ഹലോ ഗഡീ, പൂരം കാണണ്ടേ!

 
Special Story

ഹലോ ഗഡീ, പൂരം കാണണ്ടേ!

14 പേരുടെ ജീവനെടുത്ത വലിയ വെടിക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പൂരം നടക്കുന്നത് എന്നത് ഏവർക്കും സങ്കടമുണ്ടാക്കുന്നു

MV Desk

ചേറൂക്കാരന്‍ ജോയി

ഇക്കൊല്ലം ഏപ്രില്‍ 26നാണ് ശക്തന്‍ തമ്പുരാന്‍ തുടങ്ങി വച്ച പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. അതായത് ചരിത്ര പ്രസിദ്ധ പൂരാഘോഷം 228ാം വര്‍ഷത്തിലെത്തി നില്‍ക്കുന്നു. 14 പേരുടെ ജീവനെടുത്ത വലിയ വെടിക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പൂരം നടക്കുന്നത് എന്നത് ഏവർക്കും സങ്കടമുണ്ടാക്കുന്നു. പൂരം നടത്തണോ എന്നുപോലും ആലോചനകൾ നടന്നു. എന്നാൽ, വെടിക്കെട്ട് ഉപേക്ഷിച്ച് മറ്റു ചടങ്ങുകളെല്ലാം ഉൾപ്പെടുത്തി പൂരം നടത്താമെന്ന് സർക്കാരും ദേവസ്വങ്ങളും ദേശക്കാരുമെല്ലാം തീരുമാനിച്ചത് പൂരപ്രേമികൾക്കും വ്യാപാരികൾക്കുമൊക്കെ ആശ്വാസമായി.

ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ തൃശൂര്‍ പൂരത്തിന്‍റെ കാണികളായി പണ്ടൊക്കെ തമിഴരും തെലുങ്കരും കന്നഡക്കാരും പൂരപ്പറമ്പില്‍ തമ്പടിക്കുമായിരുന്നു. കേരളത്തിലേക്ക് ഹിന്ദിക്കാര്‍ ചേക്കേറിയതും സോഷ്യൽ മീഡിയ പ്രചാരണവും മൂലം ഇപ്പോൾ മറ്റു നാനാ സംസ്ഥാനക്കാരും പൂരം കാണാനെത്തും. എണ്ണമറ്റ വിദേശികളും ക്യാമറകളുമായും ഒളി ക്യാമറകളുമൊക്കെയായിവർണാഭമായ കാണാക്കാഴ്ചകള്‍ക്ക് പ്രദക്ഷിണം വയ്ക്കും.

ചരിത്രം

പതിനേഴാം നൂറ്റാണ്ടില്‍ ത‌ൃശൂർ ആറാട്ടുപുഴ പൂരമായിരുന്നു കെങ്കേമം. അവിടേക്ക് തല്‍സമയം ഒരു വിധം എല്ലാ ക്ഷേത്രങ്ങളിലേയും പ്രതിഷ്ഠയുള്ള ദേവതമാര്‍ എഴുന്നെള്ളുന്നതാണ് പതിവ് മാമൂല്. അവരുടെ എതിരേല്‍പ്പാണ് പ്രധാന പൂര മേളം. ദേവീദേവ സംഗമം എന്ന വിശേഷണത്തിനും വിശ്വാസത്തിനും മുഖ്യ ആധാരമതാണ്!

എന്നാല്‍ 1796ലെ പൂരത്തിന് കാറ്റും പേമാരിയും നിമിത്തം ആറാട്ടുപുഴയിലെത്താന്‍ ചില ദേശവാസികള്‍ക്ക് സാധിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്. ആയതിനാൽ ആ ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂര ഘോഷയാത്രകള്‍ക്ക് ഭാവിയിൽ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. പുറന്തള്ളപ്പെട്ടവര്‍ സങ്കടം ബോധിപ്പിക്കലിനായി രാജാവിനെ സമീപിച്ചു. പ്രകൃതിക്ഷോഭ വസ്തുത മനസിലാക്കിയ ഭരണാധികാരി, ശക്തന്‍ തമ്പുരാന്‍ മധ്യസ്ഥനായി. തൃശിവപേരൂരിന് തനതായ പൂരോഘോഷം നടത്താൻ അനുമതി സമ്മതമരുളി. വാക്ക് തര്‍ക്കം യഥാവിധി പരിഹരിച്ചു.

