വസിം അക്രം, മുഹമ്മദ് അസറുദ്ദീൻ.

 
Special Story

c ടെൻഡുൽക്കർ b അക്രം... ശ്രീലങ്കയ്ക്കു വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച ദിവസം

സച്ചിനും അക്രമും ഒരേ ടീമിൽ! ലങ്കയ്ക്കായി ഇന്ത്യയും പാക്കിസ്ഥാനും കൈകോർത്ത ആ വിസ്മയ ചരിത്രത്തിന് 30 വയസ്

Sports Desk

1996 ഫെബ്രുവരി 13-ന് ശ്രീലങ്ക സാക്ഷ്യം വഹിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഐക്യദാർഢ്യത്തിനായിരുന്നു. കൊളംബോയിലുണ്ടായ ബോംബാക്രമണത്തെത്തുടർന്ന് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചപ്പോൾ, ലങ്കയ്ക്ക് കരുത്തായി ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ സംയുക്ത ടീമിനെ (Wills Solidarity XI) അയച്ചു. വസീം അക്രം എറിഞ്ഞ പന്തിൽ സച്ചിൻ ടെൻഡുൽക്കർ ക്യാച്ചെടുത്ത ആ അപൂർവ നിമിഷം ഇന്നും കായികപ്രേമികൾക്ക് ആവേശമാണ്. രാഷ്ട്രീയ വൈരങ്ങൾക്കപ്പുറം കായികരംഗം എങ്ങനെ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആ മത്സരം. സനത് ജയസൂര്യ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്നും നന്ദിയോടെ സ്മരിക്കുന്ന ആ ചരിത്ര നിമിഷത്തിന് ഇന്ന് മുപ്പതാണ്ട് തികയുന്നു.

ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഐസിസിക്കു മുന്നിൽ പരാജയപ്പെട്ട് ഭീഷണി പിൻവലിച്ച പാക്കിസ്ഥാൻ, ഞായറാഴ്ച ഇന്ത്യക്കെതിരേ കളിക്കാനിറങ്ങുകയാണ്, ശ്രീലങ്കയിൽ.

ഇതേ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും താരങ്ങൾ ഒരിക്കൽ ഒറ്റ ടീമായി അണിനിരന്ന് ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്- 30 വർഷം മുൻപായിരുന്നു അത്, 1996 ഫെബ്രുവരി 13ന്. ക്രിക്കറ്റ് ലോകത്തെ ദക്ഷിണേഷ്യൻ ഐക്യത്തിന്‍റെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തമായിരുന്നു അത്.

പശ്ചാത്തലം

1996 ജനുവരി 31-ന് കൊളംബോ നഗരം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ബോംബാക്രമണങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്‍റെ ആസ്ഥാനത്ത് പൊട്ടിത്തെറിപ്പിച്ചപ്പോൾ 91 പേർ കൊല്ലപ്പെടുകയും 1400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടു മുൻപുള്ള മാസങ്ങളിൽ സർക്കാർ സൈന്യം ജാഫ്ന നഗരം പിടിച്ചടക്കിയതിന് എൽടിടിഇ നൽകിയ തിരിച്ചടിയായിരുന്നു ഈ ആക്രമണം.

ഇതോടെ കൊളംബോയിലെ സ്കൂളുകളും ഓഫിസുകളും അടച്ചുപൂട്ടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ഈ പ്രതിസന്ധിക്കിടയിൽ, സുരക്ഷാ കാരണങ്ങളാൽ ശ്രീലങ്കയിൽ കളിക്കാനിറങ്ങില്ലെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പിന്നാലെ വെസ്റ്റിൻഡീസും പിന്മാറി. ശ്രീലങ്കയ്ക്ക് അനുവദിക്കപ്പെട്ടിരുന്ന ലോകകപ്പ് മത്സരങ്ങളിൽ പിന്നെ കളിക്കാൻ ശേഷിച്ചത് സിംബാബ്‌വെയും കെനിയയും മാത്രം.

ഇത് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ക്രിക്കറ്റ് ബോർഡുകൾക്കും വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം, ഏകദിന ലോകകപ്പ് ദക്ഷിണേഷ്യയിലേക്കു കൊണ്ടുവരാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ചേർന്ന് ഐസിസിയിൽ വലിയ പോരാട്ടം തന്നെ നടത്തിയിരുന്നു. ഇത്രയും വലിയൊരു കായിക മാമാങ്കം നടത്താൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു ശേഷിയില്ലെന്ന് വിശ്വസിച്ചിരുന്ന ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള പരമ്പരാഗത ക്രിക്കറ്റ് ശക്തികൾ ഈ നീക്കത്തെ അന്ന് ശക്തമായി എതിർത്തു.

സകല എതിർപ്പുകളെയും മറികടന്ന് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അനുമതി നേടിയെടുത്തു. ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും പിന്മാറിയത് ദക്ഷിണേഷ്യയുടെ ആകെ ആത്മവിശ്വാസത്തെയും ഏഷ്യൻ ക്രിക്കറ്റിന്‍റെ അന്തസ്സിനെയും ബാധിക്കുന്ന പ്രശ്നമായി മാറി. ഇതോടെ മൂന്ന് ബോർഡുകളും ചേർന്ന് ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തു: ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ലോകകപ്പ് തയാറെടുപ്പുകൾ തത്കാലം നിർത്തിവച്ച്, രണ്ടു രാജ്യങ്ങളും ആറ് മുൻനിര താരങ്ങളെ വീതം കൊളംബോയിലേക്ക് അയക്കും. ആഭ്യന്തരയുദ്ധത്തിന്‍റെ മൂർധന്യത്തിലും ശ്രീലങ്ക ക്രിക്കറ്റ് കളിക്കാൻ സുരക്ഷിതമാണെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ ഖേട്ടാരാമയിൽ ഒരു 40 ഓവർ പ്രദർശന മത്സരം- അതായിരുന്നു പ്ലാൻ!

യഥാർഥത്തിൽ ഫെബ്രുവരി 11-ന് കൊൽക്കത്തയിൽ നടന്ന ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഈ 'ഇന്ത്യ-പാക്കിസ്ഥാൻ ഐക്യദാർഢ്യ ഇലവനെ' അയക്കാനുള്ള പദ്ധതിക്ക് അന്തിമരൂപമായത്. രണ്ടു ദിവസം മാത്രമാണ് ബാക്കി.

ഏഷ്യയുടെ അന്തസ്

"ഓസ്‌ട്രേലിയൻ ടീം വരില്ലെന്ന് അറിയിച്ചപ്പോൾ ഞാൻ പിൽകോം (PILCOM) യോഗത്തിലേക്ക് ഓടിച്ചെന്നത് ഓർക്കുന്നു," അക്കാലത്ത് ലങ്കൻ ക്രിക്കറ്റ് ബോർഡ് (BCCSL) പ്രസിഡന്‍റായിരുന്ന അന പുഞ്ചിഹേവ പറയുന്നു. ലോകകപ്പ് ഏകോപിപ്പിക്കാൻ രൂപീകരിച്ച പാക്കിസ്ഥാൻ-ഇന്ത്യ-ലങ്ക കമ്മിറ്റിയായിരുന്നു പിൽകോം. "ആരുടെ ആശയമായിരുന്നു ഇതെന്ന് എനിക്കറിയില്ല, പക്ഷേ കൊൽക്കത്തയിലെ ആ യോഗത്തിൽ നിന്നാണ് കൊളംബോയിൽ ഒരു ഇന്ത്യ-പാക്കിസ്ഥാൻ സംയുക്ത ടീം ഇറങ്ങാൻ തീരുമാനമായത്."

"അവർ വെറുമൊരു രണ്ടാം നിര ടീമിനെയല്ല അയച്ചത്, മറിച്ച് തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെത്തന്നെയാണ്," ശ്രീലങ്കയുടെ പിൽകോം മാനേജരായിരുന്ന സിദത്ത് വെറ്റിമുനി പറയുന്നു. മുഹമ്മദ് അസറുദ്ദീൻ നയിച്ച ടീമിൽ വസീം അക്രമും വഖാർ യൂനിസും ഉണ്ടായിരുന്നു. കൂടാതെ അനിൽ കുംബ്ലെ, സയീദ് അൻവർ, ഇജാസ് അഹമ്മദ് എന്നിവർക്കൊപ്പം അന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ സച്ചിൻ ടെൻഡുൽക്കറും ആ നിരയിലുണ്ടായിരുന്നു. ഈ സംയുക്ത ടീം ശ്രീലങ്കൻ താരങ്ങൾക്കൊപ്പമാണ് ചെന്നൈയിലേക്കും അവിടെ നിന്ന് കൊളംബോയിലേക്കും വിമാനത്തിൽ യാത്ര ചെയ്തത്.

"ഞങ്ങൾ ചെന്നൈയിൽ എത്തുന്നതുവരെ ഒരു യാത്രാവിമാനം ഞങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാൻ ആവശ്യപ്പെട്ടത് ഞാൻ ഓർക്കുന്നു," സനത് ജയസൂര്യ സ്മരിക്കുന്നു. "ചില കളിക്കാരുടെ കൈയിൽ പാസ്‌പോർട്ട് പോലുമുണ്ടായിരുന്നോ എന്നു സംശയമാണ്. പക്ഷേ, ഞങ്ങളുടെ സർക്കാർ ഇടപെട്ട് അതെല്ലാം പരിഹരിച്ചു." വസീം അക്രം ആ വിമാനത്തിലുണ്ടായിരുന്നുവെന്നും ഇന്ത്യൻ താരങ്ങളുമായും മറ്റുള്ളവരുമായും വളരെ വേഗം ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പുഞ്ചിഹേവ ഓർക്കുന്നു.

ആ ലോകകപ്പിന്‍റെ താരമായി റിയ ജയസൂര്യ, അക്കാലത്ത് ദക്ഷിണേഷ്യൻ ടീമുകൾ തമ്മിലുണ്ടായിരുന്ന ആത്മബന്ധം ഓർത്തെടുക്കുന്നു: "രണ്ട് ടീമുകളുമായും ഞങ്ങൾക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഓരോ പര്യടനത്തിലും ഞങ്ങൾ ഒന്നിച്ച് ഒരുപാട് സമയം ചെലവഴിച്ചിരുന്നു. എല്ലാവരും അത്രയേറെ അടുപ്പമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ ഇന്നു പ്രയാസമാണ്."

ദ്വീപ് ജനതയുടെ നന്ദി

ടീമുകൾ ശ്രീലങ്കയിൽ ഇറങ്ങിയപ്പോൾ വീരനായകരെപ്പോലെയാണ് ജനങ്ങൾ അവരെ വരവേറ്റത്. കൊളംബോയിലെ ബാനറുകളിൽ ശ്രീലങ്കക്കാരുടെ നന്ദി പ്രകടമായിരുന്നു. "ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ധീരപുത്രന്മാരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു" എന്നായിരുന്നു ഒരു ബാനറിൽ. "ഇന്ത്യ-പാക്കിസ്ഥാൻ-ശ്രീലങ്ക സൗഹൃദം നീണാൾ വാഴട്ടെ" എന്ന് മറ്റൊന്നിലും എഴുതിയിരുന്നു. ഖേട്ടാരാമ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും പതാകകൾ തുന്നിച്ചേർത്ത ഒരു വലിയ പതാക മൈതാനത്തിന് ചുറ്റും പ്രദർശിപ്പിച്ചു.

ഈ ഐക്യദാർഢ്യം താരങ്ങളെയും ആവേശത്തിലാക്കി. "ഇതൊരു ചരിത്രമാണ്. ആദ്യമായാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒരേ പക്ഷത്ത് കളിക്കുന്നത്. പഴയ സുഹൃത്തുക്കളെപ്പോലെ എല്ലാവരും ഇടപഴകുന്നത് കാണാൻ തന്നെ വലിയ സന്തോഷമുണ്ട്. ഇത് ബന്ധങ്ങളിലെ ഒരു വഴിത്തിരിവാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം," അന്നത്തെ പാക് മാനേജർ ഇൻതിഖാബ് ആലം പറഞ്ഞു. വസീം അക്രമും ഇതേ അഭിപ്രായക്കാരനായിരുന്നു.

