ശ്രീലങ്കയുടെ വെട്ടം കെടുത്തുന്ന കുരങ്ങു വിദ്യ Photograph: Ishara S Kodikara/AFP/Getty Images
Special Story

കുരങ്ങൻ പണിയൊപ്പിച്ചു, ശ്രീലങ്ക നിശ്ചലമായി

അനിയന്ത്രിത കുരങ്ങൻ കൂട്ടം വലിയ ശല്യമാണെന്നത് ശ്രീലങ്ക നമ്മെ പഠിപ്പിക്കുന്നു

കൊളംബോ: ഇക്കഴിഞ്ഞ ഫെബ്രുവരി 9നാണ് ശ്രീലങ്കയുടെ വെട്ടം കെടുത്തിയ ആ സംഭവമുണ്ടായത്. ആ ദ്വീപു രാഷ്ട്രമൊന്നാകെ നിശ്ചലമായി. ഫാക്റ്ററികളും ആശുപത്രികളും നിശ്ചലാവസ്ഥയിലായി. കാരണമറിയാതെ ജനങ്ങൾ കുഴങ്ങി. ദ്വീപ് രാജ്യത്തിനു നാണക്കേടുണ്ടാക്കിയ കുരങ്ങൻ അതോടെ വൈറലായി. പാശ്ചാത്യ മാധ്യമങ്ങളിൽ വരെ കുരങ്ങന്‍റെ വികൃതി വാർത്തയുമായി.

ഊർജ പ്രതിസന്ധിയാണ് വൈദ്യുതി തടസപ്പെട്ടതിനെന്നാണ് ആദ്യം എല്ലാവരും കരുതിയതെങ്കിലും തികച്ചും വിചിത്രമായ മറ്റൊരു കാരണഭൂതനായിരുന്നു അവരെ കാത്തിരുന്നത്. മറ്റാരുമല്ല, കേവലമൊരു കുരങ്ങൻ!

ശ്രീലങ്കയിലെ ഒരു ഇലക്‌ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിലേയ്ക്കു നുഴഞ്ഞു കയറിയ കുരങ്ങച്ചന്‍റെ കുസൃതികൾ ഏകദേശം 11.30 മുതൽ വൈദ്യുതി തടസപ്പെടുത്താൻ കാരണമായി.

മൂന്നു മണിക്കൂറിനു ശേഷവും രാജ്യം മുഴുവൻ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കാനാകാതെ സർക്കാർ കുഴങ്ങി. മെയിൻ ഗ്രിഡ് ട്രാൻസ്ഫോർമറിൽ കുരങ്ങൻ ഒപ്പിച്ച പണിയാണ് ശ്രീലങ്കയെ വെട്ടിലാക്കിയതെന്ന് ഊർജ മന്ത്രി കുമാര ജയക്കൊടി അറിയിച്ചു.

കുരങ്ങന്മാരുടെ ശല്യം മൂലം മനുഷ്യ ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യ. വന്യ മൃഗ സ്നേഹ കാപട്യം മൂത്ത ഇന്ത്യയിലെ മണ്ടൻ നിയമം മൂലം കഴിഞ്ഞ മാസമാണ് പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരുന്ന സ്കൂൾ വിദ്യാർഥിനിയെ പടിക്കെട്ടിൽ നിന്നു തള്ളിയിട്ട് കുരങ്ങൻ കാലപുരിയ്ക്കയച്ചത്.

നിലവിൽ ഇപ്പോൾ കേരളത്തിലും മുമ്പെങ്ങുമില്ലാത്ത വിധം കുരങ്ങന്മാരുടെ ശല്യം കൂടി വരികയാണ്. സാധാരണക്കാരായ കർഷകർക്കു മാത്രമല്ല, ഭരണ സംവിധാനങ്ങൾക്കും ഈ അനിയന്ത്രിത കുരങ്ങൻ കൂട്ടം വലിയ ശല്യമാണെന്നത് ശ്രീലങ്ക നമ്മെ പഠിപ്പിക്കുന്നു. ഇനിയെങ്കിലും ബധിര കർണങ്ങൾ തുറന്നെങ്കിൽ? ഗാന്ധാര നേത്രങ്ങൾ കെട്ടുകളഴിച്ച് നിറ കണ്ണോടെ ഇതൊക്കെയൊന്നു കണ്ടെങ്കിൽ?

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്