"പാര്‍ട്ടി''കളില്‍ സംഭവിക്കുന്നത്
പാര്‍ട്ടികള്‍ എന്നാല്‍ എല്ലാവരുടെ മനസിലേയ്ക്കും ഓടി എത്തുന്നത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നാണ്. എന്നാല്‍ പാര്‍ട്ടികള്‍ എന്നത് ഒത്തുചേരലിനെ സൂചിപ്പിക്കുന്നു. "പാര്‍ട്ടി' എന്ന വാക്കിന്‍റെ അർഥം ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് സന്തോഷകരമായ സമയം ചലവിടുന്നതിനെ സൂചിപ്പിക്കുന്നു. രാഷ്‌ട്രീയ ലക്ഷ്യങ്ങളുള്ള കൂട്ടത്തെ, അഥവാ സംഘടനയെ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നു. അത് പിന്നീട് വന്നതാണ് അഥവാ ഈ വാക്ക് കടം കൊണ്ടതാണ്. പാര്‍ട്ടികള്‍ നമ്മള്‍ സ്ഥിരം കാണുന്ന പരിപാടിയാണ്. ജന്മദിന പാര്‍ട്ടികള്‍ മുതല്‍ വിവാഹ പാര്‍ട്ടികള്‍ വരെ നമ്മള്‍ കണ്ടിരിക്കുന്നു. ഒരു കാരണവുമില്ലാതെ വാരാന്ത്യങ്ങളില്‍ പാര്‍ട്ടികള്‍ നടത്തുന്നവരും, വൈകുന്നേരങ്ങളില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരും യഥേഷ്ടം ഉണ്ട്. ആശയ സംവാദത്തിന് ഏറ്റവും ഉചിതമായ ഇടമായി പാര്‍ട്ടികളെ പരിഗണിക്കാം.
പാര്‍ട്ടികളില്‍ സംവാദം നടക്കുന്നു എന്നുള്ളടത്താണ് അതിന്‍റെ സവിശേഷത. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും അവരുടെ സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന പാര്‍ട്ടികളില്‍ ഒട്ടേറെ ആശയ സംവാദങ്ങള്‍ നടക്കുന്നു. അന്യരാജ്യത്തെ തലവന്മാര്‍ മറ്റൊരു രാജ്യത്ത് വന്നാല്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. പല അവസരങ്ങളിലും അത് വ്യത്യസ്ത സമയങ്ങളില്‍ ആകാനും സാധ്യതയുണ്ട്. എന്തിനാണ് ഇതൊക്കെ നടത്തുന്നത് എന്ന ചോദ്യത്തിനുള്ള ലഘുവായ ഉത്തരമാണ് ആശയസംവാദം നടക്കും എന്നത്. പല രാജ്യാന്തര കരാറുകളുടേയും തുടക്കം ഇത്തരം അനൗദ്യോഗിക പാര്‍ട്ടികളില്‍ വെച്ചാകും. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ നടത്തുന്ന സംവാദത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ക്ക് പോലും മാറ്റങ്ങള്‍ സംഭവിക്കാം.
ലോകത്ത് എല്ലാ രാജ്യങ്ങളിലും പാര്‍ട്ടികള്‍ നടത്തപ്പെടുന്നുണ്ട്. നമ്മുടെ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുന്നത് ഒട്ടേറെ രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. മറ്റു രാജ്യങ്ങളുമായി നടത്തുന്ന പല ഇടപാടുകളും രാജ്യത്തിന്‍റെ തലവന്മാര്‍ നടത്തുന്ന സന്ദര്‍ശന വേളകളില്‍ സംഭവിക്കുന്നു. അങ്ങനെ പല ഉടമ്പടികളും പുതുതായി രൂപം കൊള്ളുന്നു. നമ്മുടെ രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവാദ വേദിയായി പലപ്പോഴും അന്യരാജ്യങ്ങളിലെ രാജ്യത്തലവന്മാര്‍ ഒരുക്കുന്ന പാര്‍ട്ടികളില്‍ സംഭവിക്കപ്പെടാറുണ്ട്.
അതൊക്കെ തന്നെയാണ് പ്രാദേശികമായി നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വിവാഹ, ജന്മദിന പാര്‍ട്ടികളിലും അല്ലാതെയുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലും സംഭവിക്കുന്നത്. നമ്മുടെ നാടുകളില്‍ നടക്കുന്ന ചെറിയ ഒരു കൂട്ടായ്മ, ചെറിയ ഒരു ചടങ്ങ് ഇതെല്ലാം സംവാദങ്ങളുടെ വേദിയാവുകയും അത് പുതിയ ദിശാബോധം പങ്കെടുക്കുന്നവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു ചടങ്ങ് നടത്തുന്നതിന് മുമ്പ് അതിന് നേതൃത്വം കൊടുക്കുന്നവര്‍ ഒരുമിച്ചിരുന്ന് സംവാദത്തില്‍ ഏര്‍പ്പെടുന്നത് ആ പരിപാടിയുടെ വിജയത്തിന്‍റെ പ്രധാന ഘടകമാണ്. അതിനെയും നമുക്ക് ഒരു പാര്‍ട്ടി എന്ന് തന്നെ വിളിക്കാം.
പാര്‍ട്ടി അനുഭവങ്ങള്‍ പലരും സാഹിത്യത്തില്‍ വിവരിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ രൂപം കൊള്ളുന്ന തമാശകള്‍ പല വേദികളിലും പലരും ആവര്‍ത്തിച്ചിട്ടുണ്ട്. വന്‍ ഹിറ്റായ ചില സിനിമകളുടെ തുടക്കം തന്നെ പാര്‍ട്ടികളില്‍ നിന്നാണ്. വല്ലപ്പോഴും കണ്ടുമുട്ടുന്നവര്‍ പാര്‍ട്ടി വേദികളില്‍ ഒന്നിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. ഈ അനുഭൂതിക്കാണ് വിശേഷവസരങ്ങളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് എല്ലാവരേയും പ്രേരിപ്പിക്കുന്നത്. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. കൂട്ടായ്മയില്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. മനുഷ്യന്‍റെ മാനസിക വളര്‍ച്ചയ്ക്ക് കൂട്ടായ്മകള്‍ ഉണ്ടാകേണ്ടതുണ്ട്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പണ്ട് നടന്നിരുന്ന പാര്‍ട്ടി വളരെ പ്രശസ്തമായിരുന്നു. അതേകുറിച്ച് പരാമര്‍ശിക്കുന്നത് ഉചിതമാകും. സല്‍ക്കാര പ്രിയനായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. മാവേലിക്കരയിലെ ഹൈസ്ക്കൂള്‍ പഠന കാലത്ത് ലോഡ്ജില്‍ താമസിച്ചപ്പോഴും, തിരുവനന്തപുരത്ത് ലോഡ്ജില്‍ താമസിച്ചപ്പോഴും ശങ്കര്‍ സല്‍ക്കാര പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നത് മുന്‍പ് പരാമര്‍ശിച്ചത് ഓര്‍ക്കുക. ഡല്‍ഹിയിലെ വീട്ടില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശങ്കറിന്‍റെ വീട്ടില്‍ പാര്‍ട്ടി ഉണ്ടാകും. പാര്‍ട്ടിയില്‍ അക്കാലത്തെ പ്രമുഖര്‍ പലരും പങ്കെടുത്തിരുന്നു. ശങ്കറിന് പരിചയമുള്ള ആളുകളെ ക്ഷണിച്ച് വരുത്തും. പാര്‍ട്ടിയുടെ ഭാഗമായി വന്നവരുടെ കലാപരിപാടികളും ഉണ്ടാകാറുണ്ട്. അക്കാലത്തെ പ്രശസ്ത പാട്ടുകള്‍ പാടുന്നവരുണ്ട്. പാരഡിയായി പാടുന്നവരുണ്ട്. പ്രസംഗിക്കുന്നവരുണ്ട്. മിമിക്രിയും, മോണോ ആക്റ്റും ഉണ്ടാകും.
