സോമനാഥ് ക്ഷേത്രം

 
Special Story

വിശ്വാസത്തിന്‍റെ, അതിജീവനത്തിന്‍റെ, നവീകരണത്തിന്‍റെ അനശ്വര താളം

12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്‍റെ മതിലുകൾ പലതവണ അധിനിവേശ ശക്തികളുടെ ക്രൂരമായ ആക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്

MV Desk

ഗജേന്ദ്ര സിങ് ഷെഖാവത്ത്

||ഓം നമഃ ശിവായ||

ന ഹന്യതേ ഹന്യമാനേ ശരീരേ

(ശരീരം നശിപ്പിക്കപ്പെട്ടാലും ആത്മാവു നശിപ്പിക്കപ്പെടുന്നില്ല.)

- ഭഗവദ് ഗീത 2.20

ശ്രീമദ് ഭഗവദ്ഗീതയിലെ ഈ ശ്ലോകവും ഇന്ത്യൻ ഗ്രന്ഥങ്ങളിലും പാരമ്പര്യങ്ങളിലും അടങ്ങിയിട്ടുള്ള നാഗരിക വിവേകവും ഉയർത്തിപ്പിടിക്കുന്ന സത്തയാണ്, ഗുജറാത്തിലെ കാഠിയാവാഡിന്‍റെ (നിലവിലെ ഗുജറാത്ത് സംസ്ഥാനത്തിന്‍റെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ചരിത്ര പ്രസിദ്ധമായ പ്രദേശം) തെക്കൻ തീരത്ത് സോമനാഥ് പട്ടണിൽ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്രത്തിന്‍റെ സത്തയിൽ പ്രതിഫലിക്കുന്നത്. 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്‍റെ മതിലുകൾ പലതവണ അധിനിവേശ ശക്തികളുടെ ക്രൂരമായ ആക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്. എന്നാൽ ഓരോ തവണയും അതു വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ആരാധനയുടെ പെരുമ്പറകളും മണിനാദങ്ങളും അവിടെ പുനരാരംഭിക്കുകയും ചെയ്തു.

രാജ്യത്തിന്‍റെ 1,000ത്തിലധികം വർഷത്തെ ചരിത്രത്തിലുടനീളം വൈവിധ്യപൂർണവും വികേന്ദ്രീകൃതവുമായ മത ആചാരങ്ങൾ, തത്വചിന്തകൾ, അനുഷ്ഠാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ്മയായി മനസിലാക്കപ്പെടുന്ന സനാതന ധർമം, രാഷ്‌ട്രീയ അധിനിവേശങ്ങൾ, ഭരണമാറ്റങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന അധികാര ഘടനകൾ എന്നിവയിൽനിന്ന് ഉത്ഭവിച്ച ആവർത്തിച്ചുള്ള തടസങ്ങൾ അനുഭവിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, മഠങ്ങൾ, പഠനകേന്ദ്രങ്ങൾ എന്നിവയുടെ നാശമോ പുനർനിർമാണമോ, മതസ്ഥാപനങ്ങളെ നിലനിർത്തിയിരുന്ന പ്രോത്സാഹനശൃംഖലകളുടെ സ്ഥാനഭ്രംശമോ ഈ പ്രതിസന്ധികളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഇത്തരം തകർച്ചകൾക്കിടയിലും, മതപരമായ വിശാല പാരമ്പര്യം കാലത്തിനനുസരിച്ച് അതിജീവിക്കുകയും സ്വയം പൊരുത്തപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ അതിജീവനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം തടസമില്ലാത്ത ആധിപത്യത്തിന്‍റെ അവകാശവാദങ്ങളിലല്ല; മറിച്ച്, സ്ഥാപനപരമായ നഷ്ടങ്ങളെയും രാഷ്‌ട്രീയമായ വെല്ലുവിളികളെയും അതിജീവിക്കാനുള്ള മതജീവിതത്തിന്‍റെ ശേഷിയിലാണ് അടങ്ങിയിരിക്കുന്നത്.

മധ്യകാലഘട്ടത്തിന്‍റെ തുടക്കം മുതൽ, ക്ഷേത്രങ്ങൾ ആരാധനാസ്ഥലങ്ങൾ എന്നതിലുപരി സാമ്പത്തികവും സാംസ്കാരികവും രാഷ്‌ട്രീയവുമായ കേന്ദ്രങ്ങളായും പ്രവർത്തിച്ചിരുന്നു. ഭരണവർഗവുമായുള്ള അവയുടെ അടുത്ത ബന്ധം സൈനിക സംഘർഷങ്ങളുടെ കാലത്ത് അവയെ എളുപ്പത്തിൽ ആക്രമിക്കപ്പെടാവുന്ന ഒന്നാക്കി മാറ്റി. സോമനാഥ ക്ഷേത്രം ഗസ്നിയിലെ മഹമൂദ് ആക്രമിച്ചത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഉദാഹരണങ്ങളിൽ ഒന്നാണ്. പേർഷ്യൻ ചരിത്രരേഖകൾ ഈ സംഭവത്തെ വിജയമായി ആഘോഷിച്ചപ്പോൾ പിൽക്കാല ഇന്ത്യൻ പാരമ്പര്യങ്ങൾ നഷ്ടത്തെയും അ‌തിജീവനത്തെയും ഒടുവിൽ നടന്ന പുനരുദ്ധാരണത്തെയുമാണ് എടുത്തുകാട്ടിയത്. ചരിത്രപരമായി ശരിയാണെന്നു തെളിയിക്കാവുന്ന കാര്യം, ക്ഷേത്രം മതജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായില്ല എന്നതാണ്; ചൗലൂക്യരെപ്പോലുള്ള പ്രാദേശിക ഭരണാധികാരികൾക്കു കീഴിൽ അതു പുനർനിർമിക്കപ്പെടുകയും ഭക്തിയുടെ കേന്ദ്രമായി തുടരുകയും ചെയ്തു. സമാനമായ രീതികൾ മറ്റിടങ്ങളിലും ദൃശ്യമാണ്.

സോമനാഥിന്‍റെ ചരിത്രത്തെ ഒരിക്കലും ഒറ്റപ്പെട്ട സംഭവമായി മാത്രം കാണരുത്. പുരാതന കാലം മുതൽക്കേ പ്രഭാസ് പട്ടൺ പുണ്യഭൂമിയാണ്. പ്രഭാസ് പട്ടണം, ശിവ പട്ടണം, പ്രഭാസ തീർഥം എന്നിങ്ങനെ വിവിധ സ്രോതസുകളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന പാടൺ പുരാതന നഗരമാണ്. ഇതിന്‍റെ കിഴക്കുഭാഗത്ത് മനോഹരമായ മൂന്നു നദികൾ ത്രിവേണീ സംഗമത്തിൽ ഒത്തുചേരുന്നു. ശ്രീകൃഷ്ണന്‍റെ ഭൗതികശരീരം സംസ്കരിച്ച പുണ്യസ്ഥലമായാണ് ഇതു കണക്കാക്കപ്പെടുന്നത്. ഇതിനരികിലായി വൈരാഗ്യക്ഷേത്രവും ഗോപി തലോവും (അവിടെ നിന്നാണു ഭക്തർ ഗോപീചന്ദനം ശേഖരിക്കുന്നത്) സ്ഥിതിചെയ്യുന്നു. ഈ പുണ്യഭൂമി സന്ദർശിക്കാതെ ഈ മേഖലയിലേക്കുള്ള തീർഥാടനം അപൂർണമായാണു കണക്കാക്കപ്പെടുന്നത്. "റിപ്പോർട്ട് ഓൺ ദി ആന്‍റിക്വിറ്റീസ് ഓഫ് കാഠിയാവാഡ് ആൻഡ് കച്ഛ് ', "ദി ആന്‍റിക്വിറ്റീസ് ഓഫ് ദി ടൗൺ ഓഫ് ഡഭോയ് ഇൻ ഗുജറാത്ത് ' എന്നിവയിൽ ഈ പ്രദേശത്തെ ശേഷിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണാം.

ശൈവ- വൈഷ്ണവ പാരമ്പര്യങ്ങളുടെ അപൂർവമായ സംഗമത്തെയാണു സോമനാഥ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യൻ പൈതൃകം എപ്പോഴും ബഹുസ്വരവും ഏവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഇതു നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.

സ്വതന്ത്ര ഇന്ത്യയിലെ സോമനാഥിന്‍റെ ചരിത്രത്തിലെ ആധുനിക അധ്യായം ആരംഭിക്കുന്നത് ദീപാവലി ദിനമായ 1947 നവംബർ 12ന്, കാർത്തിക മാസം ശുക്ലപക്ഷത്തിലെ ആദ്യ ദിവസമാണ്. നിർഭാഗ്യകരമായ വിഭജനത്തിനു മാസങ്ങൾക്കിപ്പുറം നമ്മുടെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേൽ ഈ പുണ്യഭൂമി സന്ദർശിച്ചു. മുതിർന്ന നേതാക്കളോടും പ്രമുഖ വ്യക്തിത്വങ്ങളോടുമൊപ്പം ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം പുനർനിർമിക്കുമെന്ന നിർണായകമായ പ്രതിജ്ഞ സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടി, ആഭ്യന്തര മന്ത്രി കൂടിയായിരുന്ന സർദാർ പട്ടേൽ എടുത്തു. ഇതിന്‍റെ ഫലമായി ദേശീയ ബോധം ഉൾക്കൊള്ളുന്ന സ്ഥാപനപരമായ ചട്ടക്കൂട് രൂപപ്പെട്ടു. ആരാധനാലയത്തിന്‍റെ പുനർനിർമാണം എന്നതിലുപരി സാംസ്കാരിക-ബൗദ്ധിക കേന്ദ്രമെന്ന നിലയിലാണു സോമനാഥ് പുനർനിർമിക്കപ്പെട്ടത്.

1951 മെയ് 11ന് അതിരാവിലെ പ്രഥമ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിന്‍റെ സാന്നിധ്യത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങുകൾ രാജ്യത്തിന്‍റെ പൊതുവായ സാംസ്കാരിക സ്മൃതികളെ ഊട്ടിയുറപ്പിച്ചു.

ഇന്ത്യ@2047ലേക്കു രാജ്യം മുന്നേറുമ്പോൾ, ഈ നാഗരിക മൂല്യങ്ങൾക്കു പുതിയ പ്രസക്തി കൈവരുന്നു. സാങ്കേതിക മുന്നേറ്റങ്ങളും ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, പുരോഗതി കരുണയെ കൈവിടേണ്ടതില്ലെന്നും അധികാരം സംയമനത്തെ ഉപേക്ഷിക്കേണ്ടതില്ലെന്നും കാണിച്ചുകൊടുക്കുന്നതിലാണ് ഇന്ത്യ മാനവരാശിക്കു നൽകുന്ന സംഭാവന അടങ്ങിയിരിക്കുന്നത്. യഥാർഥ നേതൃത്വം, അ‌തു ദേശീയമായാലും ആഗോള തലത്തിലായാലും, നിലനിൽക്കുന്നതു കരുത്തിനാൽ മാത്രമല്ല; മറിച്ച്, വിവേകത്തിലൂടെയും സ്മരണകളിലൂടെയും പങ്കിട്ട മാനുഷിക അന്തസിനോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയിലൂടെയുമാണെന്നു സോമനാഥിന്‍റെ അതിജീവനം നമ്മെ ഓർമിപ്പിക്കുന്നു.

പ്രഭാസ് പാടണിലെ ശ്രീ സോമനാഥ ജ്യോതിർലിംഗം പ്രതിനിധാനം ചെയ്യുന്ന നാഗരിക പൈതൃകം, ആത്മീയ അതിജീവനം, സാംസ്കാരിക തുടർച്ച എന്നിവയിൽ അധിഷ്ഠിതമായ ഒരു വർഷം നീണ്ടു നിൽക്കുന്ന ദേശീയ അനുസ്മരണമായാണ് "സോമനാഥ് സ്വാഭിമാൻ പർവ്- 2026-27' വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നാഗരിക ചരിത്രത്തിൽ സോമനാഥിനു സവിശേഷമായ സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകളിലുടനീളം ആവർത്തിച്ചുണ്ടായ നാശനഷ്ടങ്ങൾക്കിടയിലും, ജനങ്ങളുടെ കൂട്ടായ നിശ്ചയദാർഢ്യത്തിലൂടെ ഈ ക്ഷേത്രം പലയാവർത്തി പുനർനിർമിക്കപ്പെട്ടു. സാംസ്കാരിക തുടർച്ചയുടെയും ആത്മീയ ശക്തിയുടെയും ദേശീയ ആത്മവിശ്വാസത്തിന്‍റെയും ജീവസുറ്റ തെളിവായി ഇതു നിലകൊള്ളുന്നു.

രാജ്യത്തിന്‍റെ നാഗരിക യാത്രയിലെ രണ്ട് പ്രധാന നാഴികക്കല്ലുകളെയാണ് (2026 ജനുവരി 8 മുതൽ 11 വരെ ആരംഭിച്ച) സോമനാഥ് സ്വാഭിമാൻ പർവ് അടയാളപ്പെടുത്തുന്നത്: 1026ൽ സോമനാഥ ക്ഷേത്രത്തിന് നേരെ രേഖപ്പെടുത്തപ്പെട്ട ആദ്യ ആക്രമണത്തിനു ശേഷമുള്ള 1,000 വർഷങ്ങളും, സ്വാതന്ത്ര്യത്തിനു ശേഷം 1951ൽ പുനർനിർമിച്ച ക്ഷേത്രം തുറന്നു കൊടുത്തതിന്‍റെ 75ാം വർഷവും.

അതിലൂടെ, അതിജീവനത്തിന്‍റെയും കൂട്ടായ സ്മരണയുടെയും സാംസ്കാരിക സ്വാഭിമാനത്തിന്‍റെയും ഐക്യരൂപമായ ദേശീയ പ്രതീകമായി സോമനാഥിനെ പ്രതിഷ്ഠിക്കുന്നു. രാജ്യത്തുടനീളം നിരവധി പരിപാടികൾ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. യാത്രകൾ, സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ കൂടാതെ ജ്യോതിർലിംഗങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ, ശിവക്ഷേത്രങ്ങൾ എന്നിവിടങ്ങളിലായി പ്രത്യേക പരിപാടികളും നടക്കും. ഈ ആഘോഷങ്ങൾ ഇന്നു നടക്കുന്ന ബൃഹത്തായ ദേശീയ പരിപാടിയോടെ സമാപിക്കും.

ശ്രീ സോമനാഥ ട്രസ്റ്റ് ചെയർമാൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സോമനാഥ് സമഗ്രമായ നവോത്ഥാനത്തിന്‍റെ പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഭരണപരിഷ്കാരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, പൈതൃക സംരക്ഷണം, സാംസ്കാരിക സംരംഭങ്ങൾ എന്നിവ ക്ഷേത്രത്തെ സജീവ ആത്മീയ കേന്ദ്രമെന്ന നിലയിൽ ശക്തിപ്പെടുത്തി. സുസ്ഥിരതാ നടപടികളും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സേവന സംരംഭങ്ങളും, സമകാലിക ഉത്തരവാദിത്വത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്നതിലൂടെയും നാഗരിക മൂല്യങ്ങൾ എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു.

സാംസ്കാരികവും ആത്മീയവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിലൂടെ സോമനാഥ് സ്വാഭിമാൻ പർവ് ആധുനിക സമൂഹത്തെ അതിന്‍റെ സംസ്കാരത്തിന്‍റെ അഗാധമായ സത്തയുമായി ബന്ധിപ്പിക്കുന്നു. സോമനാഥ ക്ഷേത്രം എന്നത് അതിന്‍റെ ഭൗതിക രൂപം മാത്രമല്ല; മറിച്ച്, ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു ബോധപൂർവം കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളിലും ഉത്തരവാദിത്വങ്ങളിലുമാണ് അതിന്‍റെ യഥാർഥ സത്ത അടങ്ങിയിരിക്കുന്നതെന്ന് ഇത് ഓരോ തലമുറയെയും ഓർമിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, സോമനാഥ് ഇന്നു പുനരുദ്ധരിക്കപ്പെട്ട ആരാധനാലയമായി മാത്രമല്ല; മറിച്ച്, ജീവസുറ്റ തീർഥമായി കൂടിയാണ് നിലകൊള്ളുന്നത്.

21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ യാത്ര തുടരുമ്പോൾ, സോമനാഥിന്‍റെ ചൈതന്യം ഒരു മാർഗനിർദേശക തത്വം വാഗ്ദാനം ചെയ്യുന്നു: ഒരു നാഗരികത അതിന്‍റെ വേരുകളിൽ ഉറച്ചുനിൽക്കുമ്പോൾ കരുത്തുള്ളതായും, മാറുന്ന കാലത്തിനനുസരിച്ച് പൊരുത്തപ്പെടുമ്പോൾ പ്രസക്തമായും, എല്ലാവരെയും ഉൾക്കൊള്ളുമ്പോൾ ഐക്യമുള്ളതായും നിലനിൽക്കുന്നു.

ലക്ഷ്യബോധത്തോടെ കെട്ടിപ്പടുക്കാനും, സമചിത്തതയോടെ പ്രവർത്തിക്കാനും, നാം ആരാണെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തോടെ മുന്നേറാനും സോമനാഥിന്‍റെ പൈതൃകം എന്നും നമുക്കു പ്രചോദനമാകട്ടെ.

ജയ് സോമനാഥ്!

വന്ദേ മാതരം!

(കേന്ദ്ര സാംസ്കാരിക- വിനോദ സഞ്ചാര വകുപ്പ് മന്ത്രിയാണ് ലേഖകൻ)

ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