പുസ്തകം കാണുന്നതും വിദ്യാഭ്യാസം

 
Special Story

പുസ്തകം കാണുന്നതും വിദ്യാഭ്യാസം

ചവർ പുസ്തകങ്ങൾ വായിച്ച് സമയം പാഴാക്കരുത്.

അക്ഷരജാലകം

എം.കെ. ഹരികുമാർ

വായനാ പക്ഷാചരണം നടക്കുന്ന സമയമാണല്ലോ. കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാൻ സർക്കാർ നല്ല പോലെ കഷ്ടപ്പെടുന്നുണ്ട്. ഒരു വർഷം പുറത്തിറങ്ങുന്ന കോടിക്കണക്കിനു രൂപയുടെ പുസ്തകങ്ങൾ സർക്കാർ തന്നെയാണു വാങ്ങുന്നത്. ഇത് പലർക്കും അറിയില്ല. ലൈബ്രറികൾക്കു ഗ്രാന്‍റ് കൊടുത്ത് വായനശാലാ മേളകളിലൂടെ അവരെക്കൊണ്ട് പുസ്തകം വാങ്ങിപ്പിക്കുകയാണ്.

അങ്ങനെ പ്രസാധകരെയും എഴുത്തുകാരെയും സഹായിക്കുന്നു. അതാണ് പുസ്തകങ്ങൾ വായിക്കാനുള്ള പുതിയ സൗകര്യം. ഇതിനു പുറമെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് വഴി സ്കൂളുകളിലേക്ക് പുസ്തകം തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യം.

പുസ്തകങ്ങൾ കിട്ടാനില്ലാത്തതുകൊണ്ട് ഇന്നാരും കഷ്ടപ്പെടുന്നില്ല. ഒരു സാധാരണ വായനക്കാരനു ലൈബ്രറികളിൽ നിന്നുള്ള പുസ്തകങ്ങൾ എടുക്കാം. സ്വന്തം ചിന്തകൾ വികസിപ്പിക്കുകയും സ്വപ്നം കാണുകയും ചെയ്യാം. പുസ്തകങ്ങളുടെ ക്ഷാമം പരിഹരിച്ചിരിക്കുകയാണ്. ഇനി വായിച്ചാൽ മതി.

എങ്ങനെ വായിക്കും? പുസ്തകം

വായന ഒരു ചീത്തക്കാര്യമാണെന്നും യാതൊരു ജോലിക്കും കൊള്ളാത്തവരുടെ ലക്ഷണമാണെന്നും പറയുന്നവരെ ഇപ്പോൾ പൊതുമണ്ഡലത്തിൽ കാണാം. ബീഫ് കിട്ടാത്തതിനു ഹോട്ടൽ തല്ലിപ്പൊളിക്കുന്നവരുടെ കൂട്ടത്തിലാണ് ഇത്തരക്കാരുടെ സ്ഥാനം. സമീപകാലത്ത് വന്നിട്ടുള്ള ഒരു അപചയമാണിത്. ഇതിനു മാറ്റം വരണം. വായിക്കുന്നവർക്ക് പ്രോത്സാഹനവും പരിഗണനയും കിട്ടണം. പത്രങ്ങൾ വായിച്ചാൽ വിവരമാണ് കിട്ടുന്നത്. നാം ജീവിക്കുന്ന ലോകത്തെപ്പറ്റി അറിയാൻ നല്ല പുസ്തകങ്ങൾ വായിക്കണം.

പുസ്തകം വായിക്കാനുള്ള അഭിരുചിയാണ് പ്രധാനം. അത് ഉണ്ടാക്കിയെടുക്കണം. 24 മണിക്കൂറും പുസ്തകം വായിച്ചുകൊണ്ടിരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. നമ്മുടെ കൈയിലുള്ള സമയത്തിന്‍റെ വില ആർക്കും നിശ്ചയിക്കാനാവില്ല, തീവിലയാണ്. അത് നന്നായി ഉപയോഗിക്കേണ്ടതുണ്ട്.

ചവർ പുസ്തകങ്ങൾ വായിച്ച് സമയം പാഴാക്കരുത്. നമ്മുടെ അഭിരുചി ഏതിലാണെന്നു കണ്ടെത്താൻ കുട്ടിക്കാലത്ത് തന്നെ ശ്രമിക്കണം. വെറുതെ പുസ്തകങ്ങളും ആനുകാലികങ്ങളും മറിച്ചുനോക്കണം. ഒന്നു മറിച്ചു നോക്കുന്നതു പോലും വിദ്യാഭ്യാസമാണ്. പുസ്തകം കാണുന്നത് വിദ്യാഭ്യാസമാണ്.

സത്യത്തെ തരുക

ഹെൻറി ഡേവിഡ് തോറോ എന്ന അമെരിക്കൻ അതീന്ദ്രിയവാദിയെ, പരിസ്ഥിതിവാദിയെ, ഗ്രന്ഥകാരനെ അറിയുന്നത് വലിയ കാര്യമാണ്. തോറോയുടെ സമ്പൂർണ കൃതികൾ ഇരുപത് വാല്യമാണ്. അദ്ദേഹത്തിന്‍റെ "വാൽഡൻ'എന്ന പുസ്തകത്തിനു പല പ്രത്യേകതകളുമുണ്ട്. അത് ഒരു വനത്തിൽ താമസിച്ചതിന്‍റെ അനുഭവമാണ്. അമെരിക്കയിലെ വാൽഡൻ തടാകതീരത്ത്, വനത്തിൽ രണ്ടു വർഷമാണ് തോറോ കുടിൽ കെട്ടി താമസിച്ചത്. പരിഷ്കൃത മനുഷ്യർക്കിടയിൽ ഇതുപോലുള്ള കിറുക്ക് ആവശ്യമാണ്. ചരിത്രം അതോർക്കും. തോറോ ആരും കേൾക്കാത്ത ശബ്ദങ്ങൾ വനത്തിൽ കേട്ടു.

കൊതുകിനു പോലും സംഗീതമുണ്ടെന്നു കണ്ടുപിടിച്ചു. ശബ്ദങ്ങൾക്ക് അർത്ഥമുണ്ടെന്നു തിരിച്ചറിഞ്ഞു. എത്രയോ സൂക്ഷ്മവും വിചിത്രവുമായ കാഴ്ചകൾ ആസ്വദിച്ചു. "പ്രേമം, സമ്പത്ത്, പ്രശസ്തി എന്നിവയ്ക്ക് പകരം എനിക്ക് സത്യത്തെ തരുക' എന്നു എഴുതിയെന്നോർക്കണം. എത്രയോ നൂറ്റാണ്ടുകളിൽ അലയടിക്കാനുള്ള വാക്യമാണിത്. മനുഷ്യൻ എന്തിനാണ് ജീവിക്കുന്നതെന്ന ചോദ്യത്തിൽ ഈ വാക്യം അലയടിക്കുന്നുണ്ട്. ജീവിത സൗന്ദര്യമാണത്. "വാൽഡൻ' എന്ന പുസ്തകം കണ്ടിട്ടുണ്ടെങ്കിൽ അത് വിലപ്പെട്ട അറിവാണ്. തോറോ എന്ന മനുഷ്യൻ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ആധുനികലോകത്തിനു, നാഗരികതയ്ക്ക് അപ്രാപ്യമായ ജീവിതത്തിന്‍റെ രഹസ്യങ്ങൾ തേടി ഒറ്റയ്ക്ക് അലഞ്ഞുവെന്നും അറിയാം.

ഏതൊരു പുസ്തകവും വായിക്കാൻ കുറെ പേരുണ്ടാകും. ഇമ്മാനുവൽ കാന്‍റിന്‍റെയോ ഹെഗലിന്‍റെയോ അയൻ റാന്തിന്‍റെയോ തത്ത്വചിന്താപരമായ പുസ്തകങ്ങൾക്കും വായനക്കാരുണ്ട്. അതിനു പുതിയ എഡിഷൻ പുറത്തുവരുന്നുണ്ട്. വായനയുടെ ഒരു പാതയാണ് പരിചയപ്പെട്ടത്.

