പലസ്തീൻ: ഇന്ത്യയുടെ നിലപാടിൽ സ്ഥിരതയും വ്യക്തതയും
പ്രത്യേക ലേഖകൻ
പലസ്തീനോടുള്ള ഇന്ത്യയുടെ നയം വളരെക്കാലമായി നിലനില്‍ക്കുന്നതും കക്ഷിരാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ പിന്തുണയുള്ളതുമാണ്. സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍, ഇസ്രയേലുമായി സമാധാനത്തോടെ, സഹകരിച്ചു ജീവിക്കുന്ന, പരമാധികാരവും സ്വതന്ത്രവും നിലനില്‍ക്കാന്‍ കഴിവുള്ളതുമായ പലസ്തീന്‍ രാജ്യം സ്ഥാപിക്കാൻ, ചര്‍ച്ചയിലൂടെയുള്ള ദ്വിരാഷ്‌ട്ര പരിഹാരത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്.
1974ല്‍ പലസ്തീന്‍ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധിയായി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎല്‍ഒ) അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 88ല്‍ പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായും ഇന്ത്യ മാറി.
ദ്വിരാഷ്‌ട്ര പരിഹാരത്തെക്കുറിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ പങ്കെടുത്തു. ഒടുവില്‍ 2025 സെപ്റ്റംബര്‍ 12ന്, പലസ്തീന്‍ പ്രശ്‌നത്തിന്‍റെ സമാധാനപരമായ ഒത്തുതീര്‍പ്പിനും ദ്വിരാഷ്‌ട്ര പരിഹാരം നടപ്പാക്കാനും സൗദി അറേബ്യയും ഫ്രാന്‍സും സംയുക്ത അധ്യക്ഷത വഹിച്ച ഉന്നതതല സമ്മേളനത്തിന്‍റെ അന്തിമ രേഖയായ 'ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന്' അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തു.
ഹമാസിന്‍റെ ഭീകരതയെ
അപലപിക്കല്‍
നിലവിലെ സംഘര്‍ഷത്തില്‍, 2023 ഒക്റ്റോബര്‍ 7ന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെയും തുടർന്നുണ്ടായ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനെയും ഇന്ത്യ ശക്തമായി അപലപിച്ചു. സുരക്ഷാ സാഹചര്യത്തില്‍ ഇന്ത്യ ആശങ്കാകുലരാണ്. വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കല്‍ എന്നിവയ്ക്കായി ഇന്ത്യ ആഹ്വാനം ചെയ്തിട്ടുമുണ്ട്.
അതേസമയം, പലസ്തീന്‍ ജനതയ്ക്കു സുരക്ഷിതവും സമയബന്ധിതവും സുസ്ഥിരവുമായ മാനുഷിക സഹായം എത്തിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കും ഇന്ത്യ ഊന്നല്‍ നല്‍കി. ഇസ്രയേലിനെയും പലസ്തീനെയും കൂടുതല്‍ അടുപ്പിക്കുന്നത്, നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ വേഗം പുനരാരംഭിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്നും ഇന്ത്യ ആവര്‍ത്തിച്ചു.
ഇന്ത്യയുടെ വോട്ടിങ്
രീതി മാറിയോ?
തീര്‍ച്ചയായും ഇല്ല. പലസ്തീനോടുള്ള ഇന്ത്യയുടെ ദീര്‍ഘകാല നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമായി തുടരുന്നു. ഐക്യരാഷ്‌ട്ര സഭയിലെ വോട്ടിങ് രീതി ഇതിനു തെളിവാണ്. വാസ്തവത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐക്യരാഷ്‌ട്ര സഭയില്‍ ഇസ്രയേല്‍ - പലസ്തീന്‍ വിഷയങ്ങളെക്കുറിച്ചുള്ള 175 പ്രമേയങ്ങളില്‍ ഒന്നിനെതിരേ പോലും ഇന്ത്യ വോട്ടു ചെയ്തിട്ടില്ല.
