വികാരപരമായ സന്ദർഭങ്ങളിൽ വാഗ്ദാനം അരുതേ...
രാമായണ ചിന്തകൾ-3 | വെണ്ണല മോഹൻ
നോക്കൂ, ലഹരി ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിച്ചാൽ അത് കുറ്റകരമായ ട്രാഫിക് നിയമലംഘനമാണ്. അതിനു കാരണമായി പറയുന്നത് ലഹരിയുള്ളപ്പോൾ വ്യക്തിയുടെ തലച്ചോറിന് സ്ഥലവും കാലവും സ്ഥിതിയും ആവശ്യകതയുമടക്കം ഒന്നും കൃത്യമായി മനസിലാക്കാൻ കഴിയില്ല എന്നതു തന്നെ.
അതുകൊണ്ട് ലഹരി ഉപയോഗം അപകടങ്ങൾക്കു കാരണമാകുന്നു. ലഹരിയുള്ളപ്പോൾ നടക്കുന്ന കരാറുകൾക്കും മൊഴികൾക്കും കോടതി നിയമസാധുത നൽകാറുമില്ല.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കൃത്രിമമായി ഉണ്ടാക്കുന്ന ലഹരി വസ്തുക്കളാണ്. എന്നാൽ, മനുഷ്യശരീരത്തിൽ സ്വയമേവ ഉണ്ടാകുന്ന ചില വികാരങ്ങളും ലഹരികളായി മാറാറുണ്ട്.
ഒരു നാഡിയിലേക്കോ പേശിയിലേക്കോ സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാർഥമാണ് ഡോപ്പോമിൻ. ഒരു വ്യക്തിയെ സന്തോഷവാനാക്കി നിലനിർത്തുന്നതിൽ ഡോപ്പോമിൻ വലിയ പങ്കു വഹിക്കുന്നു. പ്രണയത്തെ, സ്നേഹത്തെ, സന്തോഷത്തെ ഡോപ്പോമിൻ ഉത്തേജിപ്പിക്കും.
വികാരങ്ങളെ നമ്മൾ ലഹരികളായി പറയാറില്ല. എങ്കിലും സന്തോഷം ലഹരിയാണെന്ന് നമുക്കറിയാം. ലഹരി തിരയാണ്, ഒഴുക്കാണ്, മദം പിടിക്കലാണ്! ഓരോ തിരയും വന്നുപോകുന്നു. ഒഴുക്ക് ഒഴുകിപ്പോകുന്നു. മദം, ബോധം എത്തുമ്പോൾ മായുന്നു.
ആ അർഥത്തിൽ വികാരം എന്നതും തിരയാണ്, ഒഴുക്കാണ്. അതുകൊണ്ടു തന്നെ ലഹരിയുമാണ്. തിരകളിൽപ്പെട്ടാലും ഒഴുക്കിൽപ്പെട്ടാലും ഉണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ!
വികാരങ്ങളെക്കുറിച്ചു പറയുമ്പോൾ അതിൽ അടിപ്പെടരുത്, വികാരങ്ങൾക്ക് അടിമയാകരുത് എന്നു പറയാറുള്ളതും ഓർത്തുനോക്കുക. വികാര വിക്ഷോഭത്തോടെ ചെയ്യുന്ന പ്രവൃത്തികൾക്കു പിന്നിൽ വരുംവരായ്കകളെക്കുറിച്ച് ഒരു ചിന്തയും ഉണ്ടാകണമെന്നില്ല.
എട്ടു ദിക്കിലും മേലേയും താഴേയും ഒരുപോലെ രഥം പായിക്കാൻ കഴിവുള്ള വീരശൂര പരാക്രമിയായിരുന്നു ദശരഥ മഹാരാജൻ!
കോസലത്തിന്‍റെ തലസ്ഥാനമായ, യുദ്ധങ്ങളില്ലാത്ത അയോധ്യാ രാജ്യം ഭരിച്ചിരുന്ന അദ്ദേഹത്തോട് ദേവേന്ദ്രൻ അഭ്യർഥിച്ചു. അത് ഒരേയൊരു അഭ്യർഥനയും ക്ഷണവുമായിരുന്നു. ദേവാസുര യുദ്ധം നടക്കുന്നു. ആ യുദ്ധരംഗത്തേക്ക് എത്തണം. ദേവന്മാരോടൊപ്പം ചേർന്ന് അസുരന്മാർക്കെതിരേ യുദ്ധം ചെയ്യണം.
അഭ്യർഥന സ്വീകരിച്ച ദശരഥൻ യുദ്ധ ഭൂമികയിലെത്തി. ഖഡ്ഗത്തിന്‍റെ കൂട്ടിമുട്ടലുകളിൽ മിന്നൽ പ്രളയം! വില്ലിന്‍റെ ഞാണൊലികളിൽ ദിഗന്തങ്ങൾ വിറയ്ക്കുന്നു! പൊടിപടലങ്ങൾക്കിടയിലൂടെ പായുന്ന രഥങ്ങളും അശ്വങ്ങളും! അവ പായുമ്പോൾ വീണ്ടും ഉയരുന്ന ധൂളികൾ! അവ അന്തരീക്ഷത്തിന് നിറംകെട്ട മറയായി നിൽക്കുന്നു! ശരീരത്തിൽ നിന്നറ്റ ശിരസുകൾ ഉരുളുന്നു! രുധിരം ചാലുകീറി ഒഴുകുന്നു! ആർത്തനാദങ്ങളും പോർവിളികളും ദുഃഖ- ധീരതകളെ സമന്വയിപ്പിക്കുന്നു! അവിടേക്കാണ് ദശരഥൻ തന്‍റെ പ്രാണപ്രേയസിയായ കൈകേയിയുമായി യുദ്ധത്തിന് എത്തിയത്!
ദശരഥന്‍റെ യുദ്ധപ്രാവീണ്യം ആരേയും അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു! ദിക്കുകളൊക്കെയും തേർചക്രങ്ങളിൽ ഉരഞ്ഞു. തേരിൽ കൈകേയിയുമുണ്ട്. മൂന്നു പേരുള്ളതിൽ, കൗസല്യയേക്കാളും സുമിത്രയേക്കാളും അദ്ദേഹത്തിന്‍റെ ഏറ്റവും ഇഷ്ടപത്നി. യുദ്ധത്തിനു പോകുമ്പോൾ പോലും പത്നീ സാമീപ്യം ഒഴിവാക്കാനാകാത്തത്ര സ്നേഹം.
പെട്ടെന്നാണ് അത് സംഭവിച്ചത്!
രഥത്തിന്‍റെ അച്ചുതണ്ടാണി ഊരിപ്പോകുന്നു! യുദ്ധത്തിൽ ബദ്ധശ്രദ്ധനായിരുന്ന ദശരഥൻ അതു കണ്ടില്ല. കൈകേയി അതു കണ്ടു.
ഇനി..?
തേർചക്രം തേരിൽ നിന്നും ഊരിപ്പോകാം... തേർ വീഴാം...
ദശരഥൻ..?!
അതോടെ, കൈകേയിക്ക് മറ്റൊന്നും ഓർക്കാനേ കഴിഞ്ഞില്ല !!! തന്‍റെ പ്രിയ ആര്യ പുത്രൻ..?!
പിന്നീടൊന്നും ചിന്തിച്ചില്ല, കൈകേയി കീലരന്ധ്രത്തിലേക്കു തന്‍റെ കൈ തന്നെ വച്ചുകൊടുത്തു!!! കഠിനവേദന സഹിച്ചു. ആണി ഭാഗത്ത് കൈവിരൽ കിടന്നു ഞെരിഞ്ഞു. മുറിഞ്ഞു. നിണമണിഞ്ഞു.
യുദ്ധം കഴിഞ്ഞ്, വിജയശ്രീലാളിതനായ സന്തോഷത്താൽ പ്രാണപ്രിയയെ ആലിംഗനം ചെയ്യാൻ മുതിരുമ്പോഴാണ് ദശരഥൻ കൈകേയിയുടെ കൈ കണ്ടത്.
കാര്യം അന്വേഷിച്ചറിഞ്ഞു ദശരഥൻ. അദ്ദേഹത്തിന്‍റെ മനസ് വികാരവിക്ഷോഭങ്ങളാൽ ഇളകിമറിഞ്ഞു. സന്താപമോ സ്നേഹമോ കരുണയോ കൃതജ്ഞതയോ...
വ്യവച്ഛേദിക്കാനാവാത്ത വികാരത്താൽ ആ മനസ് ഒഴുകിയപ്പോൾ പറഞ്ഞത്, രണ്ട് ഇഷ്ടവരങ്ങൾ ചോദിക്കാനായിരുന്നു. ആവശ്യം വരുമ്പോൾ താൻ ചോദിച്ചു കൊള്ളാമെന്ന് കൈകേയിയും!
ദശ ദിക്കിലേക്കും രഥമോടിക്കാൻ കഴിവുണ്ടായിരുന്ന ദശരഥന് പക്ഷേ, മനോരഥ നിയന്ത്രണത്തിൽ സ്ഥിതപ്രജ്ഞതയോടെ നിൽക്കാൻ പറ്റാതായ മുഹൂർത്തം!
ആ മുഹൂർത്തത്തിൽ നടത്തിയ വാഗ്ദാനം! തന്‍റെ മരണത്തിലേക്ക്... പുത്രവിയോഗ ദുഃഖത്തിലേക്ക്... കുമാരന്‍റെ വനവാസത്തിലേക്ക്... ഒക്കെ വിരൽ പിടിച്ചുനടത്തി എന്നത് പിൻകഥകൾ !
സ്ഥിതപ്രജ്ഞതയുള്ള സമയത്തല്ലാതെ എടുക്കുന്ന പ്രതിജ്ഞകൾ, കരാറുകൾ, വാഗ്ദാനങ്ങൾ ഒക്കെ നമ്മെ എവിടേയ്ക്കു കൊണ്ടുപോയി എത്തിക്കുമെന്ന് ആർക്കറിയാം, അല്ലേ..?!
(അടുത്തത്: ദാമ്പത്യത്തിനിടയിൽ മറ്റൊരു ഇടപെടൽ)