അതോടെ 1798 മെയ് മാസത്തില്‍, 971 മേടത്തില്‍, തൃശൂര്‍ പൂര വിളംബരവും കൊടിയേറ്റവും നടന്നു. പ്രധാന പങ്കാളികള്‍ നഗരത്തിലെ പാറേമക്കാവ് ഭഗവതിയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പ്രതിഷ്ഠകളില്‍ ഒന്നായ ബാലിക ഭാവത്തിലുള്ള ബാലഭദ്രകാളിയുമാണ്. കൂടാതെ എട്ടു ചെറുപൂരങ്ങള്‍ കൂടി ഈ സംഗമത്തില്‍ വന്നു ചേരും. അവിടത്തെ ഭഗവതിമാരാണ് തൃശൂര്‍ പൂര ചടങ്ങുകളില്‍ മഴുനീളെ പങ്കെടുക്കുന്നത് എന്നാണു സങ്കല്‍പം.

എന്നാൽ, പാറേമക്കാവും തിരുവമ്പാടിയും തമ്മിലുള്ള പൊരിഞ്ഞ പൂരാഘോഷ മത്സരം നടക്കുന്നത് തൃശൂര്‍ നഗര മധ്യത്തിലുള്ള പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലും ചുറ്റുവട്ടമുള്ള തേക്കിന്‍കാട് മൈതാനിയിലുമാണ്. പൂരപ്പോര് പാറേമക്കാവും തിരുവമ്പാടിയും തമ്മില്‍. ഇരു വിഭാഗക്കാരും പൂരം പൊടിപൊടിക്കാന്‍ ഇഞ്ചുക്കിഞ്ച് പോരാട്ടമാണ്!

പൂരപ്പറമ്പിലെ പ്രധാന ദൃശ്യ- ശ്രാവ്യ വിരുന്നുകള്‍ ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട്. ചെറു പൂരങ്ങളുടെ എഴുന്നെള്ളിപ്പോടെയാണ് പൂര ദിവസ ആഘോഷത്തിന് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്‍റെ മുമ്പിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പ്രഥമ പങ്കാളി. തുടര്‍ന്ന് സ്വരാജ് റൗണ്ടു ചുറ്റി വടക്കുംനാഥനെ വലം വച്ച് ചെറു പൂരങ്ങളുടെ വരവായി. കാരമുക്ക്, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, ലാലൂര്‍, ചെമ്പൂക്കാവ് ഭഗവതിമാര്‍, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാർത്യായാനി.

പൂരം എക്‌സിബിഷന്‍

തൃശൂര്‍ പൂരത്തിന് ഏറെ മുമ്പു തന്നെ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്‍റെ വടക്കേ കിഴക്കേ ഭാഗത്തായി എക്‌സിബിഷന്‍ ആരംഭിച്ചിരിക്കും. തിരുവമ്പാടി, പാറേമക്കാവ് ദേവസങ്ങളുടെ ആഭിമുഖ്യത്തിലുള്ള 63ാമത് പ്രദര്‍ശനമാണ് ഇത്തവണത്തേത്. അകത്തെ കണ്ണഞ്ചിക്കുന്ന കാഴ്ചകള്‍ നടന്നു കണ്ടാല്‍ മനോല്ലാസം. മാത്രമല്ല, ഷോപ്പിങ്ങും വിജ്ഞാനവും അത്ഭുതവും നേരമ്പോക്കും ഒരുപോലെ സുലഭം. പൈസ വസൂലെന്ന് വീമ്പടിച്ചേ ഏവരും തിരിച്ചിറങ്ങൂ.

160ല്‍പ്പരം കച്ചവട സ്റ്റാളുകളുണ്ടാകും. ഉപ്പു തൊട്ട് കല്‍പ്പൂരം വരെ വിലപേശി വാങ്ങാമെന്ന് പൂർവികര്‍ മേനി പറയും. ഒപ്പം എഴുപതിലധികം പവലിയനുകളും പ്രവര്‍ത്തന സജ്ജമാകും. ഐഎസ്ആര്‍ഒ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള പൊലീസ്, എക്‌സൈസ്, എന്‍സിസി, ഹോമിയോ വകുപ്പ്, ഭാരതീയ ചികത്സാ വകുപ്പ്, ജില്ലാ പഞ്ചായത്ത്, കാര്‍ഷിക സര്‍വകലാശാല തുടങ്ങി മുന്‍നിര സ്ഥാപനങ്ങളെല്ലാം ഇത്തവണയും തമ്പടിച്ചിട്ടുണ്ട്. യുഗാകര്‍ഷണമായ റോബോട്ടിക് എനിമല്‍സിന്‍റെ പ്രവര്‍ത്തനവും മോടി കൂട്ടുന്ന ഇനങ്ങളാണ്. അഖിലേന്ത്യാ തലത്തിലുള്ള വ്യാപാര ശൃംഖലകൾ കാലങ്ങളായി മലയാളികളെ ഹിന്ദി പഠനത്തിന്‍റെ ശിഷ്യരുമാക്കി മാറ്റി.