പലസ്തീന്‍ ജനതയ്ക്ക് ഉഭയകക്ഷിപരമായും സമീപ കിഴക്കന്‍ പ്രദേശങ്ങളിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്‌ട്ര സഭയുടെ ദുരിതാശ്വാസ- പുനരധിവാസ ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) വഴിയും ഇന്ത്യ മാനുഷിക സഹായം നല്‍കുന്നു. പ്രതിവര്‍ഷം, നാം യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് 5 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്നു.
2014 മുതല്‍ പലസ്തീന് ഇന്ത്യ നല്‍കുന്ന വികസന സഹായം (ഏകദേശം 80 ദശലക്ഷം ഡോളര്‍) കഴിഞ്ഞ 65 വര്‍ഷത്തിനിടെ നല്‍കിയതിന്‍റെ (ഏകദേശം 42 ദശലക്ഷം ഡോളര്‍) ഇരട്ടിയാണ്. 40 ദശലക്ഷം ഡോളറിന്‍റെ പദ്ധതികള്‍ പരിഗണനയിലാണ്.
പലസ്തീന്‍ അംബാസഡര്‍
പറഞ്ഞത് ഇങ്ങനെ:
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പലസ്തീന്‍ ജനതയ്ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുന്നു. ഇന്ത്യ ഇപ്പോള്‍ വിവിധ പദ്ധതികള്‍ കെട്ടിപ്പടുക്കുകയാണ്. അതിലൊന്ന്, ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവുവരുന്ന ആശുപത്രി പദ്ധതിയാണ്. നിലവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ത്യ പലസ്തീന്‍ അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്‌ട്രസഭാ സ്ഥാപനമായ യുഎന്‍ആര്‍ഡബ്ല്യുഎയെയും പിന്തുണയ്ക്കുന്നു.
ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. ഇന്ത്യാ ഗവണ്മെന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, പലസ്തീനികള്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു എന്ന് എനിക്ക് ഉറപ്പുതരാന്‍ കഴിയും. പലസ്തീനും ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഇന്ത്യാ ഗവണ്മെന്‍റുമായി പൂര്‍ണ സുതാര്യതയോടെ ചര്‍ച്ച ചെയ്യാറുണ്ട്.
വ്യതിയാനമുണ്ടെന്നു ഞാന്‍ പറയില്ല... ഇന്ത്യ- പലസ്തീന്‍ ബന്ധങ്ങളെ സ്ഥൂല തലത്തിലാണു ഞങ്ങള്‍ അളക്കാറുള്ളത്. ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭയിലും (യുഎന്‍ജിഎ) യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും (യുഎന്‍എച്ച്ആര്‍സി) പലസ്തീനില്‍ നടപ്പാക്കുന്ന പദ്ധതികളിലുമാണ് ഞങ്ങള്‍ അതു നോക്കാറുള്ളത്. എന്നാല്‍, മറ്റേതൊരു രാജ്യവുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ല''- അബ്ദുള്ള അബു ഷാവേഷ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ
ഇടപെടലുകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേലിന്‍റെയും പലസ്തീനിന്‍റെയും നേതാക്കളുമായി മികച്ച ബന്ധമാണുള്ളത്. 2018 ഫെബ്രുവരിയില്‍ മോദി പലസ്തീന്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. മാത്രമല്ല, ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ പ്രധാന സംഭാവനയെ അംഗീകരിച്ച് പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് അദ്ദേഹത്തിനു "ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീന്‍' നല്‍കി ആദരിച്ചു.
ഇതു കൂടാതെ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് അടുത്തിടെ ഇന്ത്യയിലെത്തി. ഉഭയകക്ഷി സാമ്പത്തിക- ധനകാര്യ ബന്ധത്തിനു കരുത്തേകുന്നതിന്‍റെ ഭാഗമായി നിക്ഷേപ കരാറില്‍ ഒപ്പുവയ്ക്കുന്നതിനായിരുന്നു ആ സന്ദര്‍ശനം. 6 വര്‍ഷത്തിലേറെയായി ഇതു ചര്‍ച്ചകളിലായിരുന്നു. കഴിഞ്ഞ മാസം കരട് കരാറിന് അന്തിമരൂപം നല്‍കി.