ഓരോ ചുവടിലും പുരോഗതി
പ്രത്യേക ലേഖകൻ
11 വർഷമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ സാംസ്കാരിക യാത്ര വർണാഭമായ രംഗോലി പോലെ വികാസം പ്രാപിച്ചു. അത് വർണപൂരിതവും പാരമ്പര്യത്തിൽ വേരൂന്നിയതും ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടതുമാണ്. ഹംപിയിലെ കാലാതീതമായ ക്ഷേത്രങ്ങൾ മുതൽ ശാസ്ത്രീയ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും ജീവസുറ്റ പാരമ്പര്യങ്ങൾ വരെയുള്ള ഭൗതികവും അഭൗതികവുമായ പൈതൃകത്തിന് പുത്തൻ ഉണർവ് നൽകി.
വിസ്മരിക്കപ്പെട്ട നായകരെ ഓർമിക്കുകയും ആധുനിക സങ്കേതങ്ങളിലൂടെ പുരാതന അറിവുകൾ സംരക്ഷിക്കുകയും ചെയ്തു. ഈ ശ്രമങ്ങളെല്ലാം കൂടിച്ചേർന്ന് ഭാരതത്തിന്‍റെ സ്വത്വത്തെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കൊണ്ടു പോകുന്നു.
കാശി വിശ്വനാഥ ഇടനാഴി മുതൽ അയോധ്യയിലെ രാം ലല്ലയുടെ ദിവ്യ സാന്നിധ്യം വരെ, ഗവണ്മെന്‍റ് നമ്മുടെ പൈതൃകം സംരക്ഷിക്കുകയും സാംസ്കാരിക വേരുകൾ ആഴത്തിലാക്കുകയും ചെയ്യുന്നു.
ക്ഷേത്ര ഇടനാഴികൾ, തീർഥാടന
കേന്ദ്രങ്ങൾ പുനരുദ്ധാരണം
കാശി വിശ്വനാഥ് ഇടനാഴി, ഉത്തർപ്രദേശ് - കാശി വിശ്വനാഥ് ഇടനാഴി പദ്ധതി വാരാണസിയിലെ പുരാതന ഘട്ടുകൾ, ഇടുങ്ങിയ പാതകൾ, ക്ഷേത്ര പ്രവേശന കവാടം എന്നിവയെ പുനർനിർമിച്ചു പുനരുജ്ജീവിപ്പിച്ചു.
ലോകോത്തര സൗകര്യങ്ങളും ആത്മീയ അന്തരീക്ഷവും പ്രദാനം ചെയ്യാനും പ്രശസ്തമായ മഹാകളേശ്വര ക്ഷേത്രത്തിലെ തീർഥാടന അനുഭവം മെച്ചപ്പെടുത്താനുമാണ് മധ്യപ്രദേശിലെ ഉജ്ജെയിൻ മഹാകാൽ ലോക് പദ്ധതി ആരംഭിച്ചത്.
അസമിലെ മാ കാമാഖ്യ ക്ഷേത്രത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളും തീർഥാടക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ 2020 ഓഗസ്റ്റിൽ നടന്നു; മഹാ ക്ഷേത്രം 2024 ജനുവരി 22 ന് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ കേദാർനാഥിന്‍റെ സമഗ്ര വികസനത്തിൽ ആദി ശങ്കരാചാര്യ പ്രതിമ സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു.
ഗുജറാത്തിലെ ജുനാ സോമനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള വികസനം, പാർവതി മന്ദിറിന്‍റെ നിർമാണം എന്നിവയുൾപ്പെടെ പ്രധാന തീർഥാടന കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അഹല്യഭായ് ഹോൾക്കറുടെ പാരമ്പര്യം തുടരുന്നു. തീർഥാടകർക്ക് അറബിക്കടലിന്‍റെ പശ്ചാത്തലത്തിൽ സോമനാഥ ക്ഷേത്രത്തിന്‍റെ മനോഹര കാഴ്ചാനുഭവം നൽകാനുതകുന്ന നടപ്പാതയും വികസിപ്പിച്ചു.
