'ഷീ-ബോക്സ് പോർട്ടൽ' തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്കുള്ള ഡിജിറ്റൽ കവചം

 
Special Story

'ഷീ-ബോക്സ് പോർട്ടൽ' തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്കുള്ള ഡിജിറ്റൽ കവചം

കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് സഹമന്ത്രി സാവിത്രി ഠാക്കൂർ എഴുതുന്നു

MV Desk

2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ "വനിതകൾ നയിക്കുന്ന വികസനത്തെ' രാജ്യ പുരോഗതിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയിൽ വനിതകളുടെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ട്, പ്രൊഫഷണൽ മേഖലകളിൽ അവർക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന സുരക്ഷിതവും മാന്യവും ലിംഗസംവേദനക്ഷമവുമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സുദൃഢമായ നിയമ അടിത്തറയായി വർത്തിക്കുന്നത് തൊഴിലിടങ്ങളിൽ വനിതകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം 2013‌ ആണ്. രാജ്യത്തുടനീളം തൊഴിലെടുക്കുന്ന വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, തൊഴിലിടങ്ങളിൽ നടക്കുന്ന ലൈംഗിക പീഡന പരാതികൾ ഫലപ്രദമായി പരിഹരിക്കുകയും ചെയ്യുന്നതിനുള്ള സമഗ്രവും ശക്തവുമായ നിയമ ചട്ടക്കൂട് ഈ നിയമം പ്രദാനം ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, വനിതാശാക്തീകരണം കേവലമൊരു മുദ്രാവാക്യമായി അവശേഷിച്ചില്ല; മറിച്ച്‌ നയപരവും സ്ഥാപനപരവുമായ പരിഷ്കാരങ്ങളുടെയും ഫലപ്രദമായ നിർവഹണത്തിന്‍റെയും രൂപത്തിൽ പ്രയോഗികവത്ക്കരിക്കപ്പെട്ടു. രാഷ്‌ട്രപുരോഗതിയുടെ ആധാരശിലയായി "നാരി ശക്തി'യെ പരിഗണിച്ച്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉപജീവനമാർഗങ്ങൾ, സാമ്പത്തിക സ്വയംപര്യാപ്തത, സുരക്ഷ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സമഗ്രവും ഘടനാപരവുമായ പരിഷ്കാരങ്ങൾ സർക്കാർ മുന്നോട്ടുവച്ചു. ഈ ദാർശനിക സമീപനത്തിന്‍റെ സുപ്രധാനവും പ്രായോഗികവുമായ ഉദാഹരണമാണ് വനിതാ-ശിശു വികസന മന്ത്രാലയം 2017ൽ ആരംഭിച്ച "ഷീ-ബോക്സ് (SHe-Box) പോർട്ടൽ'. തൊഴിലിടങ്ങളിൽ വനിതകളുടെ അന്തസും സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം, പരാതി നൽകൽ പ്രക്രിയയെ സുതാര്യവും സുഗമവും ആക്കുകയും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന കരുത്തുറ്റ ഡിജിറ്റൽ സംവിധാനമായി ഇത് വളർന്നു. വനിതകൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്ന വിശ്വസനീയ വേദിയായി SHe-Box ഇന്ന് നിലകൊള്ളുന്നു.

ഇന്ത്യയിലെ തൊഴിൽശക്തിയിൽ വനിതകളുടെ പങ്കാളിത്തം ക്രമാനുഗതമായി ഉയരുകയാണ്. മാറിയ സാമൂഹിക മനോഭാവങ്ങളെയും വിപുലമായ സാമ്പത്തിക അവസരങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. 2017–18ൽ 23.3 ശതമാനമായിരുന്ന വനിതകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 2023–24ഓടെ 41.7 ശതമാനമായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. സർക്കാർ-സ്വകാര്യ മേഖലകൾക്കപ്പുറം സ്റ്റാർട്ടപ്പുകൾ, സേവനമേഖല, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉത്പാദനം, അസംഘടിത മേഖല തുടങ്ങി വിവിധ രംഗങ്ങളിൽ വനിതകൾ സജീവ സാന്നിധ്യമാണ്. സംരംഭകർ, പ്രൊഫഷണലുകൾ, വിദഗ്ധ തൊഴിലാളികൾ, മാനെജർമാർ, നയരൂപകർത്താക്കൾ എന്നീ നിലകളിൽ അവർ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവനകൾ നൽകുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ, തൊഴിലിടങ്ങൾ സുരക്ഷിതവും ആദരപൂർണവും ഭയരഹിതവും വിവേചന മുക്തവുമായി തുടരുകയെന്നത് അനിവാര്യമാണ്. സ്ഥാപനങ്ങളിൽ പ്രതിരോധ, തിരുത്തൽ സംവിധാനങ്ങൾ നിർബന്ധമാക്കിക്കൊണ്ട്, ജോലിസ്ഥലത്ത് വനിതകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം 2013 (POSH നിയമം) ഈ ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്. സ്ഥാപനങ്ങളിൽ പ്രതിരോധ-പരിഹാര സംവിധാനങ്ങൾ നിർബന്ധമാക്കിക്കൊണ്ട് സ്ത്രീകളുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്ന ശക്തമായ നിയമചട്ടക്കൂടായി ഇത് വർത്തിക്കുന്നു. ഫലപ്രദമായ നിയമ നിർവഹണവും സുതാര്യതയും ഉറപ്പാക്കുന്നതിനായി, ഡിജിറ്റൽ ഗവേണൻസ്‌ ചട്ടക്കൂടിന് കീഴിൽ സാങ്കേതിക നവീകരണങ്ങളോടെ മോദി സർക്കാർ 2024 ഓഗസ്റ്റ് 29ന് ഷീ-ബോക്സ് പോർട്ടൽ പുനരാരംഭിച്ചു. എല്ലാ മേഖലകളിലുമുള്ള വനിതകൾക്ക് കൂടുതൽ ഉപയോക്തൃ സൗഹൃദവും എളുപ്പത്തിൽ പ്രവേശിക്കാവുന്നതും സുതാര്യവുമായി ഈ പ്ലാറ്റ്‌ഫോം രൂപാന്തരപ്പെട്ടു.

രാജ്യത്തുടനീളം രൂപീകരിച്ചിരിക്കുന്ന ഇന്‍റേണൽ കമ്മിറ്റികൾ ലോക്കൽ കമ്മിറ്റികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരശേഖരം ഈ കേന്ദ്ര പോർട്ടൽ ഏകോപിപ്പിക്കുന്നു. POSH നിയമപ്രകാരമുള്ള അനുവർത്തനം വ്യവസ്ഥാപിതമായി നിരീക്ഷിക്കാൻ ഈ ഡേറ്റാബേസ് സഹായിക്കുകയും, സ്ഥാപനങ്ങൾ ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കാനുള്ള നിയമബാധ്യത കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ‌ഡേറ്റ കേന്ദ്രീകൃതമായ ഡിജിറ്റൽ ഡോക്യുമെന്‍റേഷൻ സജ്ജമാക്കുന്നതിലൂടെ, പോർട്ടൽ സ്ഥാപനപരമായ മേൽനോട്ടം കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ തലങ്ങളിലുള്ള അധികാരികൾ തമ്മിലുള്ള ഏകോപനം, സുതാര്യത, ഉത്തരവാദിത്തം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിയമത്തിന്‍റെ കാര്യക്ഷമമായ നിർവഹണത്തിന് ഏകീകൃതവും വിശ്വസനീയവുമായ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നു.

ഷീ-ബോക്സ് പോർട്ടലിന്‍റെ നവീകരിച്ച പതിപ്പ് വനിതകൾക്ക് പ്രാരംഭ ഘട്ടത്തിൽ ഓഫിസുകളെ നേരിട്ട് സമീപിക്കാതെ തന്നെ ബന്ധപ്പെട്ട ഇന്‍റേണൽ കമ്മിറ്റിയിലോ ലോക്കൽ കമ്മിറ്റിയിലോ നേരിട്ട് പരാതി സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നു. ഇതിലൂടെ പരാതി പരിഹാര പ്രക്രിയയിലെ കാലതാമസം ഗണ്യമായി കുറയുകയും, പരാതിക്കാരെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കുന്ന അനാവശ്യമായ മാനുഷിക ഇടപെടലുകൾ കുറയുകയും ചെയ്യുന്നു. പരാതിക്കാർക്ക് അവരുടെ പരാതികളുടെ തൽസ്ഥിതി ഓൺലൈനായി നിരീക്ഷിക്കാനാകുന്നതിലൂടെ സുതാര്യത വർധിക്കുകയും സംവിധാനത്തിന്‍റെ പൊതുവെയുള്ള വിശ്വാസ്യത മെച്ചപ്പെടുകയും ചെയ്യുന്നു. സർക്കാർ, സ്വകാര്യ, സംഘടിത, അസംഘടിത മേഖലകളുൾപ്പെടെ എല്ലാ രംഗങ്ങളിലും പ്രവർത്തിക്കുന്ന വനിതകൾക്ക് ഈ പ്ലാറ്റ്‌ഫോം ഒരുപോലെ പ്രാപ്യമാണെന്നത് ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനത്തിലോ, ചെറുസംരംഭത്തിലോ, കരാർ അടിസ്ഥാനത്തിലോ, അനൗപചാരിക തൊഴിൽ മേഖലയിലോ പ്രവർത്തിക്കുന്ന വനിതകൾക്ക് സമാന ഡിജിറ്റൽ പരാതി പരിഹാര സംവിധാനത്തിലേക്ക് പ്രവേശനം ലഭ്യമാകുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സർക്കാരിന്‍റെ നയം സർവാശ്ലേഷിയും സർവതോമുഖവുമാണെന്നും, പ്രത്യേകമായ ഏതെങ്കിലും വിഭാഗങ്ങളിലോ തൊഴിൽ മേഖലയിലോ ഭൂമിശാസ്ത്രപരമായ പരിധികളിലോ അത് ഒതുങ്ങുന്നില്ലെന്നും ഇത് വ്യക്തമാക്കുന്നു.

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

ഇന്‍റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ: ശരത് ഉമയനല്ലൂരിന് പുരസ്കാരം

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