ലക്ഷ്യം ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ച

 
Special Story

ലക്ഷ്യം ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ച

ഇന്നു ദേശീയ ക്ഷീരദിനം

MV Desk

കെ.എസ്. മണി,

മില്‍മ ചെയര്‍മാന്‍

നവംബര്‍ 26 ദേശീയ ക്ഷീരദിനമായി രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ധവള വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാൽ ഉത്പാദനത്തിൽ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്ത മഹാനായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമാണു ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

ത്രിഭുവന്‍ ദാസ് പട്ടേലും വര്‍ഗീസ് കുര്യനും മുന്നോട്ടുവച്ച സഹകരണ ഫെഡറലിസത്തിന്‍റെ ആധാരശിലയില്‍ ഊന്നിനിന്നുകൊണ്ടാണു രാജ്യത്ത് ക്ഷീര സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകര്‍ഷകരാണു രാജ്യത്തെ ക്ഷീരമേഖലയുടെ കരുത്ത്. ക്ഷീരമേഖല കൈവരിച്ച നേട്ടത്തിലൂടെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ വലിയ തോതില്‍ മെച്ചപ്പെട്ടു. ഇതു ചെറുകിടകര്‍ഷകര്‍ക്കു പാലിന് ന്യായമായ വില ഉറപ്പാക്കുകയും ചൂഷണം ഒഴിവാക്കുകയും സുസ്ഥിര വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സാധാരണക്കാരന് ഏറ്റവും എളുപ്പത്തിലും ചെലവുകുറഞ്ഞും ലഭിക്കുന്ന പോഷകാഹാരമാണ് പാലും പാൽ ഉത്പന്നങ്ങളും. നദീതട സംസ്കാരകാലംതൊട്ടു പശുക്കളെ ഇണക്കി വളര്‍ത്തിത്തുടങ്ങിയ ഇന്ത്യയില്‍ പശു വളര്‍ത്തല്‍ ഇപ്പോഴും ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകളിലൊന്നാണ്. ലോകത്തെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യം ഇന്ത്യയാണെന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ്. ഈ നേട്ടത്തിലെത്തിയതില്‍ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നല്‍കിയിട്ടുണ്ട്.

മറ്റു രാജ്യങ്ങളില്‍ വന്‍കിട ഡയറി ഫാമുകളെ കേന്ദ്രീകരിച്ചാണ് ക്ഷീരവ്യവസായം നിലനില്‍ക്കുന്നത്. അതേസമയം ഇന്ത്യയിൽ അതിനെ നിലനിര്‍ത്തുന്നത് ചെറുകിട ക്ഷീരകര്‍ഷകരാണ്. രാജ്യത്തെ ക്ഷീരമേഖല ദശലക്ഷക്കണക്കിനു പേർക്ക് ഉപജീവനമാര്‍ഗത്തിന്‍റെ നിര്‍ണായക സ്രോതസാണ്. ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖല 2,30,000 ഗ്രാമങ്ങളിലായി 80 ദശലക്ഷം കര്‍ഷകരെ ഉള്‍ക്കൊള്ളുകയും അവര്‍ക്ക് തുല്യമായ വരുമാന വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ക്ഷീരമേഖലയില്‍ 35% സഹകരണ സംഘങ്ങളില്‍ സ്ത്രീകൾ സജീവമായി പ്രവര്‍ത്തിക്കുന്നു. ഗ്രാമീണതലത്തില്‍ സ്ത്രീകള്‍ നയിക്കുന്ന 48,000 ക്ഷീര സഹകരണ സംഘങ്ങളുണ്ട്. ഇതു സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. ഇന്ത്യന്‍ ക്ഷീരരംഗത്തിനു കൂടുതല്‍ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങളുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങൾ ഉള്‍പ്പെടെ രാജ്യത്തിന്‍റെ ക്ഷീരമേഖലയില്‍ വലിയ കയറ്റുമതി സാധ്യതയാണുള്ളത്.സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച കൈവരിക്കാനാണ് ക്ഷീരമേഖല ലക്ഷ്യമിടുന്നത്. ഉത്പാദനനക്ഷമത കൂട്ടുകയെന്നതാണ് ഈ ദിശയിലേക്കുള്ള പ്രധാന കാല്‍വയ്പ്പ്. അതോടൊപ്പം വിതരണശൃംഖല ശക്തിപ്പെടുത്തുകയും വേണം. ആഗോളതലത്തിലെ മികച്ച മാതൃകകള്‍ പകര്‍ത്തുകയും നൂതന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ നമ്മുടെ ക്ഷീരമേഖലയ്ക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങി ക്ഷീരമേഖല നേരിടുന്ന നിര്‍ണായക വെല്ലുവിളികളും ദേശീയ ക്ഷീര ദിനാചരണ വേളയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലാളി ക്ഷാമം വലിയ പ്രശ്നമല്ലെങ്കിലും ക്ഷീരമേഖലയുടെവളര്‍ച്ച നിലനിര്‍ത്താന്‍ യുവകര്‍ഷകരെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തെ ക്ഷീരമേഖലയുടെ 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകര്‍ഷകര്‍ ജോലിഭാരം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഈ മേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നത് നിര്‍ണായകമാണ്. വൈക്കോല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്താനും മാലിന്യം കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.കേരളത്തിലെ ക്ഷീരവ്യവസായ രംഗത്തിന്‍റെ വളര്‍ച്ച ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഇതില്‍ മില്‍മയ്ക്ക് വലിയ പങ്കാണു വഹിക്കാനുള്ളത്. ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലും ഉപജീവനവും നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും മേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മില്‍മ മുന്നോട്ടുപോകുന്നത്. ഉപഭോക്താക്കളുടെ തൃപ്തിയും കര്‍ഷകരുടെ ഉന്നമനവും മില്‍മ ഒരു പോലെ ലക്ഷ്യംവയ്ക്കുന്നു.

കര്‍ഷക ക്ഷേമ പദ്ധതികളിലൂടെ ഓരോ വര്‍ഷവും പാൽ ഉത്പാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ട്. ക്ഷീരസഹകരണ സംഘങ്ങളിലൂടെയാണു ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മില്‍മ പ്രതിജ്ഞാബദ്ധമാണ്.1980കളുടെ തുടക്കത്തില്‍ ആനന്ദ് മാതൃകയില്‍ രൂപീകരിക്കപ്പെട്ട മില്‍മ ഇന്ന് 3406 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളും 1.06 ദശലക്ഷം ക്ഷീരകര്‍ഷകരുമുള്ള പ്രസ്ഥാനമായി വളര്‍ന്നു. പ്രതിദിനം 1.25 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരണവും 1.65 ദശലക്ഷം ലിറ്റര്‍ പാല്‍ വിപണനവും നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ മില്‍മയ്ക്കായിട്ടുണ്ട്. നിലവില്‍ 4327 കോടി രൂപ വിറ്റുവരവുള്ള സഹകരണ പ്രസ്ഥാനമാണ് മില്‍മ. 2030ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. കൊവിഡിനുശേഷം പാല്‍ സംഭരണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതി 14 ശതമാനത്തിന്‍റെ വര്‍ധന കൈവരിച്ചു. കയറ്റുമതി സാധ്യത പരമാവധി പ്രയോജനപ്പെടുത്തി മില്‍മ ഉത്പന്നങ്ങൾ ഗള്‍ഫ് രാഷ്ട്രങ്ങളിലും മാലിദ്വീപ്, ലക്ഷദ്വീപ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തുവരുന്നു. യുഎസ്, ക്യാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം മലപ്പുറം മൂര്‍ക്കനാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മില്‍മ പാല്‍പ്പൊടി ഫാക്റ്ററിയുടെ പ്രവർത്തനം മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണ്. ലോകോത്തര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ച ഈ ഫാ‌ക്റ്ററിയില്‍ നിന്ന് ഡയറി വൈറ്റ്നറും ഉ‌ത്പന്നങ്ങളും മറ്റു സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും വില്‍പ്പന നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.ക്ഷീരകര്‍ഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവും മില്‍മയുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനം എന്ന നിലയില്‍ മില്‍മയുടെ വളര്‍ച്ചയുടെയും വിപണി വിപുലീകരണത്തിന്‍റെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ക്ഷീരകര്‍ഷകരാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മില്‍മയുടെ ലാഭവിഹിതത്തില്‍ 254.79 കോടി രൂപ (92.5 ശതമാനം) അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും മറ്റു ക്ഷേമപദ്ധതികൾക്കു കീഴിലും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി.ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ഈ വര്‍ഷം ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്. വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോ‌ത്പാദക സഹകരണ സംഘത്തിനാണ് ഒന്നാംസ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുന്‍വര്‍ഷങ്ങളിലും മലബാര്‍ മില്‍മയുടെ അംഗസംഘങ്ങള്‍ക്ക് ദേശീയ ഗോപാല്‍ രത്ന പുരസ്കാരം ലഭിച്ചിരുന്നു. മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീരസംഘത്തിന് 2021ല്‍ രണ്ടാം സ്ഥാനവും, മാനന്തവാടി, പുല്‍പ്പള്ളി ക്ഷീരസംഘങ്ങള്‍ക്ക് യഥാക്രമം 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലും പുതിയ കാലത്തെ ഭക്ഷ്യസുരക്ഷാ ഭീഷണികളിലും ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുരക്ഷിതവും ഗുണമേന്മയുമുള്ള പാലും പാൽ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഊന്നല്‍ നല്‍കണം. ഉത്പാദിപ്പിക്കുന്ന പാലിന്‍റെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വിപണി വിപുലീകരിച്ച് രാജ്യാന്തര ബ്രാന്‍ഡായി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചാണ് മില്‍മ മുന്നോട്ടുപോകുന്നത്. അതോടൊപ്പം നിരവധി സബ്സിഡികളും ഇന്‍സെന്‍റിവുകളും ക്ഷേമപ്രവര്‍ത്തനങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.ലളിതമായ വ്യവസ്ഥയില്‍ ക്ഷീരകര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കേരള ബാങ്കുമായി മില്‍മ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം വലിയ തോതില്‍ വായ്പകള്‍ അനുവദിച്ച് കേരള ബാങ്ക് ക്ഷീരകര്‍ഷകരെ സഹായിക്കുന്നുണ്ട്. ഉത്പാദന ചെലവ് കൂടുതലാണെങ്കിലും ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പാല്‍വില നല്‍കുന്നത് നമ്മുടെ സംസ്ഥാനമാണെന്നത് ശ്രദ്ധേയമാണ്. ഉത്പാദന ചെലവ് കുറച്ചും പാൽ ഉത്പാദനം വര്‍ധിപ്പിച്ചും കര്‍ഷകന് കൂടുതല്‍ ലാഭം സാധ്യമാക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി