തുകയാണ്. ആഗോള നിരക്കിന്‍റെ ഏകദേശം മൂന്നിലൊന്ന് ചെലവിൽ ഇവ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകും. രണ്ട് വർഷത്തിനകം എഐ അടിസ്ഥാന സൗകര്യ മേഖലയിൽ 200 ബില്യൺ ഡോളറിന്‍റെ നിക്ഷേപമെന്ന സർക്കാര്‍ ലക്ഷ്യം കേവലം ആഗ്രഹമല്ലെന്നും അത് കൈയെത്തും ദൂരത്താണെന്നും ഇതിനകം പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങൾ ഉറപ്പാക്കുന്നു.
ഈ നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തില്‍ ഘടനാപരമായ നേട്ടമായി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് 2026-27ലെ കേന്ദ്ര ബജറ്റിന്‍റെ ലക്ഷ്യം. ആഗോള ക്ലൗഡ് സേവനങ്ങൾക്കു വേണ്ടി ഇന്ത്യൻ ഡാറ്റാ സെന്‍ററുകൾ ഉപയോഗിക്കുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവു നല്‍കുന്ന ബജറ്റ് എഐ, നൂതന നിർമാണ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിലേക്ക് 1.1 ബില്യൺ ഡോളർ അനുവദിക്കുകയും ചെയ്തു. 34,000 കോടി രൂപയിലധികം ചെലവഴിക്കുന്ന "നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ' എഐ, അര്‍ധചാലക നിർമാണത്തിനാവശ്യമായ ലിഥിയം, കോബാൾട്ട്, അപൂർവ ധാതുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നു.
എന്നിരുന്നാലും, നിര്‍മിതബുദ്ധി സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിയില്ലെങ്കിൽ ഇതിനൊന്നും അർഥമില്ല. ഉച്ചകോടിയുടെ ആദ്യ ദിനം 2.5 ലക്ഷത്തിലധികം വിദ്യാർഥികൾ ഉത്തരവാദിത്തപൂര്‍ണ നൂതനാശയങ്ങള്‍ക്കായി എഐ ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇത് ഗിന്നസ് ലോക റെക്കോഡ് അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലായി 30 ഡാറ്റാ- എഐ ലാബുകൾ ഇപ്പോൾ പ്രവർത്തനസജ്ജം.
ആകെ ലക്ഷ്യമിടുന്ന 570 ലാബുകളുടെ ആദ്യ ഘട്ടമാണിത്. "എഐകോഷ്' 7,500ലധികം വിവരശേഖരങ്ങളും 273 മോഡലുകളും പൊതു അടിസ്ഥാന സൗകര്യങ്ങളായി വാഗ്ദാനം ചെയ്യുന്നു. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ രാജ്യത്തുണ്ടായിരുന്ന 16 ഐഐടികള്‍ ഇന്ന് 23 എണ്ണമായി ഉയര്‍ന്നു. ഇന്ത്യ ചാറ്റ്ജിപിടിയുടെ രണ്ടാമത് വലിയ വിപണിയാണെന്നും ആഴ്ചയിൽ 100 ദശലക്ഷം സജീവ ഉപഭോക്താക്കളുണ്ടെന്നും ഓപ്പൺ എഐ സിഇഒ വെളിപ്പെടുത്തി.
എഐ ഉപയോഗം സജീവമായ രാജ്യത്ത് ഉത്പാദന ശേഷിയും ഉയരുകയാണ്. ഇന്ത്യയുടെ മൂന്ന് തനത് എഐ മോഡലുകളാണ് ഉച്ചകോടിയിൽ പുറത്തിറക്കിയത്. പൂർണമായി ഇന്ത്യൻ കംപ്യൂട്ട് ശേഷിയില്‍ പരിശീലിപ്പിച്ച സർവം എഐയുടെ 105 ബില്യൺ പാരാമീറ്റർ ബൃഹത്ത് ഭാഷാ മോഡലും 22 ഔദ്യോഗിക ഭാഷകളെ പിന്തുണയ്ക്കുന്ന ഭാരത്ജെന്‍ "പരം-2' 17 ബില്യൺ പാരാമീറ്റർ മോഡലും ഇതിലുൾപ്പെടുന്നു. ഈ മോഡലുകള്‍ വിദേശ മാതൃകകളില്‍ ചെറിയ മാറ്റങ്ങൾ വരുത്തി നിര്‍മിച്ചവയല്ല. മറിച്ച്, പൂര്‍ണമായും ഇന്ത്യയുടെ സ്വന്തം അടിസ്ഥാന സൗകര്യങ്ങളിൽ വികസിപ്പിച്ചവയാണ്.
പങ്കാളിത്തങ്ങൾ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതും ഒരുപോലെ ശ്രദ്ധേയമാണ്. കാരണം, ഇപ്പോള്‍ വിദേശ സാങ്കേതികവിദ്യയുടെ ഉപയോഗ അനുമതി നേടുന്നതല്ല, തദ്ദേശീയ ശേഷി സംയുക്തമായി കെട്ടിപ്പടുക്കുന്നതാണ് പങ്കാളിത്തത്തിലൂടെ അർഥമാക്കുന്നത്.
"സ്റ്റാർഗേറ്റ് ' പദ്ധതിക്കു കീഴിൽ 100 മെഗാവാട്ട് ശേഷിയുടെ എഐ ഡാറ്റാ സെന്‍റർ സജ്ജീകരിച്ച് പിന്നീട് ഒരു ജിഗാവാട്ടിലേക്ക് ഉയർത്തുന്ന ടാറ്റ ഗ്രൂപ്പ് - ഓപ്പൺ എഐ തന്ത്രപരമായ പങ്കാളിത്തം ഇതിനുദാഹരണം. ആഗോള ബൗദ്ധിക വിപണിയിൽ ഇന്ത്യൻ വ്യാവസായികമേഖല കേവലം ഉപഭോക്താവെന്ന നിലയിൽ നിന്ന് വിതരണക്കാരനെന്ന നിലയിലേക്ക് മാറുകയാണെന്ന സൂചനയാണത്.
ഉച്ചകോടിയുടെ ഭാഗമായി "പാക്സ് സിലിക്ക' പ്രഖ്യാപനത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒപ്പുവച്ചതോടെ എഐ, അര്‍ധചാലകം, നിർണായക ധാതുക്കൾ എന്നിവയുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിന് യുഎസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ഇന്ത്യയും ഇടംപിടിച്ചു.
ഇതിനൊപ്പം ഒപ്പുവച്ച "ഇന്ത്യ-യുഎസ് എഐ ഓപ്പർച്യൂണിറ്റി പാർട്ണർഷിപ്പ്' നിർണായക സാങ്കേതികവിദ്യകളിൽ നവീന സമീപനങ്ങൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളെയും ബാധ്യസ്ഥരാക്കുന്നു. 2026ലെ "ഇന്ത്യ- ഫ്രാൻസ് നൂനതാശയ വർഷം' സംയുക്ത നൈപുണ്യ വികസനത്തിലും വ്യക്തമായ ഫലങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരു വികസന പാതയും തുറക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആഗോള എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഗ്ലോബൽ സൗത്ത് രാഷ്‌ട്രമെന്ന നിലയിൽ കേവലം ഒരു ചർച്ച സംഘടിപ്പിക്കുക മാത്രമല്ല ഇന്ത്യ ചെയ്തത്, മറിച്ച് രാജ്യം എങ്ങനെ മത്സരിക്കാനുദ്ദേശിക്കുന്നു എന്നതിന്‍റെ വ്യവസ്ഥകൾ ഇന്ത്യ വ്യക്തമാക്കി.
എഐ ഭരണനിർവഹണത്തിന്‍റെ നിയമങ്ങൾ തിരുത്തിയെഴുതുന്ന ഡൽഹി പ്രഖ്യാപനവും ലോകത്തെ തത്സമയ പണമിടപാടുകളുടെ പകുതിയോളം കൈകാര്യം ചെയ്യുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപ വാഗ്ദാനങ്ങളും രാജ്യം പൂര്‍ണമായി വികസിപ്പിച്ച തദ്ദേശീയ എഐ മോഡലുകളും നിര്‍മിതബുദ്ധി യുഗത്തിലെ വിതരണ ശൃംഖലയുടെ സുരക്ഷാ ക്രമീകരണങ്ങളിലേക്കുള്ള പ്രവേശനവും ഇതിലുൾപ്പെടുന്നു. ഘടനയാണ് വിവേകമെന്ന മഹർഷി പാണിനിയുടെ പാഠം ഒരിക്കലും സങ്കീർണമായിരുന്നില്ല; ഇന്ന് ആ ഘടന കെട്ടിപ്പടുക്കുകയാണ് ഇന്ത്യ.
c