ഒരു കാരണം കിട്ടാന്‍ കാത്തിരിക്കും ഒരു സല്‍ക്കാരം നടത്താന്‍. ഓംചേരി ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഓംചേരിക്ക് സ്ക്കോളര്‍ഷിപ്പ് ലഭിച്ച് അമേരിക്കയിലേയ്ക്ക് പോകുന്നത് പ്രമാണിച്ച് ശങ്കര്‍ ഒരു പാര്‍ട്ടി നടത്തി. പതിവ് പോലെ മദ്യ സല്‍ക്കാരവും, കലാപരിപാടികളും, വിഭവസമ്യദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. ഒരു ഗ്ലാസില്‍ മദ്യം എടുത്തിട്ട് ശങ്കര്‍ അന്നത്തെ മുഖ്യ കഥാപാത്രമായ ഓംചേരിക്ക് നീട്ടി. ഇല്ല ചേട്ടാ, കുടിക്കുന്നില്ല എന്ന മറുപടി ഓംചേരി നല്‍കി. മുന്‍പ് ചെറുപ്പക്കാര്‍ കൂടുമ്പോള്‍ ശങ്കര്‍ ഇതുപോലെ പല വട്ടവും മദ്യം നീട്ടിയിട്ടുണ്ടെന്ന് ഓംചേരി പറഞ്ഞിട്ടുണ്ട്. എടോ താന്‍ അമേരിക്കയില്‍ പോകുമ്പോള്‍ നന്നാകും. നന്നായി വാ... എന്നാണ് ശങ്കര്‍ ഓംചേരിയോട് പറഞ്ഞത്.
മദ്യപാനത്തിന്‍റെ അവസാനത്തോടടുക്കുമ്പോള്‍ കലാപരിപാടിയുണ്ടാകും. ഓംചേരിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ ഒരു ഓട്ടന്‍ തുള്ളലാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാള്‍ അപ്പോള്‍ തന്നെ കമ്പോസ് ചെയ്ത ഒരു തുള്ളലായിരുന്നു അത്... ഓംചേരിക്കൊരു കള്ളും വേണ്ട... എന്നത് തുള്ളലിലെ ഒരു വരിയായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തെടുത്ത് ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ പങ്കെടുത്ത ആളുകള്‍ക്ക് എന്തൊക്കെ വേണമെന്ന് വരികളില്‍ ഉണ്ടായിരുന്നു. മദ്യപിക്കാത്തത് കൊണ്ട് ശങ്കറിന് ഓംചേരിയോടോ, മദ്യപിക്കാത്ത മറ്റാരോടുമോ സ്നേഹകുറവ് ഇല്ലായിരുന്നു.
രണ്ടുവര്‍ഷം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയപ്പോള്‍ ശങ്കര്‍ വീട്ടില്‍ പതിവ് പോലെ ഒരു പാര്‍ട്ടി ഒരുക്കി. യാത്രയയപ്പിന് പങ്കെടുത്തവരും, അല്ലാത്ത ചിലരും അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പതിവ് പോലെ മദ്യപാനത്തോടെയാണ് പാര്‍ട്ടി ആരംഭിച്ചിരുന്നത്. യാത്രയയപ്പ് പാര്‍ട്ടിയിലെ പോലെ ഒരു ഗ്ലാസില്‍ മദ്യം എടുത്തിട്ട് ശങ്കര്‍ മുഖ്യ കഥാപാത്രമായ ഓംചേരിക്ക് നീട്ടി. ഇല്ല ചേട്ടാ, കുടിക്കുന്നില്ല എന്ന മറുപടി ഓംചേരി ഇത്തവണയും നല്‍കി. താന്‍ അമേരിക്കയിലായിരുന്നിട്ടും തുടങ്ങിയില്ല... ശങ്കര്‍ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല ചേട്ടാ... എന്ന് ഓംചേരി മറുപടി നല്‍കി. ചുരയ്ക്ക കാശിക്ക് പോയിട്ട് എന്താ കാര്യം...? ചുരയ്ക്ക കാശിക്ക് പോയിട്ട് ഒരു പ്രയോജനവുമില്ല. താന്‍ അമേരിക്കയ്ക്ക് പോയാലെങ്കിലും നന്നാകുമെന്ന് വിചാരിച്ചു. ഒരു പ്രയോജനവുമില്ല... ഇത് പറഞ്ഞ് അദ്ദേഹം പൊട്ടി ചിരിച്ചു. ചിരിയില്‍ മറ്റുള്ളവരും കൂടി.
