അജയൻ
ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റിൽ പണിയാനൊരുങ്ങുകയാണ് ചൈന. ഇതിനു പ്രതിരോധമെന്നോണം ഹിമാലയൻ നദികളിൽ ഉടനീളം അണക്കെട്ടുകളുടെ ഒരു ശൃംഖല തന്നെ നിർമിക്കാൻ ഇന്ത്യയും പദ്ധതി തയാറാക്കുന്നു. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ സന്തുലനം തകർക്കുന്ന ഇത്തരം വമ്പൻ നിർമാണ പ്രവർത്തനങ്ങളോരോന്നും അടവച്ചുവിരിയിക്കുന്നതോ, മഹാദുരന്തങ്ങളെ തന്നെയാവാം!
ബുന്ദേൽഖണ്ഡ് മേഖലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജലക്ഷാമത്തിനു ശാശ്വത പരിഹാരമെന്ന പേരിലാണ് വലിയ നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ന്യൂഡൽഹിയിൽ അന്തിമ രൂപമായിക്കൊണ്ടിരിക്കുന്നത്. ഈ പരിസ്ഥിതി നശീകരണ നാടകത്തിന്‍റെ വേദി കഴിഞ്ഞ ഡിസംബറിൽ ഒരുങ്ങിയതാണ്- പ്രധാനമന്ത്രി നരേന്ദ്ര മോദി 45,000 കോടി രൂപയുടെ കെൻ-ബേതവാ നദീസംയോജന പദ്ധതി പ്രഖ്യാപിച്ചപ്പോൾ. ജലക്ഷാമം പരിഹരിച്ച്, മേഖലയെ ഫലഭൂയിഷ്ടമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി യഥാർഥത്തിൽ ഇരുതല മൂർച്ചയുള്ള വാളാണ്. പ്രദേശത്തെയാകെ പരിസ്ഥിതി സന്തുലനം താറുമാറാക്കാൻ ഇതൊന്നു മാത്രം മതിയാകും.
മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി പരന്നു കിടക്കുന്ന വിശാല ഭൂഭാഗമാണ് ബുന്ദേൽഖണ്ഡ് എന്നറിയപ്പെടുന്നത്. ഇവിടെ വെള്ളമെത്തിക്കാനാണ് കെൻ - ബെതവ നദികളെ സംയോജിപ്പിക്കുന്നത്. കടുവ സംരക്ഷണ സങ്കേതമായ 'പന്ന' വനമേഖല ഇതിനുവേണ്ടി നെടുകെ പിളർത്തേണ്ടിവരും. കടുവകളുടെ ഗർജനത്തെക്കാൾ മുഴക്കം ഇപ്പോൾ വികസന വാഗ്ദാനങ്ങൾക്കുണ്ടല്ലോ.
നദീസംയോജന പദ്ധതികൾ ആ‘ഗോളതലത്തിൽ തന്നെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ രൂക്ഷമായ എതിർപ്പിനു പാത്രമാണ്. ഗംഗ - യമുന സംയോജനം പതിറ്റാണ്ടുകളായി കടലാസിൽ ഉറങ്ങുന്നതിനുള്ള കാരണവും മറ്റൊന്നല്ല. എന്നാൽ, പാരമ്പര്യ 'വിജ്ഞാനം' ശാസ്ത്രത്തെ മറികടക്കുന്ന കാലത്ത് ഇങ്ങനെയൊരു പദ്ധതിക്കെതിരായ വിദഗ്ധാഭിപ്രായങ്ങൾ തമസ്കരിക്കപ്പെടുന്നത് സ്വാഭാവികം. കെൻ - ബെതവ നദികളെ പരസ്പരം ബന്ധിപ്പിക്കുക മാത്രമല്ല, പന്ന കടുവ സങ്കേതത്തിന്‍റെ ഗണ്യമായൊരു ഭാഗത്തെ എന്നെന്നേക്കുമായി വെള്ളത്തിൽ മുക്കിത്താഴ്ത്താൻ പോന്നൊരു അണക്കെട്ട് കൂടി ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതിയെ വച്ചുള്ള ഈ ചൂതാട്ടത്തിൽ ബലി കഴിക്കപ്പെടുന്നത് അമൂല്യമായ ജൈവ വൈവിധ്യമാണ്. പ്രകൃതിദത്തമായ നദീ ശൃംഖലകളിൽ അധിഷ്ഠിതമായൊരു ആവാസ വ്യവസ്ഥയാണ് പരിഹാരമില്ലാത്ത വിധം അപകടത്തിലാകാൻ പോകുന്നത്. നദികളുടെ സ്വാഭാവികമായ ഒഴുക്കാണ് തീരങ്ങളിൽ എക്കൽ എത്തിക്കുന്നതും അവയുടെ മേഖലകളിൽ ജൈവ സന്തുലനം നിലനിർത്തുന്നതും. ജല സ്രോതസുകളുടെ ചാക്രികമായ വികസനവും സങ്കോചവും ഉറപ്പാക്കുന്ന വിധത്തിൽ വലിയ ക്രമം തെറ്റലുകളില്ലാത്ത മൺസൂണും രാജ്യത്തെ അനുഗ്രഹിക്കുന്നുണ്ട്. നദികളെ പരസ്പരം ബന്ധിപ്പിക്കുമ്പോൾ, പ്രകൃതി വിദഗ്ധമായി എഴുതിവച്ച തിരക്കഥകളിലാണ് മനുഷ്യൻ വെട്ടിത്തിരുത്തലുകൾ വരുത്തുന്നത്. നദികളിലെ ആവാസവ്യവസ്ഥയെയും, ജീവജാലങ്ങളുടെ ദേശാടനത്തെയും പ്രജനനത്തെയും ഭക്ഷ്യശൃംഖലകളെയുമെല്ലാം അതു തകർത്തുകളയും. മത്സ്യജാലങ്ങളുടെ സഞ്ചാരപഥങ്ങളിലും മറ്റു ജലജീവികൾ കൂടി ഉൾപ്പെടുന്ന ജൈവ സമ്പത്തിലുമെല്ലാം പ്രശ്നങ്ങൾ ഉടലെടുക്കും.
ജലത്തിന്‍റെ സ്വാഭാവികമായ ഒഴുക്കിനെയും താപനിലയെയും ആവാസ വ്യവസ്ഥയെയുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന വിവിധ ജലജീവികളുടെ വംശനാശത്തിനു പോലും ഇതു കാരണമാകാം. ഇപ്പോൾ തന്നെ വൈദേശിക ജീവജാലങ്ങളുടെ അധിനിവേശം ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ ലോകരാജ്യമാണ് ഇന്ത്യ. നദീസംയോജനം കൂടി യാഥാർഥ്യമായാൽ, ഇത്തരം അധിനിവേശങ്ങൾക്കു വേണ്ടി ഹൈവേ തുറന്നിട്ടു കൊടുക്കുന്ന അവസ്ഥയായിരിക്കും; പ്രാദേശിക ജീവജാലങ്ങളിൽ പലതും ഈ അധിനിവേശത്തിൽപ്പെട്ട് നാമാവശേഷമാകും; നദികളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന പല ജീവജാലങ്ങളുടെയും വംശനാശത്തിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടും.
ചതുപ്പ് നിലങ്ങളെ പരിപോഷിപ്പിക്കുന്ന നദീജലത്തെ വഴിതിരിച്ചുവിടുന്നത്, പ്രകൃതിയുടെ നാശത്തിലേക്ക് വഴി വെട്ടുന്നതിനു തുല്യമാണ്. ചതുപ്പ് നിലങ്ങൾ വരണ്ടു പോകുന്നത് ജീവിവർഗങ്ങളുടെ നാശത്തിനു മാത്രമല്ല കാരണമാകുക; ഇതുവഴി കാർബൺ ശേഖരണം തടസപ്പെടും; സ്വാഭാവികമായ ജല ശുദ്ധീകരണ പ്രക്രിയയും ഇല്ലാതാകും; ഇത് ദീർഘകാലാടിസ്ഥാനത്തിൽ ജീവന്‍റെ നിലനിൽപ്പിനു തന്നെ അപകടമുണ്ടാക്കും.
സ്വതന്ത്രമായൊഴുകുന്ന നദികൾ നടത്തുന്ന ജൈവിക സേവനങ്ങൾ അമൂല്യമാണെന്നാണ് പ്രഗൽഭ ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. നദീതടങ്ങളിൽനിന്ന് ഒഴുകിവരുന്ന എക്കലാണ് തീരപ്രദേശങ്ങളെ ഉടനീളം ഫലഭൂയിഷ്ടമായി നിലനിർത്തുന്നത്. പ്രകൃതി ദുരന്തം എന്നു പൊതുവിൽ കണക്കാക്കപ്പെടുന്ന പ്രളയ ജലം പോലും ധാതുലവണങ്ങൾ നിക്ഷേപിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തുന്നുണ്ട്, ഒപ്പം, ഭൂഗർഭ ജല ശേഖരത്തെ റീചാർജ് ചെയ്യുന്നുമുണ്ട്.
നിരവധി ജലസംഭരണികളും കനാലുകളും ആവശ്യം വരുന്ന നദീസംയോജന പദ്ധതിക്കു നൽകേണ്ടി വരുന്ന വില വളരെ വലുതാണ്; അതിവിശാലമായ വനഭൂമിയാണ് എന്നെന്നേക്കുമായി വെള്ളത്തിൽ മുങ്ങിപ്പോകുക. ആവാസവ്യവസ്ഥയുടെ നാശം മാത്രമല്ല, വന്യ ജീവികളുടെ കുടിയിറക്കൽ കൂടിയായിരിക്കും ഇത്. മേഖലയിലെ മുഴുവൻ പരിസ്ഥിതിയെയും പിടിച്ചുലയ്ക്കാൻ ശേഷിയുള്ള അനുരണനങ്ങൾ ഇതിൽനിന്നുണ്ടാകാം.
വെള്ളത്തിലൂടെയുള്ള അധിനിവേശങ്ങൾ ആകാശത്തെപ്പോലും വെറുതേ വിടില്ല. പ്രാദേശികമായി അനുഭവപ്പെടുന്ന മൈക്രോ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇതു കാരണമാകും. പ്രാദേശികമായ വലിയ പ്രകൃതി ദുരന്തങ്ങൾ തന്നെയാവും ഇതിന്‍റെ ആത്യന്തിക ഫലം. നർമദ പദ്ധതി കാരണം മുങ്ങിപ്പോയ കാടുകളും നശിപ്പിക്കപ്പെട്ട ഭൂപ്രകൃതിയും കുടിയിറക്കപ്പെട്ടജനസമൂഹങ്ങളും നൽകിയ കഠിനമായ പാഠങ്ങൾ നമ്മൾ ഇനിയും പഠിക്കാൻ കൂട്ടാക്കിയിട്ടില്ല; അതല്ലെങ്കിൽ, മനുഷ്യന്‍റെ അടങ്ങാത്ത അത്യാഗ്രഹത്തിനു മുന്നിൽ ആ പാഠങ്ങളെല്ലാം ബോധപൂർവം വിസ്മരിക്കപ്പെടുകയാണ്.