തർക്കങ്ങൾക്കിടയിലും ഐക്യം വേണ്ട സമയമാണിത്
ജ്യോത്സ്യ ൻ|ഗ്രഹനില
കോൺഗ്രസ് നേതൃത്വം നൽകുന്ന "ഇന്ത്യ മുന്നണി' (ഇന്ത്യൻ നാഷണൽ ഡവലപ്മെന്‍റൽ ഇൻക്ലൂസീവ് അലൈൻസ്) ദുർബലമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ. ബിജെപിയെ നേരിട്ടു വെല്ലുവിളിക്കാൻ മതിയായ രാഷ്‌ട്രീയ ശക്തിയും സംഘടനാ മികവും ഇല്ലാത്തതിനാലാണ് വിവിധ സോഷ്യലിസ്റ്റ് പാർട്ടികൾ, കമ്യൂണിസ്റ്റ് പാർട്ടികൾ, പ്രാദേശിക പാർട്ടികൾ തുടങ്ങിയ ബിജെപി വിരുദ്ധ കക്ഷികളെയൊക്കെ കൂട്ടുപിടിച്ച് ഇന്ത്യ മുന്നണിക്ക് കോൺഗ്രസ് രൂപം നൽകിയത്. എന്നാൽ രൂപീകരണ ഘട്ടം മുതൽ തന്നെ ഈ മുന്നണിക്ക് ചില ഘടനാപരമായ ദൗർബല്യങ്ങൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.
മുന്നണിയുടെ കേന്ദ്ര ബിന്ദുവായ കോൺഗ്രസിനും അതിലെ ഘടക കക്ഷികൾക്കും, പ്രത്യേകിച്ച് അവർക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ, യോജിച്ച് മുന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല. കേരളം അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ദേശീയ രാഷ്‌ട്രീയ വേദികളിൽ ഇന്ത്യ മുന്നണിയുടെ ശക്തരായ വക്താക്കളായിരുന്ന സിപിഎം ജനറൽ സെക്രട്ടറി അന്തരിച്ച സീതാറാം യെച്ചൂരിയും നിവിലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുമായി കൈകോർക്കുമ്പോൾ, കേരളത്തിൽ അവരുടെ പാർട്ടികൾ കോൺഗ്രസിനോട് ശക്തമായ രാഷ്‌ട്രീയ പോരാട്ടം നടത്തുകയായിരുന്നു. ഈ വൈരുധ്യം തന്നെയാണ് ഇന്ത്യ മുന്നണിയുടെ ഏറ്റവും വലിയ ജന്മദോഷങ്ങളിൽ ഒന്നായി മാറിയത്.
എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തിൽ ബിജെപിയെക്കാൾ ശക്തമായി രാഷ്‌ട്രീയമായി ആക്രമിച്ചത് കോൺഗ്രസും അതിന്‍റെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരുന്നു. കോൺഗ്രസിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ദേശീയ രാഷ്‌ട്രീയത്തിൽ പ്രസക്തിയും പ്രാധാന്യവും നിലനിർത്തിക്കൊടുക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത്തരമൊരു സാഹചര്യത്തിൽ, കേരളത്തിൽ പരസ്പരം കടുത്ത രാഷ്‌ട്രീയ എതിരാളികളായി തുടരുന്ന ഈ ശക്തികൾക്ക് ദേശീയ തലത്തിൽ എത്രത്തോളം യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന ചോദ്യം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. കേരളത്തിൽ യോജിപ്പില്ലെങ്കിൽ പിന്നെ ഡൽഹിയിൽ എങ്ങിനെ ഐക്യം നിലനിർത്താനാകുമെന്ന സംശയവും രാഷ്‌ട്രീയ നിരീക്ഷകരും പൊതുസമൂഹവും ഒരുപോലെ ഉന്നയിച്ചിരുന്നു. ""ദില്ലി മേം ദോസ്തി, കേരൾ മേം ഗുസ്തി'' എന്നാണു ബിജെപി ഇതിനെ കളിയാക്കിയിരുന്നത്..!
അതുപോലെ തന്നെ, അരനൂറ്റാണ്ടിലേറെയായി തമിഴ്നാട്ടിൽ രാഷ്‌ട്രീയ സഹയാത്രികരായി നിലകൊണ്ടിരുന്ന ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ രൂപപ്പെടുന്നതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രകടമായി. വളരെയേറെക്കാലമായി ഒരേ രാഷ്‌ട്രീയ വേദി പങ്കിട്ടിരുന്ന ഇരു പാർട്ടികൾക്കും പിന്നീട് പല വിഷയങ്ങളിലും ഒരുമിച്ച് മുന്നോട്ടുപോകാൻ സാധിക്കാതെ വന്നു. ഡിഎംകെ മുന്നണിയുടെ ഭാഗമായി 20 സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പിനു ശേഷം നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകവുമായി രാഷ്‌ട്രീയ അടുപ്പം സ്ഥാപിക്കുകയും ഡിഎംകെയോട് ആലോചിക്കാതെ തന്നെ വിജയ് ഭരണകൂടത്തിന്‍റെ ഭാഗമാവുകയും ചെയ്തു. മറുവശത്ത്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഡിഎംകെയുടെ മൗനാനുവാദത്തോടെയും പരസ്പര ധാരണയോടെയും വിജയുമായി സഹകരിക്കാൻ തയാറായപ്പോൾ, കോൺഗ്രസ് ആ രാഷ്‌ട്രീയ മര്യാദ പോലും പാലിച്ചില്ലെന്ന വിമർശനം ശക്തമായി ഉയർന്നു. ഇത്തരം നീക്കങ്ങൾ ഇന്ത്യ മുന്നണിക്കുള്ളിലെ അവിശ്വാസം വർധിപ്പിക്കുകയും ബന്ധങ്ങളെ കൂടുതൽ ദുർബലമാക്കുകയും ചെയ്തു.
കർണാടകയിൽ കോൺഗ്രസിനുള്ളിലെ നേതൃത്വ മത്സരവും അധികാര വടംവലിയും മറ്റൊരു വെല്ലുവിളിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഭിന്നതകളും അധികാര സമവാക്യങ്ങളെ ചൊല്ലിയുള്ള ചർച്ചകളും വർഷങ്ങളായി നിരന്തരം സജീവമായിരുന്നു. ഇപ്പോൾ പ്രിയങ്ക ഗാന്ധിയുടെ പിന്തുണയോടെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ ഇരുത്തുന്ന സഹാചര്യമുണ്ടാക്കി. ഇത്തരം ആഭ്യന്തര വടംവലികൾ കോൺഗ്രസിന്‍റെ സംഘടനാപരമായ ഐക്യത്തെക്കുറിച്ചും ഇന്ത്യ മുന്നണിയുടെ സ്ഥിരതയെക്കുറിച്ചും കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ കാരണമായി.
കേരളത്തിലും മുഖ്യമന്ത്രി കസേരയ്ക്കായി വടം വലിയുണ്ടായെങ്കിലും മുസ്‌ലിം ലീഗിന്‍റെ പിന്തുണയോടെ വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര കിട്ടുന്ന സാഹചര്യമുണ്ടാക്കി. ബഹുഭൂരിപക്ഷം എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് വിധേയത്വമുള്ളവരാണെങ്കിലും സതീശൻ ലീഗിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ഒപ്പം, അഞ്ചു മന്ത്രിസ്ഥാനം നേടിയ മുസ്‌ലിം ലീഗിന് വ്യവസായം, ഫിഷറീസ്, പൊതു വിദ്യാഭ്യാസം ഉൾപ്പെടെ പ്രാധാന്യമേറിയ വകുപ്പുകൾ ലഭിക്കുകയും ചെയ്തു. 102 സീറ്റുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ യുഡിഎഫിന് ഭരണസ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, മണൽ ഖനനം പോലുള്ള പരിസ്ഥിതി- സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ ഉയർന്നുവരുമ്പോൾ മുന്നണിക്കുള്ളിലെ വിവിധ കക്ഷികളുടെ താത്പര്യങ്ങളും നിലപാടുകളും എങ്ങനെ ഏകോപിപ്പിക്കപ്പെടുമെന്ന ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.
കഴിഞ്ഞ 10 വർഷക്കാലം മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു സിപിഎം എന്ന പാർട്ടി കേരളത്തിൽ മുന്നോട്ടുപോയത്. എന്നാൽ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന നടപടികളും, അതിനു കോടതികളിൽ നിന്നു കിട്ടുന്ന പിന്തുണയും മൂലം സിപിഎമ്മിനുള്ളിൽ പിണറായി വിജയന്‍റെ സ്വാധീനത്തിന് എന്തെങ്കിലും ക്ഷയം സംഭവിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും വർധിച്ചുവരുന്ന അസ്ഥിരതകൾ ലോക സമ്പദ്‌വ്യവസ്ഥയെപ്പോലെ തന്നെ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെയും വെല്ലുവിളിക്കുന്ന ഘട്ടമാണിത്. അമെരിക്കയും ഇറാനും തമ്മിലുള്ള ബന്ധം ഒരേസമയം സഹകരണത്തിന്‍റെയും സംഘർഷത്തിന്‍റെയും സ്വഭാവം പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുകയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരമൊരു സങ്കീർണമായ രാഷ്‌ട്രീയ- സാമ്പത്തിക സാഹചര്യത്തിൽ, കക്ഷിതാത്പര്യങ്ങൾക്കും രാഷ്‌ട്രീയ ഭിന്നതകൾക്കും അതീതമായി എല്ലാ രാഷ്‌ട്രീയ ശക്തികളും പരസ്പര സഹകരണത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കേണ്ട സമയമാണിത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.