ഡോ. കെ.എസ്. രാധാകൃഷ്ണൻ
ഒട്ടേറെ മഹാക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനമുള്ള ചെങ്ങന്നൂരിലെ പ്രശസ്തമായ താഴമൺ കുടുംബം ശബരിമലയുടെ തന്ത്രി സ്ഥാനം ഒഴിയണം. കാരണം, ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ മറ്റൊരു കുടുംബം വേറേയില്ല.
സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ കയറി ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ "മനീതീ വനിതാ സംഘം' പോലും ഈ തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലയ്ക്ക് ഉണ്ടാക്കിയിട്ടില്ല. കാരണം, മനീതി സംഘം ചെയ്ത അശുദ്ധികൾ പരിഹാരക്രിയ ചെയ്തു ശുദ്ധമാക്കാൻ കഴിയും.
താഴമൺ കണ്ഠര് മോഹനര് തന്ത്രിയെ വേശ്യാപ്പുരയിൽ നിന്നാണ് മുമ്പു പൊലീസ് പിടികൂടിയത്. ജയിലിൽ പോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടു. ധർമശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യഭാവ പ്രതിഷ്ഠയുള്ള ശബരിമലയിലെ തന്ത്രിയെയാണ് കൊച്ചിയിലെ വേശ്യാപ്പുരയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ആ മോഹനരരുടെ സഹോദരനും തന്ത്രിയുമായ കണ്ഠര് രാജീവര് വ്യാജരേഖ ചമച്ച് സന്നിധാനത്ത് ശ്രീകോവിലിലെ സ്വർണക്കൊള്ള നടത്തിയെന്ന രണ്ടു കേസുകളിലെ പ്രതിയാണിപ്പോൾ. ഏതു ക്ഷേത്രത്തിലെയും പ്രതിഷ്ഠാ മൂർത്തിയുടെ പിതൃസ്ഥാനം തന്ത്രിക്കാണ് എന്നാണ് അവകാശവാദം. അങ്ങിനെയെങ്കിൽ പുത്രഹത്യയ്ക്കു കൂട്ടുനിന്ന പിതാവ് എന്ന ദുഷ്പേരു കൂടി രാജീവർക്ക് ലഭിക്കും. അതിന് എന്തു പരിഹാരമാണുള്ളത്?
മോഹനര് ജയിലിൽ കിടന്നപ്പോൾ തന്റെ മകൻ മഹേഷിനെ തന്ത്രിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉടമകളാണ് തന്ത്രികളെ നിയമിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ശബരിമല ക്ഷേത്ര ഉടമകൾ. അവരത് അന്ന് അംഗീകരിച്ചു, മോഹനരരുടെ മകൻ മഹേശ്വര് തന്ത്രിയായി.
ഇപ്പോഴിതാ, രാജീവര് സ്വർണക്കൊള്ള നടത്തിയതിന് ജയിലിൽ കിടക്കുകയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു വിചാരണ നേരിടുകയും ചെയ്യുന്നതു കൊണ്ട് തന്റെ മകൻ ബ്രഹ്മദത്തനെ പുതിയ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയിരിക്കുന്നു! ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്കു വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?
ക്ഷേത്ര തന്ത്രിമാരെ തൽസ്ഥാനത്തു നിന്നു മാറ്റാൻ ക്ഷേത്ര ഉടമകൾക്ക് അവകാശമുണ്ടോ? ഇക്കാര്യം കേരള ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് 2025ൽ വിധി പറഞ്ഞു. തന്ത്രി സമാജം കൊടുത്ത കേസിലായിരുന്നു വിധി. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ തന്ത്രികമാർക്കുള്ള അധികാരം കോടതി അംഗീകരിച്ചു. എന്നാൽ, ഭരണഘടനയിക്കും നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ച് തന്ത്രികളെ മാറ്റാൻ ഉടമകൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു.
കർണാടക ഹൈക്കോടതി 2025ൽ പരമ്പരാഗത തന്ത്രി കുടുംബത്തിലെ നിയമപ്രകാരം അർഹതയുള്ള അംഗം മാത്രമേ തന്ത്രിയാകാൻ പാടുളളൂ എന്നും വിധിച്ചിട്ടുണ്ട്. തന്ത്രവിദ്യയിലും തന്ത്രവിധിയിലും പ്രാവീണ്യവും പരിശീലനവും നേടിയ വ്യക്തിയായിരിക്കണം തന്ത്രി എന്നും വിധിയിൽ വിശദീകരിച്ചു. തന്ത്രിസ്ഥാനത്ത് അവരോധിക്കപ്പെടുന്ന വ്യക്തി തന്ത്രവിദ്യ പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരിക്കണം എന്നു സാരം. ഗായത്രീമന്ത്രം പോലും അറിയാത്തവരും, പ്രാഥമികമായ ഗണപതി ഹോമത്തിന് ഉപയുക്തമാക്കുന്ന മന്ത്രങ്ങൾ പോലും നിശ്ചയമില്ലാത്തവരും ശബരിമല തന്ത്രിയായിട്ടുണ്ട് എന്ന് ഇക്കാര്യത്തെക്കുറിച്ചു സമഗ്രമായി പഠിച്ച ജസ്റ്റിസ് പരിപൂർണൻ എഴുതിയ കാര്യവും ഓർക്കുക.
ശബരിമല തന്ത്രിമാർക്ക് തന്ത്രവിദ്യയിൽ വിജ്ഞാനവും പരിശീലനവുമുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തന്ത്രികളുടെ നിയമനാധികാരിയായ തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ട്. തന്ത്രിയെ നിയമിക്കാൻ അധികാരമുണ്ടെങ്കിൽ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്. അതുകൊണ്ട് തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തൽസ്ഥാനത്തു നിന്നു മാറ്റാൻ പാടില്ല എന്ന വാദം യുക്തിസഹമല്ല. മാത്രമല്ല, അതിന് നിയമ സാധുതയുമില്ല. ആയതിനാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ കാര്യത്തിൽ ശരിയായ തീരുമാനമെടുക്കണം. ക്രിമിനൽ കേസിൽ നടപടികൾ നേരിടുന്ന പ്രതികൾ നിർദേശിക്കുന്ന ആരെയും അവരുടെ യോഗ്യതകൾ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാധ്യതയും ദേവസ്വം ബോർഡിനില്ല.
(ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ ചെയർമാനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമാണ് ലേഖകൻ).