മരണത്തിലേക്ക് തിരക്കു കൂട്ടുന്നവർ!!
representative image
കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്ത് തിക്കിലും തിരക്കിലും പെട്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി വിവിധ പരിപാടികളിൽ നൂറിലധികം പേർ മരണത്തിന് കീഴടങ്ങി. കൃത്യമായി പറഞ്ഞാൽ 114 ജീവനുകൾ.
കുംഭ മേള ദുരന്തം, ഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം, ബംഗളൂരു ഐപിഎൽ ദുരന്തം, ഒഡീശ രഥയാത്ര, കരൂർ ദുരന്തം എന്നിവയാണ് ഏറെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട ആഘോഷങ്ങൾ.
ഇത് വളരെ ആശങ്കാജനവും ഭയം ഉളവാക്കുന്നതുമായ സാഹചര്യമാണ്. ഒരു പരിപാടി നടക്കുന്നു, അതിലേക്ക് ആളുകൾ ഏറെ സന്തോഷത്തോടെ പങ്കെടുക്കാനെത്തുന്നു. പക്ഷേ ഫലം... ശ്വാസം മുട്ടിയും ചവിട്ടുകൊണ്ടും അതിദാരുണമായി കൊലചെയ്യപ്പെടുന്നു.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്‍? ആരാണ് ഇതിന് ഉത്തരവാദികൾ എന്നത് വളരെ വലിയൊരു ചോദ്യമാണ്. പലപ്പോഴും കൃത്യമായ ഉത്തരമില്ലാത്ത ചോദ്യം...
തയാറെടുപ്പുകളിലെ പാളിച്ചകൾ, പ്രതീക്ഷിക്കാത്ത തിരക്ക്, സംഘാടകരുടെ പിഴവുകൾ തുടങ്ങി ഒന്നിലധികം കാരണങ്ങൾ ഇതിന് ഉത്തരമായി പറയപ്പെടാറുണ്ട്. ഇതെല്ലാം ഒരു സാധ്യതയായി പരിഗണിക്കുമ്പോഴും ചോദ്യം ഉത്തരമില്ലാതെ നില നിൽക്കുന്നു.
മറ്റൊരു സാധ്യത മനുഷ്യമനസിനെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു കൂട്ടം ആളുകൾ ഒന്നിച്ച് കൂടുന്നതിനെ പലപ്പോഴും ഭരണാധികാരികളും പ്രമുഖരുമടക്കം ഭയപ്പെടാറുണ്ട്. കാരണം ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഒപ്പമുള്ള ആളുകൾക്ക് പോലും മനസിലാവില്ല എന്നതാണ് വാസ്തവം. ഒരാൾ വിചാരിച്ചാൽ പോലും ഒരു പരിപാടിയെ തകിടം മറിക്കാനാവും. അത്തരത്തിൽ വളരെ ആളുകൾ കൂടി നിൽക്കുന്ന സമ്മർദം നിറഞ്ഞ സാഹചര്യത്തിൽ എങ്ങനെയാണ് ആളുകൾ പ്രവർത്തിക്കുക എന്ന് പറയാനാവില്ല. എന്നിരുന്നാലും ഇതൊരു സാധ്യത മാത്രമായി നിലകൊള്ളുന്നതാണ്.
ഇനിയും ഇത്തരം ദുരന്തങ്ങളുണ്ടാവാതിരിക്കാൻ അധികാരികളടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രശ്നമുണ്ടാവുമ്പോൾ അതിന്‍റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വച്ച് കൈ ഒഴിയാതെ അതിന്‍റെ യഥാർഥ കാരണം കണ്ടെത്തി അവ ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്.