അജയൻ
''പല സഹകരണ സൊസൈറ്റികളിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരൊറ്റ പൊതുയോഗം പോലും വിളിച്ചുകൂട്ടിയിട്ടില്ല. വർഷങ്ങളായി കൃത്യമായ ഓഡിറ്റിങ് നടത്തുന്നില്ല. സംസ്ഥാനത്തെ പല സഹകരണ സംഘങ്ങളിലെയും കയ്പേറിയ യാഥാർഥ്യമാണിത്. ചട്ടപ്രകാരം ഇതെല്ലാം സമയാസമയത്ത് നടത്തിയിരുന്നെങ്കിൽ, കുന്നുകൂടുന്ന നഷ്ടം മുൻകൂട്ടി തിരിച്ചറിഞ്ഞ് ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു.''
എറണാകുളം ജില്ലയിൽ ഗവൺമെന്‍റ് സെക്രട്ടറിക്കു മുന്നിൽ ഒരു അസിസ്റ്റന്‍റ് രജിസ്ട്രാർ നടത്തിയ വെളിപ്പെടുത്തലാണിത്. വർഷങ്ങളായി വളർന്ന് ഇപ്പോൾ പൂർണതോതിലെത്തിയിരിക്കുന്ന ഭരണത്തകർച്ചയുടെ തുറന്നുകാട്ടലായിരുന്നു ഇത്. ഇതിലൂടെ തെളിഞ്ഞുവരുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്; കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറയിളക്കാൻ പാകത്തിൽ ഈ പ്രതിസന്ധി വളർന്നു കഴിഞ്ഞിരിക്കുന്നു.
ഈ സഹകരണ സൊസൈറ്റികൾ നിയമവിരുദ്ധമായാണ് ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്തുപോരുന്നതെന്ന്, മേഖലയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന അഭിഭാഷകൻ മെട്രൊ വാർത്തയോടു പറഞ്ഞു. സ്വതന്ത്ര ഏജൻസികൾ കർക്കശമായി നടത്തേണ്ട ഓഡിറ്റിങ് തികഞ്ഞ അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യപ്പെട്ടത്. ഈ സൊസൈറ്റികൾക്കു മേൽ നിയമത്തിന്‍റെ ഉരുക്കുമുഷ്ടികൾ ഊക്കോടെ പതിക്കുന്നത് എന്നാണെന്നു മാത്രമാണ് അറിയാനുള്ളത്. അതു സംഭവിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദുരന്തസമാനമായിരിക്കുമെന്നും ഈ അഭിഭാഷകൻ പറയുന്നു.
അസിസ്റ്റന്‍റ് രജിസ്ട്രാറുടെ വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചു കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വന്തം ഉത്തരവാദിത്വം എന്തുകൊണ്ട് ഇത്രകാലം നിറവേറ്റിയില്ലെന്ന ചോദ്യത്തിന്, താൻ ചുമതലയേറ്റിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ എന്നായിരുന്നു അസിസ്റ്റന്‍റ് രജിസ്ട്രാറുടെ ന്യായീകരണം. മുൻഗാമികൾ ഇക്കാലമത്രയും എന്താണു ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യത്തിനു മുന്നിൽ അദ്ദേഹത്തിനു മറുപടിയുണ്ടായതുമില്ല. വാക്കുകളെക്കാൾ മുഴക്കമുള്ള, സൗകര്യപ്രദമായൊരു മൗനമായിരുന്നു അത്.
500 കോടി രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് 'കൊള്ള' മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. കേരളത്തിലെ സഹകരണ മേഖലയെ കാർന്നു തിന്നുന്ന ദ്രവീകരണത്തിന്‍റെ അടരുകൾ ഓരോന്നായി പുറത്തുവന്നത് അതിനു പിന്നാലെയാണ്. വെളിപ്പെടുത്തലുകളുടെ സുനാമി തന്നെയാണ് പിന്നെ കണ്ടത്. കരുവന്നൂരിലേതിനു സമാനമായ തട്ടിപ്പുകൾ സംസ്ഥാനവ്യാപകമായി വിവിധ സൊസൈറ്റികളിൽനിന്നു പുറത്തുവന്നു. ഇതെല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നിരീക്ഷണത്തിനു കീഴിലുമായി.
വായ്പകൾ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാർ പല സൊസൈറ്റികളിലെയും ഇടപാടുകാരെ സമീപിക്കുകയാണ് ചെയ്യുക. ചെറിയ ലാഭം ബോധ്യപ്പെടുത്തി കൂടിയ തുകയ്ക്ക് വായ്പ തീർപ്പാക്കും. എന്നാൽ, അവരുടെ ജാമ്യ വസ്തു വലിയ സാമ്പത്തിക ഗൂഢാലോചനകളിലെ കരുക്കളായി മാറുകയാണ് ഇതുവഴി. ഇടനിലക്കാരുമായി കൂട്ടുചേർന്ന് സൊസൈറ്റി ബോർഡുകൾ ഈ ആസ്തികൾ ഭീമമായ വായ്പകൾക്കു വേണ്ടി ചൂഷണം ചെയ്തു. 12 വർഷം കാലാവധിയുള്ള ഡോക്യുമെന്‍റ് അഥോറിറ്റിയുടെ രജിസ്ട്രേഷൻ പ്രൂഫായ ഗെഹാൻ ആണ് ഇതിലെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. ഈ പഴുതുപയോഗിച്ച്, വസ്തുവിന്‍റെ യഥാർഥ മൂല്യത്തെക്കാൾ കൂടിയ തുക വേണ്ടപ്പെട്ടവർക്ക് വായ്പയായി അനുവദിക്കും. സഹകരണ മേഖലയാകെ ചീട്ടുകൊട്ടാരം പോലെ തകരാനിടയാക്കുന്ന പ്രവൃത്തിയാണിത്.
75.95 ലക്ഷം രൂപ ബാധ്യതയുള്ള ഒരാൾക്ക് മറ്റൊരു 14.8 കോടി രൂപയുടെ വായ്പ കൂടി കരുവന്നൂരിൽ അനുവദിക്കപ്പെട്ട സംഭവം ഈ രീതിയിലുള്ള തട്ടിപ്പിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്.
ഒരിക്കലും എടുത്തിട്ടില്ലാത്ത 50 ലക്ഷം രൂപയുടെ വായ്പ സ്വന്തം തലയിലായതിനെത്തുടർന്ന് മുൻ പഞ്ചായത്തംഗം ടി.എം. മുകുന്ദൻ ആത്മഹത്യ ചെയ്തത് ഇതു കാരണമുള്ള ദുരന്തത്തിന് ഒരു സാക്ഷ്യം മാത്രം. 2021ലെ ഈ ആത്മഹത്യയാണ് തട്ടിപ്പിന്‍റെ അണക്കെട്ടിലുണ്ടായ ആദ്യത്തെ വിള്ളൽ. ഇതിന്‍റെ ചുവടുപിടിച്ചാണ് ചെയിൻ റിയാക്ഷൻ പോലെ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്‍റെ ചുരുളഴിഞ്ഞത്.
യഥാർഥത്തിൽ, 2011ൽ തന്നെ ഒരു സഹകരണ ബാങ്ക് ജീവനക്കാരൻ ഈ തട്ടിപ്പിനെക്കുറിച്ച് സൂചന നൽകിയിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം പാർട്ടി നേതാക്കളെ വിവരം ധരിപ്പിച്ചു. പക്ഷേ, തിരുത്തൽ നടപടി സ്വീകരിക്കുന്നതിനു പകരം കണ്ണടയ്ക്കാനാണ് പാർട്ടി തീരുമാനിച്ചത്. ദ്രവീകരണത്തിന്‍റെ വേഗം കൂടാനും, മേഖലയിലാകെ അഴിമതിയുടെ വേരോടാനും ഈ നിഷ്ക്രിയത്വം കാരണമായി.
രാഷ്ട്രീയ സംരക്ഷണത്തിന്‍റെ തണലിൽ വളർന്ന കെടുകാര്യസ്ഥതയുടെയും തട്ടിപ്പിന്‍റെയും മാരകമായ മിശ്രിതമാണ് ഇത്തരം നിരവധി വെളിപ്പെടുത്തലുകളിലൂടെ കേരള സമൂഹത്തിനു മുന്നിൽ തെളിഞ്ഞുവന്നത്. സഹകരണ സംഘങ്ങളുടെ ബോർഡ് മെംബർമാർക്കും സെക്രട്ടറിമാർക്കുമെതിരേ ഇതിനകം തന്നെ സർജാർജ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇവരിൽ പലരും രാഷ്ട്രീയ സ്വാധീനത്തിന്‍റെ ബലത്തിൽ ആർജിച്ചതാണ് ഈ പദവികൾ. തൃശൂരിൽ മാത്രം 150ലധികം സഹകരണ സംഘങ്ങൾക്കെതിരേ നടപടികൾ പുരോഗമിക്കുകയാണ്. അനിയന്ത്രിതമായ സാമ്പത്തിക ക്രമക്കേടുകളുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. കടുത്ത നടപടികൾ അഭിമുഖീകരിക്കാൻ മാർഗം കാണാതെ ഉഴറുകയാണ് ഈ 'സഹകാരികൾ'. കുരുക്ക് മുറുകുമ്പോൾ, ജീവിത സമ്പാദ്യം മുഴുവൻ ഈ സൊസൈറ്റികളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന സാധാരണക്കാരാണ് പെട്ടുപോകുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നാലെ, സംസ്ഥാനത്താകെ സഹകരണ സംഘങ്ങളിലെ നിക്ഷേപം കുറഞ്ഞു വരുന്നു എന്നാണ് ഈ പ്രതിസന്ധി സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുകാരണം പല സൊസൈറ്റികളും ദൈനംദിന ചെലവുകൾ പോലും നേരിടാൻ ബുദ്ധിമുട്ടുന്ന തരത്തിലുള്ള സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
(അവസാനിച്ചു)
പൊട്ടാൻ വെമ്പുന്ന ടൈം ബോംബ് പരമ്പര ഭാഗം 1- സഹകരണ സംഘങ്ങളെ പിടിച്ചുലയ്ക്കുന്ന നികുതിക്കൊടുങ്കാറ്റ്