പതിനായിരത്തോളം ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നിട്ടും, വെറും 24 മണിക്കൂർ മുമ്പ് മാത്രം പ്രഖ്യാപിച്ച ഈ മത്സരം കാണാൻ അത്രയും ജനങ്ങൾ എത്തിയത് അദ്ഭുതമായിരുന്നു. പൊലീസ് ശൂന്യമാക്കിയ റോഡുകളിൽ പോലും ആളുകൾ തടിച്ചുകൂടി നന്ദി അറിയിച്ചു.

കുംബ്ലെ തകർത്താടിയ മത്സരം

40 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാരാണ് പ്രതിരോധത്തിലാക്കിയത്. കുംബ്ലെ 12 റൺസിന് 4 വിക്കറ്റും ആശിഷ് കപൂർ 34 റൺസിന് 2 വിക്കറ്റും വീഴ്ത്തി. വസീം അക്രം എറിഞ്ഞ പന്തിൽ സച്ചിൻ ടെൻഡുൽക്കർ ക്യാച്ചെടുത്ത ആ നിമിഷം ഇന്നും കായികപ്രേമികൾക്ക് സ്വപ്നസമാനണ്.

മറുപടി ബാറ്റിങ്ങിൽ സച്ചിന്‍റെയും (36) അസറുദ്ദീന്‍റെയും (32) ബാറ്റിങ് മികവിൽ സംയുക്ത ടീം അനായാസം വിജയിച്ചു. മുത്തയ്യ മുരളീധരനാണ് സച്ചിന്‍റെ വിക്കറ്റ് വീഴ്ത്തിയത്.

ശ്രീലങ്കൻ ക്രിക്കറ്റിലെ വഴിത്തിരിവ്

"ഞങ്ങളുടെ അറിവിൽ ഇന്ത്യൻ-പാക്കിസ്ഥാൻ താരങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു," റോഷൻ മഹാനാമ ഓർക്കുന്നു. അദ്ദേഹം ഈ മത്സരത്തിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് ടീമിലുണ്ടായിരുന്നു. "അവർ ഞങ്ങളോട് വളരെ പിന്തുണയോടെയും സൗഹൃദത്തോടെയുമാണ് പെരുമാറിയത്. അന്ന് വന്ന താരങ്ങളുമായി ഇന്നും എനിക്ക് നല്ല ബന്ധമുണ്ട്."

സനത് ജയസൂര്യയെ സംബന്ധിച്ചും ശ്രീലങ്കൻ ജനതയെ സംബന്ധിച്ചും ഈ മത്സരം ലോകകപ്പ് കിരീടത്തിലേക്കുള്ള ഒരു വലിയ വഴിത്തിരിവായിരുന്നു. "കൊളംബോ സുരക്ഷിതമാണെന്നും അവിടെ കളിക്കാൻ കഴിയുമെന്നും ഞങ്ങൾ ലോകത്തിന് കാണിച്ചു കൊടുത്തു. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ബോർഡുകളോട് ഞങ്ങൾ അത്യധികം കടപ്പെട്ടിരിക്കുന്നു. ആ മത്സരം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകി," ജയസൂര്യ പറയുന്നു. മത്സരം കഴിഞ്ഞയുടൻ താരങ്ങൾ മടങ്ങിയെങ്കിലും, അവർ സൃഷ്ടിച്ച ആ സൗഹൃദം ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഭാഗമായി.

"ഞങ്ങൾ ഇന്ത്യയിലായിരുന്നപ്പോൾ ഇന്ത്യക്കെതിരേ കളിക്കുമ്പോൾ ഒഴികെ ആരാധകർ മുഴുവൻ ഞങ്ങളെയാണ് പിന്തുണച്ചത്. പാക്കിസ്ഥാനിലായിരുന്നപ്പോഴും സ്ഥിതി അങ്ങനെ തന്നെയായിരുന്നു. ഫൈനലിനു ശേഷം പാക്കിസ്ഥാനികൾ ബസുകളിലും വാനുകളിലും കാറുകളിലും പാക് പതാക വീശി തങ്ങൾ തന്നെയാണ് ലോകകപ്പ് ജയിച്ചത് എന്ന മട്ടിലാണ് ആഘോഷിച്ചത്," വെറ്റിമുനി ഓർക്കുന്നു. വർഷങ്ങൾ കഴിഞ്ഞാലും ആ പിന്തുണ തങ്ങൾ മറക്കില്ലെന്നും ഇന്ത്യൻ കളിക്കാരനെന്നും പാക്കിസ്ഥാൻ കളിക്കാരനെന്നും വേർതിരിച്ചു കണ്ടിട്ടില്ലെന്നും സനത് ജയസൂര്യ ഉറപ്പിച്ചു പറയുന്നു.

സ്കോർ ബോർഡ്

ശ്രീലങ്ക

സനത് ജയസൂര്യ ബി വഖാർ യൂനിസ് 6

രമേശ് കലുവിതരണ സി ടെൻഡുൽക്കർ ബി വസീം അക്രം 6

അശാങ്ക ഗുരുസിങ്ക സി ജഡേജ ബി ടെൻഡുൽക്കർ 34

അർജുന രണതുംഗസി സയീദ് അൻവർ ബി ആശിഷ് കപൂർ 32

മർവൻ അട്ടപ്പട്ടു സി & ബി ആശിഷ് കപൂർ 18

ഹഷൻ തിലകരത്നെ സി അമീർ സൊഹൈൽ ബി കുംബ്ലെ 15

ഉപുൽ ചന്ദന സി അസറുദ്ദീൻ ബി കുംബ്ലെ 7

കുമാർ ധർമസേന സി അസറുദ്ദീൻ ബി കുംബ്ലെ 10

ചാമിന്ദ വാസ് നോട്ടൗട്ട് 11

മുത്തയ്യ മുരളീധരൻ ബി കുംബ്ലെ 5

രവീന്ദ്ര പുഷ്പകുമാര നോട്ടൗട്ട് 3

എക്സ്ട്രാസ് 21

ആകെ (40 ഓവർ) 168/9

വിക്കറ്റ് വീഴ്ച: 1-12, 2-16, 3-86, 4-112, 5-114, 6-126, 7-146, 8-149, 9-157.

വസീം അക്രം 5-0-16-1

വഖാർ യൂനിസ് 6-0-32-1

ടെൻഡുൽക്കർ 7-0-41-1

ആശിഷ് കപൂർ 8-0-34-2

അനിൽ കുംബ്ലെ 8-1-12-4

അമീർ സൊഹൈൽ 6-0-29-0

വിൽസ് XI

സച്ചിൻ ടെൻഡുൽക്കർ സി ധർമസേന ബി മുരളീധരൻ 36

സയീദ് അൻവർ lbw ബി ധർമസേന 16

അമീർ സൊഹൈൽ സി പുഷ്പകുമാര ബി മുരളീധരൻ 10

മുഹമ്മദ് അസറുദ്ദീൻ lbw ബി ചന്ദന 32

ഇജാസ് അഹമ്മദ് സി തിലകരത്നെ ബി ചന്ദന 18

അജയ് ജഡേജ സി കലുവിതരണ ബി വാസ് 28

റാഷിദ് ലത്തീഫ് നോട്ടൗട്ട് 21

വഖാർ യൂനിസ് നോട്ടൗട്ട് 5

എക്സ്ട്രാസ് 5

ആകെ (34.3 ഓവർ)171/6

വിക്കറ്റ് വീഴ്ച: 1-53, 2-65, 3-82, 4-113, 5-126, 6-164

ചാമിന്ദ വാസ് 7.3-0-43-1

രവീന്ദ്ര പുഷ്പകുമാര 4-0-24-0

കുമാർ ധർമസേന 6-1-17-1

മുത്തയ്യ മുരളീധരൻ 8-0-46-2

ഉപുൽ ചന്ദന 8-0-35-2

ഹഷൻ തിലകരത്നെ 1-0-3-0

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

അയ്യപ്പ സംഗമത്തിന് ചെലവായത് 3 കോടി, കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് പി.എസ്. പ്രശാന്ത്

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞയാളെ കൊന്നു; പൊലീസുകാരൻ അടക്കം 6 പേർ പിടിയിൽ

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു