മഞ്ഞും പുകമഞ്ഞും

 

file photo

Special Story

മഞ്ഞും പുകമഞ്ഞും

വായു മലിനീകരണം സൃഷ്ടിക്കുന്ന പുകപടലങ്ങള്‍ കലര്‍ന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്.

Reena Varghese

വിജയ് ചൗക്ക് |സുധീര്‍നാഥ്

സമീപകാലത്ത് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ""സ്മോഗ്'' അഥവാ പുകമഞ്ഞ്. സ്മോക്കും ഫോഗും ചേർന്നുള്ള ഒരു പ്രയോഗം! മഞ്ഞുകാലം, മഞ്ഞുവീഴ്ച, മൂടല്‍മഞ്ഞ് എന്നെല്ലാം നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും പുകമഞ്ഞ് എന്നൊന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. ഇത് മനുഷ്യന്‍റെ ജീവിതാവസ്ഥയെ അപകടപ്പെടുത്തുന്നു എന്ന വാര്‍ത്തകളും നിരന്തരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡൽഹിയിലും വടക്കേ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുമാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയതെങ്കില്‍ ഇന്നത് കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു.

മനുഷ്യന്‍റെ ആരോഗ്യത്തെ മാരകമായി ഇത് ബാധിക്കുന്നു. ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്മോഗ് ഉണ്ടാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങാന്‍ സാധിക്കാതെ ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറക്കിയ ഒരു സംഭവം ഓര്‍ത്തുപോവുകയാണ്. ആ വിമാനത്തില്‍ അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബിയും പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും ഉണ്ടായിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കാന്‍ സാധിക്കാത്തതിന് കാരണമായി പറഞ്ഞത് കൊച്ചിയിലെ പുകമഞ്ഞ് സുരക്ഷിതമായി വിമാനം ഇറക്കാന്‍ തടസമായി എന്നാണ്.

പുകമഞ്ഞ് ഒരു വില്ലനായി നമ്മുടെ കേരളത്തിലും വന്നിരിക്കുന്നു എന്നാണ് അതില്‍ നിന്നു നാം മനസിലാക്കേണ്ടത്. ഇന്നത് വലിയ തോതില്‍ ഉയര്‍ന്ന് കേരളത്തിനും ഭീഷണിയാണ്. എന്താണ് മഞ്ഞ്, എന്താണ് മൂടല്‍മഞ്ഞ്, എന്താണ് പുകമഞ്ഞ്...? വായു മലിനീകരണം സൃഷ്ടിക്കുന്ന പുകപടലങ്ങള്‍ കലര്‍ന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിലാണ് ഇംഗ്ലീഷിലെ സ്മോക്ക് (പുകയും), ഫോഗ് (മൂടല്‍ മഞ്ഞ്) എന്നിവ ചേരുമ്പോഴാണ് സ്മോഗ് (പുകമഞ്ഞ്) ഉണ്ടാവുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയോളം ലണ്ടന്‍ നഗരത്തില്‍ വന്‍ തോതില്‍ കല്‍ക്കരി കത്തിക്കുന്നത് മൂലം അന്തരീക്ഷത്തില്‍ പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. ഇന്നത്തെ കാലത്ത് പുകമഞ്ഞ് ഉണ്ടാകുന്നത് പ്രധാനമായും വാഹനങ്ങളും വ്യവസായശാലകളും പുറന്തള്ളുന്ന പുക അന്തരീക്ഷത്തില്‍ കലര്‍ന്നാണ്. ഡല്‍ഹി പൊലെയുള്ള ചില നഗരങ്ങളില്‍, സമീപ പ്രദേശങ്ങളില്‍ കൃഷിസ്ഥലം ഒരുക്കുന്നതിനു വേണ്ടി വൈക്കോൽ തീയിടുന്നത് മൂലവും ഇതുണ്ടാകാറുണ്ട്. മനുഷ്യര്‍ക്ക് മാരകമായ അസുഖങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകും വിധം അപകടകരമാണ് പുകമഞ്ഞ്.

രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം ആശങ്കാജനകമാണ് എന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ (സിപിസിബി) കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക "വളരെ മോശം' എന്ന വിഭാഗത്തിലാണ്. വാഹനങ്ങളുടെയും മറ്റും പുകയും കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാം രാജ്യതലസ്ഥാനത്തിന്‍റെ മലിനമായ വായുവിന്‍റെ വില്ലന്മാരായി മാറി.

സമുദ്ര സാമീപ്യമില്ലാത്ത ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്ന പുക തണുപ്പുകാലത്ത് ഉണ്ടാകുന്ന മഞ്ഞുമായി ചേര്‍ന്ന് അപകടകരമായ പുകമഞ്ഞായി മാറുന്നു. തണുപ്പുകാലത്ത് കാറ്റിന്‍റെ വേഗത കുറയുന്നതും രാജ്യ തലസ്ഥാനത്തെ ജനപ്പെരുപ്പവും വാഹനപ്പെരുപ്പവുമെല്ലാം അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വർധിക്കാന്‍ കാരണമാണ്.

ലോകാരോഗ്യ സംഘടന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രണ്ടായിരത്തോളം നഗരങ്ങളില്‍ നടത്തിയ പഠനങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ലോകത്താകമാനം വായു മലിനീകരണം ഭയാനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. ഇതില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ പല ഇന്ത്യന്‍ നഗരങ്ങളും ആദ്യ ഇരുപത് വായു മലിനീകരണ നഗരങ്ങളുടെ പട്ടികയിലുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരവും നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരവും ഇന്ത്യ ചൈനയെ വായു മലിനീകരണത്തില്‍ കടത്തിവെട്ടിയിരിക്കുകയാണ്.

അന്തരീക്ഷത്തിന്‍റെ താഴ്ന്ന തലങ്ങളില്‍ രൂപംകൊള്ളുന്ന സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, ഓസോണ്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനുഷ്യജീവന് അപകടമാണ്. ഇത് ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ശ്വാസനാളത്തില്‍ അസ്വസ്ഥകളും ചുമയും ഒക്കെ ഉണ്ടാക്കുകയും, കണ്ണിനും മൂക്കിനും അസ്വസ്ഥത ഉണ്ടാക്കുകയും, മറ്റു ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സമീപകാലത്ത് പ്രതിവര്‍ഷം മലേറിയ എയ്ഡ്സ് എന്നീ മാരകരോഗങ്ങള്‍ കൊണ്ടുള്ള മരണ നിരക്കിനേക്കാള്‍ കൂടുതലാണ് വായു മലിനീകരണം കൊണ്ടുള്ള മരണ നിരക്ക്. കാലാവസ്ഥയുടെ വൈവിധ്യം നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കനത്ത മഴ പെയുന്ന ഇടം, മഴ കുറവുള്ള ഇടം, ചൂടേറിയ സമതലങ്ങള്‍ക്കൊപ്പം വര്‍ഷം മുഴുവന്‍ തണുപ്പുള്ള ഇടം, ശീതകാലത്ത് മഞ്ഞുപെയ്യുന്ന പ്രദേശങ്ങൾ, അതിരൂക്ഷമായ ചൂടുള്ള പ്രദേശങ്ങൾ എന്നിവയൊക്കെ ഇന്ത്യയില്‍ കാണാം.

പ്രധാനമായും ഹിമാലയ പര്‍വതനിരകളിലാണ് ഇന്ത്യയിലെ മഞ്ഞുള്ള പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന മഞ്ഞ് പെയ്യുന്ന പ്രദേശങ്ങള്‍. ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗ്, പഹല്‍ഗാം, സോനംബര്‍ഗ് എന്നിവ ശീതകാലത്ത് പൂര്‍ണമായും മഞ്ഞുകൊണ്ട് മൂടപ്പെടുന്നു. ഗുല്‍മര്‍ഗ് ഇന്ത്യയിലെ പ്രശസ്തമായ സ്കീയിങ് കേന്ദ്രവുമാണ്.

ഹിമാചല്‍ പ്രദേശിലെ മണാലി, കുഫ്രി, സ്പിതി താഴ്വര എന്നിവയും ശീതകാല ടൂറിസത്തിനായി ഏറെ അറിയപ്പെടുന്ന മഞ്ഞ് പ്രദേശങ്ങളാണ്. ഉത്തരാഖണ്ഡിലെ ഔലി, നൈനിറ്റാള്‍, മസൂരി എന്നിവിടങ്ങളില്‍ ശീതകാലത്ത് മഞ്ഞ് വീഴുന്നത് സാധാരണമാണ്. ഔലി ഇന്ത്യയിലെ പ്രധാന സ്കീയിങ് കേന്ദ്രങ്ങളില്‍ ഒന്നാണ്. രാജസ്ഥാൻ ചൂടിനും തണുപ്പിനും പേരുകേട്ട ഇടമാണ്.

മാലിന്യമില്ലാത്ത അന്തരീക്ഷത്തില്‍ മഞ്ഞുണ്ടാകുമ്പോള്‍ അത് മനുഷ്യജീവന് ആപത്തല്ല. ശൈത്യകാലം ആരോഗ്യ പരിപാലനത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യര്‍ കരുതിയിരുന്നത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇന്ന് ശൈത്യകാലം അപകടകരമായി മലിനമായതിനാല്‍ ജനങ്ങള്‍ മലനിരകളിലേക്കു പോകുന്നു. ശുദ്ധമായ പര്‍വതനിരകളിലെ വായു ശ്വസിക്കാനും, മഞ്ഞു വീഴ്ച്ച കാണാനും ജനങ്ങള്‍ മേൽ സൂചിപ്പിച്ച പ്രദേശങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്.

മഞ്ഞുവീഴ്ചാ കാലത്തെ ടൂറിസം താല്പര്യമുള്ളവര്‍ ഏറെ ആസാദ്യകരമാക്കും. അവര്‍ മഞ്ഞുവീഴ്ച ആഘോഷിക്കുകയും ചെയ്യും. എന്നാല്‍ മഞ്ഞുവീഴ്ച മറ്റു മേഖലകളെ വളരെ ഗൗരവമായി ബാധിക്കുന്നു. മഞ്ഞുവീഴ്ച കാരണം വ്യോമ ഗതാഗതവും തീവണ്ടി ഗതാഗതവും തടസപ്പെടുന്നു എന്നത് ന്യൂനതയായി മാത്രം കാണാവുന്നതാണ്.

മഞ്ഞും മൂടല്‍മഞ്ഞും വായുവില്‍ അവ്യക്തത ഉണ്ടാക്കുന്ന ജലത്തുള്ളികളുടെ ഒരു സാഹചര്യമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അവയിലൂടെ നിങ്ങള്‍ക്ക് എത്ര ദൂരം കാണാന്‍ കഴിയും എന്നതാണ്. ദൃശ്യപരത ഒരു കിലോമീറ്ററില്‍ താഴെയാണെങ്കില്‍ മൂടല്‍മഞ്ഞാണെന്നാണ് വ്യോമയാന ആവശ്യങ്ങള്‍ക്ക് അന്താരാഷ്‌ട്ര കണക്ക്.

കുറച്ച് അവ്യക്തതയുണ്ടെങ്കിലും ദൃശ്യപരത ഒരു കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ മഞ്ഞ് എന്ന പദം ഉപയോഗിക്കുന്നു. പൊതുവില്‍ മഞ്ഞ് എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിന് മുകളില്‍ വായുവില്‍ ചെറിയ ജലത്തുള്ളികളോ ഐസ് തരികളോ അടിഞ്ഞുകൂടി കാഴ്ച മറയ്ക്കുന്ന അവസ്ഥയാണ്. ഇതിന്‍റെ കാഠിന്യമാണ് മഞ്ഞും, മൂടല്‍മഞ്ഞുമായി തരം തിരിക്കുന്നത്. രണ്ടും തണുപ്പുകാലത്ത് സാധാരണയായി കാണാവുന്നതാണ്.

മഞ്ഞുള്ള പ്രദേശങ്ങളില്‍ ഈ സമയങ്ങളില്‍ കാറ്റ് വീശിയാല്‍ താപനില കുത്തനെ ഇടുകയും അത് മനുഷ്യജീവന് അപകടകരമായ തലത്തിലേക്ക് പോകുകയും ചെയ്യും എന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. സൂര്യോദയത്തിന് തൊട്ടു മുമ്പുള്ള സമയത്താണ് തണുപ്പ് അതിന്‍റെ പരമാവധിയില്‍ എത്തുന്നത് എന്നതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. തണുപ്പിനെ അകറ്റാന്‍ മുറി അടച്ചിട്ട് ഇലക്‌ട്രിക് ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ജീവന്‍ അപഹരിക്കാന്‍ പോലും വഴിയൊരുക്കും. അതായത്, പുകമഞ്ഞ് പോലെ തന്നെ മഞ്ഞും അത്ര സുരക്ഷിതമല്ല.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