യൂറോപ്പിലെ അവസാനത്തെ സൈനിക പ്രാവുകോട്ടയിൽ നിന്ന്
getty image
റീന വർഗീസ് കണ്ണിമല
പണ്ടു പണ്ട് നോഹയുടെ പെട്ടകത്തിൽ നിന്നു പുറത്തു പോയ പക്ഷികളിൽ ഭൂമിയെ തകർത്ത വെള്ളപ്പൊക്കം ശമിച്ചതായുള്ള സമാധാന ദൂതുമായി ഒലിവിലയും പേറി പറന്നു തിരിച്ചു വന്ന പ്രാവിനെ നമുക്കറിയാം. എന്നാൽ ഫ്രഞ്ച് ജനതയ്ക്ക് പ്രാവ് അവരുടെ യുദ്ധത്തിന്‍റെ ഭാഗമായുള്ള വിശ്വസ്തരായ ദൂതന്മാരാണ്. ഒന്നാം ലോകമഹായുദ്ധകാലത്തു മാത്രം 30,000ത്തിലധികം പ്രാവുകളെയാണ് ഫ്രഞ്ച് സൈന്യങ്ങൾ ഉപയോഗിച്ചിരുന്നത്!
യൂറോപ്പിലെ അവസാനത്തെ സൈനിക പ്രാവുകോട്ട
ഇന്ന് അത്യന്താധുനിക ആയുധങ്ങളുടെ യുഗത്തിൽ കാരിയർ പ്രാവുകൾ യുദ്ധമുഖങ്ങളിൽ ഉപയോഗിക്കപ്പെടുന്നില്ല. അവ ഫ്രാൻസിന്‍റെ ഔദ്യോഗിക ചടങ്ങുകളിൽ മാത്രമേ പറക്കുന്നുള്ളു. എങ്കിലും ഫ്രഞ്ച് ജനതയുടെ സൈന്യത്തിന്‍റെ ചരിത്രത്തിൽ ശക്തമായ പ്രതീകമായി അവ തുടരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നൊരു ചിത്രം
ഫ്രാൻസ് മാത്രമല്ല, മറ്റു പല രാജ്യങ്ങളും ലോക മഹായുദ്ധങ്ങളിൽ പ്രാവുകളെ ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ അവസാനത്തെ സൈനിക പ്രാവുകോട്ട ഇപ്പോൾ പാരിസിന്‍റെ വടക്കു ഭാഗത്തുള്ള മോണ്ട് വലേറിയൻ കോട്ടയാണ്. ഇവിടെ ഇപ്പോൾ 200 ഓളം സൈനിക പ്രാവുകൾ കൂടുകൂട്ടുന്നു. മോണ്ട് വലേറിയനിലെ തൂവലുള്ള പട്ടാളക്കാരെ കാണാൻ മാധ്യമപ്രവർത്തകരുടെ തിരക്കാണ്.
20,000 പ്രാവുകൾക്കായിഒരു യുദ്ധസ്മാരകം
യുദ്ധവീരന്മാരായി അറിയപ്പെടുന്ന പ്രാവുകളെ ഫ്രാൻസിൽ ആഘോഷപൂർവമാണ് സ്വീകരിക്കുന്നത്. പ്രാവുകൾക്ക് അവയുടെ താവളത്തിലേയ്ക്കു മടങ്ങാനുള്ള വഴി കണ്ടെത്താനുള്ള കഴിവും ദീർഘദൂര പറക്കലിലെ സഹിഷ്ണുതയും കാരണം രണ്ടു ലോകമഹായുദ്ധങ്ങളിലും അവ മിടുക്കരായ സന്ദേശ വാഹകരായിരുന്നു.
"വാഹക പ്രാവിന്'
ഫ്രാൻസിലെ പ്രാവ് യുദ്ധസ്മാരകം
ഫ്രാൻസിൽ തങ്ങളുടെ രാജ്യത്തിനും രാജ്യത്തിന്‍റെ കാവൽക്കാർക്കും വേണ്ടി മരിച്ച 20,000 പ്രാവുകൾക്കായി ഒരു സ്മാരകവുമുണ്ട്. ആ യുദ്ധ സ്മാരകത്തിൽ ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു-"വാഹക പ്രാവിന്'...
ചെർ ആമി
പ്രശസ്തനായ ഫ്രഞ്ച് യുദ്ധ വാഹകപ്രാവ്
ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനിക പ്രാവായ "ചെർ ആമി' 194 യുഎസ് സൈനികരെ അഗ്നിബാധയിൽ നിന്നു രക്ഷിച്ചിരുന്നു. ഇത്തരത്തിൽ ജീവൻ പോലും രക്ഷിക്കാൻ പോന്ന ബുദ്ധിയുള്ളവയാണ് സൈനിക പ്രാവുകൾ.
ചൈനീസ് ആർമിയിലെ "പ്രാവ് സംവരണം'
2010ൽ ചൈനീസ് ആർമിയിൽ പ്രാവ് സംവരണവും ഏർപ്പെടുത്തി. യുദ്ധ സമയത്ത് ആധുനിക സാങ്കേതിക വിദ്യ വിശ്വസനീയമല്ലാതായാൽ പരിഹരിക്കാനാണ് 10,000 പ്രാവുകളെ ചൈനീസ് സേന പരിശീലിപ്പിക്കുന്നത്. അടുത്ത കാലത്താണ് ചൈന യന്ത്ര പ്പക്ഷി ഡ്രോണും യന്ത്ര മത്സ്യ ഡ്രോണുമെല്ലാം അവതരിപ്പിച്ചത്. ഇതു കൂടാതെയാണ് ചൈനയുടെ 10,000ത്തോളം വരുന്ന ഒറിജിനൽ പ്രാവു സേന...