നയാരയെ ഏറ്റെടുക്കാൻ റിലയൻസ്
@NayaraEnergy
മുംബൈ: റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നയാര എനര്‍ജിയില്‍ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരികളാണുള്ളത്. ചര്‍ച്ച വിജയിച്ചാല്‍ നയാര എനര്‍ജിയെ റിലയന്‍സ് ഏറ്റെടുക്കും. അതുവഴി റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായി മാറും. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറി.
റോസ്‌നെഫ്റ്റിനു പുറമെ റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനമായ യുസിപി ഇന്‍വെസ്റ്റ്‌മെന്‍റ് ഗ്രൂപ്പും നയാരയിലുള്ള നിക്ഷേപം പിന്‍വലിക്കാന്‍ പോവുകയാണ്. യുസിപി ഗ്രൂപ്പിന് 24.5 ശതമാനം ഓഹരിയാണ് നയാരയിലുള്ളത്. മറ്റൊരു സ്ഥാപനമായ ട്രാഫിഗുറയ്ക്ക് 24.5 ശതമാനവും ഓഹരി നയാരയിലുണ്ട്. ഇതിനു പുറമെ ഏതാനും റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാരും നയാരയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള റിഫൈനറിയും ഇന്ത്യയിലുടനീളം 6750 പെട്രോള്‍ പമ്പുകളുമാണു നയാര എനര്‍ജിക്കുള്ളത്. 2017ലാണ് 12.9 ബില്യണ്‍ ഡോളറിന് നയാരയെ റോസ്നെഫ്റ്റ് ഏറ്റെടുത്തത്. അന്ന് എസ്സാര്‍ ഓയില്‍ എന്നായിരുന്നു പേര്.
സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോസ്നെഫ്റ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ മൂന്ന് തവണയാണ് ഇന്ത്യ സന്ദര്‍ശിച്ചത്. അഹമ്മദാബാദിലും മുംബൈയിലുമടക്കം നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ജാംനഗറിൽ പ്രവർത്തിക്കുന്ന റിലയൻസിന്‍റെ എണ്ണ ശുദ്ധീകരണശാല.
പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റോസ്‌നെഫ്റ്റിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം റഷ്യയിലേക്കു കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ല. ഇതാണ് ഇന്ത്യയിലെ നിക്ഷേപത്തില്‍ നിന്നു പിന്മാറാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ച നടത്താൻ റോസ്‌നെഫ്റ്റിനെ പ്രേരിപ്പിച്ചതും ഇതേ ഘടകമാണ്.
റിലയന്‍സിന് ഗുജറാത്തിലെ ജാംനഗറില്‍ രണ്ട് വലിയ ഓയില്‍ റിഫൈനറികളുണ്ട്. പ്രതിവര്‍ഷം 68.2 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളവയാണിവ. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ശേഷി പ്രതിവര്‍ഷം 80.8 ദശലക്ഷം ടണ്ണാണ്.
റോസ്നെഫ്റ്റ് സൗദി അറേബ്യയുടെ അരാംകോയുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഉയര്‍ന്ന തുക ആവശ്യപ്പെട്ടതും മറ്റ് ചില പ്രശ്‌നങ്ങളും കാരണം അരാംകോ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. നയാരയ്ക്ക് 20 ബില്യണ്‍ ഡോളറാണ് റോസ്‌നെഫ്റ്റ് കണക്കാക്കുന്ന മൂല്യം. ഇത് വളരെ കൂടുതലാണെന്നായിരുന്നു അരാംകോയുടെ വിലയിരുത്തൽ.
ഇന്ത്യയില്‍ റിലയന്‍സിനു പുറമെ അദാനി ഗ്രൂപ്പുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഉയര്‍ന്ന മൂല്യം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പും പിന്മാറി. മാത്രമല്ല, അദാനി ഗ്രൂപ്പ് ഫ്രഞ്ച് എനര്‍ജി ഭീമനായ ടോട്ടല്‍ എനര്‍ജീസുമായി സഹകരിക്കുന്നുണ്ട്. ടോട്ടല്‍ എനര്‍ജീസുമായി സിറ്റി ഗ്യാസ്, റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ കോടിക്കണക്കിന് ഡോളറിന്‍റെ പങ്കാളിത്തമുള്ളതും അദാനി ഗ്രൂപ്പിന് റോസ്‌നെറ്റുമായുള്ള ധാരണയ്ക്കു തടസമായി.