മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭൻ 
Special Story

മന്നത്തുപത്മനാഭന്‍ എന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്

ജി. സുകുമാരന്‍നായര്‍

(എൻഎസ്എസ് ജനറല്‍ സെക്രട്ടറി)

1878 ജനുവരി രണ്ടിനാണ് ശ്രീ മന്നത്തുപത്മനാഭന്‍റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമനഇല്ലത്ത് ഈശ്വരന്‍നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്‍റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി.

എട്ടു വയസ്സുവരെ കളരിയാശാന്‍റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സര്‍ക്കാര്‍സ്‌കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപരാധീനതകളാല്‍ അവിടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. സര്‍ക്കാര്‍കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ അദ്ധ്യാപകജോലിയില്‍ പ്രവേശിച്ചു.

താമസിയാതെ ഒരു മാതൃകാദ്ധ്യാപകന്‍ എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സര്‍ക്കാര്‍പ്രൈമറിസ്‌കൂളുകളിലും പ്രഥമാദ്ധ്യാപകന്‍ ആയി ജോലിനോക്കി. 27ാമത്തെ വയസ്സില്‍ മിഡില്‍സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിവച്ചു. ഇതിനു മുമ്പ് മജിസ്‌ട്രേറ്റുപരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജരൂപീകരണം, നായര്‍ഭൃത്യജനസംഘപ്രവര്‍ത്തനാരംഭംഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിന്‍റെസമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി.

1914 ഒക്ടോബര്‍ 31ന് നായര്‍സമുദായഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്‍റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു.

സൊസൈറ്റിയുടെ ആദ്യസെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1924ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്‍റെനേതൃത്വത്തില്‍ നടത്തിയ 'സവര്‍ണജാഥ', ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്‍റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണവൈദഗ്ദ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി, ക്ഷേത്രപ്രവേശനവിളംബരത്തിന് 20 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, തന്‍റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം അവര്‍ക്കായി തുറന്നുകൊടുത്ത മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.

1914 ഒക്ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം എന്‍.എസ്.എസ്സിന്‍റെജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡനന്‍റായി. 1947ല്‍ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസ്സിനും, ഉത്തരവാദഭരണപ്രക്ഷോഭണത്തിനും നേതൃത്വം നല്കി.

മുതുകുളത്തു ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.

പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നിന്നു വിജയിച്ച് നിയമസഭാസാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡനന്‍റുമായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു.

സുദീര്‍ഘവും കര്‍മ്മനിരതവുമായ സേവനത്തില്‍ അഭിമാനംകൊണ്ട് സമുദായം 1960ല്‍ അദ്ദേഹത്തിന്‍റെ ശതാഭിഷേകം കൊണ്ടാടി.

സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്‍റെ ഗുണഭോക്താക്കള്‍ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് ഇന്ത്യാ ഗവണ്മെന്‍റ് പത്മഭൂഷണ്‍പുരസ്‌ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.

വൈകിയാണെങ്കിലും, 2014ല്‍ സംസ്ഥാനഗവണ്മെന്‍റ് അദ്ദേഹത്തിന്‍റെ ജന്മദിനമായ ജനുവരി 2 പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി.

നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്‍റെ പുരോഗതിയിലൂടെ സമൂഹനന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തുപത്മനാഭന്‍. തന്‍റെ കര്‍മ്മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസമേഖലകളില്‍ വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

സമുദായതാല്‍പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാല്‍പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു.

കര്‍മ്മപ്രഭാവത്താല്‍, ശൂന്യതയില്‍നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരില്‍ സാധാരണക്കാരനുമായിരുന്ന മന്നത്തുപത്മനാഭന്‍റെനിലപാടുകള്‍ക്കും ദര്‍ശനങ്ങള്‍ക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വര്‍ദ്ധിക്കുന്നതായി നമുക്കു കാണാം.

വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മില്‍നിന്നു യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിന്‍റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും ക്ഷേത്രമാതൃകയില്‍തന്നെ അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നുമാണ്.

അദ്ദേഹത്തിന്‍റെ 147ാമത് ജയന്തി 2.1.2024 ചൊവ്വാഴ്ചയാണ്. ആ മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അര്‍പ്പിക്കാനും ഒരുനൂറ്റാണ്ടിലേറെക്കാലം പിന്നിട്ട നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ജനസഹസ്രങ്ങള്‍ പങ്കെടുക്കുന്ന ഒരു ആഘോഷമാണിത്.

നായര്‍സമുദായത്തിന്‍റെ ഐക്യത്തിനും, സര്‍വീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിന്‍റെ കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളുമാണ് സംഘടനയുടെ ശക്തിയും ചൈതന്യവും.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും