ഭാഗ്യനാഥും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും.
ഫയല്‍ ചിത്രം
വിജയ് ചൗക്ക് | സുധീര്‍ നാഥ്
ചിത്രകാരുടെ ഇടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്റ്ററുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ഏര്‍പ്പെടുത്തിയതാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍. നമ്പൂതിരിയുടെ നൂറാം ജന്‍മദിനത്തിന്‍റെ ഭാഗമായിട്ടാണ് ആദ്യ അവാര്‍ഡ് സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമാണ് അവാര്‍ഡ്. ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം ആര്‍ട്ടിസ്റ്റ് സി. ഭാഗ്യനാഥിനാണ് ലഭിച്ചത്.
ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകള്‍ നല്‍കിയ കലാകാരന്മാര്‍ക്കാണ് അവാര്‍ഡ്. "ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്' ലഭ്യമായ അപേക്ഷകളില്‍ നിന്ന് പ്രാഥമിക ജൂറി തെരഞ്ഞെടുത്ത 10 പേരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിട്ടോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ അവാര്‍ഡിനായി ആര്‍ട്ടിസ്റ്റുകളെ ശുപാര്‍ശ ചെയ്യാമായിരുന്നു. അപേക്ഷകരില്‍ നിന്ന് ട്രസ്റ്റ് അംഗങ്ങളായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു ജോസഫ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ഡോക്യുമെന്‍ററി ഡയറക്റ്ററായ ബിനുരാജ് കലാപീഠം എന്നിവര്‍ ചേര്‍ന്ന് 10 പേരെ തെരഞ്ഞെടുത്ത് ഫൈനല്‍ ജൂറിക്ക് സമര്‍പ്പിക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.സി. നാരായണന്‍ ചെയര്‍മാനായ ജൂറിയില്‍ കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ രവിശങ്കര്‍ ഏട്ടേത്ത് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനെജിങ്ങ് ട്രസ്റ്റി ബാബു ജോസഫ് ജൂറിയിലെ മെംബർ സെക്രട്ടറിയായിരുന്നു.
ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് തെരഞ്ഞെടുത്ത പത്തുപേരും ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തുന്നവരായിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ വിധി നിര്‍ണയത്തിലേക്ക് വരുവാന്‍ കാരണം തന്നെയായി. ഓരോ വ്യക്തിയും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരില്‍ എട്ടുപേരും മലയാളികളായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. വരയുടെ പരമശിവന്‍ എന്ന് കഥാകൃത്ത് വി.കെ.എന്‍ വിശേഷിപ്പിച്ച നമ്പൂതിരിയുടെ പിന്മുറക്കാര്‍ സാഹിത്യ ചിത്രീകരണ രംഗത്ത് ശക്തമായ സാനിധ്യം ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. സി. ഭാഗ്യനാഥ് എന്ന ചിത്രകാരന്‍ അവരില്‍ ഒരുപടി മുന്നിലായി എന്നുള്ളത് തീര്‍ച്ചപ്പെടുത്തുവാന്‍ ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ വേണ്ടി വന്നു.
അപ്പോൾ, ആരാണ് ഭാഗ്യനാഥ് എന്ന് ഒന്ന് പരിശോധിക്കേണ്ടതുണ്ട്. തലശേരിയില്‍ 1968 മെയ് 28നു ജനിച്ച ഭാഗ്യനാഥിന്‍റെ തലവര മാറ്റിയെഴുതുന്നതില്‍ അച്ഛന്‍ അരവിന്ദാക്ഷന്‍റെയും അമ്മ ലക്ഷ്മിക്കുട്ടിയുടെയും ഇളയച്ഛന്‍ വേണുഗോപാലിന്‍റെയും പ്രോത്സാഹനം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാഗ്യനാഥ് സ്‌കൂള്‍ കാലത്തുതന്നെ ചിത്രം വരയ്ക്കുമായിരുന്നു. നമ്പൂതിരി, എ.എസ്. നായർ തുടങ്ങിയ പ്രശസ്തരുടെ ചിത്രങ്ങള്‍ അതേപോലെ പകര്‍ത്തി വരച്ചാണ് ഭാഗ്യനാഥ് വര തുടങ്ങിയത്. ഇവരെ പോലെയുള്ള ആളുകളുടെ ചിത്രങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അതുകാരണം ചിത്രകല പഠിക്കാനുള്ള ആഗ്രഹമുണ്ടാവുകയും, തലശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലയുടെ ബാലപാഠം പഠിക്കുകയും ചെയ്തു. ഭാഗ്യനാഥിന്‍റെ ചിത്രകലയുടെ അടിത്തറ അവിടെ നിന്നായിരുന്നു. രണ്ടുവര്‍ഷത്തെ അവിടുത്തെ കോഴ്‌സ് കഴിഞ്ഞതിനു ശേഷം ചിത്രകല കൂടുതലായി അറിയണമെന്നുള്ള ആഗ്രഹമാണ് തിരുവനന്തപുരം ഫൈൻ ആര്‍ട്‌സ് കോളെജില്‍ അദ്ദേഹത്തെ എത്തിച്ചത്.
ഭാഗ്യനാഥ് ഫൈനാര്‍ട്‌സ് കോളെജില്‍ പഠിക്കുന്ന കാലത്ത് കേരളീയ ചിത്രകലയില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പുണ്ടായിരുന്ന സാഹചര്യമായിരുന്നില്ല പിന്നീട് ഉണ്ടായിരുന്നത്. ഇത് ചിത്രകലയില്‍ മാത്രമല്ല എല്ലാ രംഗത്തും അത് വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. സാഹിത്യത്തില്‍, സിനിമയില്‍ ചിത്രകലയില്‍ തുടങ്ങി എല്ലാ രംഗത്തും ആ മാറ്റം കാണാം. യൂണിവേഴ്‌സിറ്റി കോളെജിലെ സീനിയേഴ്‌സുമായി ലോക പ്രശസ്ത ചിത്രകാരന്മാരെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത് വലിയ അനുഭവമാണെന്നാണ് ഭാഗ്യനാഥ് പറയുന്നത്. തന്‍റെ ചിത്രകലാ ജീവിതത്തില്‍ വളരെ സ്വാധീനം അന്നത്തെ ചര്‍ച്ചകള്‍ ചെലുത്തി എന്ന് അദ്ദേഹം പറയുന്നു. മദ്രാസ് സ്‌കൂള്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായ അന്വേഷണങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. ലോക ചിത്രകലയില്‍ തന്നെ നോക്കിയാല്‍ എപ്പോഴും നല്ല കലാകാരന്മാര്‍ മുന്‍പുള്ളവര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാനുള്ള അന്വേഷണത്തില്‍ ആയിരിക്കും. ഇന്ത്യയിലെ തന്നെ സ്‌കൂളുകളില്‍ ബംഗാള്‍, ബറോഡ, മദ്രാസ് എന്നിവിടങ്ങളിലും വ്യത്യസ്തമായ അന്വേഷണങ്ങള്‍ കാണാം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ചിത്രകലാ പഠനത്തിന് പറ്റിയ സജീവ അന്തരീക്ഷമുണ്ടായിരുന്നു എന്നാണ് ഭാഗ്യനാഥിന്‍റെ പക്ഷം. അക്കാലത്ത് തിരുവനന്തപുരം ഫൈൻ ആര്‍ട്‌സ് കോളെജിലെ എല്ലാവരും ഒരുപാട് സ്‌കെച്ച് ചെയ്യുമായിരുന്നു. ലൈവ് സ്‌കെച്ചിങ് നടത്തുക എന്നുള്ളത് തന്‍റെ ചിത്രകലയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഭാഗ്യനാഥ് വിശ്വസിക്കുന്നു. തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് തമ്പാനൂര്‍ റെയ്‌ൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും കഴിവതും എല്ലാ ദിവസവും ലൈവ് സ്‌കെച്ച് ചെയ്യാന്‍ പോകുമായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഇന്നും താന്‍ അത് തുടരുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നുമുണ്ട്, ഭാഗ്യനാഥ്. ഒരു ചിത്രകാരനെന്ന നിലയില്‍ ക്രാഫ്റ്റ്മാന്‍ഷിപ്പ് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ലൈവ് സ്‌കെച്ചിങ് ഗുണം ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
തിരുവനന്തപുരത്തെ ചിത്രകലാ പഠനം പൂര്‍ത്തിയാക്കി തിരിച്ച് ഭാഗ്യനാഥ് നാട്ടിലേക്കാണു പോകുന്നത്. ചിത്രകല കൊണ്ട് ജീവിക്കാന്‍ പറ്റില്ല എന്നുള്ള സാഹചര്യമാണ് അന്ന് കേരളത്തില്‍ ഉണ്ടായിരുന്നത്. മികച്ച രീതിയിലുള്ള ഗ്യാലറികളും മറ്റും കേരളത്തില്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. ജീവിക്കാൻ വേണ്ടി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ അധ്യാപകനായി. അധ്യാപകനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം വരയ്ക്കുമായിരുന്നു. അത് വളരെ ഗൗരവത്തോടുകൂടി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വരയില്‍ കൂടുതല്‍ ശ്രദ്ധ നേടുകയുണ്ടായി. രണ്ടു കാര്യങ്ങളും തൃപ്തികരമായി ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ ഇത് അദ്ദേഹത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചു. അതുകൊണ്ട് അധ്യാപക ജോലി ഉപേക്ഷിച്ചു. ചിത്രകലയിലെ ഉപരിപഠനത്തിന് ഹൈദരാബാദ് സരോജിനി നായിഡു യൂണിവേഴ്‌സിറ്റിയിലേക്ക് എത്തി. ഇന്ത്യന്‍ ചിത്രകലയുടെ വൈവിധ്യങ്ങളായ മേഖലകള്‍ അടുത്തറിയുന്നത് അവിടെവച്ചാണ്. അവിടെയാണ് ഇന്ത്യന്‍ ആര്‍ട്ടുമായി ബന്ധപ്പെട്ട് മുഗള്‍ മിനിയേച്ചറും രാജസ്ഥാനിയും അജന്ത യെല്ലോറ തുടങ്ങിയ ഇന്ത്യന്‍ കലകളും കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചത്. അത് ഭാഗ്യനാഥിന്‍റെ ചിത്രകലാ ജീവിതം മാറ്റിമറിച്ചു എന്നുതന്നെ പറയാം.
പഠനകാലത്തു വരച്ച കുറച്ച് സ്‌കെച്ചുകള്‍ ഒരു സുഹൃത്ത് സാഹിത്യ കുലപതിയായ എം.ടി. വാസുദേവൻ നായരെ കാണിക്കുകയും തുടർന്ന് ഇലസ്‌ട്രേഷന്‍ ചെയ്യാന്‍ ഒരു കഥ ഭാഗ്യനാഥിന് എം.ടി അയച്ചു കൊടുക്കുകയും ചെയ്തു. അതാണ് ആദ്യമായി വരച്ച ഇലസ്‌ട്രേഷന്‍. വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമം ആഴ്ചപതിപ്പിലേക്ക് എന്‍. പ്രഭാകരന്‍റെ "തീയ്യൂർ രേഖകള്‍'ക്ക് ഭാഗ്യനാഥിന് വരയ്ക്കാനായി. അന്നത്തെ എഡിറ്റര്‍ കമല്‍റാം സജീവ് സ്ഥിരമായി വിളിക്കുകയും ചിത്രീകരണം നടത്താന്‍ അവസരങ്ങള്‍ നല്‍കുകയുമുണ്ടായി. പിന്നീട് തുടര്‍ച്ചയായി മലയാളത്തിലെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ഭാഗ്യനാഥിന്‍റെ വരകള്‍ രചനകള്‍ക്കു ദൃശ്യരൂപം പകര്‍ന്നു. വാക്കുകള്‍ക്കുള്ളില്‍ നിന്നു കഥാപാത്രങ്ങളുടെ മനസും ശരീരവും കണ്ടെത്തി വരകളില്‍ പുനഃസൃഷ്ടിക്കാന്‍ അക്കാലയളവില്‍ ഭാഗ്യനാഥിനു കഴിഞ്ഞു.
കെ.ആര്‍. മീരയുടെ ആരാച്ചാരും സാറാ ജോസഫിന്‍റെ ബുധിനിയും എം. മുകുന്ദന്‍റെ നൃത്തം ചെയ്യുന്ന കുടകളും ടി.ഡി. രാമകൃഷ്ണന്‍റെ പച്ച, മഞ്ഞ, ചുവപ്പും, സുഭാഷ് ചന്ദ്രന്‍റെ ജ്ഞാന സ്‌നാനവും അടക്കം മലയാളി കണ്ടറിഞ്ഞ എഴുത്തുകളില്‍ ഭാഗ്യനാഥിന്‍റെ വരകള്‍ക്കും വലിയ പങ്കുണ്ട്. തന്‍റെ തട്ടകം വരകള്‍ക്കും വര്‍ണങ്ങള്‍ക്കും ഇടയിലാണെന്നു തിരിച്ചറിഞ്ഞ ഭാഗ്യനാഥ് മുഴുവന്‍ സമയ ചിത്രകാരനായി കൊച്ചിയിലേക്കെത്തി. 27 വര്‍ഷമായി മലയാള സാഹിത്യലോകത്തെ ശ്രദ്ധേയമായ രചനകള്‍ക്കൊപ്പം മിഴിവാര്‍ന്ന ചിത്രങ്ങളുമായി സി. ഭാഗ്യനാഥ് ഉണ്ട്.
ചിത്രത്തിന്‍റെ ഭാഷ കണ്ണിന്‍റേതാണ്. അതുകൊണ്ട് കാണുക എന്നത് ഭാഷയ്ക്ക് അതീതമായ പ്രേക്ഷകരെ ലഭിക്കുന്നു. ഇന്‍റര്‍നെറ്റ് വന്നതോടുകൂടി ലോകത്താകമാനം ചിത്രകല പടര്‍ന്നുകയറി. ചിത്രങ്ങള്‍ കണ്ണിന്‍റെ ഭാഷയായതു കൊണ്ട് ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ആര്‍ക്കുവേണമെങ്കിലും വായിച്ചെടുക്കുവാന്‍ സാധിക്കുന്നു എന്നത് വലിയ വിപ്ലവകരമായ മാറ്റമാണ്. ഇന്ന് ചിത്രകല കൊണ്ട് കേരളത്തില്‍ ജീവിക്കാം എന്നുള്ള അവസ്ഥ സംജാതമായിരിക്കുന്നു എന്നുള്ളത് ആഹ്ലാദകരമാണ്.
മലബാറില്‍ നിന്നു കൊച്ചി മെട്രൊ നഗരത്തിലെ പൊന്നുരുന്നിയിലെത്തിയ ഭാഗ്യനാഥ് ചിത്രകാരന്‍ എന്ന നിലയിലെ തന്‍റെ മേല്‍വിലാസം ഉറപ്പിച്ചിട്ടുണ്ട്. ഭാര്യ കേന്ദ്രീയ വിദ്യലയത്തില്‍ ചിത്രകലാ അധ്യാപികയായ ജയന്തി. മകള്‍ എന്‍ഐഡി വിദ്യാര്‍ഥിനി കല്യാണി. വരകളുടെ തമ്പുരാന്‍ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ പുരസ്‌കാത്തിലെത്തി നില്‍ക്കുന്ന ഭാഗ്യനാഥിന് വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് ഇനിയും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.