ഈ വെല്ലുവിളി ആർക്കും നല്ലതിനല്ല
ജ്യോത്സ്യൻ
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ കേരളം ഒന്നാമതാണെന്നും ഇന്ത്യയ്ക്കു മാതൃകയാണെന്നും അവകാശപ്പെടുന്ന ഇടതു സർക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള സമീപനവും കാഴ്ചപ്പാടും പെട്ടെന്നു മാറിയതായി അടുത്തിടെ നാം കാണുന്നു. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് മതവും ജാതിയും നോക്കി തങ്ങളെ വിരട്ടേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും, മന്ത്രി നുണ പറയരുതെന്നു ക്രിസ്ത്യൻ മാനെജ്മെന്‍റും തർക്കിക്കുന്നു. ആരാണ് ശരി, ആർക്കാണ് തെറ്റു പറ്റിയത്?
ഭിന്നശേഷി അധ്യാപകരുടെ നിയമനത്തിൽ എയ്ഡഡ് സ്കൂളുകളിൽ മാത്രം അയ്യായിരത്തിലധികം ഒഴിവുകളുണ്ടെന്നും അത് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും അതിൽ പരാതിയുണ്ടെങ്കിൽ കോടതിയിൽ പൊയ്ക്കോളൂ എന്നുമാണ് മന്ത്രി ശിവൻകുട്ടിയുടെ നിലപാട്. ക്രൈസ്തവർ ഉൾപ്പെടെയുള്ളവരുടെ ന്യൂനപക്ഷ മാനെജ്മെന്‍റ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനം സമയബന്ധിതമായി നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലെന്നും, തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ സമരങ്ങൾ നടത്തി സർക്കാരിനെ പേടിപ്പിക്കേണ്ടെന്നുമാണു മന്ത്രി വെല്ലുവിളി പോലെ പറയുന്നത്.
എന്നാൽ വസ്തുതാ വിരുദ്ധമായ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ന്യൂനപക്ഷ മാനെജ്മെന്‍റുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ സമീപനമാണ് ന്യൂനപക്ഷ മാനെജ്മെന്‍റുകൾ എടുത്തിരിക്കുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉൾപ്പെടെയുള്ള സഭാ പിതാക്കന്മാരും മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റി അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധരും തറപ്പിച്ചു പറയുന്നു.
ഭിന്നശേഷി ഉത്തരവിൽ കുരുങ്ങി പതിനാറായിരത്തിൽപ്പരം അധ്യാപകർക്കു നിയമനം ലഭിച്ചിട്ടില്ലെന്നും അതിലിരട്ടി ആളുകൾക്ക് ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നുമാണ് മാനെജ്മെന്‍റുകളുടെ പരാതി. സർക്കാർ നിഷ്കർഷിക്കുന്ന ഭിന്നശേഷി മാനദണ്ഡം ഇല്ലാത്തവരെ എങ്ങിനെ സ്കൂളുകളിൽ നിയമിക്കാനാവുമെന്ന് അവർ ചോദിക്കുന്നു. പ്രസ്തുത മാനദണ്ഡങ്ങളില്ലാത്ത ഭിന്നശേഷിക്കാർ ഇല്ലെങ്കിൽ ആ തസ്തികകൾ റിസർവ് ചെയ്തുകൊണ്ട് മറ്റുള്ളവരെ നിയമിച്ചുകൂടേ എന്ന മാനെജ്മെന്‍റുകളുടെ ചോദ്യം ഉചിതമല്ലേ എന്ന് ആലോചിക്കണം. എന്നാൽ ഭിന്നശേഷി ക്വാട്ട പൂർത്തീകരിക്കാതെ മറ്റുള്ളവർക്ക് ശമ്പളം നൽകില്ലെന്നാണ് സർക്കാർ നിലപാട്.
വിദ്യാർഥി പ്രവേശനത്തിനും മാനെജ്മെന്‍റ് നിയമനത്തിനും ന്യൂനപക്ഷ മാനെജ്മെന്‍റുകൾ വഴിവിട്ട് പിരിവു നടത്തുന്നു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ ഡയറക്റ്റ് പേയ്മെന്‍റ് വന്നതോടു കൂടി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും, നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാനും സർക്കാർ തയാറാകുന്നില്ലെന്നാണ് സ്വകാര്യ മാനെജ്മെന്‍റുകളുടെ ആക്ഷേപം.
അധ്യാപകരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമ്പോൾ വിദ്യാർഥി പ്രവേശനവും അധ്യാപക നിയമനവും തങ്ങൾ തന്നെ ചെയ്യുമെന്ന് ന്യൂനപക്ഷ സ്വകാര്യ മാനെജ്മെന്‍റുകൾ ശഠിക്കുന്നത് ശരിയാണോ?
സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സമൂഹത്തിന് ഗുണകരമായ സേവനം ചെയ്യുമ്പോൾ തന്നെ ഈ മേഖലകൾ ധനാഗമ കച്ചവട സ്ഥാപനങ്ങളായി മാറിയെന്നു സർക്കാർ പരസ്യമായി കുറ്റപ്പെടുത്തുന്നു. ഈ വെല്ലുവിളികൾ അവസാനിപ്പിച്ച് സർക്കാരും ന്യൂനപക്ഷ- സ്വകാര്യ- വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങളും പരസ്പരം ചർച്ച ചെയ്തു പ്രശ്നപരിഹാരം ഉണ്ടാക്കണം. ""നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കോടതിയിൽ പൊയ്ക്കോളൂ'' എന്ന് വെല്ലുവിളിക്കുന്നതും മതവും ജാതിയും നോക്കുന്നതും സർക്കാരിന് ഗുണകരമല്ല. കേരളത്തിന്‍റെ ആരോഗ്യകരമായ സാമൂഹ്യവളർച്ചയ്ക്കു സ്വകാര്യ മേഖലയും സർക്കാരും പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോയിട്ടുള്ള മാർഗം ഇനിയും പിന്തുടരണം.
കേരളത്തിന്‍റെ വിദ്യാഭ്യാസ- ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് മത ന്യൂനപക്ഷങ്ങളുടെ സംഭാവന വലുതാണെന്നു സമർഥിക്കുന്നതോടൊപ്പം അത് കച്ചവടം ആക്കാതെയും അവർ നോക്കണം. ഓരോ പള്ളിക്കൊപ്പവും പള്ളിക്കൂടം വേണമെന്ന ധീരമായ നിലപാടെടുത്ത വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ നാട്ടിൽ വിദ്യാഭ്യാസവും ആരോഗ്യ ശുശ്രൂഷയും വലിപ്പച്ചെറുപ്പം കൂടാതെ ഏവർക്കും ലഭ്യമാക്കണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.