മണിപ്പൂരിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിൽനിന്ന്. 
Special Story

മണിപ്പൂർ: അയലത്തേക്ക് പടരുന്ന അശാന്തി

മണിപ്പൂരിലെ സംഘർഷത്തിന്‍റെ അലയൊലികൾ മിസോറമിലേക്കും അസമിലേക്കുമെല്ലാം വ്യാപിച്ചുതുടങ്ങിയിരിക്കുന്നു, വടക്കുകിഴക്കൻ മേഖലയാകെ സംഘർഷത്തിലേക്ക്

വി.കെ. സഞ്ജു

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷത്തിന്‍റെ അലയൊലികൾ അയൽ സംസ്ഥാനങ്ങളായ മിസോറമിലേക്കും അസമിലേക്കും പടരുന്നു. ഇതോടെ, ചെറിയ ഇടവേളയ്ക്കു ശേഷം രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയാകെ അശാന്തമാകുകയാണ്. മണിപ്പൂരിൽ കുകി വിഭാഗക്കാർ നേരിടുന്ന അതിക്രമങ്ങൾക്ക്, അയൽ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മെയ്തെയ് വിഭാഗക്കാർ മറുപടി പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

മിസോറാമിലെ ചില മുൻ വിഘടനവാദി നേതാക്കളുടെ മുന്നറിയിപ്പിനെത്തുടർന്ന് അവിടെനിന്ന് മെയ്തെയ് വിഭാഗക്കാർ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഇവരിലേറെയും എത്തിച്ചേരുന്നത് മണിപ്പൂരിലെയും അസമിലെയും മെയ്തെയ് ഭൂരിപക്ഷ മേഖലകളിലേക്കാണ്.

മെയ്തെയ് വിഭാഗക്കാർ മിസോറമിൽ സുരക്ഷിതരായിരിക്കില്ലെന്നായിരുന്നു മുൻ വിഘടനവാദികളുടെ 'ഭീഷണി'. ഇതെത്തുടർന്ന് ആയിരത്തോളം മെയ്തെയ് വിഭാഗക്കാർ മിസോറമിൽ നിന്ന് അസമിലെ ബരാക് വാലിയിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. ഭയം കാരണമുള്ള കൂട്ടപ്പലായനമല്ല ഇതെന്ന് മിസോറം ഡിജിപി അനിൽ ശുക്ല പറയുന്നുണ്ടെങ്കിലും, സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന സൂചന മറിച്ചാണ്.

മിസോറമിൽ നിന്ന് അസമിലേക്ക് പലായനം ചെയ്ത മെയ്തെയ് വിഭാഗക്കാരുടെ കുട്ടികൾ.

അതേസമയം, ഈ ഭീഷണിയും പലായനവും ഓൾ അസം മണിപ്പൂരി സ്റ്റുഡന്‍റ്സ് യൂണിയനെ (ആംസു) പ്രകോപിപ്പിച്ചിട്ടുണ്ട്. അസമിലെ ബരാക് വാലിയിൽ താമസിക്കുന്ന മിസോറാംകാരെല്ലാം 'സ്വന്തം സുരക്ഷയെക്കരുതി' സ്ഥലം വിട്ടുകൊള്ളണമെന്നാണ് ആംസു ഇപ്പോൾ മുന്നറിയിപ്പിന്‍റെ ഭാഷയിൽ നൽകിയിരിക്കുന്ന ഭീഷണി.

''മിസോറമിൽ താമസിക്കുന്ന മെയ്തെയ് വിഭാഗക്കാർ ഏറെയും അസമിൽനിന്നാണ്. മിസോറമിൽ തങ്ങളുടെ സമുദായാംഗങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ അസമിലെ മെയ്തെയ് വിഭാഗക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. അതിനാൽ ബരാക് വാലിയിൽ താമസിക്കുന്ന മിസോറംകാർ എത്രയും പെട്ടെന്ന് അവിടം വിട്ടുപോകുന്നതായിരിക്കും അവരുടെ സുരക്ഷയ്ക്കു നല്ലത്'', ആംസു പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, തങ്ങൾ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരുതലെടുക്കാൻ മുന്നറിയിപ്പ് നൽകുക മാത്രമാണു ചെയ്തതെന്നും മുൻ വിഘടനവാദികളുടെ സംഘടനയായ പീസ് അക്കോർഡ് എംഎൽഎഫ് റിട്ടേണീസ് അസോസിയേഷൻ (പിഎഎംആർഎ) വിശദീകരിക്കുന്നുണ്ട്.

മിസോറം മുഖ്യമന്ത്രി സൊറാംതാംഗ.

എരിതീയിൽ എണ്ണയായി ഗ്രേറ്റർ മിസോറം വാദം

ഇതിനിടെ ഗ്രേറ്റർ മിസോറം എന്ന ആഹ്വാനവുമായി മിസോറം മുഖ്യമന്ത്രി സൊറാംതാംഗയും രംഗത്തെത്തിയിട്ടുണ്ട്. മിസോറംകാർ ധാരാളമായി താമസിക്കുന്ന മണിപ്പൂരിന്‍റെ ഭാഗങ്ങൾ മിസോറം സംസ്ഥാനത്തോടു കൂട്ടിച്ചേർക്കുക എന്നതാണ് ഈ ആശയം. ഇതിനായി സംഘർഷത്തിന്‍റെ വഴി സ്വീകരിക്കരുതെന്നും, ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ചുള്ള മാർഗം പിന്തുടരണമെന്നും സൊറാംതാംഗ അഭിപ്രായപ്പെടുന്നു.

മണിപ്പൂരിൽ താമസിക്കുന്ന മിസോറംകാർ ഇതിനകം തന്നെ സ്വയംഭരണാവകാശം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു പരിഷ്കരിച്ച്, ഇവരുടെ മേഖലകൾ മിസോറമിനോടു കൂട്ടിച്ചേർക്കണമെന്നാണ് സൊറാംതാംഗ പറയുന്നത്. ഇതു രണ്ടും മെയ്തെയ് വിഭാഗക്കാർ ശക്തമായി എതിർക്കുകയും ചെയ്യുന്നു.

പ്രത്യേക ഭരണം ആവശ്യപ്പെട്ട് കുകി വിഭാഗക്കാർ നടത്തിയ റാലി.

തുടക്കം സംവരണത്തർക്കത്തിൽ

മെയ്തെയ് വിഭാഗക്കാർക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചതോടെയാണ് സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കു തുടക്കമാകുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന മെയ്തെയ് വിഭാഗക്കാർക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം നൽകുന്നതിനെ, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന കുകി, നാഗാ വിഭാഗങ്ങൾ ശക്തമായി എതിർത്തു. കുകി വിഭാഗക്കർ നടത്തിയ പ്രതിഷേധ റാലിക്ക് മറുപടി നൽകാൻ മെയ്തെയ് വിഭാഗക്കാർ അക്രമത്തിന്‍റെ മാർഗം സ്വീകരിച്ചതോടെ കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

മണിപ്പൂരിലെ ഏറ്റവും സമൃദ്ധമായ താഴ്‌വാരങ്ങളിൽ താമസിക്കുന്നവരാണ് മെയ്തെയ് വിഭാഗക്കാർ. തൊഴിൽ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെല്ലാം ഇവർ ഇതര സമുദായങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. അതേസമയം, വികസനം എത്തിനോക്കിയിട്ടു പോലുമില്ലാത്ത കുന്നുകൾക്കു മുകളിലാണ് കുകി, നാഗാ വിഭാഗക്കാർ ഏറെയും അധിവസിക്കുന്നത്. വികസനത്തിലെ ഈ അസന്തുലിതാവസ്ഥ തന്നെയാണ് മണിപ്പൂരിലെ ഗോത്ര വർഗങ്ങൾക്കിടയിൽ കാലാകാലങ്ങളായി തുടരുന്ന സംഘർഷത്തിന്‍റെ മൂലകാരണം.

മ്യാൻമറിൽനിന്ന് മണിപ്പൂർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അഭയാർഥികൾ.

സംഘർഷത്തിന്‍റെ വേരുകൾ മ്യാൻമറിലും

ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമറുമായി 400 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് മണിപ്പൂർ. 2021ൽ മ്യാൻമറിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്ന് അവിടെനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ മണിപ്പൂരിലേക്ക് പലായനം ചെയ്തു. മണിപ്പൂരിലെ കുകി വിഭാഗക്കാർക്ക് മ്യാൻമറിലെ ചിൻ ഗോത്രവുമായി പരമ്പരാഗതമായ ബന്ധവും അടുപ്പവുമുണ്ട്. ചിൻ ഗോത്രക്കാർ മണിപ്പൂരിലെത്തുന്നതോടെ കുകികൾ തങ്ങളെക്കാൾ ശക്തരാകുമെന്ന ഭയം മെയ്തെയ് വിഭാഗക്കാരെ ബാധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്.

ഇതിനിടെ, സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച്, ഗോത്ര വർഗക്കാരെ വനങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടിയും തുടങ്ങി. ബിജെപി പ്രതിനിധിയായ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മെയ്തെയ് വിഭാഗക്കാരനാണ് എന്നതും ഇതര വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ വർധിപ്പിച്ചു.

കുകി വിഭാഗക്കാരിൽ വലിയൊരു പങ്ക് പരിവർത്തിത ക്രൈസ്തവരാണെന്ന വസ്തുത ഈ കലാപത്തിന് വർഗീയ മുഖം കൂടി നൽകി. അവരുടെ ആരാധനാലയങ്ങൾ വലിയ തോതിൽ ആക്രമിക്കപ്പെടുകയും ചെയ്തതോടെ ബിജെപിയുടെ വർഗീയ അജൻഡയാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമായി. ഇതോടെയാണ് 2002ലെ നരേന്ദ്ര മോദിയാണ് ഇപ്പോഴത്തെ ബിരേൻ സിങ് എന്ന വിശേഷണം പോലുമുണ്ടാകുന്നത്. ഗുജറാത്തിൽ പരീക്ഷിച്ചു 'വിജയിച്ച' ന്യൂനപക്ഷ-വിരുദ്ധ മാതൃകയാണ് ബിരേൻ സിങ്ങിലൂടെ ബിജെപി മണിപ്പൂരിൽ പരീക്ഷിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിനു പിന്നിലുള്ള കാരണവും ഇതു തന്നെ.

ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടവുമായി കെഎസ്എഫ്ഇ

കനത്ത മഴ; ഡൽഹിയിൽ 300 ഫ്ലൈറ്റുകൾ വൈകും

സി. സദാനന്ദൻ വധശ്രമക്കേസ്; പ്രതികളെ ജയിലിലെത്തി കണ്ട് പി. ജയരാജൻ

അഭിനയിച്ച ചിത്രങ്ങളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല; ശ്വേത മേനോനെ പിന്തുണച്ച് കെ.ബി. ഗണേഷ് കുമാർ

ഭാര്യയെയും അഞ്ചും ഏഴും വയസുള്ള കുഞ്ഞുങ്ങളേയും കൊന്ന യുവാവ് ഒളിവിൽ