വെറുക്കപ്പെട്ടവള്‍ കൈകേയി

 
Special Story

വെറുക്കപ്പെട്ടവള്‍ കൈകേയി

കൗസല്യയെ ശുശ്രൂഷിച്ചായിരുന്നു കൈകേയിയുടെ പ്രായശ്ചിത്തം.

MV Desk

രമാദേവി രവീന്ദ്രൻ

കേകയ രാജാവായ അശ്വപതിയുടെ പുത്രി കൈകേയി വംശ പാരമ്പര്യം, സൗന്ദര്യം, ബുദ്ധി, കലാ നൈപുണ്യം, വിദ്യാ വൈഭവം, ക്ഷാത്ര വീര്യം, രജോഗുണം എന്നിങ്ങനെ എല്ലാ ഗുണങ്ങളും തികഞ്ഞവളായിരുന്നു.

കേകയ രാജാവ് പിടിവാശിക്കാരിയായ ഭാര്യയെ മാതൃ ഭവനത്തിലേക്ക് അയച്ചതിനാൽ മന്ഥര എന്ന കൂനുള്ള ധാത്രിയാണ് കൈകേയിയെ മുലയൂട്ടി വളർത്തിയത്.

പന്ത്രണ്ടാം വയസിൽ നേമി (ദശരഥൻ) എന്ന രാജാവിന് വിവാഹം കഴിച്ചു കൊടുക്കുമ്പോൾ, അവളുടെ പുത്രനെ രാജാവായി വാഴിക്കണമെന്ന പിതാവിന്‍റെ മോഹം അവളറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞു വരുമ്പോൾ മുലയൂട്ടി വളർത്തിയ മന്ഥരയെയും ഒപ്പം കൂട്ടിയിരുന്നു.

കൗസല്യയും സുമിത്രയും മറ്റു ഭാര്യമാർ ആയിരുന്നെങ്കിലും ദശരഥന് ഏറെയിഷ്ടം സൗന്ദര്യവും ബുദ്ധിയും പ്രേമവും ആവോളമുളള കൈകേയിയോട‌ു തന്നെയായിരുന്നു. പുത്രകാമേഷ്ഠി യാഗത്തിലൂടെ കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണനും ശത്രുഘ്നനും ജനിച്ചു.

ദേവാസുര യുദ്ധത്തിൽ ദശരഥന്‍റെ തേർചക്രത്തിന്‍റെ നടുവിലെ ആണി ഇളകിയപ്പോൾ ചൂണ്ടാണി വിരൽ വച്ച് വേദന സഹിച്ച് രഥത്തെ രക്ഷിച്ചത് കൈകേയിയാണ്. അതാണ് പത്നീ ധർമം. എങ്കിലും അതിന‌ു പകരമായി എന്തു വരം വേണമെങ്കിലും തരാമെന്ന് രാജാവ് പറഞ്ഞെങ്കിലും, അതൊക്കെ സന്ദർഭം വരുമ്പോൾ ചോദിച്ചു കൊള്ളാമെന്ന് കൈകേയി പറയുന്നു.

അജപുത്രനായ നേമിയെ, ദശരഥൻ എന്ന പേരിൽ ലോക പ്രശസ്തനാക്കിയതിനു പിന്നിലും കൈകേയി തന്നെയായിരുന്നു. ഭർത്താവിനു വേണ്ടി എന്തു ത്യാഗവും സഹിക്കുക എന്ന കുലപത്നീ ധർമമാണ് ഇവിടെ വെളിപ്പെടുന്നത്. എന്നാൽ ഭർത്താവിനോടുള്ള സ്വാർഥ മനോഭാവവും കൈകേയിയിൽ പ്രകടമാണ്. രാജാവ് മറ്റു പത്നിമാരോടൊപ്പം സമയം ചെലവിടുന്നതു കൈകേയിക്കു സഹിക്കാൻ കഴിയില്ല.

ശ്രീരാമ പട്ടാഭിഷേകം മന്ഥരയിൽ നിന്നറിഞ്ഞ കൈകേയി അലമുറയിട്ട് കരയുന്ന മന്ഥരയോട് സുഖവിവരങ്ങൾ തിരക്കുകയാണുണ്ടായത്. മന്ഥര ഏഷണി കൂട്ടിയിട്ടും മൂത്ത പുത്രനായ രാമൻ അഹിതമായി ഒന്നും ചെയ്യില്ല എന്നാണു സമാധാനിച്ചത്. പക്ഷേ അവസാനം മന്ഥരയുടെ പ്രലോഭനത്തിൽ വീണു പോകുന്നു. രാമൻ രാജാവായാൽ കൈകേയിക്കും ഭരതനും സംഭവിക്കാൻ പോകുന്ന ദുര്യോഗം മന്ഥര ഉയർത്തിക്കാണിച്ചു. ഒപ്പം, പണ്ടു ചോദിക്കുമെന്ന് പറഞ്ഞുവച്ചിരുന്ന വരത്തിന്‍റെ കാര്യവും ഓർമിപ്പിച്ചു.

കൈകേയി വരങ്ങളിൽ മുറുകെപ്പിടിക്കുന്നു. ഭരതനെ രാജാവാക്കണം, രാമനെ പതിനാലു വർഷത്തെ കാനന വാസത്തിന് അയക്കണം. പിതാവിന്‍റെ വാക്ക് പാലിക്കപ്പെടാന്‍ രാമന്‍ സ്വമേധയാ വനവാസം തെരഞ്ഞെടുക്കുന്നു. കൈകേയിയുടെ നിഷ്കളങ്കതയും സൗമ്യതയും സ്വന്തം മകന്‍റെ ക്ഷേമത്തിന്‍റെ പേരിൽ ശാഠ്യമായും അധികാര ദാഹമായും മാറി. ഇതു കേട്ട് പ്രജ്ഞ നശിച്ച ദശരഥൻ ദിവസങ്ങൾക്കകം കാലപുരി പൂകി.

കൈകേയിയുടെ എടുത്തു ചാട്ടത്തെ വസിഷ്ഠ മഹർഷിയും സുമന്ത്രരും വിമർശിച്ചു. കേകയത്തിൽ നിന്നെത്തിയ ഭരതൻ പിതാവിന്‍റെ വിയോഗം അറിഞ്ഞ് പൊട്ടിത്തെറിക്കുന്നു.

"ഭർത്താവിനെക്കൊന്ന

പാപേ! മഹാഘോരേ!

നിസ്ത്രപേ! നിർദയേ!

ദുഷ്ടേ! നിശാചാരി!'

എന്നാണ് അമ്മയെ വിളിക്കുന്നത്.

ദശരഥന്‍റെ വേർപാടും ഭരത ക്രോധവും താങ്ങാനാവാതെ കൈകേയി കേഴുന്നു. സപത്നിമാരെ അഭിമുഖീകരിക്കാൻ പോലും കഴിയുന്നില്ല. സുമിത്രയുടെ ധർമോപദേശങ്ങളാൽ മാത്രം ചിതയിൽ ജീവിതം ഒടുക്കാതെ കഴിക്കുന്നു.

കുട്ടിക്കാലത്ത് ഒരു ബ്രാഹ്മണനെ അറിയാതെ നിന്ദിക്കാൻ ഇടയായപ്പോൾ, ദുഷ്കീർത്തിയുണ്ടാവട്ടെ എന്ന ശാപം കിട്ടിയിരുന്നതും ഈ സന്ദര്‍ഭത്തില്‍ ഓർത്തു. ""ആരും അവളുടെ മുഖം കാണാൻ ആഗ്രഹിക്കാത്ത ഒരു കാലം വരും''. ഇന്നത്തെ കൈകേയിയുടെ അവസ്ഥ ഇതു തന്നെയായി.

രാമാദികളെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വനയാത്രയ്ക്കു പോകുമ്പോൾ കൈകേയി ഒഴിച്ചുള്ള മാതൃജനങ്ങളെ കൊണ്ടുപോയാൽ മതി എന്നാണു ഭരതൻ പറഞ്ഞത്. സ്വന്തം മകന്‍റെ ഉന്നതിക്കു വേണ്ടി പ്രവർത്തിച്ചതിന്‍റെ പേരിൽ, മകനാൽ പോലും വെറുക്കപ്പെടുന്ന അവസ്ഥ എത്ര ദയനീയമാണ്.

മക്കളുടെ ഉന്നതിക്കു വേണ്ടി സ്വന്തം ജീവിതം പോലും ത്യജിച്ച് ജീവിക്കുന്ന അമ്മമാര്‍ ധാരാളമുള്ള കാലഘട്ടം കൂടിയാണിത്. എന്തു വില കൊടുത്തും അവരെ ഉയരങ്ങളില്‍ എത്തിക്കുക എന്നത് മാതൃധര്‍മമായി ചിന്തിക്കുന്നവര്‍. അതിനു മറ്റുള്ളവരെ പടുകുഴിയിലേക്ക് തള്ളാനും മടിയില്ലാത്തവരുടെ ലോകം. ഈ ചിന്താഗതി ഉണ്ടായതു കൊണ്ടാവണം മാതാപിതാക്കളുടെ വാർധക്യകാലത്ത് മക്കളില്‍ നിന്നുള്ള സംരക്ഷണവും സ്നേഹവും ലഭിക്കാതെ പോകുന്നതും.

മന്ഥരയുടെ ഉപദേശം ശിരസാ വഹിച്ചതു കൊണ്ടു മാത്രം എല്ലാവരുടെയും വെറുപ്പിന് പാത്രമായ കൈകേയി, ഏകാന്തതയുടെ തടവറയിലേക്ക് സ്വയം ഉൾവലിയുന്ന കാഴ്ച ഹൃദയഭേദകം തന്നെയാണ്. കൗസല്യയെ ശുശ്രൂഷിച്ചായിരുന്നു കൈകേയിയുടെ പ്രായശ്ചിത്തം. പശ്ചാത്താപം പാപക്കറ കഴുകിക്കളയും എന്നാണെങ്കിലും അവനവൻ വരുത്തി വയ്ക്കുന്ന അപകടങ്ങൾക്ക് പരിഹാരമില്ല.

എല്ലാ ഗുണങ്ങളും ഉണ്ടായിട്ടും എല്ലാവരാലും വെറുക്കപ്പെടാൻ വിധിച്ച കൈകേയി, വർത്തമാനകാലത്തിലെ ഒരു വിഭാഗം സ്ത്രീകളുടെ പ്രതീകം തന്നെയാണ്.

ചിന്തയെയും പ്രവർത്തികളെയും തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ആരായിരുന്നാലും അവരെ നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുക തന്നെ വേണം. നമുക്ക് ജന്മനാ അല്ലെങ്കിൽ വളർച്ചയുടെ ഘട്ടങ്ങളിൽ കിട്ടുന്ന കഴിവുകളിൽ അഹങ്കരിക്കുകയും സ്വന്തം താല്പര്യങ്ങൾക്കായി അത് വിനിയോഗിക്കുകയും മറ്റുള്ളവരെ തകർക്കുകയും ചെയ്യുന്ന സ്ത്രീ മനസുകൾ ഇന്നുമുണ്ട്.

നമുക്കു കിട്ടുന്ന സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്നതും സ്വന്തം സഹോദരങ്ങളോടു പോലും ദയ കാണിക്കാതെ എല്ലാം കൈവശപ്പെടുത്തുന്നതും എത്രയോ നീചമാണ്. ഏറ്റവും അടുപ്പം ഉള്ളവരെന്ന് വിശ്വസിക്കുന്നവരുടെ തെറ്റായ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനു വേണ്ടിയായാലും അത് നാശത്തിലേക്കേ വഴി തുറക്കൂ. ഒരു തീരുമാനമെടുക്കും മുമ്പ് ഒമ്പതു തവണയെങ്കിലും അതിന്‍റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുക തന്നെ വേണം.

സ്വന്തം ഭവനത്തില്‍ എല്ലാ സുഖഭോഗങ്ങളോടെയും വളര്‍ന്ന ഒരു പെണ്‍കുട്ടി വിവാഹിതയായി മറ്റൊരു കുടുംബത്തിലേക്കു പോകുമ്പോള്‍ അമ്മയുടെ ഉപദേശങ്ങള്‍ ശിരസാ വഹിക്കുന്നത് സാധാരണമാണ്.

ചില അമ്മമാര്‍ പറഞ്ഞു കൊടുക്കുന്നത് ആ വീട്ടുകാരെ അനുസരിക്കാതെയിരിക്കാനും അവര്‍ക്കെതിരേ പോരാടാനുമുള്ള കാര്യങ്ങളായിരിക്കും. ഇത് ഉള്‍ക്കൊണ്ട് ആ വീട്ടില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍, അവള്‍ കുടുംബ സമാധാനം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

അന്നുവരെ സമാധാനത്തോടെ ജീവിച്ചു പോന്ന കുടുംബത്തിലെ അസ്വാരസ്യങ്ങള്‍, അവളോടുള്ള പകയായി വളരുകയും ഭാര്യാഭര്‍തൃബന്ധം ശിഥിലമാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്ത് നാം കാണുന്നതാണ്.

സ്വന്തമായി ജോലിയും വരുമാനവും ഉള്ള സ്ത്രീകള്‍, ആരുടേയും അടിമയാകാന്‍ ആഗ്രഹിക്കാത്ത ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഒപ്പം, വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങള്‍ കൂടിയാവുമ്പോള്‍ അവരുടെ സ്വസ്ഥമായ ജീവിതമാണ് കലുഷിതമാവുന്നത്. ഭാവിയില്‍ പശ്ചാത്താപം ഉണ്ടാവുമ്പോഴേക്കും കാലം കടന്നു പോയിരിക്കും.

ഇന്ന് വിവാഹങ്ങളേക്കാള്‍ വേഗത്തിലാണ് വിവാഹ മോചനങ്ങള്‍ നടക്കുന്നത്. ഇതിന്‍റെ പിന്നിലെല്ലാം മാതാപിതാക്കളുടെ തെറ്റായ ഇടപെടലുകളുണ്ട്. കാമുകനോടൊപ്പം താമസിക്കാൻ (അവന്‍റെ ഉപദേശപ്രകാരം ആകാം) സ്വന്തം രക്തത്തിൽ പിറന്ന അരുമയെ നിഷ്കരുണം മരണത്തിലേക്ക് വലിച്ചെറിയുന്ന വർത്തമാനകാല സ്ത്രീകളെയും ഓർമ വരുന്നു. ഈ പാതകത്തിന് ശേഷം അവൾ അഴിയെണ്ണേണ്ടി വര‌ികയേയുള്ളൂ എന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ഈ അവിവേകം ചെയ്യുമോ? യുക്തിയും വിവേകവുമില്ലാത്ത മനുഷ്യര്‍ തന്നെയാണ് ഇത്തരം നീചപ്രവൃത്തികളിലേക്ക് എത്തിപ്പെടുന്നത്. സ്വന്തം ഭർത്താവിനെ കുരുതി കൊടുക്കുന്ന സ്ത്രീകളില്ലേ?

മറ്റൊരുവന്‍റെ ഭംഗിവാക്കുകള്‍ കേട്ട് ഭ്രമിച്ച് ക്രൂരമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കുള്ളതാണ് നരകം എന്ന സാങ്കല്‍പ്പിക ലോകം. മനുഷ്യ മനസുകൾ വളരെ സങ്കീർണമാണ്. സംഘർഷ ഘട്ടങ്ങളിൽ മനുഷ്യൻ എങ്ങനെയെല്ലാം പ്രവർത്തിക്കും എന്നതാണ് രാമായണത്തിലെ സംഭവങ്ങളെല്ലാം പറയുന്നത്. എല്ലാ സങ്കീർണതകളെയും വൈരുധ്യങ്ങളെയും നാം എന്നും ഉൾക്കൊണ്ടിരുന്നു. അതാണ് സ്വീകാര്യത. വിവേകം, വിചാരങ്ങളെ ഭരിക്കണം.

അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടി വരും. കൈകേയി മനുഷ്യ മനസുകളിൽ തിന്മ കഥാപാത്രമായി നിൽക്കാൻ കാരണം വിചാരം വിവേകത്തെ ഭരിച്ചതു കൊണ്ടാണ്. രാമന്‍റെ യാത്ര എന്നാണ് രാമായണത്തിന് അർഥമെങ്കിലും, രാമായണം എന്ന ഇതിഹാസ കഥയുണ്ടാവാൻ പ്രധാന കാരണക്കാരി കൈകേയി തന്നെ.

ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ സിംഹാസനം പോലും ഉപേക്ഷിച്ച രാമന്‍റെയും ഭരതന്‍റെയും കഥയിലൂടെ മഹത്തരമായ ധര്‍മ സംരക്ഷണത്തെ കുറിച്ചുള്ള സന്ദേശമാണ് വാല്മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആദികാവ്യം എന്നറിയപ്പെടുന്ന രാമായണത്തില്‍ കൈകേയിക്കുള്ള സ്ഥാനം സുപ്രധാനമാണ്‌.

മനുഷ്യ വംശം നിലനില്‍ക്കുവോളം രാമായണത്തിലെ കഥാപാത്രങ്ങള്‍ പുനര്‍ജ്ജനിച്ചു കൊണ്ടേയിരിക്കും. അതില്‍ കൈകേയിമാരും പ്രഥമസ്ഥാനത്തു തന്നെയുണ്ടാകും.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും