ഡൽഹി കേരള ഹൗസിലെ രാഷ്ട്രീയം

 
Special Story

ഡൽഹി കേരള ഹൗസിലെ രാഷ്ട്രീയം

ഡല്‍ഹിയിലെ കേരള ഹൗസ് വീണ്ടും സജീവമായിരിക്കുകയാണ്. ഒരുകാലത്ത് കേരള ഹൗസിന്‍റെ മുറ്റത്ത് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിക്കൂടുന്ന കാഴ്ച പതിവായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് ഇത്തരത്തില്‍ അധികാരം മോഹമുള്ള ഒട്ടേറെ പേര്‍ കേരള ഹൗസ് മുറ്റത്ത് എത്തുന്നത്. നേതാവ് ഡല്‍ഹിക്കു പോകുന്നെറിഞ്ഞാല്‍ മോഹങ്ങളുള്ളവരും കയറും. അതാണു രീതി. മാമൂല് പോലെ ഈ രീതി പരീക്ഷിച്ച പലരും ഇന്നു നേത്യനിരയിലുണ്ട്. കേരളത്തില്‍ പ്രധാന സാന്നിധ്യമുള്ള ഇടതുപക്ഷത്തിന്‍റെ സീറ്റ് ചര്‍ച്ച കേരളത്തില്‍ തന്നെ നടക്കുന്നതുകൊണ്ട് അങ്ങനെ സംഭവിക്കാറില്ല. എന്നാല്‍, സമീപകാലത്ത് മുഖ്യമന്ത്രിയും ഇടത് പാര്‍ട്ടി നേതാക്കളും എത്തുന്ന സമയത്ത് ചെറിയ ഒരു തിക്കും തിരക്കും കേരള ഹൗസിന്‍റെ പരിസരത്ത് കാണാറുണ്ട്. കോണ്‍ഗ്രസിന്‍റെ സീറ്റ് ചര്‍ച്ച സമീപകാലത്ത് കേരളത്തില്‍ തന്നെ നടക്കുന്നതുകൊണ്ട് അത്തരത്തിലുള്ള ഒരു തിരക്കും ഉണ്ടാകാറില്ലായിരുന്നു.

മുന്‍കാലങ്ങളില്‍ നിന്നു വര്‍ത്തമാനകാലത്ത് ആളുകളുടെ എണ്ണ കുറഞ്ഞതു മാത്രമാണൊരു മെച്ചമായി ചൂണ്ടിക്കാണിക്കാനുള്ളത്. യാത്രയ്ക്ക് ഇത്രയേറെ സൗകര്യമുണ്ടായിട്ടും നേതാവാകാന്‍ ലിസ്റ്റില്‍ കയറിപ്പറ്റാനും ഡല്‍ഹിയില്‍ വരേണ്ടതില്ലെന്ന സ്ഥിതി വന്നിട്ടുണ്ട്. എന്നാല്‍, പ്രമുഖ നേതാക്കള്‍ കേരള ഹൗസിലെത്തിയാല്‍ ഇപ്പോഴും ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടെന്നതു രാഷ്‌ട്രീയ സത്യം. ഇന്നിപ്പോള്‍ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി കോണ്‍ഗ്രസ്, ഇടതുപക്ഷ, ബിജെപി നേതാക്കളുടെ സാന്നിധ്യം കേരള ഹൗസിലുണ്ട്. ഏത് പാര്‍ട്ടിയുടെ നേതാവാണ് കേരള ഹൗസില്‍ ഉള്ളതെന്നു പറയാവുന്ന വേഷത്തിലാകും ജനം. പ്രമുഖ നേതാക്കള്‍ എത്തിയാല്‍ മാധ്യമപ്രവര്‍ത്തകരും അനുയായികളും സ്ഥാനമോഹികളുമെല്ലാം എത്തുക സ്വാഭാവികം എന്ന് ചുരുക്കിപ്പറയാം.

ശശി തരൂരിന്‍റെ ഇന്‍റര്‍വ്യൂ ആണ് ഡല്‍ഹിയില്‍ കേരള നേതാക്കള്‍ക്ക് ഒത്തുകൂടാന്‍ സാഹചര്യം ഒരുക്കിയത് എന്നുള്ളത് തെറ്റായ ഒരു വാര്‍ത്തയാണ്. കേരള ഹൗസ് പരിസരത്ത് ഖദര്‍ ദരിച്ച ആളുകള്‍ ഒത്തുകൂടി എന്നത് സ്വഭാവികം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി ചർച്ചകൾക്കു തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് നേതൃത്വം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനുമുള്ള തയാറെടുപ്പായി കേരള നേതാക്കളുമായിട്ടുള്ള ഒരു ചര്‍ച്ചയാണ് യഥാർഥത്തില്‍ ഡല്‍ഹിയില്‍ നടന്നത്. ശശി തരൂര്‍ വിഷയവും, നേത്യമാറ്റ ചര്‍ച്ചയും ഈ സമയത്ത് ഉണ്ടായത് യാദൃച്ഛികം മാത്രമാണ്. വരും ദിവസങ്ങളില്‍ സമാനമായ ചര്‍ച്ച പല സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉണ്ടാകുന്നു എന്നുള്ളതു മുന്‍പ് സൂചിപ്പിച്ച കാര്യത്തെ ന്യായീകരിക്കുന്ന ഒന്നായി കാണാം.

എന്തായാലും കേരളത്തിലെ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇത്തവണ ചെറുതായ ഒരു തിരക്ക് കേരള ഹൗസില്‍ ഉണ്ടായി എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയാണ്. പുതിയ കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ് യോഗമെന്ന കിംവദന്തി പരന്നതാകാം അതിനു കാരണമെന്നു പറയേണ്ടിയിരിക്കുന്നു. അധികാരമോഹം ഉള്ളവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട് എന്നുള്ളതാണ് ഇത്തരം തിരക്കുകള്‍ക്ക് കാരണം. ഇതിനു കക്ഷിരാഷ്‌ട്രീയത്തിന്‍റെ വ്യത്യാസമില്ലാതെ പറയേണ്ടിയിരിക്കുന്നു.

കേരള ഹൗസില്‍ നടന്ന മുന്‍കാല രാഷ്‌ട്രീയ ചതുരങ്ക ചരിത്രം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കേരള ഹൗസില്‍ കെ. കരുണാകരന്‍ വന്നിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ അണികള്‍ ഈ മുറ്റത്ത് എത്തിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. കെ. കരുണാകരന്‍റെ രണ്ട് രാഷ്‌ട്രീയ കാലങ്ങള്‍ ഉണ്ട് എന്നുള്ളതും നമുക്ക് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഇന്ദിരാഗാന്ധി ഭരിക്കുന്ന കാലത്ത് കെ. കരുണാകരന്‍ ശക്തനായ നേതാവായിരുന്നു. കിങ് മേക്കര്‍ ആയിരുന്നു. കോണ്‍ഗ്രസിന്‍റെ അവസാനവാക്കില്‍ ഒന്ന് അദ്ദേഹമായിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും അക്കാലത്ത് കേരള ഹൗസില്‍ എത്തുമായിരുന്നു. അത് അക്കാലത്ത് കരുണാകരന്‍റെ മുന്നില്‍ എത്തുക എന്നുള്ള ലക്ഷ്യംവച്ച് എത്തിയിട്ടുള്ള പലരും പില്‍ക്കാലത്ത് വലിയ സ്ഥാനമാനങ്ങള്‍ നേടിയിട്ടുള്ളവരാണ് എന്നുള്ളതു കാണുവാന്‍ സാധിക്കും. മുഖം കാണിക്കാന്‍ കേരള ഹൗസിന്‍റെ പരിസരങ്ങളില്‍ പോലും പലരും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റും മറ്റും ആയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്നു തെറ്റിപ്പിരിഞ്ഞ കരുണാകരന്‍ ഏകനായി കേരള ഹൗസിന്‍റെ മുറിയില്‍ ഇരിക്കുന്ന കാഴ്ചയും പിന്നീട് കാണുവാന്‍ സാധിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ തീരെ ഇല്ലാതെ ഒരു സാധാരണക്കാരനെ പോലെ കേരള ഹൗസില്‍ വന്നു പോയ ശക്തനായിരുന്ന കരുണാകരന്‍റെ പില്‍ക്കാല ചരിത്രം കേരള ഹൗസിന് മറക്കുവാന്‍ സാധിക്കുന്നതല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഗവര്‍ണര്‍മാരെയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഒക്കെ തീരുമാനിച്ചിരുന്ന കേരള ഹൗസിലെ കരുണാകരന്‍റെ പ്രശസ്തമായ 104 നമ്പര്‍ സ്ഥിരം മുറി ഏറെ പ്രശസ്തമാണ്. കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ മാത്രമല്ല, കോണ്‍ഗ്രസിന്‍റെ ദേശിയ ചരിത്രത്തിലും കേരള ഹൗസിലെ 104 ാം നമ്പര്‍ മുറിക്ക് ഇടമുണ്ട്.

