ഹിജാബും സ്കൂളും: കരുതൽ വേണം

 
Special Story

ഹിജാബും സ്കൂളും: കരുതൽ വേണം

തീ പിടിക്കുമ്പോൾ കാറ്റു വീശിയാൽ ശക്തമായി തീ പടരും. അതു തന്നെയാണ് എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലും സംഭവിച്ചത്

Aswin AM

ജ്യോത്സ്യൻ

തദ്ദേശ തെരഞ്ഞെടുപ്പും തുടർന്നു നിയമസഭാ തെരഞ്ഞെടുപ്പും നേരിടാൻ പോകുന്ന കേരളത്തിൽ രാഷ്‌ട്രീയ വെല്ലുവിളികൾ കുറെക്കൂടി ഉയരുന്ന സന്ദർഭമാണിത്. കേരളത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടാം പ്രാവശ്യവും അധികാരത്തിൽ വന്നതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണു വരുന്നത്. മൂന്നാം പ്രാവശ്യവും ഇടതുമുന്നണി അധികാരത്തിലേറിയാൽ ഏറ്റവും വലിയ രാഷ്‌ട്രീയ ക്ഷതം സംഭവിക്കുന്നത് യുഡിഎഫിനും, പ്രത്യേകിച്ച് കോൺഗ്രസിനുമാണ്. മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം തുടർച്ചയായി അധികാര കസേരയിൽ നിന്ന് മാറിയിരിക്കുക അസാധ്യമാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാരും ന്യൂനപക്ഷങ്ങളും വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടുന്നത്.

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി നിയമനം, റിട്ട. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള കാലതാമസം തുടങ്ങിയ വിഷയങ്ങളിൽ എല്ലാ ക്രൈസ്തവ സംഘടനകളും സർക്കാരിനെതിരേ ശബ്ദമുയർത്താനുള്ള തയാറെടുപ്പിലാണ്. ഭരണഘടനയും സുപ്രീം കോടതിയും ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങൾ തട്ടിത്തെറിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനത്തിന്‍റെ കാര്യത്തിൽ എൻഎസ്എസിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച അവകാശങ്ങൾ എന്തുകൊണ്ട് തങ്ങൾക്കും നൽകുന്നില്ലെന്നാണ് ന്യൂനപക്ഷങ്ങളുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഭിന്നശേഷി നിയമനം വൈകുന്നതിലുള്ള അതൃപ്തിക്ക് താതാകാലിക ശാന്തത ഉണ്ടായെങ്കിലും ക്രൈസ്തവ സഭകൾക്ക് സർക്കാർ നൽകിയിട്ടുള്ള ഉറപ്പ് പെട്ടെന്നു നടപ്പാക്കിയില്ലെങ്കിൽ സംഗതി വഷളാകും.

തീ പിടിക്കുമ്പോൾ കാറ്റു വീശിയാൽ ശക്തമായി തീ പടരും. അതു തന്നെയാണ് എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലും സംഭവിച്ചത്. കന്യാസ്ത്രീകൾ നടത്തുന്ന ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്‍റ് റീത്താസ് ഹയർ സെക്കൻഡറി സ്കൂൾ. സർക്കാരിന്‍റെ യാതൊരു സഹായവുമില്ലാതെ പ്രവർത്തിക്കുന്ന ഈ പബ്ലിക് സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നതു കൊണ്ട് ധാരാളം വിദ്യാർഥികൾ അവിടെ പഠിക്കുന്നു. ഈ സ്കൂളിന് സർക്കാർ/ എയ്ഡഡ് സ്കൂളിൽ നിന്നും വ്യത്യസ്തമായ ചില ചട്ടങ്ങളും ചിട്ടകളുമുണ്ട്. എല്ലാ വിദ്യാർഥികൾക്കും ഒരേ ഡ്രസ് കോഡ് ഉണ്ട്. ഇതെല്ലാം അനുസരിക്കുന്നവർ മാത്രമേ അവിടെ പഠിക്കാവൂ എന്ന നിലപാടാണ് മാനെജ്മെന്‍റിന്.

അങ്ങിനെയുള്ള പശ്ചാതലത്തിലാണ് ഒരു മുസ്‌ലിം വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്നത്. ഈ മാറ്റം ഉൾക്കൊള്ളാൻ മാനെജ്മെന്‍റ് തയാറായില്ല. അതോടെ പ്രശ്നം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി. അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ വന്നു. വാർത്താ ചാനലുകൾ പരസ്പരം മത്സരിച്ച് തലങ്ങും വിലങ്ങും പ്രശ്നത്തെ വലുതാക്കി എങ്ങിനെ രൂക്ഷമാക്കാം എന്ന് പരിശ്രമിച്ചു.

എന്നാൽ സാമൂഹ്യ പ്രവർത്തകരും രക്ഷകർത്താക്കളും പിടിഎയും ഒന്നിച്ചു ചർച്ച ചെയ്ത്, ഒന്നുകിൽ കുട്ടിയും മാതാപിതാക്കളും സ്കൂളിനെ അനുസരിക്കുക അല്ലെങ്കിൽ വേറെ സ്കൂളിലേക്ക് മാറുക എന്ന നിലപാടെടുത്തതോടെ കാര്യങ്ങൾ ശാന്തമായി. അപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ രംഗപ്രവേശനം. അദ്ദേഹം മാന്യനും, നല്ല ഭരണാധികാരിയുമാണ്. പക്ഷെ ഇടയ്ക്കു നാവു പിഴക്കും. ഇന്നു പറഞ്ഞതല്ല നാളെ പറയുന്നത്. തുടരെത്തുടരെ ക്ഷമ ചോദിക്കുന്നതിൽ ബുദ്ധിമുട്ടുമില്ല. ഭിന്നശേഷി അധ്യാപകരുടെ നിയമനത്തിൽ അദ്ദേഹം എടുത്ത നിലപാട് കാറ്റിൽ പറന്നതു നാം കണ്ടതാണ്. സെന്‍റ് റീത്താസ് സ്കൂളിന്‍റെ കാര്യവും ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ച് വെടി പൊട്ടുന്ന വിധത്തിൽ അഭിപ്രായം പറഞ്ഞു.

അപ്പോഴാണ് ഒരവസരം കാത്തിരുന്ന ബിജെപിക്കാരുടെ രംഗപ്രവേശനം. പരുന്തുകൾ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നതു പോലെ ക്രൈസ്തവ വോട്ടുകൾ തട്ടിയെടുക്കാനുള്ള അവസരമായി ഈ വിഷയത്തെ ബിജെപി കണ്ടു. സമുദായ സ്പർധയുണ്ടാക്കാൻ നീക്കം നടത്തി. എന്നാൽ പൊതുസമൂഹവും രക്ഷകർത്താക്കളും മാനെജ്മെന്‍റും പക്വതയാർന്ന സമീപനം എടുത്തതിനാൽ വലിയൊരു പൊട്ടിത്തെറിയാണ് ഒഴിവായത്. എന്നിരുന്നാലും, പ്രശ്നം സംഭവബഹുലമായതോടെ വിദ്യാർഥിനിയ്ക്കുണ്ടാകുന്ന മാനസിക സംഘർഷം കണക്കിലെടുത്ത് കുട്ടിയെ വേറെ സ്കൂളിൽ ചേർക്കാൻ രക്ഷാകർത്താക്കൾ തീരുമാനിച്ചിരിക്കുകയാണ്. അവർ ഹൈക്കോടതി വിധിക്ക് കാത്തിരിക്കുന്നു. എന്നാൽ, അതിനെ ചില തീവ്ര മുസ്‌ലിം സംഘടനകൾ അനുകൂലിക്കുന്നില്ല എന്നതു മാത്രമാണു പ്രശ്നം.

വലിയൊരു വെടിപ്പുരയുടെ മുന്നിലാണു നാമിപ്പോൾ നിൽക്കുന്നത്. മതമാണ് മുഖ്യ വിഷയമെന്നതിനാൽ ചെറിയൊരു പാളിച്ച പോലും വലിയ അപകടം വിളിച്ചുവരുത്തും എന്നാണ് ജ്യോത്സ്യനു പറയാനുള്ളത്.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം