അന്തരിച്ച മഹാഗായകൻ പി. ജചന്ദ്രനുമായുള്ള സംഗീതത്തിലെയും ജീവിതത്തിലെയും ആത്മബന്ധത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതുന്നു... 
Special Story

''അവൻ എന്‍റെ അനുജൻ...'', ജയചന്ദ്ര സ്മൃതിയിൽ ശ്രീകുമാരൻ തമ്പി

അന്തരിച്ച മഹാഗായകൻ പി. ജചന്ദ്രനുമായുള്ള സംഗീതത്തിലെയും ജീവിതത്തിലെയും ആത്മബന്ധത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതുന്നു...

ശ്രീകുമാരൻ തമ്പി

എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ. ഏതാണ്ട് അരനൂറ്റാണ്ടു കാലത്തെ ബന്ധമാണ് ജയചന്ദ്രനുമായി എനിക്കുള്ളത്. സഹോദര തുല്യൻ. ഞാൻ ജയൻ എന്നാണ്‌ വിളിക്കുന്നത്. എന്നെക്കാൾ നാലു വയസിനു താഴെയാണെങ്കിലും ജയൻ എന്നെയും പേരാണ് വിളിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് മലയാള സിനിമാ വേദിയിൽ പ്രവേശിച്ചത്.

ജയന്‍റെ ഹിറ്റ് പാട്ടുകളേറെയും എന്‍റെ ഗാനങ്ങളായിരുന്നുവെന്നത് ഈ ദുഃഖ അവസരത്തിൽ ഓർക്കുകയാണ്. ജയന്‍റെ വിടവാങ്ങൽ വളരെ വേദന ജനിപ്പിക്കുന്നതാണ്. സുഖമില്ലാതിരുന്നുവെന്ന് അറിഞ്ഞിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന് വേർപാട് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. 1966ൽ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയ്ക്കു വേണ്ടിയാണ് ജയൻ ആദ്യമായി പാടിയതെങ്കിലും, കളിത്തോഴൻ എന്ന സിനിമയ്ക്കുവേണ്ടി ജയചന്ദ്രൻ പാടിയ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു എന്ന ഗാനമാണ് ആദ്യം പുറത്തുവന്നത്. ഇതേ ചിത്രത്തിലെ 'താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനെ...' എന്നൊരു ഗാനംകൂടി ജയചന്ദ്രൻ പാടിയിരുന്നു.

ഞാനെഴുതിയ ഗാനം ജയചന്ദ്രന്‍റെ ശബ്ദത്തിൽ ആദ്യമായി വരുന്നത് ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയിലാണ്. ആ ചിത്രത്തിനുവേണ്ടി ആദ്യമായി റെക്കോഡ്‌ ചെയ്തതും ആ ഗാനംതന്നെ. അപ്പോഴേക്കും ഞാനും ജയനും സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞാൻ എഴുതിയ ഇരുനൂറിലധികം പാട്ടുകൾ ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിക്കഴിഞ്ഞു. ഇവയിൽ ഭൂരിപക്ഷവും സൂപ്പർ ഹിറ്റുകളാണ്. ഞാൻ നിർമിച്ച ടിവി പരമ്പരകളിൽ പതിവായി ശീർഷകഗാനം പാടിയിരുന്നത് ജയനാണ്.

ഞാൻ സ്വന്തമായി നിർമിച്ച് സംവിധാനംചെയ്ത ആദ്യ സിനിമയായ 'ചന്ദ്രകാന്തം' എന്ന സിനിമയ്ക്കുവേണ്ടി എം.എസ്. വിശ്വനാഥന്‍റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ 'രാജീവ നയനേ നീയുറങ്ങൂ, രാഗവിലോലേ നീയുറങ്ങൂ...' എന്ന ഗാനമാണ് ജയൻ എനിക്കുവേണ്ടി പാടിയ അസംഖ്യം ഹിറ്റുകളിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്. 'ലങ്കാദഹനം' എന്ന ചിത്രത്തിലെ 'തിരുവാഭരണം ചാർത്തിവിടർന്നു തിരുവാതിര നക്ഷത്രം' എന്ന ഗാനം പാടിക്കഴിഞ്ഞാണ് ജയൻ എന്നോട് ചോദിച്ചത്, എന്‍റെ നക്ഷത്രം തിരുവാതിരയാണെന്ന് തമ്പിക്കറിയാമോ?' സത്യമായിട്ടും ആ പാട്ടെഴുതുമ്പോൾ എനിക്കത് അറിയുമായിരുന്നില്ല.

സൗഹൃദത്തിന്‍റെ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും ഞങ്ങൾ തമ്മിൽ പിണങ്ങിയിട്ടില്ല. എം.കെ. അർജുനൻ സംഗീതം ചെയ്ത 'യമുനേ... യമുനേ... പ്രേമയമുനേ യദുകുലരതിദേവനെവിടെ...' എന്ന സൂപ്പർഹിറ്റ് ഗാനം എസ്. ജാനകിയുമായി ചേർന്നാണ് ജയൻ ആലപിച്ചത്. ആ പാട്ട് സംഭവിക്കുമ്പോൾ എനിക്ക്‌ പ്രായം 29, ജയചന്ദ്രന് 25, അർജുനന് 33. ഇങ്ങനെ ഓർമകൾ ഒത്തിരിയുണ്ട്. ഈ വേദന തിങ്ങുന്ന സമയത്ത് കൂടുതലൊന്നും പറയാൻ കഴിയില്ല.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു