ലോകത്ത് ഒട്ടാകെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വലിയ മാറ്റം വന്ന് കഴിഞ്ഞിരിക്കുന്നു.
Representative image
അഡ്വ. ജി. സുഗുണന്‍
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് ഒട്ടാകെ പാര്‍ട്ടിക്കകത്ത് അഭിപ്രായ സ്വാതന്ത്ര്യം എക്കാലവും നല്‍കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്‌സും, ലെനിനും, മാവോ സേ തുങ്ങും ഒക്കെ പാര്‍ട്ടിക്ക് അകത്തെ അഭിപ്രായ സ്വാതന്ത്ര്യം പരമ പ്രധാനമാണെന്ന് വിശ്വസിക്കുകയും, തങ്ങളുടെ കാലത്തെ പാര്‍ട്ടിക്കുള്ളില്‍ അത് നടപ്പിലാക്കുകയും ചെയ്തിട്ടുള്ളവരാണ്. പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നതുകൊണ്ടാണ് സാംസ്‌കാരിക വിപ്ലവം ചൈനയില്‍ നടന്നത്. ചൈനയില്‍ ഭരണാധികാരിയായിരുന്ന ഡെന്‍സിയാവോ പിംഗ് ന്‍റെ കാലത്ത് 'നൂറ് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരട്ടെയെന്നും നൂറ് പുഷ്പങ്ങള്‍ വിരിയട്ടെയെന്നും' വിളംബരം ചെയ്തതും ചരിത്രമാണ്.
പാര്‍ട്ടിക്കമ്മിറ്റികള്‍ സ്വന്തം നേതൃത്വത്തില്‍ രൂപീകരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജനാധിപത്യപരമായ രീതിയില്‍ അതിനെ നയിക്കുകയും ചെയ്തിട്ടുള്ളയാളാണ് കാറല്‍ മാര്‍ക്‌സ്. മഹാനായ ലെനിന്‍ പാര്‍ട്ടികത്തെ ജനാധിപത്യത്തിന് പരമ പ്രാധാന്യം നല്‍കിയിരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ എക്കാലവും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്. സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്‍റെ കാലത്ത് പാര്‍ട്ടിക്കകത്ത് പോലും അഭിപ്രായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരുന്നില്ലെന്നുള്ള ആക്ഷേപം ചില റഷ്യന്‍ ചരിത്രകാരന്മാര്‍ എടുത്ത് പറയുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍, ഇത് പൂര്‍ണമായും ശരിയായിരുന്നില്ലെന്ന് മറ്റു ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ലോകത്ത് ഒട്ടാകെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വലിയ മാറ്റം വന്ന് കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി പരിപാടിയില്‍ നിന്ന് 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം' ഇന്ന് പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും എടുത്ത് കളഞ്ഞിരിക്കുകയാണ്. സോവിയറ്റ് റഷ്യയുടെ പതനത്തെ തുടര്‍ന്ന് ഒരു ഡസ്സനോളം യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും അന്ത്യമായി. എന്നാല്‍ പാര്‍ട്ടി പരിപാടിയും കൊടി പോലും മാറ്റി കൊണ്ട് ഇവിടങ്ങളില്‍ പലയിടങ്ങളിലും വീണ്ടും കമ്യൂണിസ്റ്റ് സഖാക്കള്‍ തന്നെ രൂപം കൊടുത്ത ജനാധിപത്യ പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പില്‍ കൂടി തന്നെ അധികാരത്തില്‍ വന്ന വസ്തുതയും നമുക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഇരുമ്പ് മറയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മയും ഒന്നും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇനി തുടരാന്‍ കഴിയുകയില്ല. പഴയ കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തന്നെ ഇതിന് തെളിവാണ്. സോവിയേറ്റ് യൂണിയന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ആ വര്‍ഷം മെയ്ദിനം ആചരിക്കാന്‍ പോലും ഒരു കമ്യൂണിസ്റ്റ് കാരനെ പോലും മോസ്‌കോയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും മാറി. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ആ പാര്‍ട്ടി അവിടെ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉയരാനും ഇപ്പോള്‍ സാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്ര 1920 കളിലാണ് ആരംഭിക്കുന്നത്. പാര്‍ട്ടി ജനാധിപത്യപരമായാണ് സംഘടിപ്പിക്കപ്പെട്ടത്. പാര്‍ട്ടിക്കകത്ത് അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമായിരുന്നു. തെറ്റായ തീരുമാനങ്ങള്‍ കൈകൊണ്ടാല്‍ അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്ന സമയത്ത് അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. 1948 ലെ കല്‍ക്കട്ട തിസീസും കലാപവും തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി അത് തിരുത്തിയത് ഒരു ചരിത്രമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ഉയരുന്നതിനും, എ കെ ജി യെ പോലുള്ളവര്‍ക്ക് പ്രതിപക്ഷ നേതാവായി തുടരുന്നതിനുമെല്ലാം സാധിച്ചത് അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിച്ചു കൊണ്ട് ജനാധിപത്യപരമായ രീതിയില്‍ ഈ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ്.
നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്ന് നാല് ദശാബ്ദങ്ങളായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മേല്‍ കടിഞ്ഞാല്‍ വീഴുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. പാര്‍ട്ടി നേതാവിന്‍റെ എറാന്‍ മൂളികള്‍ മാത്രമായി പാര്‍ട്ടി അംഗങ്ങള്‍ മാറുന്ന സ്ഥിതിയും ഉണ്ടായി. തെറ്റായ പാര്‍ട്ടി തീരുമാനങ്ങളെയും തെറ്റായ രീതിയില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതൃത്വത്തെയും പാര്‍ട്ടിക്കകത്ത് ചോദ്യം ചെയ്യാനും കഴിയാത്ത സ്ഥിതിയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരം സ്വാഭാവികമായും സെക്രട്ടറിക്കാണ്. ഈ സെക്രട്ടറിയെ ചുറ്റിപറ്റി നില്‍ക്കുന്ന സ്തുതി പാഠവരെ കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളാകെ നിറയുകയുമാണുണ്ടായത്.
പാര്‍ട്ടിയുടെ തെറ്റായ തീരുമാനത്തെയും, പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെയും ചോദ്യം ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയായി. അങ്ങനെ പാര്‍ട്ടിയുടെ തെറ്റിനെ ചോദ്യം ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും ഇന്ത്യയിലെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വളര്‍ന്ന് വരികയാണുണ്ടായത്. തുടര്‍ച്ചയായ ഭരണം ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടികളെയും നശിപ്പിക്കുമെന്നുള്ളത് ഒരു വസ്തുതയാണ്. ഒരു നേതാവിനെ ചുറ്റി പ്പറ്റി നില്‍ക്കുന്ന അനുചരവൃന്തം പാര്‍ട്ടിയെയും പാര്‍ട്ടി നേതാവിനെയും ചീത്തയാക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. മൂന്ന് പതിറ്റാണ്ട് കാലത്തെ പശ്ചിമബംഗാളിലെ ഇടത് ഭരണത്തില്‍ അതാണ് കാണാന്‍ കഴിയുന്നത്. പാര്‍ട്ടിയുടെ അടിത്തറ പോലും അവിടെ തോണ്ടപ്പെട്ട സ്ഥിതിയാണുണ്ടായത്. ഉന്നത കമ്യൂണിസ്റ്റ് നേതാക്കളായ ജ്യോതി ബാസുവും, ബുദ്ധദേവ് ഭട്ടാചാര്യയും ജനാധിപത്യ വിരുദ്ധരോ, ജനവിരുദ്ധരോ, കമ്യൂണിസ്റ്റ് വിരുദ്ധരോ ഒന്നും ആയിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ ശക്തിപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ തന്നെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തി സാധാരണ പാര്‍ട്ടി സഖാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം അപ്പാടെ നിഷേധിക്കപ്പെട്ട സാഹചര്യമാണ് അവിടെ ഉണ്ടായത്. വിമര്‍ശിക്കുന്ന പാര്‍ട്ടി സഖാക്കളെ തിരഞ്ഞു പിടിച്ച നടപടികള്‍ കൈകൊള്ളുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ ചെന്ന് എത്തി. ഇതിന്‍റെ ദുരന്ത ഫലമാണ് ബംഗാളിലെ പാര്‍ട്ടി ഇന്നനുഭവിക്കുന്നത്.
പശ്ചിമ ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് കാലം നിലനിന്ന ഇടത് ഭരണം കേരളത്തില്‍ ഒരു ദശാബ്ദം കൊണ്ട് അസ്തമിച്ചതെന്താണെന്ന് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഭരണ കൂടത്തെ കയ്യിലെടുക്കാനും സ്വന്തം താല്‍പര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കാനും എല്ലാ രാജ്യങ്ങളിലെയും സമ്പന്ന - മുതലാളി വര്‍ഗ്ഗം ശ്രമിക്കാറുണ്ട്. ഇവര്‍ പാര്‍ട്ടി സഖാക്കളെയാണ് സ്വാഭാവികമായും കയ്യിലെടുക്കുന്നത്. അവര്‍ വഴി ഉന്നത പാര്‍ട്ടി നേതൃത്വത്തെയും, ഭരണാധികാരികളെയും ഇവര്‍ സ്വന്തം വരുതിയിലാക്കും. ഇത് മനസ്സിലാക്കി പ്രതികരിക്കുന്ന പാര്‍ട്ടി സഖാക്കളെ ഒറ്റപ്പെടുത്താനും നടപടികള്‍ വഴി പാര്‍ട്ടിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്നതിനും തല്‍പര കക്ഷികളായ നേതൃത്വത്തിലെ ചിലര്‍ തന്നെ ശ്രമിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ അഭിപ്രായമായാലും, സംഘടനാപരമായ അഭിപ്രായമായാലും ഭരണ വൈകല്യത്തെപ്പറ്റിയായാലും സ്വന്തം പാര്‍ട്ടി കമ്മിറ്റിയില്‍ പോലും അഭിപ്രായം രേഖപ്പെടുത്താന്‍ ഇതുകൊണ്ടാണ് പാര്‍ട്ടി സഖാക്കള്‍ ഭയപ്പെടുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ മെരിറ്റ് അടിസ്ഥാനത്തിലല്ല ഇടത് മുന്നണി സ്ഥാനാർഥി നിര്‍ണ്ണയം നടന്നത്. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുള്ള പാര്‍ട്ടി സഖാക്കള്‍ പോലും സ്വന്തം അഭിപ്രായം പാര്‍ട്ടിക്കമ്മിറ്റിയില്‍ പറയാതെ ഉപരിക്കമ്മിറ്റിയുടെ സ്ഥാനാർഥികളെ അംഗീകരിക്കുകയാണ് ചെയ്തത്. സ്ഥാനാർഥി നിര്‍ദ്ദേശം പോലും നടത്താന്‍ സഖാക്കള്‍ ഭയക്കുകയാണെന്നുള്ളന്നതാണ് യാഥാർഥ്യം. തളിപ്പറമ്പിലെ തെരഞ്ഞടുപ്പില്‍ ടി കെ ഗോവിന്ദനെയാണ് പാര്‍ട്ടി സ്ഥാനാർഥിയായി നിശ്ചയിക്കേണ്ടതെന്ന അഭിപ്രായം ആ കമ്മിറ്റിയില്‍ പലര്‍ക്കും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് കമ്മിറ്റിയില്‍ പറയാനുള്ള ധൈര്യം ഇക്കൂട്ടര്‍ക്ക് ഇല്ലാതെ പോയി. ഉപരി കമ്മിറ്റി നിര്‍ദ്ദേശം മനസില്ലാ മനസ്സോടെ കമ്മിറ്റി അംഗീകരിക്കുകയാണ് ചെയ്തത്. ടി കെ ഗോവിന്ദന്‍ യു.ഡി.എഫ് സ്ഥാനാർഥിയായതും, വിജയിച്ചതുമെല്ലാം ചരിത്രമാണല്ലോ.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് തോല്‍വിയെ പറ്റി വിപുലമായ ചര്‍ച്ച നടത്തുകയും, പാര്‍ട്ടി സഖാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാനും തയ്യാറായിരിക്കുകയാണല്ലോ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സഖാക്കള്‍ക്ക് കമ്മിറ്റികളില്‍ അഭിപ്രായം തുറന്ന് പറയാന്‍ അവസരം ഉണ്ടാക്കുമെന്ന് പറയുമ്പോള്‍ ഈ സ്വാതന്ത്ര്യം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇല്ലായിരുന്നെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.
എന്തായാലും അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ട ഒരു പാര്‍ട്ടിയായി സിപിഎം ഉയര്‍ന്നിരിക്കുകയാണ്. ഇനി ഈ പാര്‍ട്ടി അടിമകളുടെ പാര്‍ട്ടിയല്ല. ആത്മാഭിമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രസ്ഥാനമാണ്. ഈ നിലയില്‍ പാര്‍ട്ടി ഉയര്‍ന്ന് കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്. ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും സര്‍ക്കാരിന്‍റെ പരാജയങ്ങളുമെല്ലാം തുറന്ന് പറയാന്‍ ഇത് അവസരമുണ്ടാക്കും. ഈ അഭിപ്രായ സ്വാതന്ത്ര്യം പാര്‍ട്ടി സഖാക്കള്‍ ശരിക്കും വിനിയോഗിച്ചാല്‍ ഈ പാര്‍ട്ടി തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടുകൂടി കമ്യൂണിസ്റ്റ് വിരുദ്ധര്‍ വലിയ പ്രചരണം നടത്തിയത് കമ്യൂണിസ്റ്റ് ലോകം ഇല്ലാതായെന്നാണ്. 'കമ്യൂണിസ്റ്റ് ദൈവം മരിച്ചു, ഇനി ആരും അതിനെ ഭയക്കേണ്ട'. എന്നാണ് അമേരിക്കന്‍ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ അന്ന് ഉദ്‌ഘോഷിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് ലോകവും ഇടതു പ്രസ്ഥാനങ്ങളും വീണ്ടും ശക്തി സമാഹരിച്ച് വീണ്ടും മുന്നോട്ട് പോകുക തന്നെ ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ജനകീയ ചൈന തുടങ്ങി വിയറ്റ്‌നാം, ഉത്തര കൊറിയ, കംപോഡിയ അടക്കമുള്ള പത്തോളം രാജ്യങ്ങള്‍ ഇന്നും കമ്യൂണിസ്റ്റ് കൊടിക്കീഴില്‍ തന്നെയാണ്. ഇന്ത്യാ ഭൂഖണ്ഡത്തില്‍ നമുക്ക് തൊട്ടടുത്തുള്ള സിലോണില്‍ പോലും രാജ്യത്തിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു കമ്യൂണിസ്റ്റ്കാരനെയാണ്.
ഇടതുപക്ഷവും കമ്യൂണിസവും ഇന്നും ലോകത്ത് അജയ്യമായി തന്നെ നില്‍ക്കുകയാണ്. ലോകത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ കൂടി അധികാരത്തിലേറ്റിയത് ഈ കൊച്ചു കേരളത്തിലാണ്. സംസ്ഥാനത്തിന്‍റെ ഇതുപക്ഷ മനസ് യാതൊരു ചാഞ്ചാട്ടവുമില്ലാതെ അതേപടി നില്‍ക്കുകയാണ്. സംസ്ഥാനത്തെ പാര്‍ട്ടി വലിയ തിരുത്തലിന് വിധേയമാകണമെന്നാണ് ഇടതുപക്ഷ മനസുകള്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി നേതൃത്വത്തിനുണ്ടായ തെറ്റുകള്‍ തിരുത്തുകയും പാര്‍ട്ടി സഖാക്കള്‍ക്ക് ഭയപ്പാടില്ലാതെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ അവസരമുണ്ടാക്കുകയും ചെയ്യുമെങ്കില്‍ ഈ പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വീണ്ടും ശക്തി സമാഹരിക്കുകയു, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും ചെയ്യുക തന്നെ ചെയ്യും. ലോകത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ കൂടി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ഈ കൊച്ചു കേരളം ആ പാരമ്പര്യം ഇനിയും ആവര്‍ത്തിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
(ലേഖകന്‍റെ ഫോണ്‍: 9847132428)