പൂരപ്പറമ്പില്‍

പൂരം കൊടിയേറിയാല്‍ പിന്നെ ഒട്ടേറെ പൂരങ്ങളുടെ നാടാകും തൃശിവപേരൂര്‍. ആനകളുടെ നാടായി പൂരപ്പറമ്പ് മാറും. കൊട്ടും മേളവും തിരുതകൃതി. ആളുകളേയും ആനകളേയുമാണ് പൂരത്തിന് ആധികാരികമായി ക്ഷണിക്കുന്നത്. പൂരം കണ്ടല്ല തൊട്ടറിയണമെന്ന് അനുഭവസ്ഥരുടെ പഴമൊഴി. നടന്‍ ജയറാമിന്‍റെ കൂടി അഭിപ്രായമാണ്. യൗവനക്കാലത്ത് വാശിയും വീറുമാര്‍ന്ന ചെണ്ടമേളത്തിലും ജയറാം പങ്കെടുത്തിരുന്നു. അങ്ങിനെ തൃശൂര്‍ പൂരത്തിനോട് ഹരം പൂണ്ട മഹാപ്രതിഭകള്‍ അനേകം.

ന്യൂസ് പേപ്പര്‍ ബോയ് എന്ന പുരാതന ചിത്രത്തിലൂടെ സത്യജിത് റേയുടെ കണ്ണിലുണ്ണിയായ പി. രാമദാസ് പൂരാഘോഷ തിമര്‍പ്പില്‍ നിറമാല എന്ന ചിത്രം സംവിധാനം ചെയ്തു. അക്കാലത്ത് മലയാളത്തിലെ വമ്പന്‍ കലക്‌ഷൻ റെക്കോഡു നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായി അതു മാറി. പൂരം ഓണം പോലെ തൃശൂക്കാര്‍ സര്‍വം മറന്നാഘോഷിക്കുന്ന മതേതര ഉത്സവമാണ്. കൊട്ടും വെളിച്ചാലങ്കാരവും വെടിക്കെട്ടും സില്‍ബന്ദികള്‍. പൂരപ്പറമ്പും സ്വരാജ് റൗണ്ടും അരങ്ങേറ്റ സ്ഥലങ്ങള്‍.

പൂരത്തിന്‍റെ ആചാരങ്ങൾ വളരെ ഭക്തിനിര്‍ഭരവും ലളിതവുമാണ്. തിരുവമ്പാടിയില്‍ നിന്ന് ശ്രീകൃഷ്ണ വിഗ്രഹവുമായി 15 അലങ്കരിച്ച ആനകള്‍ വടക്കുംനാഥ പ്രദക്ഷിണ വഴിയിലെത്തും. ഒപ്പം പാറേമക്കാവ് ക്ഷേത്രത്തില്‍ നിന്നും ദേവീ തിടമ്പ് വഹിച്ച് 15 ആനപ്പടയും സന്നിധാനത്തെത്തും. ഇരുചേരി മുഖാമുഖം നിന്ന് ചെണ്ടമേളത്തില്‍ ഉത്സവ പ്രതീതി തീര്‍ക്കും. ഇലഞ്ഞിത്തറ മേളവും പഞ്ചാരി മേളവും കുടമാറ്റവും കമനീയ മനോഹരമാക്കും. പിന്നെ വെടിക്കെട്ട്. ഒടുവിൽ ഇരു ചേരികളും വടക്കുംനാഥനെ വന്ദിച്ചു പിരിയുന്നതോടെ പൂരം സമാപിക്കും. പരസ്പര മത്സരമാണെങ്കിലും പൂരം കമനീയമാക്കുക എന്നത് ഇരുചേരികളുടെ സന്തുഷ്ട ലക്ഷ്യം.

