കാര്‍ട്ടൂണുകള്‍ വിമര്‍ശന കലയല്ലേ സര്‍...?

 
Special Story

കാര്‍ട്ടൂണുകള്‍ വിമര്‍ശന കലയല്ലേ സര്‍...?

കാര്‍ട്ടൂണുകളിലെ വിമര്‍ശനം പലപ്പോഴും തങ്ങളെ നേരേ നയിക്കാനും, തെറ്റുകള്‍ തിരുത്താനും കാരണമായിട്ടുണ്ടെന്ന് പല നേതാക്കളും പറഞ്ഞിട്ടുണ്ട്

MV Desk

വിജയ് ചൗക്ക്|സുധീര്‍ നാഥ്

രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ വിമര്‍ശനമാണു മുന്നോട്ടു വയ്ക്കുന്നത്. വിമര്‍ശന കലയാണ് കാര്‍ട്ടൂണുകള്‍ എന്നാണല്ലോ പറയാറുള്ളത്. കാര്‍ട്ടൂണുകളിലെ വിമര്‍ശനം പലപ്പോഴും തങ്ങളെ നേരേ നയിക്കാനും, തെറ്റുകള്‍ തിരുത്താനും കാരണമായിട്ടുണ്ടെന്ന് പല നേതാക്കളും പറഞ്ഞിട്ടുണ്ട്. കാര്‍ട്ടൂണുകളോട് ഭയമുള്ളതു കൊണ്ടായിരിക്കും താന്‍ കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറേയില്ല എന്ന് ഒരിക്കല്‍ ഈ ലേഖകനോട് തന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാട് പറയുകയുണ്ടായി. തെറ്റുകള്‍ തിരുത്താന്‍ കാര്‍ട്ടൂണുകള്‍ കാരണമായിട്ടുണ്ടെന്ന് കെ. കരുണാകരനും മറ്റൊരിക്കല്‍ പറയുകയുണ്ടായി. ഒരു കാലത്ത് മാധ്യമങ്ങളുടെ ഒന്നാം പുറത്തു തന്നെ കാര്‍ട്ടൂണുകള്‍ വരുന്ന കാലമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ ആസ്വദിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി വിമര്‍ശനം അംഗീകരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. വര്‍ത്തമാനകാലത്ത് പ്രത്യേകിച്ച് ഭരണകര്‍ത്താക്കളില്‍ അസഹിഷ്ണുത വല്ലാതെ മേല്‍ക്കൈ സ്ഥാപിച്ചിരിക്കുന്നു എന്നു വേണം മനസിലാക്കുവാന്‍.

രാജസദസുകളിലെ വിദൂഷകന്‍മാര്‍ ചിരിപ്പിക്കുക എന്ന കർമം നിര്‍വഹിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടവരാണ്. ചക്രവര്‍ത്തിമാരേയും, രാജാക്കന്മാരേയും വിദൂഷകന് എന്തും പറയാം, കളിയാക്കാം. എന്നാല്‍ അത് ഒരു സാധാരണക്കാരന്‍ പറഞ്ഞാല്‍ തല കാണില്ല. വിദൂഷകന്‍ എന്തു പറഞ്ഞാലും രാജാവിന്‍റെ കോപത്തിന് കാരണമാകാറില്ല. ദുഷ്യന്ത രാജാവിന്‍റെ വിദൂഷകന്‍ അദ്ദേഹത്തോട് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഷെയ്ക്സ്പിയറുടെ ലീയര്‍ രാജാവ് എന്ന നാടകത്തില്‍ ലീയര്‍ ചോദിക്കുമ്പോള്‍ വിദൂഷകന്‍ മറുപടി പറയുന്നത്. രാജാവിന്‍റെ വ്യക്തിത്വം നശിച്ചു പോയെന്നും, താന്‍ അദ്ദേഹത്തിന്‍റെ നിഴലാണെന്നുമാണ്. കാര്‍ട്ടൂണിസ്റ്റുകളും ഇത്തരം വിദൂഷകന്‍മാരെ പോലെയാണ്. വിദൂഷകരുടെ സ്ഥാനം കാര്‍ട്ടൂണിസ്റ്റുകള്‍ ഏറ്റെടുത്തിരുന്നു.

പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ കാര്‍ട്ടൂണിസ്റ്റുകളെ കുറിച്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. ഒരു സംഭവത്തെപ്പറ്റി പത്ത് കാര്‍ട്ടൂണിസ്റ്റുകള്‍ പത്തു തലത്തിലാകും ചിന്തിക്കുക. ഓരോരുത്തരും വ്യക്തിപരമായ വ്യത്യാസമുള്ളവരായിരിക്കും. ഒരു ഉദാഹരണം അദ്ദേഹം സൂചിപ്പിച്ചത് ഇങ്ങനെ. സര്‍ക്കസ് ആരംഭിക്കുന്നത് ഒരു മാര്‍ച്ച് പാസ്റ്റ് എന്ന ആദ്യ രംഗത്തോടെയാണ്. നെറ്റിപ്പട്ടം കെട്ടിയ ആന സർവാംഗ സുന്ദരിയും അല്‍പ്പവസ്ത്രധാരിയുമായ ഒരു പെണ്ണിനെ തുമ്പിക്കൈയ്യില്‍ ഇരുത്തിയാണ് സാധാരണ വരാറ്. സര്‍ക്കസ് കാണാന്‍ വന്ന ഒരാള്‍ തൊട്ടടുത്തിരുന്ന സുഹ്യത്തിനോട് ചോദിക്കുകയാണ്. എടോ ആ ആനയെ കണ്ടോ...?ആകര്‍ഷണീയതയുടെ മാസ്മര നിദ്രയില്‍ നിന്ന് ഉണര്‍ന്ന സ്നേഹിതന്‍ അത്ഭുതം കൂറി. ങേ ആനയോ...? എവിടെ...?! പെണ്ണിനെ ശ്രദ്ധിച്ച അയാള്‍ ആനയെ കണ്ടില്ല. ഇവിടെ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നെങ്കില്‍ ആനയെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയായും, പെണ്ണിനെ അവരുടെ വനിതാ നേതാവായും മറ്റും ചിന്തിച്ചേനേ. സര്‍ക്കസ് കൂടാരത്തില്‍ വേറേയും കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ മറ്റു പല രീതിയിലും ഇതിനെ കണ്ടേനേ.

