സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്‍റ് ഓഫ് വിമൻ
പ്രതീകാത്മക ചിത്രം - freepik.com
കേന്ദ്രസർക്കാർ പദ്ധതിയായ മിഷൻ ശക്തിയുടെ ഭാഗമായി രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 'സങ്കൽപ്പ്' കേന്ദ്രങ്ങൾ, പ്രതിസന്ധിയിലായ സ്ത്രീകൾക്ക് കൈത്താങ്ങായി മാറുന്നു. തിരുവനന്തപുരത്തെ സങ്കൽപ്പ് കേന്ദ്രം 2024-25 കാലയളവിൽ ഏകദേശം 56,000 സ്ത്രീകൾക്ക് വിവിധ സേവനങ്ങളിലൂടെ സഹായം നൽകി. സംരക്ഷണം, നിയമസഹായം, തൊഴിലവസരങ്ങൾ, കൗൺസിലിങ് തുടങ്ങി നിരവധി സേവനങ്ങൾ ഈ കേന്ദ്രം വഴി ലഭ്യമാണ്.
SANKALP HEW പദ്ധതിയുടെ ലോഗോ.
ലക്ഷ്മി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: അടുത്തിടെ തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിലെത്തിയ സ്ത്രീക്ക് ആവശ്യമായ സഹായം അസാധാരണമായിരുന്നു. തന്‍റെ 18 വയസുള്ള മകൾക്ക് ഒരു അഭയകേന്ദ്രം കണ്ടെത്താൻ കഴിയുമോ എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. മകൾ ഗർഭിണിയാണ്, പക്ഷേ, വിവാഹിതയല്ല.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ആ സ്ഥാപനം സ്ത്രീകൾക്കായുള്ള ഒരു അഭയകേന്ദ്രത്തിലേക്കു മാറ്റി. വൈദ്യസഹായവും മാനസിക പിന്തുണയും അവൾക്കവിടെ ഉറപ്പാക്കി. ഇതുപോലുള്ള നിരവധി സ്ത്രീകൾ സുരക്ഷിതമായ താമസസൗകര്യം, അടിയന്തര സഹായം, ഉപജീവന മാർഗം, നിയമസഹായം, കൗൺസിലിങ്, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അതിലേക്കുള്ള പ്രവേശനവും, നൈപുണ്യ പരിശീലനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഈ ശാക്തീകരണ കേന്ദ്രത്തെ സമീപിക്കുന്നു. ഇതാണ് 'സങ്കൽപ്പ് സെന്‍റർ' എന്നറിയപ്പെടുന്ന SANKALP: Hub for Empowerment of Women (HEW).
കേന്ദ്ര സർക്കാരിന്‍റെ 'മിഷൻ ശക്തി' പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. സ്ത്രീകൾക്ക് അവരുടെ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ചും വിഭവശേഷിയെക്കുറിച്ചും മനസിലാക്കാനുള്ള പാലമായി ഈ കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. രണ്ട് വർഷം മുൻപ് മാത്രം ആരംഭിച്ച സങ്കൽപ്പ് കേന്ദ്രങ്ങൾ ഇന്നു സ്ത്രീകൾക്ക് താങ്ങും തണലുമായി മാറിക്കൊണ്ടിരിക്കുകയാണ്.
'മിഷൻ ശക്തി'യുടെ വിവിധ സംരംഭങ്ങൾ നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന പ്രോജക്റ്റ് മാനെജ്മെന്‍റ് യൂണിറ്റുകൾ രാജ്യത്തെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഒരു സങ്കൽപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, 2024-25 കാലയളവിൽ തിരുവനന്തപുരത്തെ ജില്ലാ സങ്കൽപ്പ് കേന്ദ്രം നൽകിയ സേവനങ്ങളും സഹായങ്ങളും വിവരങ്ങളും 56,000ത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ചെയ്തു. ആദ്യം വൺ-സ്റ്റോപ്പ് സെന്‍ററിലേക്ക് സുരക്ഷിതമായി മാറ്റുകയും പിന്നീട് ഒരു അഭയകേന്ദ്രത്തിൽ പുനരധിവസിപ്പിക്കുകയും ചെയ്ത ആ നിസഹായയായ ഗർഭിണിയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഒരാളാണ്.
ആകെ 56,212 ഗുണഭോക്താക്കളിൽ, 367 കേസുകൾ വൺ-സ്റ്റോപ്പ് സെന്‍ററിൽ തന്നെ പരിഹരിച്ചു. 1,364 കേസുകൾ വനിതാ ഹെൽപ്പ്‌ലൈൻ 181 (മിത്ര) കൈകാര്യം ചെയ്തു. പുനരധിവസിപ്പിക്കപ്പെട്ട 151 സ്ത്രീകളിൽ 59 പേർക്ക് ആവശ്യമായ പരിശീലനവും വൈദഗ്ധ്യ വികസനവും നൽകി.
''ഈ കാലയളവിൽ ഞങ്ങൾ വിവിധ തലങ്ങളിൽ 554 സെഷനുകൾ നടത്തി, കൂടാതെ ജില്ലയിലെ 46 കോളേജുകളിലെ 11,000ത്തിലധികം വിദ്യാർഥികളും ഇതിന്‍റെ ഗുണഭോക്താക്കളാണ്'', തിരുവനന്തപുരത്തെ സങ്കൽപ്പ്, HEW ജില്ലാ മിഷൻ കോഓർഡിനേറ്റർ നീതു എസ്. സൈനു പറഞ്ഞു.
സ്ത്രീകളെ സുരക്ഷിതരാക്കാനും സംരക്ഷിക്കാനും വിവിധ പദ്ധതികളിലൂടെ എങ്ങനെ അതിന്‍റെ ആനുകൂല്യങ്ങൾ നേടാമെന്ന് മാർഗനിർദേശം നൽകി അവരെ ശാക്തീകരിക്കാനും വേണ്ടിയാണ് സങ്കൽപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും നീതു.
'മിഷൻ ശക്തി'ക്ക് എട്ട് ഘടകങ്ങളാണുള്ളത് - വൺ സ്റ്റോപ്പ് സെന്‍ററുകൾ (OSC), വനിതാ ഹെൽപ്പ്‌ലൈൻ (181), ശക്തി സദൻ (ഷെൽറ്റർ ഹോമുകൾ), ശക്തി നിവാസ് (വർക്കിങ് വിമൻസ് ഹോസ്റ്റൽ), പാൽന (ക്രഷ് ഘടകം), ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, പ്രധാനമന്ത്രി മാതൃ വന്ദന യോജന, നാരി അദാലത്ത് (ഇതര തർക്ക പരിഹാര വേദി). സ്ത്രീ ശാക്തീകരണം എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഈ ഘടകങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സങ്കൽപ്പ്പിന്‍റെ ചുമതലയെന്നും നീതു പറഞ്ഞു.
ഹെൽപ്പ്‌ലൈൻ വഴിയോ, സന്നദ്ധപ്രവർത്തകർ മുഖേനയോ, നേരിട്ട് ഫീൽഡുകളിൽ നിന്നോ, അല്ലെങ്കിൽ സഹായം അഭ്യർഥിച്ച് ഓഫിസുകളിൽ നേരിട്ടെത്തുന്ന ആളുകളിൽ നിന്നോ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സങ്കൽപ്പ് കേന്ദ്രങ്ങൾ ഇടപെടുന്നത്. അടുത്തിടെ തിരുവനന്തപുരത്തെ സങ്കൽപ്പ്പിന്‍റെ ഓഫീസിൽ നേരിട്ടെത്തിയ മൂന്ന് യുവതികളുടെ ഉദാഹരണവും നീതു ഉദ്ധരിച്ചു. മാന്യമായ ഉപജീവന മാർഗമായിരുന്നു അവരുടെ ആവശ്യം.
'അവർ ശരിക്കും പാവപ്പെട്ടവരായിരുന്നു, തുടർവിദ്യാഭ്യാസത്തിനുള്ള ചെലവുകൾ പോലും അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. പ്രസക്തമായ സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിച്ച ശേഷം, തൈക്കാടുള്ള ഗവൺമെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ അവരെ സൗജന്യമായി പ്രവേശിപ്പിച്ചു', അവർ പറഞ്ഞു.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, അവർ ഇപ്പോൾ നല്ല ശമ്പളത്തിൽ ത്രീ-സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും, ഇത് സങ്കൽപ്പ്പിന്‍റെ വിജയഗാഥകളിൽ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.
ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ഒരു സ്ത്രീ, ഭർത്താവിന്‍റെ പെട്ടെന്നുള്ള മരണത്തിൽ ഒറ്റപ്പെട്ട ഒരു വിധവ, ദാരിദ്ര്യം കാരണം വേശ്യാവൃത്തിയിലേക്ക് പോവേണ്ടി വന്ന ഒരു യുവതി, കിടപ്പിലായ ഭർത്താവിനെ നോക്കാൻ ബുദ്ധിമുട്ടിയ മറ്റൊരു സ്ത്രീ എന്നിവരുടെയെല്ലാം ജീവിതം സങ്കൽപ്പ്പിന്‍റെ ഇടപെടലുകൾ വഴി നല്ല രീതിയിൽ മാറ്റിയെടുത്തു.
ജെൻഡർ, സാമ്പത്തിക സാക്ഷരതാ വിദഗ്ധർ ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് ഓരോ ജില്ലാ സങ്കൽപ്പ് കേന്ദ്രത്തിന്‍റെയും നട്ടെല്ല്. കേരളത്തിൽ ഇത് വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് വരുന്നത്. ജില്ലാ കലക്റ്ററാണ് സങ്കൽപ്പ് കേന്ദ്രങ്ങളുടെ നോഡൽ ഓഫിസർ. വനിതാ ശിശു വികസന വകുപ്പ് (DWCD) ജില്ലാ ഓഫിസർ കൺവീനറും.
നൈപുണ്യ വികസനത്തിന്‍റെ ഭാഗമായി തടവുകാർക്കായി എൽഇഡി ബൾബ് നിർമാണം പോലുള്ള ഒരു സംരംഭവും ആസൂത്രണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ആവശ്യത്തിന് മാനവ വിഭവശേഷിയില്ലാത്തതും, ആളുകൾക്ക് ഈ കേന്ദ്രങ്ങളെക്കുറിച്ച് അറിവില്ലാത്തതും സങ്കൽപ്പ് നേരിടുന്ന വെല്ലുവിളികളാണെന്ന് ഉദ്യോഗസ്ഥ സമ്മതിച്ചു.
(PTI)