ഒരു പേജ് അല്ലെങ്കിൽ ഒരു വാചകം ?

ആനുകാലികങ്ങളിലും പത്രങ്ങളിലും വരുന്ന എല്ലാം നമുക്ക് ഇഷ്ടമാവില്ല. എന്നാൽ പരിചയപ്പെടുന്നത് നല്ലതാണ്. പുസ്തകങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച് ചെറിയ വിവരങ്ങൾ നേടുന്നത് പോലും ഒരു അഭിരുചി സൃഷ്ടിക്കാൻ നന്നായിരിക്കും. നമ്മുടെ അഭിരുചി ആരും തട്ടിയെടുക്കില്ല. അത് വികസിപ്പിക്കാനാവും. ആ അഭിരുചി ജീവിക്കാൻ വേണ്ടി ഇഷ്ടമുള്ള പുസ്തകവും അതിനെക്കുറിച്ചുള്ള വിവരങ്ങളും തേടിക്കൊണ്ടിരിക്കണം. ഏത് ആൾക്കൂട്ടത്തിലും വായനക്കാരൻ എന്ന അനുഭവം സ്വകാര്യമായി നിലനിൽക്കും. അങ്ങനെ യാത്ര തുടരുമ്പോൾ നമ്മുടെ മനസിനു ഏകാഗ്രത ലഭിക്കും. അർത്ഥവത്തായ ഒരു യാത്രയാണത്.

ഇവിടത്തെ ലൈബ്രറികളിൽ ഇംഗ്ലിഷ് പുസ്തകങ്ങൾ കുറവാണ്. എന്നാൽ ഇന്‍റർനെറ്റിൽ സൗജന്യമായി ഇംഗ്ലിഷ് പുസ്തകങ്ങൾ കിട്ടും. പിഡിഎഫ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ വായിക്കാം. ഈ ലോകത്ത് ഏറ്റവും നല്ല പുസ്തകങ്ങൾ അല്ലെങ്കിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ അവകാശമുണ്ട്. ഒരു ഐസ്ക്രീം, ബിരിയാണി, മസാലദോശ തുടങ്ങിയവ കഴിക്കാനുള്ള അവകാശം പോലെ പുസ്തകങ്ങളും നമുക്ക് അർഹതപ്പെട്ടതാണ്.

ഒരു പുതിയ ശീലം തുടങ്ങാം. ദിവസം ഒരു പേജ് വായിക്കാൻ ശ്രമിക്കാം. ഒരു വർഷം മുഴുവനും മഹാത്മാഗാന്ധിയുടെ ആത്മകഥ വീട്ടിൽ ഉണ്ടായിട്ടും അതിലെ ഒരു വാക്യം പോലും വായിച്ചില്ല എന്നു പറയിക്കരുതെന്നു വിദ്യാർഥികളോടു അഭ്യർഥിക്കുന്നു. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ് മാത്രമല്ല, നല്ല എഴുത്തുകാരനും വായനക്കാരനുമാണ്.

ഗാന്ധിജിയെ അറിയുന്നത് നമ്മെ ബുദ്ധിപരമായി ചെത്തിമിനുക്കാൻ സഹായിക്കും. പ്രകൃതിക്ക് ദോഷകരമായതൊന്നും ചെയ്യരുതെന്നു ഗാന്ധിജി പഠിപ്പിച്ചു. അയിത്തം അല്ലെങ്കിൽ തൊട്ടുകൂടായ്മ മനുഷ്യനും ദൈവത്തിനും എതിരായ ഒരു കുറ്റകൃത്യമാണെന്നു ഗാന്ധിജി പറഞ്ഞത് അറിയണം. രാഷ്ട്രത്തിന്‍റെ പിതാവാണത് പറഞ്ഞതെന്നു മറക്കരുത്. അയിത്തം ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ശോഭ കെടുത്തമെന്നു ഗാന്ധിജി ദീർഘദർശനം ചെയ്തു.

ദിവസവും ഒരു പേജ് വായിക്കാനായില്ലെങ്കിൽ ഒരു വരിയെങ്കിലും വായിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു വരി വായിക്കുന്നത് ശീലമാക്കിയാൽ പുസ്തകങ്ങളോടുള്ള സമീപനത്തിൽ മാറ്റംവരും. പുസ്തകങ്ങളോടു പ്രേമമാണ് ഉണ്ടാകേണ്ടത്. പുസ്തകങ്ങളുടെ മണം ഇഷ്ടപ്പെടുന്നവരുണ്ട്. എല്ലാം ഒരുമിച്ച് വായിക്കാനാകില്ലല്ലോ. ചില പുസ്തകങ്ങൾ വല്ലാതെ വശീകരിക്കും. ഞാൻ അത്തരം പുസ്തകങ്ങൾ പെട്ടെന്നു വായിച്ചു തീർക്കില്ല. അച്ചാർ പോലെ കുറേശേ ഉപയോഗിക്കും. സ്വന്തമായി വായിക്കുന്നവരാണെങ്കിൽ മൗലികമായി അഭിപ്രായമുണ്ടാകും. സ്വന്തം വായന വലിയൊരു ആശയമാണ്. മറ്റുള്ളവർ വായിച്ചത് അതേപടി ഏറ്റുപാടാതെ സ്വന്തം ചിന്തയിലൂടെ വായിക്കാനാവും.

'ചെമ്മീൻ' കണ്ടപ്പോൾ

വാർത്താമാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങൾക്കപ്പുറം അതിനെക്കുറിച്ച് കൂടുതൽ അറിയുകയാണെങ്കിൽ സ്വന്തം അഭിപ്രായമുണ്ടാകും. വലിയ നേട്ടമാണത്. 'ചെമ്മീൻ' സിനിമ കണ്ടവരാണ് അധികം പേരും. സിനിമ ടിവിയിൽ കണ്ടവരുണ്ട്. ടിവി മരിച്ചു. ടെലിവിഷന് ഇനി ആയുസില്ല. ടിവി പരിമിതപ്പെട്ടിരിക്കുന്നു. കോടിക്കണക്കിനു വിഭവങ്ങളുമായി യുട്യൂബ് കുതിച്ചുയരുകയാണ്. യുട്യൂബിൽ സിനിമ കാണാം, പഴയതും പുതിയതും. ടിവിയിൽ കുടുങ്ങിക്കിടന്നു പ്രോഗ്രാം കാണേണ്ടതില്ല. ഇന്‍റർനെറ്റിൽ സിനിമ റിലീസ് ചെയ്യുകയാണിപ്പോൾ. 'ചെമ്മീൻ' കണ്ടവർ പളനി എന്ന കഥാപാത്രം സത്യന്‍റെ രൂപത്തിലാണ് മനസിലാക്കുക. കറുത്തമ്മ നടി ഷീലയായിരിക്കും. എന്നാൽ ഏകാന്തമായി ഈ നോവൽ വായിക്കുകയാണെങ്കിൽ കറുത്തമ്മ ഷീല ആയിരിക്കില്ല. ആർത്തിക്കാരനായ പിതാവിനും നിസഹായനായ കാമുകനുമിടയിൽ കിടന്നു നട്ടംതിരിയുന്ന ഒരു സാധാരണ സ്ത്രീയുടെ മുഖമാകും മനസിലേക്ക് വരിക.

'ചെമ്മീനി'ലെ കറുത്തമ്മയെ ഷീലയായി സങ്കൽപ്പിച്ചത് സംവിധായകൻ രാമു കാര്യാട്ടാണ്. വായനക്കാരനു സ്വതന്ത്രമായി ഒരു കഥാപാത്രത്തെ സങ്കൽപ്പിക്കാൻ വിലക്കൊന്നുമില്ല. നിങ്ങളുടെ മനസിൽ എന്തു ഭാവന ചെയ്യണമെന്നു നിങ്ങളാണു തീരുമാനിക്കുന്നത്. ഒരു വായനക്കാരന്‍റെ മനസിൽ പളനി ഒരിക്കലും നടൻ സത്യൻ ആയിരിക്കില്ല; ഒരു സാധാരണ തൊഴിലാളി മാത്രമായിരിക്കും. സിനിമാതാരങ്ങളുടെ രൂപസൗന്ദര്യത്തിൽ നിന്നു കഥാപാത്രങ്ങളെ വേർപെടുത്തിയെടുക്കുന്നതോടെ വായനക്കാരൻ ഒരു വലിയ യുദ്ധം ജയിക്കുകയാണ്. അവന്‍റെ മനസ് സ്വന്തമായിരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. വായന സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമാണ്. ജീവിച്ചിരിക്കുന്നതിന്‍റെ വിളംബരമാണ്.

ഭാവനകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. യേശുദേവന്‍റെ ജീവിതകാലത്തെ ഒരു ചിത്രവും നമുക്ക് ലഭ്യമായിട്ടില്ല. യേശുദേവന്‍റെ രൂപം, നിറം, ഉയരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബൈബിളിൽ ഒരു വാക്കുപോലുമില്ല. എന്നാൽ ഒരു കലാകാരൻ തന്‍റെ ഭാവന ഉപയോഗിച്ച് വരച്ച യേശുദേവന്‍റെ ചിത്രമാണ് ഈ ലോകത്തെ കീഴടക്കിയത്. ഈ ലോകത്ത് ഏറ്റവും പ്രശസ്തമായ മുഖമാണത്. ഏറ്റവും കൂടുതൽ തവണ പ്രിന്‍റ് ചെയ്ത ചിത്രവും കൂടുതൽ ഇടങ്ങളിൽ പ്രദർശിപ്പിച്ച ചിത്രവും അതാണ്. യേശുദേവന്‍റെ ഈ ചിത്രത്തിൽ മനുഷ്യരാശി വിശ്വസിക്കുന്നു. ഈ ചിത്രം മനുഷ്യരാശിയെ ഒന്നിപ്പിച്ചതായി പ്രമുഖ നരവംശ ചരിത്രകാരനായ യുവാ നോവ ഹരാരി പറയുന്നുണ്ട്. ലോകത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇടയാക്കിയ ചിത്രം ഒറിജിനലല്ലെന്നു ഓർക്കണം.

അത് ഭാവന ചെയ്ത് ഒരു കലാകാരൻ സൃഷ്ടിച്ചതാണ്. അതാണ് ആളുകളുടെ വിശ്വാസത്തെ ബലപ്പെടുത്തി നിർത്തിയിരിക്കുന്നത്. ലോക സാഹചര്യത്തിലാണ് ഇത് പറയുന്നത്. ഭഗവാൻ ശിവന്‍റെയും ഗണപതിയുടെയും ശ്രീകൃഷ്ണന്‍റെയും ചിത്രങ്ങൾക്കും ഈ വസ്തുത ബാധകമാണ്. കലാകാരന്മാർ വരച്ച ചിത്രങ്ങളാണ് നമ്മൾ യാഥാർഥ്യമായി പരിഗണിക്കുന്നത്. മനുഷ്യർക്ക് വിശ്വസിക്കാൻ യാഥാർഥ്യം വേണ്ട; ഭാവന മതി. ഭാവനയിൽ ആളുകൾ സംതൃപ്തരാണ്. ഇത് ഭാവനയുടെ ശക്തിയാണ് കാണിക്കുന്നത്. ഭാവന സൃഷ്ടിക്കുന്നതിൽ വായനയ്ക്കും പങ്കുണ്ട്. വായന ഒരാളെ ഈ ലോകത്തോടു പ്രേമമുള്ളവരാക്കുകയാണ്. നമുക്ക് ചുറ്റും കുറെ മനുഷ്യരുണ്ട്, പ്രകൃതിയുണ്ട്, ഇതര ജീവജാലങ്ങളുണ്ട് എന്നറിയിക്കുകയാണ്. മറ്റുള്ളവരുടെ വികാരം നമ്മുടേതായി പരിണമിക്കുന്ന നിമിഷമാണത്.

എല്ലാറ്റിലും സ്വയംദർശിക്കാം

തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയിൽ ഒരു നായയെക്കുറിച്ചാണ് വിവരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു നായയിൽ നാം നമ്മെ തന്നെ കാണും. ഇതുപോലെ ഓരോ വസ്തുവിലും നാം സ്വയം കാണണം. അതാണ് വായനയുടെ തത്വശാസ്ത്രം. ഈ ലോകം നമ്മുടേതാണ്. ഇവിടെയുള്ള ഓരോ മനുഷ്യനിലും ഓരോ ജീവിയിലും ഓരോ വൃക്ഷത്തിലും നാം ജീവിക്കുന്നു. നമ്മെപ്പോലെ തന്നെ അവയോരോന്നും വിശ്വസിക്കുന്നു. നമ്മുടെ തന്നെ വകഭേദങ്ങളാണ് അവയുടെ ജീവിതവും. ഈ താദാത്മ്യവും സാക്ഷാത്കാരവും വായനയിൽ നിന്നു ലഭിക്കുന്നു. വായന മനുഷ്യനെ ഈ ലോകത്തോടു കൂട്ടിച്ചേർക്കുന്നു; കൂടുതൽ ബന്ധുക്കളുണ്ടെന്നു ഓർമിപ്പിക്കുന്നു. നമ്മെത്തന്നെ ഒരു കണ്ണാടിയിലെന്ന പോലെ കാണിച്ചുതരുന്നു. കുമാരനാശാന്‍റെ "സങ്കീർത്തനം' എന്ന കവിതയിലെ ഈ വരികൾ നോക്കുക:

'ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയന്നൊരു

ചിത്രചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളർക്ക

രശ്മിയിൽ നീട്ടിയും

ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ.'

പൂവിലും ശലഭത്തിലും നാം കാണുന്ന ചന്തം ചിന്തയുടേതാണ്. ഉള്ളിലെ സൗന്ദര്യചിന്തയാണത്. ചിന്ത ഒരു മണിമന്ദിരമാണെങ്കിൽ അവിടെ വിളങ്ങുന്നത് ഈശ്വരനാണ്. ചിന്തയിലാണ് ഈശ്വരൻ. ഓരോ പൂവിലും ദൈവത്തെ കാണുന്നതിന്‍റെ ദർശനമാണിത്. എല്ലാറ്റിലും ഒരേ ചൈതന്യം. ആശാൻ പൂവിലും ചിന്തയിലും ഈശ്വരനെ കാണുന്നതുപോലെയാണ് വായിക്കുമ്പോഴും സംഭവിക്കുന്നത്. വായിക്കുമ്പോൾ നാം എല്ലാ ചൈതന്യത്തെയും അഭിദർശിക്കുന്നു. നമ്മുടെ ലോകം വലുതാവുകയാണ്. ലോകം നമ്മുടേതെന്നപോലെ നമ്മുടെയുള്ളിലുമാണ്. വായിക്കുമ്പോൾ ലോകം നമ്മളിലേക്ക് വരുന്നു.

രജതരേഖകൾ

1. അഖിൽ ധർമ്മജന്‍റെ റാം c/o ആനന്ദി എന്ന നോവലിനു കേന്ദ്ര അക്കാഡമിയുടെ യുവപുരസ്കാരം കിട്ടിയതിനെതിരെ ചില എഴുത്തുകാർ പ്രതികരിച്ചു‌കണ്ടു. ഇത്രയും നാൾ മിക്ക അവാർഡുകളും കിട്ടിയിരുന്നത് ഗ്രൂപ്പുകളിൽപ്പെട്ടവരുടെ മക്കൾക്കും സുഹൃത്തുക്കൾക്കും ആശ്രിതർക്കുമായിരുന്നു. ഇപ്പോൾ ഗ്രൂപ്പിനു പുറത്തുള്ള ഒരാൾക്ക് കിട്ടി. അത് പലർക്കും സഹിക്കാനായില്ല. ചില എഴുത്തുകാരെ മുളയിലെ നുള്ളുന്നവിധം രഹസ്യമായി കരുനീക്കം നടത്തുന്നവരുണ്ട്. അവർ പരദൂഷണം പറഞ്ഞു നശിപ്പിക്കും. ഇഷ്ടമില്ലാത്തവരെ ആനുകാലികങ്ങളിൽ നിന്നെല്ലാം ഒഴിവാക്കാൻ ചില സ്വയംപ്രഖ്യാപിത "പുരോഹിതർ ' ഇടപെടുന്നുണ്ട്. അയിത്തം ഏറ്റവും കൂടുതല്‍ നിലനിൽക്കുന്നത് സാഹിത്യ മേഖലയിലാണ്. വളരെ ഉദാരവും തുറന്നതും വിശാലവുമായ സമീപനമാണ് സാഹിത്യ മേഖലയിൽ ഉണ്ടാകേണ്ടത്. അതിനു പകരം വിലകെട്ട കുശുമ്പ് പുറത്തെടുക്കുന്നത് അപഹാസ്യമാണ്.