ആദ്യമായി മദ്യനിരോധനം ഏര്‍പ്പെടുത്തിയത് ശ്രീകൃഷ്ണനാണ്. അതുപോലെ ചരിത്രത്തിലാദ്യമായി ചിരി നിരോധിച്ചു കൊണ്ട് ശ്രീരാമന്‍റെ ഒരു നിയമ പ്രഖ്യാപനമുണ്ടായി. അങ്ങനെ അയോധ്യയില്‍ ഒരിടയ്ക്ക് ചിരിക്ക് നിരോധനമുണ്ടായിട്ടുണ്ട്. രാവണ നിഗ്രഹസമയത്ത് ശ്രീരാമന്‍ രാവണന്‍റെ ശിരസുകള്‍ ഓരോന്നായി അമ്പെയ്ത് മുറിച്ചുകൊണ്ടിരുന്നു. ഓരോ ശിരസ് ഛേദിക്കപ്പെടുമ്പോളും അത് എല്ലാ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട് ശ്രീരാമന്‍റെ കാല്‍ക്കല്‍ വന്നു വീഴും. ചിരിച്ചുകൊണ്ടുള്ള ആ ശിരസുകളുടെ വരവ് തന്നെ വിഴുങ്ങുവാനാണോ എന്ന് ശ്രീരാമന്‍ ഭയന്നു. ശ്രീരാമന് കോപവും ഭീതിയും വളര്‍ന്നു. ഉടനെ ലക്ഷ്മണനെ വിളിച്ച് പെരുമ്പറ മുഴക്കുവാന്‍ ഏര്‍പ്പാടാക്കി. തത്ഫലമായി എല്ലായിടത്തും വിളംബരമുണ്ടായി: "മേലില്‍ ആരും ചിരിക്കരുത്. ചിരിക്കുന്നത് ശിക്ഷാര്‍ഹമാണ്'.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ 125ാം ജന്മദിന ആഘോഷങ്ങള്‍ക്ക് കായംകുളത്ത് തുടക്കം കുറിച്ചിരിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആണ് ഇന്ത്യയിലെ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ക്ക് പ്രചാരം നല്‍കിയ വ്യക്തി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ പിതാവെന്നും, കുലപതി എന്നുമുള്ള വിശേഷണവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇന്ന് കാര്‍ട്ടൂണുകള്‍ക്ക് പഴയപോലുള്ള പ്രൗഢിയുണ്ടോ? ഇല്ലെന്നു തന്നെ പറയണം. കാര്‍ട്ടൂണുകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ തിളങ്ങി നിന്ന കാലമുണ്ടായിരുന്നു. 80കളിലും 90കളിലും ആയിരുന്നു അത്. കാര്‍ട്ടൂണ്‍ കല ശങ്കറിന്‍റെ കാലം മുതല്‍ 90കളുടെ അവസാനം വരെ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. 2000ത്തിനു ശേഷം കാര്‍ട്ടൂണിന്‍റെ പ്രചാരം മാധ്യമങ്ങളില്‍ കുറഞ്ഞു വന്നു എന്നു പറഞ്ഞാല്‍ അത് തെറ്റാകുമെന്ന് തോന്നുന്നില്ല. മലയാള കാര്‍ട്ടൂണ്‍ മാത്രമാണ് ഇന്ന് അല്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ദേശീയ തലത്തില്‍ വിമര്‍ശന കലയായ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയ പത്രങ്ങളിലൊക്കെ വല്ലപ്പോഴും അകം പേജില്‍ ചെറിയ വലുപ്പത്തില്‍ ഒരു രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ വന്നാലായി എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ലോഡ് ലിന്‍ലിത്ഗോയെ കഥാപാത്രമാക്കി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്‍റെ മുന്‍ പേജില്‍ തന്നെ അച്ചടിച്ച് വന്ന അനുഭവം ഉണ്ട്. 1941ല്‍ ശിവരാത്രിയുടെ പിറ്റേന്ന് ശങ്കര്‍ വരച്ച വൈസ്രോയിയെ വിമര്‍ശിച്ചു കൊണ്ടുള്ള കാര്‍ട്ടൂണായിരുന്നു അത്. എഡിറ്ററായ ദേവദാസ് ഗാന്ധി അതു കണ്ടത് പത്രം കൈയില്‍ കിട്ടിയപ്പോള്‍ മാത്രമായിരുന്നു. വൈസ്രോയി ലോഡ് ലിന്‍ലിത്ഗോ ഭദ്രകാളിയുടെ വേഷത്തില്‍ കലി തുള്ളി ശ്മശാനത്തിലെ ചുടലകളത്തില്‍ ശിവതാണ്ഡവ നൃത്തം ചെയ്യുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ കണ്ട് വൈസ്രോയി കര്‍ശന നടപടി എടുക്കുമെന്നും പത്രം അടച്ചുപൂട്ടേണ്ടിവരുമെന്നും ഭയന്ന എഡിറ്റര്‍ അക്കാര്യം ശങ്കറിനോട് പറയുകയും ചെയ്തു. തന്‍റെ കാര്‍ട്ടൂണ്‍ വരപ്പ് ഇതോടെ തീര്‍ന്നെന്ന് ശങ്കര്‍ ഭയപ്പെട്ടു. പ്രതീക്ഷിച്ച പോലെ പത്രം ഇറങ്ങിയ അന്ന് വൈസ്രോയിയുടെ ഓഫിസില്‍ നിന്ന് രാവിലെ 11 മണിക്ക് മിലിറ്ററി സെക്രട്ടറി ഹിന്ദുസ്ഥാന്‍ ടൈംസിലേക്കു വിളിച്ചു. ആ വിളി കാര്‍ട്ടൂണിസ്റ്റ് ശങ്കറെ തേടിയായിരുന്നു. സ്വാതന്ത്ര്യ സമരം ശക്തപ്പെട്ട കാലമാണ്. പേടിച്ചരണ്ട ശങ്കര്‍ ഫോണ്‍ എടുത്തു. മറുതലയ്ക്കല്‍ വൈസ്രോയി. ശങ്കര്‍, എന്‍റെ കുട്ടീ... നിങ്ങള്‍ അതി ഗംഭീരമായ കാര്‍ട്ടൂണാണ് വരച്ചിരിക്കുന്നത്. എനിക്കാ കാര്‍ട്ടൂണിന്‍റെ ഒറിജിനല്‍ ഒപ്പോടു കൂടി എനിക്ക് അടിയന്തിരമായി എത്തിച്ചു തരണം. അദ്ദേഹം ശങ്കറിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ വിമര്‍ശനം ഉള്‍കൊണ്ടിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ 60ാം വാര്‍ഷികാഘോഷവേളയില്‍ അത്രതന്നെ പഴക്കമുള്ള ഒരു കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ഒരു സംഭവമുണ്ടായി. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവും മലയാളിയുമായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 60 വര്‍ഷം മുന്‍പ് ശങ്കേഴ്സ് വീക്കിലിയില്‍ വരച്ച നെഹ്റുവും അംബേദ്ക്കറും കഥാപാത്രമായ കാര്‍ട്ടൂണായിരുന്നു അത്. 2012 മെയ് 11 ന് വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെ ലോക്സഭാംഗം തോള്‍ തിരുമാളവന്‍ വഴിയാണ് ലോക്സഭയില്‍ കാര്‍ട്ടൂണ്‍ പ്രശ്നം പൊന്തിവന്നത്. ലോക്സഭയില്‍ പ്രശ്നം ഉന്നയിച്ചപ്പോള്‍ അടുത്തവര്‍ഷം മുതല്‍ പുസ്തകത്തില്‍ നിന്ന് കാര്‍ട്ടൂണ്‍ നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞത് ഒരു കമ്മിഷനെ നിയമിച്ച് പ്രകോപനപരമായ എല്ലാ കാര്‍ട്ടൂണുകളും കണ്ടെത്തി നീക്കം ചെയ്യുമെന്നാണ്. വേറെയും കാര്‍ട്ടൂണ്‍ പുസ്തകത്തില്‍ ഉള്ളത് പ്രകോപനപരമാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

നെഹ്റുവിന്‍റെയും അംബേദ്ക്കറുടെയും പിന്‍തലമുറക്കാരാണ് അതിനായി പാര്‍ലമെന്‍റില്‍ ബഹളം വച്ചത്. ചിരിക്കാന്‍ മറന്ന നേതൃത്വമാണ് രാഷ്‌ട്രത്തിനുള്ളതെന്ന് മനസിലാക്കിയ നിമിഷം. മായാവതി എന്ന ദളിത് നേതാവാണ് ഏറ്റവും വലിയ കോമാളിയായി രാജ്യസഭയില്‍ നിറഞ്ഞു നിന്നത്. അംബേദ്ക്കറെ അവഹേളിച്ച കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു അവിടെ ഉയര്‍ന്ന മറ്റൊരാവശ്യം. 60 വര്‍ഷം മുന്‍പുള്ള ശങ്കര്‍ വരച്ച കാര്‍ട്ടൂണാണ് വിഷയമെന്നോ, വരച്ച ശങ്കര്‍ ജീവിച്ചിരിക്കുന്നില്ല എന്നതോ ആ ദീദിക്ക് അറിയില്ല. വിഷയമെന്തെന്ന് അറിയാതെ സഭയില്‍ ബഹളം കൂട്ടിയ മായാവതി ഒന്നു തണുത്തത് ക്രിമിനല്‍ കേസ് എടുക്കാന്‍ പറ്റുമോ എന്ന് നിയമ വകുപ്പുമായി ചര്‍ച്ച ചെയ്യാമെന്ന് മുതിര്‍ന്ന വക്കീല്‍ കൂടിയായ നിയമ മന്ത്രി സഭയ്ക്ക് ഉറപ്പു നല്‍കിയപ്പോഴാണ്.

പാര്‍ലമെന്‍റിന്‍റെ 60ാം പിറന്നാളില്‍ ജെഡിയുവിന്‍റെ നേതാവ് ശിവാനന്ദ് തിവാരിക്ക് ലഭിച്ച 10 മിനിറ്റ് പ്രസംഗത്തില്‍ മായാവതിക്ക് ചുട്ടമറുപടിയും നല്‍കി. മായാവതിക്കെന്നല്ല സഭയിലുള്ളവര്‍ക്കൊന്നും നര്‍മ്മം ഉള്‍ക്കൊള്ളാന്‍ കഴിവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് അംഗം ഫറിഫുദ്ദീന്‍ ഷാരിഖ് ഇത്തരം വിഷയം ചര്‍ച്ച ചെയ്യുക വഴി സ്വയം അപമാനിതരാകുകയാണെന്ന് സഭയെ ഓർമിപ്പിച്ചു. മലയാളിയായ ശങ്കറിനെ സഭയില്‍ അപമാനിച്ചപ്പോള്‍ മലയാളികളായ എംപിമാര്‍ മൗനം പാലിക്കുകയായിരുന്നു എന്നത് ഓരോ മലയാളിയും വേദനയോടെയാണ് ഓര്‍ക്കേണ്ടത്. ദളിത് വോട്ട് ബാങ്ക് തകര്‍ന്ന് തരിപ്പണമാകുമോ എന്ന പേടിയായിരിക്കണം നമ്മുടെ നേതാക്കള്‍ക്ക്... അത് നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ത്യാഗവും ചെയ്യും.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കാലം മുതല്‍ 90കളുടെ അവസാനം വരെയായിരുന്നു ഇന്ത്യയിലെ രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ സുവര്‍ണ്ണകാലം എന്ന് നമുക്ക് പറയാവുന്നതാണ്. ശക്തമായ ആയിരക്കണക്കിന് കാര്‍ട്ടൂണുകള്‍ ആണ് മാധ്യമങ്ങളുടെ താളുകളില്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. 2000ത്തിന്‍റെ ആരംഭം മുതല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ട് ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കാലം... പത്രമാധ്യമങ്ങള്‍ അവരുടെ പ്രിന്‍റിങ് ടെക്നോളജിയില്‍ മാറ്റം വരുത്തുന്ന കാലം... വലിയ വളര്‍ച്ച സംഭവിക്കുന്നത് ഈ കാലത്ത് തന്നെയാണ്.

അച്ചടി രംഗം വളര്‍ന്ന് ഓഫ് സെറ്റിലേക്ക് മാറിയപ്പോള്‍ കാര്‍ട്ടൂണുകളുടെ എണ്ണവും കൂടി എന്നുള്ളത് ഒരു വസ്തുതയാണ്. ദൃശ്യമാധ്യമങ്ങളുടെ വരവോടുകൂടി കാര്‍ട്ടൂണുകള്‍ മെല്ലെ അപ്രത്യക്ഷമായി തുടങ്ങി. നേതാക്കളില്‍ അസഹിഷ്ണുത ശക്തമായി വരികയും, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ തയാറാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. ബ്രിട്ടീഷുകാരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനസും, പില്‍ക്കാലത്ത് ഉണ്ടായ നേതാക്കളുടെ വിശാല ഹൃദയവും ആധുനിക കാലത്തെ നേതാക്കളില്‍ ഇല്ലാതെ പോയത് വിചിത്രമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കെതിരേയും, വിമര്‍ശിക്കുന്നവര്‍ക്കെതിരേയും നിയമ നടപടികളെടുത്ത് പീഡിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശന കലയുടെ നല്ലകാലം അവസാനിച്ചു എന്നു തന്നെയല്ലേ കരുതേണ്ടത്...?

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കാലം മുതല്‍ 90കളുടെ അവസാനം വരെയായിരുന്നു ഇന്ത്യയിലെ രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ സുവര്‍ണ്ണകാലം എന്ന് നമുക്ക് പറയാവുന്നതാണ്. ശക്തമായ ആയിരക്കണക്കിന് കാര്‍ട്ടൂണുകള്‍ ആണ് മാധ്യമങ്ങളുടെ താളുകളില്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. 2000ത്തിന്‍റെ ആരംഭം മുതല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ട് ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കാലം... പത്രമാധ്യമങ്ങള്‍ അവരുടെ പ്രിന്‍റിങ് ടെക്നോളജിയില്‍ മാറ്റം വരുത്തുന്ന കാലം... വലിയ വളര്‍ച്ച സംഭവിക്കുന്നത് ഈ കാലത്ത് തന്നെയാണ്.

അച്ചടി രംഗം വളര്‍ന്ന് ഓഫ് സെറ്റിലേക്ക് മാറിയപ്പോള്‍ കാര്‍ട്ടൂണുകളുടെ എണ്ണവും കൂടി എന്നുള്ളത് ഒരു വസ്തുതയാണ്. ദൃശ്യമാധ്യമങ്ങളുടെ വരവോടുകൂടി കാര്‍ട്ടൂണുകള്‍ മെല്ലെ അപ്രത്യക്ഷമായി തുടങ്ങി. നേതാക്കളില്‍ അസഹിഷ്ണുത ശക്തമായി വരികയും, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ തയാറാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. ബ്രിട്ടീഷുകാരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനസും, പില്‍ക്കാലത്ത് ഉണ്ടായ നേതാക്കളുടെ വിശാല ഹൃദയവും ആധുനിക കാലത്തെ നേതാക്കളില്‍ ഇല്ലാതെ പോയത് വിചിത്രമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കെതിരേയും, വിമര്‍ശിക്കുന്നവര്‍ക്കെതിരേയും നിയമ നടപടികളെടുത്ത് പീഡിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശന കലയുടെ നല്ലകാലം അവസാനിച്ചു എന്നു തന്നെയല്ലേ കരുതേണ്ടത്...?

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