ശങ്കര്‍ എല്ലാ ശനിയും, ഞായറും പാര്‍ട്ടി നടത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. പാര്‍ട്ടിയില്‍ അദ്ദേഹം മന്ത്രിമാരേയും സാധാരണ ജനങ്ങളേയും ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി നെഹ്റു പലപ്പോഴും ഈ ശനി, ഞായര്‍ ദിവസങ്ങളിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. മദ്യസല്‍ക്കാരത്തോടെ ആയിരിക്കും പാര്‍ട്ടി ആരംഭിക്കുക എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. സമകാലീന വിഷയങ്ങളാണ് മിക്കവാറും സംസാര വിഷയമാകുക. ചര്‍ച്ചയ്ക്ക് വീര്യം കൂട്ടാന്‍ ശങ്കര്‍ ഇടയ്ക്കിടെ ഇടപെടും. ചര്‍ച്ച വഴിമാറി പോകാതെ നോക്കുകയും ചെയ്യും. ഈ പാര്‍ട്ടി തീരുമ്പോഴത്തേയ്ക്കും തൊട്ടടുത്ത ലക്കം ശങ്കേഴ്സ് വീക്കിലിക്കുള്ള വിഭവം ഉണ്ടാക്കാനുള്ള അസംസ്ക്യത വസ്തുക്കള്‍ ലഭിച്ചിരിക്കും.
ശങ്കറിന്‍റെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ പാര്‍ട്ടി വളരെ പ്രശസ്തമായിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന പ്രമുഖരായ മലയാളികളൊക്കെ അക്കാലത്ത് ശങ്കറിന്‍റെ ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. തകഴി, എസ്.കെ. പൊറ്റക്കാട്, എന്‍. ശ്രീകണ്ഠന്‍ നായര്‍, എ.കെ.ജി തുടങ്ങി എത്രയോ പ്രമുഖരായ മലയാളികള്‍ ഉണ്ടായിരുന്നു. ഇവരൊക്കെ തന്നെ ശങ്കറിന്‍റെ പാര്‍ട്ടിയെ കുറിച്ച് എഴുതിയിട്ടുമുണ്ട്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശങ്കേഴ്സ് വീക്കിലിയുടെ പണിപ്പുരയിലായിരിക്കും ശങ്കര്‍. ബുധനാഴ്ച്ച വൈകീട്ടോടെ പ്രസിലേക്ക് വീക്കിലി അയക്കും. വ്യാഴം രാവിലെ ശങ്കേഴ്സ് വീക്കിലിയുടെ കവര്‍ പൂര്‍ത്തിയാക്കും. വ്യാഴവും വെള്ളിയും പരസ്യം പിടിക്കലാണ് പണി. ഡല്‍ഹിയിലെ പ്രമുഖരെ എല്ലാം ശങ്കര്‍ നേരില്‍ പോയി കണ്ടാണ് പരസ്യം സംഘടിപ്പിച്ചിരുന്നത്. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റും ഈ അവസരത്തില്‍ ശങ്കര്‍ പോകും. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ ശങ്കറിന് പരസ്യം നല്‍കിയിരുന്നു. പ്രധാനമന്ത്രിയും, മന്ത്രിമാരുമായുള്ള ശങ്കറിന്‍റെ അടുപ്പം പരസ്യ ലഭ്യതയ്ക്ക് ഏറെ ഗുണം ചെയ്തു എന്നു വേണം കരുതാന്‍.