പൂരപ്പറമ്പ് വിപണി

മൊബൈല്‍ ഗെയിമുകള്‍ നടമാടിയിട്ടും കളിക്കോപ്പുകാര്‍ക്കും കുപ്പി വളക്കാര്‍ക്കും ഇപ്പോഴും തെല്ലും കുറവില്ല. മെഷിന്‍ ഗണ്ണിന്‍റെ വലിപ്പം കണ്ടാല്‍ ആന പോലും ഭയക്കും. തണ്ണിമത്തന്‍ സ്റ്റാളുകളുടെ സുലഭത ദാഹം ഇരട്ടിപ്പിക്കും. കരിമ്പു നീരും മോരും സംഭാരവും സർബത്തുകളുമൊക്കെ എരിപൊരിയുന്ന ഉഷ്ണത്തിനുള്ള മറുമരുന്നുകൾ. ഹൽവയും പൊരിയും മുറുക്കും മോതിരവടയും ഈന്തപ്പഴവും മധുരസേവയുമൊക്കെ വായയ്ക്കു രുചികളായ പൂരപ്പലഹാരങ്ങള്‍.

ആനച്ചന്തം പോലെ കുടമാറ്റം

തൃശൂര്‍ പൂരം വിശ്വപ്രശസ്തമായത് ആനകളുടെ എണ്ണക്കൂടുതൽ കൊണ്ടെന്ന് പഴമക്കാര്‍ പറയും. ഒരു പരിധി വരെ അതു പരമാർഥം. ഇക്കൊല്ലം എത്ര ആനയുണ്ട് എന്നാണ് ഓരോ പൂരത്തിനും മുമ്പ് ഉല്‍ക്കണ്ഠഭരിതമായ വരവുകാരുടെ ആദ്യ ചോദ്യം. നെറ്റിപ്പട്ടം വച്ച ഗജരാജന്മാങ്ങനെ നിരനിരയായി കുണുങ്ങും. ആള്‍ക്കൂട്ടം അസാരം. ആനപ്പുറത്ത് മഹായുദ്ധം. വിവിധ തരം വെഞ്ചാമരം, ആലവട്ടം വീശുന്നവര്‍ ആനകൾക്കു മേല്‍ സ്ഥാനം പിടിച്ചിരിക്കും. പോരാഞ്ഞ് പട്ടു കുട പേറുന്നവരും. താഴെ മേളക്കാരുടെ മത്സരിച്ചുള്ള മേളം മുറുക്ക്. ചെണ്ട, ചേങ്ങല താളലയം ഒപ്പിച്ചാണ് ആനപ്പുറം ശോഭിക്കുക. ഇടയ്ക്കിടയ്ക്ക് പെപ്പര പെരപ്പെര പേ കൊമ്പു വിളി. കുഴലൂത്ത്. പഞ്ചാരി. എല്ലാത്തിനും കഥകളിച്ചേലുള്ള ചില മുഖമുദ്രകളുണ്ട്. ആനപ്പുറത്ത് വെഞ്ചാമരം വീശി പട്ടു കുട പമ്പരം കറക്കുന്ന മികവ് കാണേണ്ടതു തന്നെ. കൊട്ടിക്കൊട്ടി കേറി ഉച്ചസ്ഥായിയിലെത്തും.

അതിനിടെ മാനത്ത് അമിട്ടു പൊട്ടുംപോലെ കുടകൾ വിരിയുന്ന നാനാവര്‍ണ ഭംഗി! അപ്പുറമിപ്പുറം ആനപ്പുറത്തുകാര്‍ പട്ടു കുടകള്‍ പരസ്പരം മാറുന്ന വര്‍ണഭംഗി! രോമാഞ്ചത്തോടെ കണ്ണഞ്ചിച്ചു പോകും. ആനപ്പുറത്തും മാനത്തും മിന്നല്‍ത്തിളക്കം. താള മേളങ്ങള്‍ മത്സരമായി മുറുകും. ആളുകളുടെ ഇമ്പമാര്‍ന്ന കോലാഹലം ഹരം പകരും.

പൂരവാതില്‍ പന്തലുകള്‍

തൃശൂരിന് പട്ടുകുടയുടെ ഭംഗിയും പൊലിമയും നല്‍കുന്ന ഇടങ്ങളിലൊന്നാണ് വടക്കുംനാഥ ക്ഷേത്രം. അതിന്‍റെ വട്ടമെന്നു പറയുമ്പോള്‍ കുടയ്ക്ക് ശീലയും നെടുംതൂണും പോലെ മുഖ്യം. അതാണ് ശിവ പ്രതിഷ്ഠയുള്ള ആസ്ഥാനം. പ്രത്യക്ഷത്തില്‍ മൂന്നു നടകളായി തിരിച്ചിരിക്കുന്നു. തിരുവമ്പാടിയും പാറേമക്കാവും ഇരുചേരി. വാതുവച്ച വാശിയേറിയ പൊരുതലാണ് നടപ്പന്തലുകളുടെ വലിപ്പത്തിലും അലങ്കാരത്തിലും. നിരവധി നിലകളുള്ള പന്തലുകളാണ് കമനീയ കലവിരുതോടെ കെട്ടിപ്പൊക്കുക. മണികണ്ഠനാലും നായ്ക്കനാലും നടുവിലാലും വിശേഷാല്‍ സന്ധ്യാരത്‌ന പ്രകാശത്തില്‍ തിളങ്ങി വിസ്മയം വരുത്തും. കൊട്ടുകാര്‍ക്കും തുള്ളുന്നവർക്കും അളവുകോല്‍ വെളിച്ചത്തിന്‍റെ മിന്നായിപ്പാണ്.

പൂരം വെടിക്കെട്ട്

പൂരം നാള്‍ ചെറുപൂരങ്ങളുടെ കൈലാസമാണ് വഴി നീളെ. ചെറുപൂരങ്ങളെല്ലാം വടക്കുംനാഥനില്‍ വന്ന് യഥാവിധി ലയിക്കുന്നതാണ് ആചാരാനുഷ്ഠാനം. സമീപവാസികളായ ദേവീ ദേവന്മാരുടെ അസുലഭ സംഗമ മുഹൂര്‍ത്തം.

സാധാരണ സമയം പുലര്‍ച്ച രണ്ടുമൂന്നിനോട് അടുത്താല്‍ സമാപന വെട്ടിക്കെട്ടിനുള്ള നിശബ്ദതയാണ്. മേലേ നിന്നും പൂഴി താഴെയിട്ടാല്‍ നിലം തൊടാത്തത്ര പുരുഷാരം തിങ്ങി നിറയുന്ന വേള. നറുക്കെടുപ്പിലൂടെയാണ് വെടിക്കെട്ടിന്‍റെ തുടക്കക്കാരനെ നിശ്ചയിക്കുന്നത്.

അക്ഷമരായി കാത്തുനില്‍ക്കുമ്പേള്‍ പൊട്ടലാരംഭിക്കും. കതിനയും അമിട്ടും ഗുണ്ടും ആകാശം കത്തിപ്പിടിക്കും വിധം പ്രകാശിക്കും. കണ്ണു ചിന്നും. ചെവി പൊട്ടും. ചവിട്ടി നില്‍ക്കുന്ന ഭൂമി വിറയ്ക്കും. പൊട്ടലുകള്‍ കിടിലം കൊള്ളിക്കും. കലാശക്കൊട്ടില്‍ ഒരു ഭൂകമ്പ പര്യവസാനം. പ്രഥമ ഊഴം തീര്‍ന്നു. പിന്നെ അടുത്ത ചേരി വക കത്തിക്കല്‍. അത് അതിലും വീറും വാശിയിലും. പാറേമക്കാവോ തിരുവമ്പാടിയോ കെങ്കേമന്‍? അഭിപ്രായ വ്യത്യാസത്തോടെ കാഴ്ചക്കാര്‍ ആവേശമൊതുങ്ങതെ പിരിയും. പൊട്ടലുകൾ നിലച്ചാലും പുലര്‍കാലം വരെ അമിട്ടുകള്‍ വര്‍ണക്കുട വിരിച്ച് മാനത്തു നിന്നും ഉതിരുന്ന ഭംഗി വാല്‍നക്ഷത്രമായി വഴി തെളിക്കും.

എന്തായാലും ഇക്കുറി വെടിക്കെട്ടുകളില്ല. തിരുവമ്പാടിയുടെ വെടിപ്പുര കത്തിയമർന്ന് ജീവനുകൾ നഷ്ടമായ സാഹചര്യത്തിൽ ഒരു കതിന മാത്രം പൊട്ടിച്ച് ആചാരം നടത്തും. പാറമേക്കാവിന്‍റെ വെടിക്കെട്ടു സാമഗ്രികൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. അവ നിർവീര്യമാക്കി നശിപ്പിക്കും. എന്നാലും, പൂരത്തിന് ഇക്കുറിയും പകിട്ടു കുറയാൻ സാധ്യതയില്ല. മരിച്ചവരോടുള്ള ദുഃഖം രേഖപ്പെടുത്തുമ്പോൾ തന്നെ, നേരില്‍ കാണാന്‍ പോണ പൂര ബഹുരസം കളയണ്ടാ..!

പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല; ശബരിമല കേസിലെ വാദത്തിനിടെ സുപ്രീം കോടതി

ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുത്; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം നല്‍കി