ഗതാഗത ബന്ധം
ചാർധാം ഹൈവേ പദ്ധതി: ചാർധാം പദ്ധതിയിൽ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ 4 പ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 5 ദേശീയ പാതകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. കൂടാതെ, കൈലാസ്- മാനസസരോവർ യാത്രയുടെ ഭാഗമായ താനാക്പുർ മുതൽ പിത്തോറഗഡ് വരെയുള്ള 825 കിലോമീറ്റർ ദൈർഘ്യമുള്ള പാതയും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ജൂലൈ വരെ 616 കിലോമീറ്റർ പണി പൂർത്തിയായി.
ഹേമകുണ്ഡ് സാഹിബ് റോപ്‌വേ: ഉത്തരാഖണ്ഡിലെ ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള 12.4 കിലോമീറ്റർ റോപ്പ്‌വേ പദ്ധതിക്ക് സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. 2,730.13 കോടി രൂപയാണ് ആകെ ചെലവ്.
ബുദ്ധിസ്റ്റ് സർക്യൂട്ട്: ഉത്തർപ്രദേശിലെ ശ്രാവസ്തി, കുശിനഗർ, കപിലവസ്തു എന്നിവിടങ്ങളിൽ പ്രധാന ബുദ്ധമത കേന്ദ്രങ്ങളുടെ വികസനത്തിനായി ₹87.89 കോടി അനുവദിച്ചു.
ആന്ധ്ര പ്രദേശ്: ഷാലിഹുണ്ഡം, ബവികൊണ്ട, ബോജ്ജനകൊണ്ട, അമരാവതി, അനുപു എന്നിവിടങ്ങളിലെ കണക്റ്റിവിറ്റിയും സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി ₹35.24 കോടി നിക്ഷേപിച്ചു.
ബിഹാർ: ബോധ് ഗയയിൽ കൺവെൻഷൻ സെന്‍റർ ഉൾപ്പെടെ ബുദ്ധിസ്റ്റ് സർക്യൂട്ട് വികസിപ്പിക്കുന്നതിന് ₹95.18 കോടി.
ഗുജറാത്ത്: ജുനാഗഡ്, ഗിർ സോമനാഥ്, ബറൂച്ച്, കച്ച്, ഭാവ്‌നഗർ, രാജ്കോട്ട്, മെഹ്‌സാന എന്നിവിടങ്ങളിലെ ബുദ്ധമത പൈതൃക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് ₹26.68 കോടി.
മധ്യപ്രദേശ്: സാഞ്ചി, സത്‌ന, രേവ, മന്ദ്‌സൗർ, ധാർ എന്നിവ ഉൾപ്പെടുന്ന ബുദ്ധിസ്റ്റ് സർക്യൂട്ടിന്‍റെ സംയോജിത വികസനത്തിനായി ₹74.02 കോടി.
കർതാർപുർ സാഹിബ് ഇടനാഴി 2019 നവംബർ 9ന് ഉദ്ഘാടനം ചെയ്തു. ഇത് ഇന്ത്യൻ സിഖ് തീർഥാടകർക്ക് കർത്താർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശനത്തിന് സഹായകമായി.
പൈതൃക വികസനം
പ്രധാന പൈതൃക ഇടനാഴികളും ചരിത്രപരമായ സ്ഥലങ്ങളും വികസിപ്പിക്കുന്നതിനൊപ്പം, മതപരമായ വൈവിധ്യം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഗവണ്മെന്‍റ് സമഗ്ര സമീപനം സ്വീകരിക്കുന്നു. PRASHAD - Pilgrimage Rejuvenation and Spiritual, Heritage Augmentation Drive പോലുള്ള പദ്ധതികളിലൂടെ വിവിധ മതവിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങൾ - മുസ്‌ലിം- ക്രിസ്ത്യൻ പള്ളികൾ, ദർഗകൾ എന്നിവയുൾപ്പെടെ - നവീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സ്മാരകങ്ങൾ പുനഃസ്ഥാപിക്കുന്നതിനപ്പുറം, സമൂഹങ്ങളെ പുനർനിർമിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനും ഈ സംരംഭങ്ങൾ സഹായിക്കുന്നു. പ്രസാദ് (തീർഥാടന പുനരുജ്ജീവന, ആത്മീയ, പൈതൃക വർധന തീവ്രയജ്ഞം) പദ്ധതി പ്രകാരം, രാജ്യത്തുടനീളമുള്ള സാംസ്കാരിക, ആത്മീയ സ്ഥലങ്ങളുടെ വികസനത്തിനായി ഏകദേശം 1,900 കോടി രൂപയുടെ നിക്ഷേപം നടത്തി.
സ്വദേശ് ദർശൻ പദ്ധതി യാത്രാ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. തെരഞ്ഞെടുത്ത പ്രത്യേക ടൂറിസം മേഖലകളിലെ 76 പദ്ധതികൾക്കായി 5,292.91 കോടി രൂപ അനുവദിച്ചു. സ്വദേശ് ദർശൻ 2.0ൽ 2023-25 കാലയളവിൽ 34 പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി.
ഈ ശ്രമങ്ങൾക്ക് കൂട്ടായി ഹൃദയ് (ഹെറിറ്റേജ് സിറ്റി ഡവലപ്‌മെന്‍റ് ആൻഡ് ഓഗ്‌മെന്‍റേഷൻ യോജന- HRIDAY) പദ്ധതി 12 പൈതൃക നഗരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സംരംഭങ്ങളെല്ലാം രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനൊപ്പം ആത്മീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ ശ്രമങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ വ്യക്തമാണ്. 2024ൽ ഇന്ത്യ 9.66 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി. ഇത് ₹2,77,842 കോടി വിദേശനാണ്യ വരുമാനം ഉണ്ടാക്കി. ഈ കണക്കുകൾ വർധിച്ചുവരുന്ന യാത്രാ താത്പര്യം മാത്രമല്ല, ഇന്ത്യയുടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലും പുതുക്കിയ സാംസ്കാരിക ആകർഷണീയതയിലുമുള്ള വർധിച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.
നഷ്ടപ്പെട്ട പൈതൃകം
വീണ്ടെടുക്കുന്നു
രാജ്യത്തിന്‍റെ നഷ്ടപ്പെട്ട പൈതൃകം തിരികെ കൊണ്ടുവരിക എന്നത് മുൻഗണനയാണ്. 2013ന് മുമ്പ് 13 മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കൾ മാത്രമാണ് വിദേശത്തു നിന്ന് തിരികെ കൊണ്ടുവന്നത്. എന്നാൽ 2014 മുതൽ 642 മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തുകയും അവയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വിവിധ ഘട്ടങ്ങൾ ഇപ്പോൾ പുരോഗമിക്കുകയും ചെയ്യുന്നു.
കടത്തിക്കൊണ്ടുപോയതോ മോഷ്ടിക്കപ്പെട്ടതോ ആയ നിരവധി പുരാവസ്തുക്കൾ തിരികെ നൽകാൻ യുഎസ് ഗവൺമെന്‍റ് 2016 മുതൽ സൗകര്യമൊരുക്കി. 2016 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ്എ സന്ദർശന വേളയിൽ 10 പുരാവസ്തുക്കൾ തിരികെ നൽകി. 2021 സെപ്റ്റംബറിലെ സന്ദർശനത്തിൽ 157 പുരാവസ്തുക്കൾ, 2023 ജൂണിലെ സന്ദർശനത്തിൽ 105 പുരാവസ്തുക്കൾ കൂടി തിരികെ നൽകി. 2016 മുതൽ അമെരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന സാംസ്കാരിക വസ്തുക്കളുടെ ആകെ എണ്ണം 578. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സാംസ്കാരിക വസ്തുക്കൾ തിരികെ നൽകിയ രാജ്യം അമെരിക്കയാണ്.
രാഷ്‌ട്ര നിർമാതാകൾക്ക്
വലിയ അംഗീകാരം
ഇന്ത്യയുടെ യഥാർഥ രാഷ്‌ട്രനിർമാതാക്കളെ ആദരിക്കാനും അവരുടെ പൈതൃകങ്ങൾ രാഷ്‌ട്രീയ അതിരുകൾക്കപ്പുറം സംരക്ഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചു. ഈ ദിശയിലുള്ള ഒരു പ്രധാന ഉദ്യമമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തെ സ്മരണയ്ക്കായി ആഘോഷിച്ച ആസാദി കാ അമൃത് മഹോത്സവ്.
രാജ്യത്തുടനീളം നടത്തിയ സാംസ്കാരികവും ദേശഭക്തിപരവുമായ പരിപാടികളിലൂടെ ഈ ക്യാംപെയ്ൻ രാഷ്‌ട്രത്തെ രൂപപ്പെടുത്തിയവരുടെ ത്യാഗങ്ങളെയും നേട്ടങ്ങളെയും ആദരിച്ചു. ഒപ്പം, ശ്രദ്ധേയമായ പ്രതിമകൾ, മ്യൂസിയങ്ങൾ, സ്മാരകങ്ങൾ എന്നിവ പൊതുജനങ്ങളുടെ ഓർമകളെ ഉണർത്തി, പുതു തലമുറയെ പ്രചോദിപ്പിച്ചു. രാഷ്‌ട്രീയ പക്ഷപാതങ്ങൾക്കതീതമായും നിഷ്പക്ഷമായും നൽകിയ സംഭാവനകളെ ആദരിച്ച് കേന്ദ്ര ഗവണ്മെന്‍റ് നിരവധി രാഷ്‌ട്ര നിർമാതാക്കളെ അംഗീകരിച്ചിട്ടുണ്ട്.
പൈതൃകത്തെ ആദരിക്കൽ,
രാഷ്‌ട്രത്തെ പ്രദർശിപ്പിക്കൽ
പ്രധാനമന്ത്രി സംഗ്രഹാലയ: 2022 ഏപ്രിൽ 14ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും ജീവിതത്തെയും സംഭാവനകളെയും പക്ഷപാതരഹിതമായി ഇത് ആഘോഷിക്കുന്നു.
ദേശീയ യുദ്ധ സ്മാരകം: 1961 മുതൽ മുടങ്ങിക്കിടന്നിരുന്നു, 2015ൽ അംഗീകരിക്കപ്പെട്ടു, വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി 2019ൽ ഉദ്ഘാടനം ചെയ്തു.
ദേശീയ പോലീസ് സ്മാരകം: 1994ൽ നിർദേശിച്ചു, 2014ൽ അംഗീകരിക്കപ്പെട്ടു, പൊലീസ് ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ അംഗീകരിക്കുന്നതിനായി 2018ൽ ഉദ്ഘാടനം ചെയ്തു.
ജാലിയൻ വാലാബാഗ് സ്മാരകം: 2019 ഏപ്രിൽ 13ന് ഉദ്ഘാടനം ചെയ്തു.
ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയങ്ങൾ: പലപ്പോഴും വിസ്മരിച്ചിരുന്ന ഗോത്ര വീരന്മാരുടെ വീര്യം ഉയർത്തിക്കാട്ടുന്നതിനായി 11 മ്യൂസിയങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഭാരത് മണ്ഡപം: ഭഗവാൻ ബസവേശ്വരന്‍റെ അനുഭവ മണ്ഡപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആവിഷ്കരിച്ച ഭാരത് മണ്ഡപം ഇന്ത്യയുടെ സാംസ്കാരിക ശക്തിയും ആധുനിക ദർശനവും പ്രദർശിപ്പിക്കുന്നു. 2023 ൽ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ നടരാജന്‍റെ അഷ്ടധാതു പ്രതിമ ഇവിടെയുണ്ട്.
പുതിയ പാർലമെന്‍റ് മന്ദിരം: 2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരം രാഷ്‌ട്രത്തിന് സമർപ്പിച്ചു. വാസ്തു വിദ്യ അടിസ്ഥാനമാക്കി ത്രികോണാകൃതിയിൽ രൂപകൽപ്പന ചെയ്ത കെട്ടിടത്തിൽ നീതിനിഷ്ഠമായ ഭരണത്തെ പ്രതീകപ്പെടുത്തുന്ന പവിത്രമായ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു. ഭരണഘടനാ ഹാൾ ഇന്ത്യയുടെ ജനാധിപത്യ പൈതൃകത്തെയും ചരിത്ര രേഖകളെയും പ്രതിഫലിപ്പിക്കുന്നു. രാജസ്ഥാൻ ശിലകൾ പോലുള്ള തദ്ദേശീയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഈ ഘടന ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു. സൗരോർജം, മഴവെള്ള സംഭരണം, ഭൂകമ്പ പ്രതിരോധശേഷിയുള്ള ഡിസൈൻ തുടങ്ങിയ സുസ്ഥിര സവിശേഷതകൾ ഈ കെട്ടിടം ഉൾക്കൊള്ളുന്നു.
ആത്മീയ- സാംസ്കാരിക
പാരമ്പര്യങ്ങളെ സമന്വയിപ്പിക്കൽ
ഏക ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ചിന്തയിൽ ഉറച്ചുനിന്ന്, ഇന്ത്യയുടെ വിവിധ ആത്മീയ, സാംസ്കാരിക പാരമ്പര്യങ്ങൾ തമ്മിലുള്ള സമന്വയം ഗവണ്മെന്‍റ് ശക്തമാക്കി. രാജ്യത്തെ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആളുകൾ തമ്മിൽ അടുപ്പം വളർത്താൻ പ്രധാനമന്ത്രി 2016 ഒക്ടോബർ 31ന് ആരംഭിച്ച പരിപാടിയാണ് ഏക ഭാരത് ശ്രേഷ്ഠ ഭാരത്. ഇന്ത്യയുടെ ശക്തമായ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
കാശി തമിഴ് സംഗമം
യുപിയിലെ കാശിയും തമിഴ്‌നാടും തമ്മിലുള്ള പൗരാണിക ബന്ധങ്ങൾ ആഘോഷിക്കുന്ന കാശി തമിഴ് സംഗമങ്ങൾ വാരാണസിയിൽ നടന്നു. പരിപാടികളിൽ യഥാക്രമം 1,115 (2022), 674 (2023) കലാകാരന്മാർ പങ്കെടുത്തു.
2025 ഫെബ്രുവരി 15 മുതൽ 24 വരെ വാരാണസിയിൽ നടന്ന മൂന്നാം സംഗമം തമിഴ്‌നാടിനും കാശിക്കും ഇടയിലുള്ള ആഴത്തിൽ വേരൂന്നിയ സാംസ്കാരിക, നാഗരിക ബന്ധങ്ങളെ ആഘോഷിച്ചു. 869ലധികം കലാകാരന്മാരുടെയും 190 പ്രാദേശിക നാടോടി, ക്ലാസിക്കൽ ഗ്രൂപ്പുകളുടെയും പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പരിപാടി 2 ലക്ഷത്തോളം സന്ദർശകരെ ആകർഷിച്ചു.
ഗുരുക്കന്മാരെ ആദരിക്കുന്നു
ഗുരു ഗോവിന്ദ് സിങ്ങിന്‍റെ 350ാം പ്രകാശ് പർവ്, ഗുരു നാനാക്കിന്‍റെ 550ാം പ്രകാശ് പർവ് എന്നിവ വലിയ ആഘോഷങ്ങളോടെ നടത്തി. ആഗോള തലത്തിൽ ബുദ്ധ മതവുമായുള്ള ഇന്ത്യയുടെ ആത്മീയവും ദാർശനികവുമായ ബന്ധം വീണ്ടും ഉറപ്പിച്ചു.
മഹാകുംഭ് 2025 എക്കാലത്തെയും വലിയ ആത്മീയ പരിപാടികളിൽ ഒന്നായി മാറി. ഒരു മാസത്തിനുള്ളിൽ 66 കോടിയിലധികം ഭക്തർ പങ്കെടുത്ത് 45 ദിവസത്തിൽ 45 കോടി പ്രതീക്ഷിച്ചിരുന്നത് മറികടന്നു.
വഖഫ് (ഭേദഗതി) നിയമം:
കേന്ദ്രീകൃത ഡിജിറ്റൈസേഷനിലൂടെയും ശക്തമായ ഓൺലൈൻ പോർട്ടലിലൂടെയും വഖഫ് സ്വത്തുക്കളുടെ സുതാര്യത, ഉത്തരവാദിത്തം, ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതാണ് വഖഫ് (ഭേദഗതി) നിയമം, 2025.
വേവ്സ് 2025:
വേൾഡ് ഓഡിയോ വിഷ്വൽ എന്‍റർടൈൻമെന്‍റ് സമ്മിറ്റ് (WAVES) ആഗോള മാധ്യമ വിനോദ വ്യവസായത്തിൽ ഒരു പ്രധാന വേദിയായി ഉയർന്നുവന്നിരിക്കുന്നു. ലോക വേദിയിൽ ഇന്ത്യയെ അവതരിപ്പിച്ചുകൊണ്ട് വേവ്സ് രാജ്യത്തിന്‍റെ സാംസ്കാരിക ഔന്നത്യത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു. 100ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ ഉച്ചകോടിയിൽ ഒരു ലക്ഷത്തിലധികം സന്ദർശകരെത്തി. 1,000-ൽ അധികം ആഗോള, ഇന്ത്യൻ മാധ്യമ വിനോദ കമ്പനികൾ പങ്കെടുത്തു. 77 രാജ്യങ്ങൾ വേവ്സ് പ്രഖ്യാപനം അംഗീകരിച്ചു. 140ലധികം സെഷനുകളിലായി 100ലധികം അന്താരാഷ്‌ട്ര പ്രഭാഷകർ പങ്കെടുത്തു.
വേവ്സ് ബസാർ 1,300 കോടിയിലധികം രൂപയുടെ ബിസിനസ് ഇടപാടുകൾക്കും ചർച്ചകൾക്കും വേദിയായി. വേവ്സ് 2025ൽ മഹാരാഷ്‌ട്ര സർക്കാർ 8,000 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
30 മാധ്യമ വിനോദ സ്റ്റാർട്ടപ്പുകൾ അവരുടെ നൂതന ആശയങ്ങൾ 45 വൻകിട നിക്ഷേപകർക്ക് മുന്നിൽ നേരിട്ട് അവതരിപ്പിച്ചു. 500ലധികം സ്റ്റാർട്ടപ്പുകൾ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.
യോഗ: രാഷ്‌ട്രങ്ങളെ
ഒന്നിപ്പിക്കുന്നു
പുരാതനമായ ഇന്ത്യൻ പരിശീലനമായ യോഗ, ഇന്ന് ലോകമെമ്പാടുമുള്ള ഒരു പ്രസ്ഥാനമായി വളർന്നു. 2014 സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്‌ട്ര പൊതുസഭയിൽ ജൂൺ 21നെ അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ചു. "യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത് ' എന്നതാണ് 2025ലെ അന്താരാഷ്‌ട്ര യോഗാ ദിനത്തിന്‍റെ പ്രമേയം.
ആയുർവേദത്തിന്‍റെ
ആഗോള സ്വാധീനം
സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കാൻ ആയുർവേദം സഹായിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്‍റെ ചാംപ്യൻ സർവീസ് സെക്റ്റർ സ്കീമിലൂടെ പരമ്പരാഗത രീതികൾ ഉപയോഗിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകുന്നു. ഈ ശ്രമങ്ങൾ ആയുർവേദത്തിന്‍റെ ആഗോള വ്യാപനം വർധിപ്പിക്കുകയും ആധുനിക ആരോഗ്യ ആവശ്യങ്ങൾക്കായി വിശ്വസനീയവും പുരാതനവുമായ രോഗശാന്തി ശാസ്ത്രമായി അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സഹകരണ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം 24 രാജ്യതല ധാരണാപത്രങ്ങളിലും 48 സ്ഥാപനതല ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. ആഗോളതലത്തിൽ 15 അക്കാദമിക് ചെയറുകൾ സ്ഥാപിച്ചു. 35 രാജ്യങ്ങളിലായി 39 സ്ഥലങ്ങളിൽ ആയുഷ് ഇൻഫർമേഷൻ സെല്ലുകൾ പ്രവർത്തിക്കുന്നു.
ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിച്ചു. ആയുഷ് വിസ പോലുള്ള സംരംഭങ്ങൾ മെഡിക്കൽ ടൂറിസത്തെ സുഗമമാക്കുന്നു, ഇത് ഇന്ത്യയെ സമഗ്ര രോഗശാന്തിക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
യുനെസ്കോ:
പൈതൃക നാഴികക്കല്ലുകൾ
ഇന്ത്യ ലോക പൈതൃക പട്ടികയിലെ വർഷങ്ങളായുള്ള സാന്നിധ്യം വിപുലമാക്കി. 2024 ജൂലൈയിൽ അസമിൽ നിന്നുള്ള "മോയിഡംസ്: അഹോം രാജവംശത്തിന്‍റെ ശവസംസ്കാര രീതി' എന്ന സാംസ്കാരിക സ്വത്ത് കൂടി പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ, ഇന്ത്യയ്ക്ക് ഇപ്പോൾ ലോക പൈതൃക പട്ടികയിൽ 43 സ്ഥലങ്ങളും യുനെസ്കോയുടെ താൽക്കാലിക പട്ടികയിൽ 62 സ്ഥലങ്ങളുമുണ്ട്.
1983ൽ ആഗ്ര കോട്ട, തുടർന്ന് താജ്മഹൽ, അജന്ത- എല്ലോറ ഗുഹകൾ എന്നിവ പട്ടികയിൽ ചേർത്തതോടെയാണ് രാജ്യത്തിന്‍റെ ഈ പ്രയാണം ആരംഭിച്ചത്. ഈ സ്ഥലങ്ങൾ ചരിത്ര ചിഹ്നങ്ങളായി മാത്രമല്ല, വരും തലമുറകൾക്ക് പഠിക്കാനുള്ള ഇടങ്ങളായും സംരക്ഷിക്കപ്പെടുന്നു.
ഉപസംഹാരം
11 വർഷത്തിനിടെ, ഇന്ത്യ തങ്ങളുടെ സംസ്കാരം സംരക്ഷിക്കുന്നതിനും ലോകവുമായി പങ്കിടുന്നതിനും നടപടികളെടുത്തു. പുരാതന ക്ഷേത്രങ്ങൾ പുനരുദ്ധരിച്ചു, പുണ്യസ്ഥലങ്ങൾ മെച്ചപ്പെടുത്തി, പഴയ പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചു. പുതിയ റോഡുകൾ, വൃത്തിയുള്ള സൗകര്യങ്ങൾ, മെച്ചപ്പെട്ട സേവനങ്ങൾ എന്നിവ ആളുകൾക്ക് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് എളുപ്പമാക്കി. എല്ലാ നാട്ടിലെയും എല്ലാ വിഭാഗത്തിലെയും നമ്മുടെ ധീരന്മാരെയും ഇന്ത്യ ഓർക്കുന്നു. ഉത്സവങ്ങളും യോഗയും സംഗീതവും കലയുമെല്ലാം പല രാജ്യങ്ങളിലും കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ജീവിതരീതിയിൽ താത്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ സമ്പന്നമായ സംസ്കാരം ലോകമെമ്പാടും വെളിച്ചം പരത്തുന്നു.