കേരള ഹൗസിന്‍റെ മുറ്റത്താണ് ഡല്‍ഹിയിലെ ആദ്യത്തെ കേരള സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാര്‍ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു. മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാട് ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ഡല്‍ഹി മലയാളികളുടെ അഭ്യർഥനപ്രകാരമാണ് കേരള സ്കൂള്‍ ആരംഭിക്കുന്നത്. കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന സ്ഥാപനം രൂപം കൊടുക്കുന്നത് അതിന് ശേഷമാണ്. കേരള ഹൗസിന്‍റെ മുന്നില്‍ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുമതി കൊടുത്തത് രാഷ്‌ട്രീയ തീരുമാനമായി തന്നെ നമുക്ക് പരിഗണിക്കാം. രാഷ്‌ട്രത്തിന്‍റെ നന്മയ്ക്ക് ഉതകുന്നതാണല്ലോ രാഷ്‌ട്രീയം. അതുകൊണ്ട് തന്നെ ഇതും ഒരു രാഷ്‌ട്രീയമായി നാം കണക്കാക്കേണ്ടിയിരിക്കുന്നു.

കേരള ഹൗസിന്‍റെ പില്‍ക്കാല ചരിത്രം കൂടി ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും. ജന്തര്‍ മന്തര്‍ റോഡ് 3ൽ ആണ് കേരള ഹൗസ് ഉള്ളത്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തും, ബില്‍ഡറായും പ്രവര്‍ത്തിച്ചു വന്നവരാണ് പ്രമുഖ പഞ്ചാബി സുജന്‍ സിങ് ഹദലിവാലെയുംമകന്‍ സര്‍ ശോഭാ സിങ്ങും. അന്നത്തെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡല്‍ഹി പ്രഖ്യാപിച്ചപ്പോള്‍, ന്യൂഡല്‍ഹി പദ്ധതിയുടെ നിർമാണത്തില്‍ മുതിര്‍ന്ന കരാറുകാരായി അവര്‍ പങ്കെടുത്തു. സുജന്‍ സിങ് ഹദലിവാലെയ്ക്ക് താമസിക്കാന്‍ ബ്രിട്ട‌ിഷുകാര്‍ അനുവദിച്ച സ്ഥലമാണ് 3 ജന്തര്‍ മന്തര്‍ റോഡ്. 1911-ല്‍, തന്‍റെ സ്വകാര്യ വസതിയായി സുജന്‍ സിങ് ഇവിടെ വീട് നിർമിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ ശോഭാ സിങ്ങിന്‍റെ മകന്‍റെ മകനാണ് പില്‍ക്കാലത്ത് പ്രശസ്തനായ ഖുഷ്‌വന്ത് സിങ്. ഖുഷ്‌വന്ത് സിങ് ജനിച്ചു വളര്‍ന്ന ഈ വീടിന്‍റെ പേര് വൈകുണ്ഠ എന്നായിരുന്നു.

പുതിയ ബ്രിട്ടിഷ് ഇന്ത്യ ഭരണഘടനയുടെ ഭാഗമായി, ഇന്ത്യന്‍ തദ്ദേശീയ നാട്ടുരാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഒരു ചേംബര്‍ ഒഫ് പ്രിന്‍സസ് രൂപീകരിച്ചു. തല്‍ഫലമായി, നടപടിക്രമങ്ങളില്‍ പങ്കെടുക്കാനും അവരുടെ ശബ്ദവും ആശങ്കകളും പ്രകടിപ്പിക്കാനും ഇന്ത്യന്‍ രാജകുമാരന്മാര്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമായി. 1920ല്‍, കൊച്ചി രാജ്യത്തിന്‍റെ ഭരണാധികാരിയും ശോഭാസിങ്ങിന്‍റെ സുഹൃത്തുമായ കൊച്ചിയിലെ എച്ച്.എച്ച്. രാജാ രാമവര്‍മ മഹാരാജാവ്, അദ്ദേഹത്തില്‍ നിന്ന് വൈകുണ്ഠം വിലയ്ക്ക് വാങ്ങി. ഡല്‍ഹിയിലെ കൊച്ചി മഹാരാജാവിന്‍റെ മുന്‍ വസതിയായിരുന്നു കൊച്ചിന്‍ ഹൗസ്. ഇത് കൊച്ചിന്‍ സ്റ്റേറ്റ് പാലസ് എന്നും അറിയപ്പെടുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, കൊച്ചി ഇന്ത്യാ യൂണിയനില്‍ ചേര്‍ന്നപ്പോള്‍, ഈ വീട് കേരള സര്‍ക്കാരിന്‍റെ സംസ്ഥാന സ്വത്തായി മാറി. ഇന്ന് ഇത് വിശാലമായ കേരള ഹൗസ് സമുച്ചയത്തിന്‍റെ ഭാഗമാണ്, ഇത് കേന്ദ്ര സര്‍ക്കാരിനുള്ള സംസ്ഥാന എംബസിയായി പ്രവര്‍ത്തിക്കുന്നു. സമാനമായി തിരുവിതാംകൂര്‍ രാജാവിനും ഡല്‍ഹിയില്‍ ഒരു വീടുണ്ടായിരുന്നു.

തിരുവിതാംകൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന തിരുവിതാംകൂര്‍ ഹൗസ്, തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ന്യൂഡല്‍ഹിയിലെ മുന്‍ വസതിയായിരുന്നു. കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രം എന്ന പേരിലാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത്. പക്ഷെ കേരളത്തിന്‍റെ ഒരു സാംസ്കാരിക പരിപാടിയും അവിടെ നടന്നതായി അറിവില്ല.

കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ പുതിയ കേരള ഭവന്‍ നിർമിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ കേരള ഹൗസിനും ട്രാവന്‍കൂര്‍ പാലസിനും പുറമെയാണ് കേരള ഭവന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിലാണ് പുതിയ കേരള ഭവന്‍ നിര്‍മിക്കുന്നത്. കേരള സര്‍ക്കാരിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്നാമതൊരു ആസ്ഥാനമൊരുങ്ങുമ്പോള്‍ പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും ഉണ്ട് എന്നത് യാഥാർഥ്യമാണ്. കേരള ഭവന്‍ മലയാളികളെ എത്രത്തോളം സ്വാഗതം ചെയ്യും എന്ന കാര്യത്തിലാണ് ആശങ്ക. വരുമാന മാര്‍ഗത്തിലുപരി ഡല്‍ഹി മലയാളികള്‍ക്കുകൂടി പ്രയോജനകരമാകുന്ന രീതിയില്‍ കേരള ഭവന്‍റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തണമെന്നാണ് ആവശ്യം. സാംസ്കാരിക കേന്ദ്രമായാണ് കേരള ഭവന്‍ വരുന്നതെങ്കില്‍ ട്രാവന്‍കൂര്‍ പാലസിന്‍റെ പോലെയാകുമോ പ്രവര്‍ത്തന രീതി എന്നാണ് സംസാരം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി