എം.ബി. സന്തോഷ്
""കേരളത്തിലെ നാട്ടുവൈദ്യം, പാരമ്പര വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഒരു നിയമ നിർമാണം നടത്താൻ സർക്കാർ ആലോചിക്കുന്നു. ഈ നിയമത്തിലൂടെ കേരള നാട്ടുവൈദ്യ- പരമ്പരാഗത വൈദ്യ കമ്മിഷൻ രൂപീകരിക്കാനും കേരള നാട്ടുവൈദ്യ- പരമ്പരാഗത വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിന്‍റെ പ്രാഥമിക ചെലവുകൾക്കായി ഒരുകോടി രൂപ മാറ്റിവയ്ക്കുന്നു.''
- ധനമന്ത്രി കെ.എൻ. ബോലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ നിന്ന്.
സയൻസിന്‍റെ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് എക്കാലത്തും ഭരണാധികാരികളിൽ നിന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് നാട്ടുകാർ പേടിച്ചോടിയിട്ടും ട്രെയ്ൻ എന്ന തീവണ്ടി കേരളത്തിൽ വന്നത്. ബസും കാറും ലോറിയും നിരത്തുകളിലൂടെ പായാൻ തുടങ്ങിയത്. ഇലക്‌ട്രിസിറ്റി എന്ന വൈദ്യുതി നമുക്ക് ഒഴിച്ചുകൂടാനാവാത്തതായത്. (അതുകൊണ്ടു സംഭവിച്ചത് യക്ഷി, മാടൻ, മറുത മുതൽ ഒടിയൻ വരെ ടെലിവിഷൻ സീരിയലുകളിലേക്കും സിനിമകളിലേക്കും ഒതുങ്ങി എന്നതാണ്!)
ആധുനിക വൈദ്യം സംസ്ഥാനത്ത് തുടങ്ങിയതും ആശുപത്രികൾ മുക്കിനുമുക്കിന് പൊട്ടിമുളച്ചതും പേറ് "കീറ്'ആയി എന്ന് പരിഹസിക്കപ്പെടും വിധം സിസേറിയൻ ബാധകമായതും കാലത്തിനനുസരിച്ച് കേരളവും മാറാൻ തയാറായതു കൊണ്ടാണ്.
എന്നാൽ, ഇപ്പോൾ നമ്മൾ ഒരു പിൻനടത്തത്തിന് ഒരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാളവണ്ടിയിൽ ഇപ്പോഴും സഞ്ചരിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ടാവും. മണ്ണെണ്ണ വിളക്കും പുന്നയ്ക്കാ എണ്ണ ഒഴിച്ച് കത്തുന്ന ദീപവും മാത്രം വെട്ടം കാണാൻ മതി എന്ന് ചിന്തിക്കുന്നവരുണ്ടാവാം. വീട്ടിൽ പ്രസവമെടുത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവങ്ങൾ അടുത്ത കാലത്തു പോലും വാർത്തയായതാണ്.
വാക്സിനുകൾക്കെതിരേ ചില സംഘടിത പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഈ നാട്ടിലുണ്ടല്ലോ. അത്തരക്കാർ ആവശ്യപ്പെട്ടാൽ കാളവണ്ടിയും പുന്നയ്ക്കാ എണ്ണ വിളക്കും വ്യാപകമാക്കാൻ സർക്കാർ തുനിയാനിടയുണ്ടെന്ന സൂചനയാണ് അടിസ്ഥാന യോഗ്യതയില്ലാത്തവരുടെ ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന ഇക്കൊല്ലത്തെ ബജറ്റ് നൽകുന്നതെന്ന് പറയാതിരിക്കാനാവില്ല.
തിരുവിതാംകൂർ മഹാരാജാവ് ഗുണനിലവാരമുള്ള ആയുർവേദ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വേണ്ടി 1889ൽ സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ഗവൺമെന്‍റ് ആയുർവേദ കോളെജ്. അത് ഇപ്പോഴും സംസ്ഥാനത്തെ മികച്ച ആയുർവേദ വിദ്യാഭ്യാസ സ്ഥാപനമായി തുടരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനം എന്ന പരിമിതിക്കിടയിലും ഇന്ത്യയിലെ ഏറ്റവും മികച്ച ആയുർവേദ കോളെജുകളുടെ പട്ടികയിൽ എ ഗ്രേഡോടെ (ആയുർവേദ കോളെജുകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ഗ്രേഡ്) മുന്നിലുണ്ട്. സെക്രട്ടേറിയറ്റിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ പോലുമില്ലാത്ത ഈ കോളെജിലെ കാലാവധി കഴിഞ്ഞ ബസ് കണ്ടം ചെയ്യുന്നതിന് മാറ്റിയതിനാൽ പകരം മറ്റൊന്ന് നൽകണമെന്ന അപേക്ഷ പോലും പരിഗണിക്കാത്ത സർക്കാർ ഇവിടത്തെ ഡിഗ്രി, മെഡിക്കൽ വിദ്യാർഥികളുടെ സ്റ്റൈപന്‍റ് കൂട്ടണമെന്ന ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. ഇവിടത്തെ മരുന്നുക്ഷാമം ഉൾപ്പെടെയുളളവയുടെ കാര്യം പുതിയതല്ല.
മുമ്പ്, ചികിത്സിക്കാൻ അർഹരായ ഡോക്റ്റർമാർ സംസ്ഥാനത്തുണ്ടായിരുന്നില്ല. വൈദ്യന്മാർ ഉണ്ടായിരുന്നു. വാമൊഴിയായി കേട്ടതും ഗുരനാഥരിൽ നിന്ന് കണ്ടതും വച്ച് അവർ ചികിത്സിച്ചു. അന്ന് അത് മതിയായിരുന്നു. അതിനുശേഷം ചികിത്സ പഠിപ്പിക്കാൻ സ്ഥാപനങ്ങളായി.അന്നുവരെ നിലനിന്നിരുന്ന അറിവുകളെയും പാരമ്പര്യ അനുഭവങ്ങളെയും ആധുനിക അറിവുകളുമായി സ്വാംശീകരിച്ചു കൊണ്ടാണ് കേരളത്തിലെ ആയുർവേദ ചികിത്സാരംഗം വളർന്നത്. സ്വതന്ത്ര ഇന്ത്യയിൽ 1970ൽ ഐഎംസിസി നിയമം പാർലമെന്‍റ് പാസാക്കി. പാരമ്പര്യ ചികിത്സകളെ അന്നുവരെ നിലനിന്നവർക്ക് ഇളവ് നൽകി റെഗുലേറ്റു ചെയ്യുകയും അക്കാദമിക യോഗ്യത ഉള്ളവർക്ക് മാത്രം ചികിത്സാനുമതി എന്ന് നിഷ്കർഷിക്കുകയും ചെയ്തു. ഇതിന്‍റെ അന്തസത്ത ഉൾക്കൊണ്ട് കേരളത്തിലെ മിക്ക പാരമ്പര്യ ചികിത്സകരുടെയും അടുത്ത തലമുറ അക്കാദമിക യോഗ്യത ഉള്ളവരായി മാറി. അക്കാലത്ത് ആർഎംപി, എൽഎംപി എന്നൊക്കെ ബിരുദങ്ങൾ പേരിനൊപ്പം വച്ചവർ അങ്ങനെ കാലക്രമേണ അപ്രത്യക്ഷരായി.
എന്നാൽ, അവർ പല രൂപത്തിൽ കേരളീയ സമൂഹത്തിൽ കെടുതികൾ വിതയ്ക്കുന്നുണ്ട്. വിദ്യാസമ്പന്നർ പോലും അതിൽ പെട്ടുപോവുന്നു. ചെമ്പഴന്തി എസ്എൻ കോളെജിൽ രസതന്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സി.കെ. രവി ഒരിക്കൽ പറഞ്ഞത് ഓർമയുണ്ട്. അദ്ദേഹത്തിന്‍റെ മകൾ എംഎസ്‌സിക്കാരിയാണ്, അമെരിക്കയിൽ ജോലി നോക്കുകയായിരുന്നു. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ "മോഹന പാരമ്പര്യ ചികിത്സ'യിലൂടെ ആളുകളെ പറ്റിച്ചിരുന്ന ഒരു യോഗ്യതയുമില്ലാത്ത ആളിന്‍റെ വലയിൽ കുടുങ്ങി. ആ ചെറുപ്പക്കാരി അകാലത്തിൽ പൊലിയുകയായിരുന്നു ഫലം. ആ ചികിത്സയിൽനിന്ന് മകളെ വിലക്കാൻ കഴിഞ്ഞില്ലെന്ന ഖേദം മരിക്കും വരെയും രവി സാറിനെ വേദനിപ്പിച്ചു. അങ്ങനെ, എത്രയെത്ര മാതാപിതാക്കളും മക്കളും ഇപ്പോഴും ഇതിന്‍റെ ദുരനുഭവങ്ങൾക്കിരിയാവുന്നു.
അത്തരക്കാരെ നിയമത്തിന് മുന്നിൽകൊണ്ടുവരുന്നതിന് പകരം അംഗീകരിക്കണമെന്ന് പറയുന്നത് പുരോഗമന സമൂഹത്തിന് എങ്ങനെ അംഗീകരിക്കാനാവും? പുതിയ കാലത്തും പണ്ടാരോ ചികിത്സിച്ചത് കണ്ടിട്ടുള്ളതിനാൽ "ഞങ്ങൾക്കും ചികിത്സിക്കണം' എന്ന് പറഞ്ഞ് ഒരു കൂട്ടർ വരുമ്പോൾ അവർക്ക് ചികിത്സിക്കാൻ അനുമതി വേണമെന്നു പറഞ്ഞാൽ അത് നിലവിലുള്ള നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. ഇക്കാര്യം കേരള ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
പാരമ്പര്യ വൈദ്യർക്ക് ചികിത്സ നടത്താൻ അനുമതിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജവഹർലാൽ ഗുപ്ത, എം. രാമചന്ദ്രൻ എന്നിവർ വിധിച്ചത് 2003 ജനുവരി 8നാണ്. ഇതിനെതിരേ കേരള പാരമ്പര്യ വൈദ്യഫോറം സുപ്രീം കോടതിയെ സമീപിച്ചു. ആ കേസിൽ സുപ്രീം കോടതി ജഡ്ജിമാരായ ആർ.കെ. അഗർവാൾ, മോഹൻ എം. ശന്തനു ഗൗഡർ എന്നിവർ വിധി പറഞ്ഞിട്ട് അധികം കൊല്ലമായില്ല. കൃത്യമായി പറഞ്ഞാൽ 2018 ഏപ്രിൽ 13നാണ്.
അക്കാലത്ത് ഗുണമേന്മയുള്ള മെഡിക്കൽ പ്രാക്റ്റിഷണർമാരെ പരിശീലിപ്പിച്ചെടുക്കാൻ ആവശ്യമായ സ്ഥാപനങ്ങളുണ്ടെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ച് വ്യവസ്ഥാപിത യോഗ്യതകൾ നേടിയവരല്ലാത്തവരെ പാരമ്പര്യ വൈദ്യത്തിന്‍റെ പേരിൽ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കുന്നത് മനുഷ്യജീവൻ പന്താടാൻ വിട്ടുകൊടുക്കലാണെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി 1953ലെ ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ പ്രാക്റ്റിഷനേഴ്സ് ആക്റ്റ്, 1970ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യാൻ യോഗ്യരായവരല്ലാത്തവർക്കൊന്നും പാരമ്പര്യ വൈദ്യൻ എന്നു പറഞ്ഞ് ചികിത്സിക്കാൻ അർഹതയില്ലെന്ന് അസന്ദിഗ്ധമായി വിധിക്കുകയായിരുന്നു.
ആ വിധിയെ മറികടക്കാൻ ബജറ്റ് പ്രസംഗത്തിലൂടെയുള്ള ശ്രമം സർക്കാരിനെ വെട്ടിലാക്കുമെന്നുറപ്പാണ്.സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവന്നാലും വൈദ്യവിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ നിലവിലുള്ള കേന്ദ്ര നിയമ പ്രകാരം സംസ്ഥാന നിയമം അംഗീകരിക്കപ്പെടില്ല. മുമ്പ്, ഇത്തരമൊരു ബില്ല് സംസ്ഥാന നിയമസഭ പാസാക്കി അയച്ചതും രാഷ്‌ട്രപതി തിരിച്ചയച്ചതും ഓർമിക്കേണ്ടതായിരുന്നു.
വ്യാജ ചികിത്സ കൊണ്ട് പൊതുജനാരോഗ്യത്തിന് ഉണ്ടാകുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞാണ് 2019ലെ പരിഷ്കരിക്കപ്പെട്ട എൻസിഐഎസ് എം ആക്റ്റും 2021ലെ നിയമസഭ പാസാക്കിയ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്റ്റീഷണേർസ് ആക്റ്റും അംഗീകൃത യോഗ്യതയുള്ളവർ മാത്രം ചികിത്സിച്ചാൽ മതി എന്ന് കർശനമായി നിഷ്കർഷിക്കുന്നത്. നാട്ടുവൈദ്യമെന്നത് ഇന്നത്തെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ മുൻപേരാണ്. മർമചികിത്സ ആയുർവേദ ചികിത്സയുടെ കേവലം ഒരു വിഭാഗം മാത്രമാണെന്നും ആയുഷ് വകുപ്പുകാരോട് ചോദിച്ചെങ്കിൽ അറിയാമായിരുന്നു. 50 വർഷം മുമ്പ് തന്നെ നിയമം മൂലം നിരോധിച്ചിട്ടും ഇപ്പോഴും പാരമ്പര്യ ചികിത്സ ചെയ്യുന്നുണ്ട് എന്നു പറഞ്ഞാൽ അത് നിയമം നടപ്പിലാക്കേണ്ട സർക്കാരിന്‍റെ പിടിപ്പുകേടല്ലേ? ശരീരശാസ്ത്ര പഠനമോ ശാസ്ത്രീയമായ രോഗ നിർണയമോ ഇല്ലാതെ പിൻവാതിൽ വഴി രോഗികളെ വ്യാജ ചികിത്സയ്ക്ക് വിട്ടുനൽകാനുള്ള സർക്കാർ തീരുമാനം ആ ആധുനിക കാലത്തുണ്ടായി എന്നത് കേരളം നേടിയ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.
മൃഗങ്ങൾക്ക് ചികിത്സ നടത്തണമെങ്കിൽ കുറഞ്ഞത് ബിവിഎസ്‌സി പഠിച്ച് പാസാകണം. അതിന് മുമ്പ് അടിസ്ഥാന യോഗ്യതയായ പ്ലസ്ടു ജയിച്ച് എൻട്രൻസ് എഴുതി റാങ്ക് ലിസ്റ്റിൽ വരണം. അല്ലാതെ, പശുവിന് കുത്തിവയ്ക്കുന്നതിനും മരുന്നു പുരട്ടുന്നതിനും കൂടെ നിന്ന സഹായികളിൽ ഒരാളെയും മൃഗ ചികിത്സകനാക്കണമെന്ന ആവശ്യമുയർന്നതായി കേട്ടിട്ടില്ല. അങ്ങനെ, ആരെങ്കിലും പശുവിനെയോ പട്ടിയെയോ ചികിത്സിച്ചാൽ അത് നിയമ വിരുദ്ധവും ശിക്ഷ കിട്ടാനുള്ള കുറ്റകൃത്യവുമാണ്. മൃഗങ്ങൾക്കുള്ള അവകാശമെങ്കിലും പാവം മനുഷ്യനും നൽകണം!
കൈയാളർ കരാറുകാരാവുന്നത് നിർമാണപ്രവർത്തനങ്ങളിൽ കണ്ടിട്ടുണ്ട്. അതുപോലെ ഡോക്റ്റർമാരുടെ കൈസഹായത്തിനും പെട്ടി പിടിക്കാനും നിൽക്കുന്ന "കൈയാള'രെ ചികിത്സിക്കാൻ വിടുന്നത് "മൃഗീയ'മാണെന്ന് പറഞ്ഞാൽ മൃഗങ്ങൾ കോപിക്കും. അത് കാടത്തമാണ്. പുരോഗമനം കൊടിയടയാളമായി കൊണ്ടുനടക്കുന്ന ഒരു സർക്കാർ അപരിഷ്കൃത കാലത്തേക്കു പിൻനടക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്.