2. കൽപ്പറ്റ നാരായണൻ പറയുന്നത് കേട്ടു, അഖിൽ ധർമ്മജന്‍റെ നോവലിനു ഭാവുകത്വമില്ലെന്ന്. കൽപ്പറ്റ നാരായണന്‍റെ കവിതകൾക്ക് എന്താണ് ഭാവുകത്വം? സമീപകാലത്ത് കൽപ്പറ്റ എഴുതിയ കവിതകളൊന്നും നന്നായില്ല. ഒരു വസ്തുവിന്‍റെ മറഞ്ഞിരിക്കുന്ന ജീവതത്വപരമായ ഉണ്മ കണ്ടെടുക്കുന്നതിൽ കൽപ്പറ്റയുടെ കവിതകൾ പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യധാരാ സാഹിത്യത്തിലെ ഗ്രൂപ്പുകളെ സർഗാത്മകമായി ഉന്നതിയിലുള്ളവർ എന്നു വെറുതെ പറയരുത്. മികച്ച കൃതികൾ ഇവിടെ ഉണ്ടാകുന്നില്ല. ആ സാഹചര്യത്തിൽ അഖിൽ ധർമ്മജനു ഒരവാർഡ് കൊടുത്താൽ എന്താണ് കുഴപ്പം?

3. ഫ്രാൻസിസ് നൊറോണ എഴുതിയ "ബഹിരാകാശം'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 15)സംവേദനപരമായ മരവിപ്പാണുണ്ടാക്കിയത്. രണ്ടു കഥകൾ ഏച്ചുകെട്ടിയിരിക്കയാണ്. ആദ്യത്തെ കഥ ഒരു ഗൃഹസ്ഥന്‍റെ വീഴ്ചയും പരുക്കുമാണ് ചിത്രീകരിക്കുന്നത്. രണ്ടാമത്തേത് അയാൾ പറയുന്ന ഒരു കള്ളന്‍റെ കഥയാണ്. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. വീണു കട്ടിലിൽ കിടക്കുന്നവൻ വേറൊരു വീട്ടിൽ കള്ളൻ കയറിയതും സ്വർണം എടുക്കാൻ ശ്രമിക്കുന്നതുമൊക്കെ എന്തിനാണ് വിവരിക്കുന്നത് ?

4. "ഖസാക്കിന്‍റെ ഇതിഹാസം' അവസാനിക്കുന്നത് ഇങ്ങനെയാണ്: "മഴപെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവർഷത്തിന്‍റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്‍റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ് വരാനായി രവി കാത്തുകിടന്നു.'

മരണവും പുനർജനിയും കൂടുവിട്ടു കൂടുതേടലുമൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. ഇതാണ് പരിപ്രേക്ഷ്യം. ഒരു പ്രശ്നത്തെ എങ്ങനെ നാം കാണുന്നു എന്നതാണ് അതിനു ആഴം വർധിപ്പിക്കുന്നത്. മരിച്ചു മണ്ണടിഞ്ഞാൽ അവിടെ പുല്ലുകൾ വളരും. അപ്പോഴും മഴപെയ്യും. പുല്ലുകൾ നിറഞ്ഞ പാടങ്ങൾ മരണത്തെ ഒളിപ്പിക്കുകയാണ്. കാലവർഷം അനാദിയായ പ്രപഞ്ചസത്യമാണ്. അത് പെരുവിരലിനെ ഓർമിപ്പിക്കുന്നു. ഏതാണ് ആ പെരുവിരൽ ? ഭൂമി വിട്ടുപോകുന്ന നേരത്ത് വേടൻ അമ്പെയ്ത് തറയ്ക്കുന്നത് ശ്രീകൃഷ്ണന്‍റെ പെരുവിരലിലാണ്. ആ പെരുവിരൽ പ്രപഞ്ചാനുഭവങ്ങളെ ദുരൂഹമാക്കുന്നു. ഇത് പൂർവകാലത്തിൽ നിന്നു വിജയൻ കണ്ടെടുക്കുന്ന സൃഷ്ടിയുടെ സാമഗ്രിയാണ്.

5. വൃക്കരോഗങ്ങളെപ്പറ്റി അറിയേണ്ടതെല്ലാം എന്ന പേരിൽ ഡോ.സരോജ നായർ എഴുതിയ പുസ്തകം (ഇന്ത്യ ബുക്സ് ) ആധുനികകാലത്തെ ചികിത്സയ്ക്കും പഠനത്തിനും സഹായകമാണ്.

6) അനിയൻ മാങ്ങോട്ടിരി എഴുതിയ കവിത "മറ്റൊരു ലോകം'(അക്ഷിത മാസിക) ചിന്തിപ്പിച്ചു. സൗരയൂഥവും ക്ഷീരപഥവും ചേർന്ന മഹാപ്രപഞ്ചം മായികമാണ്. എന്നു തുടങ്ങിയെന്നറിയില്ല. എന്നാൽ പ്രകാശവേഗത്തെ പിന്നിലാക്കിക്കൊണ്ടുള്ള മനുഷ്യമനസിന്‍റെ സഞ്ചാരവും അതുപോലെ ദുർഗ്രഹമാണെന്നു കവി എഴുതുന്നു.

"മർത്ത്യ-

പ്രതിഭാവിലാസമാം

മാനസസഞ്ചാരത്തി-

ന്നത്ഭുത രഹസ്യമാം

ആഴിയായ് ആകാശമായ് പൂത്തുനിൽക്കുന്നുണ്ടാവാം

മറ്റൊരു മഹാലോകം'

മനുഷ്യന്‍റെ മാനസസഞ്ചാരങ്ങൾ ഇനിയും പിടിതരാത്ത വേറെ ഏതോ ലോകത്തിന്‍റെ അടയാളമായിരിക്കുമോ എന്നു കവി സംശയിക്കുകയാണ്.

7. സ്മിത മീനാക്ഷി എഴുതിയ"വെള്ളം കൊണ്ടുവരുന്ന പെണ്ണുങ്ങൾ'(ഗ്രന്ഥലോകം, ജൂൺ) അസാധാരണമായ ഒരു രചനയാണ്. പെണ്ണുങ്ങൾ കുടത്തിൽ വെള്ളം കൊണ്ടുവരുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ സംവേദനങ്ങൾ കവി ഒപ്പിയെടുത്തിരിക്കുന്നു.

'മുടിച്ചുരുളിലോ കൈവളച്ചേലിലോനിന്ന് കടമ്പിന്‍റെയൊരു നീലപ്പൂങ്കുല, നീർക്കോഴിയുടെയൊരു മിനുത്ത തൂവൽ ,

മുളങ്കാടിന്‍റെയൊരു മൂളക്കം, ഇലയനക്കങ്ങളിലെ വെയിൽപ്പൊട്ടുകൾ

ഒക്കെയുമെടുത്തവരൊളിച്ചുവയ്ക്കുന്നു ,

ഒന്നും കണ്ടില്ലെന്നു ചുവരുകൾ കണ്ണടയ്ക്കുന്നു,

വീടും കുട്ടികളും പൈക്കളുമാകാശവും ദാഹം തീർന്നു കുളിർന്നു നിൽക്കുന്നു.'

mkharikumar33@gmail.com

9995312097

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി