Concept illustration for industrial growth
Concept illustration for industrial growth Image by storyset on Freepik
Special Story

വ്യാവസായിക മുന്നേറ്റത്തിന്‍റെ മറുപുറം

MV Desk

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പുതിയതായി കേരളത്തിലേക്കു വന്നിട്ടുള്ളത്. ഇതുവഴി സൃഷ്ടിക്കപ്പെട്ടത് അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളും. കോൺഫെഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് & മാർക്കറ്റിംഗ് ഏജൻസികളുമായി ചേർന്ന് എംഎസ്എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ നടത്തിയ പഠനത്തിലാണ് കേരളത്തിലെ വ്യാവസായക കാലാവസ്ഥയെക്കുറിച്ച് ഇത്രയും മികച്ച ഒരു ചിത്രം വരച്ചുകാട്ടുന്നത്.

91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികളിൽ 33,815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. എന്നിരുന്നാലും, ഈ കണക്കിൽ ചില നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എംഎസ്എംഇ മേഖലയിലെ മിക്ക വികസനവും പ്ലൈവുഡ്, ഫർണിച്ചർ, ഇരുമ്പ്, സ്റ്റീൽ ഫോർജിങ് തുടങ്ങിയ പ്രത്യേക വ്യവസായങ്ങൾ കേന്ദ്രീകരിച്ചുള്ളതാണ്. സംസ്ഥാനത്തിന്‍റെ വിശാലമായ വ്യാവസായിക ഭൂമിക പരിശോധിക്കുമ്പോൾ ഇത്രത്തോളം ഫലഭൂയിഷ്ടമായി കാണാൻ കഴിഞ്ഞേക്കില്ല.

'കേരള ഇൻവെസ്റ്റ്മെന്‍റ്, ഗ്രോത്ത് & ഡെവലപ്പ്മെന്‍റ് 2018-19 മുതൽ 2022-23 വരെ' എന്ന തലക്കെട്ടിലുള്ള പഠനത്തിൽ, 2022-23ൽ യഥാക്രമം 4,03,770 കോടി രൂപയും 2,77,957 കോടി രൂപയും വിലമതിക്കുന്നതും നടപ്പാക്കാത്തതുമായ പദ്ധതികളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഏഴ് ലക്ഷം പേർക്ക് കൂടി പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഇതേ കാലയളവിൽ, മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മുകളിൽ സൂചിപ്പിച്ച പഠനത്തിൽ ശ്രദ്ധേയമായ ചില പൊരുത്തക്കേടുകളുമുണ്ട്. അഞ്ച് വർഷത്തിനിടെ സ്വകാര്യമേഖലയിലെ നിക്ഷേപം 23,232 കോടി രൂപയാണെന്നും 9,590 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയെന്നുമാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷത്തിലെ സിഎംഐഇ ഡേറ്റ പ്രകാരം, സ്വകാര്യ മേഖലയിൽ 398 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പൂർത്തിയാക്കിയ പദ്ധതികളുടെ മൂല്യം 1,825 കോടി രൂപയ‌ാണ്. 3,216 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

പ്രമോഷണൽ ആവശ്യങ്ങൾ മാത്രം കണക്കിലെടുത്ത്, വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട സേവന കേന്ദ്രങ്ങൾ, വഴിയോര ഭക്ഷണശാലകൾ എന്നിവയെ എംഎസ്എംഇ വിഭാഗത്തിൽ പരിഗണിച്ചുകൊണ്ടുള്ള പഠനം സർക്കാർ പ്രഖ്യാപനങ്ങളുടെ കൃത്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ശുഭാപ്തിവിശ്വാസം പകരുന്ന സൂചനകളുണ്ടെന്നത് വസ്തുത തന്നെയാണെങ്കിലും, കാര്യമായ വൻകിട ഉത്പാദന വ്യവസായങ്ങളുടെ അഭാവം മൂലം സംസ്ഥാനത്തെ എംഎസ്എംഇകളുടെ പ്രവർത്തനക്ഷമതയെയും വിജയത്തെയും സാമ്പത്തിക വിദഗ്ധൻ ജോസ് സെബാസ്റ്റ്യനെപ്പോലുള്ളവർ ചോദ്യം ചെയ്യുന്നു.

രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും ഭൂവിസ്തൃതിയുടെ 1.2 ശതമാനവുമുള്ള കേരളം ദേശീയ ജിഡിപിയിലേക്കു നൽകുന്ന സംഭാവന നാല് ശതമാനമാണെന്ന് എംഎസ്എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ഡി.എസ്. റാവത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60% കൂടുതലാണ് കേരളത്തിൽ. ഇതു കാരണം സംസ്ഥാനത്തേക്ക് താഴ്ന്ന ജോലികൾക്കായുള്ള ആഭ്യന്തര കുടിയേറ്റം വർധിക്കുന്നു. 1970കൾ മുതൽ കേരളീയർ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ശക്തമാണ്. ഇപ്പോൾ ഇതു കുറയുകയും, യൂറോപ്പ്, ക്യാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ചെറുകിട ജോലികൾ ചെയ്യാനുള്ള ആളുകളുടെ ക്ഷാമം ഇതുകാരണം വർധിക്കുകയും, രാജ്യത്തിന്‍റെ കിഴക്ക്, വടക്കുകിഴക്ക് മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഈ ഒഴിവ് നികത്താൻ ധാരാളമായി കേരളത്തിലേക്കു വരുകയും ചെയ്യുന്നു.

2023ലെ കണക്കനുസരിച്ച് രണ്ടര ലക്ഷം ഐടി പ്രൊഫഷണലുകൾ കേരളത്തിലുണ്ട്. അതുവഴി വിവരസാങ്കേതികവിദ്യയിൽ കേരളം കൈവരിച്ച പുരോഗതിയെയും പഠനം അംഗീകരിക്കുന്നു, 2016ലെ 78,000 പേരിൽനിന്നാണ് ഗണ്യമായ ഈ വളർച്ച. എന്നിരുന്നാലും, ഐടി വിപ്ലവത്തിൽ കേരളത്തിന് മറ്റു പല സംസ്ഥാനങ്ങളുമായും ഇപ്പോഴും കിടപിടിക്കാനായിട്ടില്ല. കുറഞ്ഞ സ്ഥല ലഭ്യതയും കൂടിയ ജനസംഖ്യാ സാന്ദ്രതയും കാരണം, മാറിമാറി വന്ന സർക്കാരുകൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തിന് ഐടി മേഖലയെ കൂടുതലായി പ്രോത്സിഹിപ്പിച്ചിട്ടും ഇതാണ് സ്ഥിതി.

എൽഡിഎഫ് സർക്കാർ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്നത് സമീപനത്തിലെ മാറ്റത്തിന്‍റെ സൂചനയാണ്. അതേസമയം, കൃത്യമായ പ്രവർത്തനങ്ങളുടെ അഭാവവും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ദീർഘകാലമായി നഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യാവസായികവത്കരണ അവസരങ്ങൾ അടിയന്തരമായി തിരിച്ചുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെ ഇടതു സർക്കാർ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു എന്നാണ് ജോസ് സെബാസ്റ്റ്യൻ അഭിപ്രായപ്പെടുന്നത്.

അതേസമയം, വ്യവസായ സംരംഭകരെ പൊതുവിൽ ചൂഷകരായി കാണുന്ന സമൂഹത്തിന്‍റെയും ഉദ്യോഗസ്ഥരുടെയും സമീപനത്തിൽ മാറ്റം വരുത്താൻ കൂടി സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ, വിജയകരമായ സംരംഭങ്ങൾ നടത്തുന്നവരുടെ പിൻ തലമുറകൾ പോലും പലപ്പോഴും കുടുംബ ബിസിനസുകൾ ഏറ്റെടുത്തു നടത്തുന്നതിൽ വിമുഖത കാട്ടുകയും മറ്റെന്തെങ്കിലും പ്രൊഫഷനൽ കരിയറുകൾ സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്. യൂറോപ്പിൽ പോയി റസ്റ്ററന്‍റുകളിലോ കെയർ ഹോമുകളിലോ ജോലി ചെയ്യാനാണ് നാട്ടിൽ ബിസിനസ് ചെയ്യുന്നതിനെക്കാൾ അവർക്കു താത്പര്യമെന്നും ജോസ് സെബാസ്റ്റ്യൻ. സർക്കാർ ജോലിയോ മറ്റു നല്ല ജോലികളോ കിട്ടാത്തവർക്കു മാത്രമുള്ള മേഖലയാണ് ബിസിനസ് എന്ന കാഴ്ചപ്പാട് മാറുകയും, തലമുറകളിൽ ആത്മാഭിമാനം നിറയ്ക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

‌ കെജ്‌രിവാളിനെയും ആംആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടാസ് ഇടപെട്ടെന്ന് മാധ്യമ പ്രവർത്തകൻ

അവിഹിതം ചോദ്യം ചെയ്ത 16കാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കു കാമുകനും ജീവപര്യന്തം തടവ്

വേനൽ മഴ ഇനിയും കനക്കും

കോട്ടയത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്