അജീന പി.എ.
കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴാണ് മറ്റു പലരെയും പോലെ രഞ്ജിനി വിനോദ് ഒരു വ്ലോഗ് തുടങ്ങുന്നത്. പാചകത്തിൽ തുടങ്ങിയ വ്ലോഗ് പരീക്ഷണം പക്ഷേ, ക്വാറന്‍റൈൻ കഴിഞ്ഞപ്പോൾ പൂട്ടിവച്ചില്ല. അവിടെനിന്ന് വിവിധ വിഷയങ്ങളിലൂടെ നടത്തിയ യാത്ര കൂടുതലും ആത്മീയതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് അവരെ കൊണ്ടുചെന്നെത്തിച്ചത് 99 ക്ഷേത്രങ്ങളിൽ; അത്രയും ക്ഷേത്രങ്ങളെക്കുറിച്ചുള്ള വ്ലോഗുകളും രഞ്ജിനി പൂർത്തിയാക്കിക്കഴിഞ്ഞു. തീർഥാടനങ്ങൾക്ക് ദൃശ്യരൂപം കൂടി പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ മഹാസപര്യ വരുന്ന ശനിയാഴ്ച നൂറു ക്ഷേത്രം തികയ്ക്കും, ആയിരം ദിവസവും!
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണ് രഞ്ജിനിയുടെ ക്ഷേത്ര വ്ലോഗുകൾ. ക്ഷേത്ര വിശേഷങ്ങൾക്കു പുറമേ ചരിത്രം, ഐതിഹ്യം, തദ്ദേശവാസികളുടെ ജീവിതരീതി, പ്രാദേശിക സംസ്കാരം, പ്രകൃതിഭംഗി എന്നിങ്ങനെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി കിട്ടാവുന്ന വിശേഷങ്ങളെല്ലാം മനോഹരമായി ഒപ്പിയെടുത്താണ് 99 എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നത്.
വൈവിധ്യമാർന്ന തനി നാടൻ രുചികളിൽ തുടങ്ങിയ സോഷ്യൽ മീഡിയ യാത്രയാണ് ഇപ്പോഴീ ചരിത്രമുറങ്ങുന്ന വഴികളിലൂടെ തുടർന്നുകൊണ്ടിരിക്കുന്നത്.
''ഓരോ ക്ഷേത്രവും ഓരോ അനുഭവങ്ങളാണ് പകർന്നുനൽകുന്നത്. ചരിത്രത്തോടും പഴമയോടുമുള്ള താത്പര്യമാണ് ക്ഷേത്രങ്ങൾ തേടിപ്പോകാൻ എന്നെ പ്രേരിപ്പിച്ചത്'', രഞ്ജിനി പറയുന്നു.
തൃക്കൂർ മഹാദേവ ക്ഷേത്രത്തെക്കുറിച്ചായിരുന്നു ക്ഷേത്ര വ്ലോഗുകളിൽ ആദ്യത്തേത്. നൂറ് തികയ്ക്കാൻ പോകുന്നത് തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ. ഇതിനകംപന്ത്രണ്ട് ജില്ലകളിലുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഗുരുവായൂരിലെ കൃഷ്ണനാട്ടവും തൃശൂർ പുറനാട്ടുകരയിലെ ശ്രീകൃഷ്ണ മഠവും മാത്രമല്ല തൃശൂരിലെ പ്രശസ്തമായ പുത്തൻ പള്ളി വരെ വീഡിയോകളിൽ നിറയുന്നു.
പഴമ്പാട്ടുകളിൽ കേട്ടുമറന്ന കഥകളും പഴമക്കാരിൽനിന്നു കേട്ടറിഞ്ഞ കഥകളും കോർത്തിണക്കി കൃത്യമായി പഠിച്ച് ആധികാരികമായി അവതരിപ്പിക്കാനാണ് രഞ്ജിനി ഓരോ വീഡിയോയിലും ശ്രമിക്കുന്നത്. ഇതിലൂടെ ഭക്തർക്കും ചരിത്രകുതുകികൾക്കും ക്ഷേത്രത്തെ സംബന്ധിച്ചും ആചാരപരമായ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാൻ സഹായകമായ വിവരങ്ങൾ പങ്കുവയ്ക്കുന്നു.
50 ക്ഷേത്രങ്ങളെ ഉൾക്കൊളളിച്ച്, 'ക്ഷേത്രനടകളിലൂടെ' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. രണ്ടാമതൊരു പുസ്തകം അടുത്ത മാസം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ്.
ഏത് ക്ഷേത്രമാണെങ്കിലും അതിന്‍റെ പവിത്രയ്ക്ക് കോട്ടം തട്ടാത്തവണ്ണം ചിത്രീകരണവും അവതരണവും നടത്തണമെന്നത് വ്ലോഗറെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണെന്ന് രഞ്ജിനി പറയുന്നു. ഓരോ ക്ഷേത്രത്തിന്‍റെയും ചരിത്രപശ്ചാത്തലം കൂടി ഉൾക്കൊള്ളിച്ച് ദൃശങ്ങൾ എഡിറ്റ് ചെയ്യുന്നതും സ്ക്രിപ്റ്റ് തയാറാക്കുന്നതും അവതരിപ്പിക്കുന്നതുമെല്ലാം രഞ്ജിനി തന്നെയാണ്. ചിത്രീകരണത്തിൽ ഭർത്താവ് വിനോദ് പി. നാരായണന്‍റെ സഹായമുണ്ട്. ചരിത്രവും ഐതിഹ്യവുമെല്ലാം കെട്ടുപിണഞ്ഞ പ്രദക്ഷിണവഴികളിലൂടെ രഞ്ജിനി വിനോദ് യാത്ര തുടരുന്നു.
രഞ്ജിനിയുടെ വ്ളോഗിലേക്കു പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ഷേത്രങ്ങളെക്കുറിച്ചുള്ള വ്ളോഗുകളിൽ ആദ്യത്തേത്, തൃക്കൂർ മഹാദേവ ക്ഷേത്രം