""ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു)- 2026'',
file photo
* അന്താരാഷ്‌ട്ര ഊർജ സമ്മേളനത്തിന് 27ന് തുടക്കമാകും
* ആഗോള സംവാദവും വിതരണവും ശക്തിപ്പെടുത്തും
* ഊർജ സുരക്ഷ, സുസ്ഥിര പരിവർത്തനം ശക്തിപ്പെടുത്തൽ ലക്ഷ്യം
* നയ രൂപകർത്താക്കളും വ്യവസായ പ്രമുഖരും വിദഗ്ധരും സംഗമിക്കും
ഈ മാസം 27 മുതൽ 30 വരെ ഗോവയിൽ സംഘടിപ്പിക്കുന്ന ""ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു)- 2026'', ഈ വർഷം നടക്കുന്ന ആദ്യ പ്രധാന അന്താരാഷ്‌ട്ര ഊർജ സമ്മേളനമാണ്. ആഗോള ഊർജ വിപണികളും ഭൗമരാഷ്‌ട്രീയ പരിവർത്തനങ്ങളും കാലാവസ്ഥാ പ്രവർത്തനങ്ങങ്ങളും നിർണായക വഴിത്തിരിവിലെത്തുന്ന ഈ ഘട്ടത്തിൽ, 120ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമടക്കം 6,500ലധികം സമ്മേളന പ്രതിനിധികളെ ഒരുമിച്ചു ചേർക്കുന്ന മഹത്തായ വേദിയായി ഇത് മാറുന്നു.
കോൺഫറൻസ് പ്രോഗ്രാമാണ് ഐഇഡബ്ല്യു- 2026ന്‍റെ കേന്ദ്ര ബിന്ദു. തന്ത്രപരവും സാങ്കേതികാധിഷ്ഠിതവുമായ സമ്മേളനങ്ങളിലൂടെ, ആഗോള ഊർജ കോൺക്ലേവ് അർഥവത്തായ സംവാദങ്ങൾക്കും നയ ഏകോപനത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും ഘടനാപരമായ വേദി സൃഷ്ടിക്കുന്നു. അവബോധപൂർണമായ തീരുമാനമെടുക്കൽ പ്രക്രിയയെ പിന്തുണയ്ക്കുകയും, പ്രായോഗികവും പരിമാണാത്മകവുമായ ഊർജ പരിഹാരങ്ങളുടെ നിർവഹണം വേഗത്തിലാക്കുകയും ചെയ്യുന്നതിനായി ഈ സമ്മേളനങ്ങൾ സമഗ്രതയോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
നേതൃത്വവും നയ നിർദേശങ്ങളും
ആഗോള ഊർജ സംവിധാനങ്ങൾ അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികളിൽ ഉന്നതതല സംവാദം സംഘടിപ്പിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന സർക്കാർ പ്രതിനിധികളെയും നയ രൂപകർത്താക്കളെയും സിഇഒമാരെയും അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരെയും ഈ തന്ത്രപരമായ സമ്മേളനം ഒരുമിച്ച് ചേർക്കുന്നു. 4 ദിവസങ്ങളിലായി നടക്കുന്ന മന്ത്രിതല, നേതൃതല നയരൂപീകരണ ചർച്ചകൾ ഉൾപ്പെടെ 65ലധികം ഉന്നതതല യോഗങ്ങളിലായി 300ലധികം പ്രഭാഷകർ പങ്കാളികളാകും.
പ്രധാനപ്പെട്ട ഊർജ ഉത്പാദക, ഉപഭോക്തൃ രാജ്യങ്ങളിലെ ഊർജ മന്ത്രിമാർ, പ്രമുഖ അന്താരാഷ്‌ട്ര ഊർജ സ്ഥാപനങ്ങളുടെ തലവന്മാർ, ആഗോള തലത്തിലുള്ള മുൻനിര ഊർജ കമ്പനികളുടെ സിഇഒമാർ തുടങ്ങിയവരാണ് സമ്മേളനത്തിലെ പ്രധാന പങ്കാളികൾ. ഭാരത സർക്കാർ, വടക്കേ അമെരിക്ക, തെക്കേ അമെരിക്ക, യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ ഊർജ മന്ത്രാലയങ്ങൾ, ആഗോള ഊർജ മേഖലയെ രൂപപ്പെടുത്തുന്ന ബഹുമുഖ സംഘടനകൾ, പെട്രോളിയം, പ്രകൃതവാതകങ്ങൾ, പുനരുപയോഗ ഊർജം, ഉയർന്നുവരുന്ന ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ അടക്കമുള്ള മേഖലകളിലെ അന്താരാഷ്‌ട്ര വ്യവസായ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ആഗോള ഊർജ പരിവർത്തനത്തിന്‍റെ നിർണായക മാനങ്ങളെ അഭിസംബോധന ചെയ്യുന്ന 10 തന്ത്രപരമായ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിൽ ഊർജ സുരക്ഷയും പ്രതിരോധശേഷിയും, അന്താരാഷ്‌ട്ര സഹകരണം, നിക്ഷേപ സമാഹരണം, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, ഡിജിറ്റൈസേഷൻ, തൊഴിൽശക്തി വികസനം, ഊർജ സമത്വം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. ആഗോള ഊർജ നയതന്ത്രത്തിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും വളർച്ച, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയെ സന്തുലിതമാക്കുന്നതിനുള്ള സമീപനങ്ങളെക്കുറിച്ചും യോഗങ്ങൾ ചർച്ച ചെയ്യും.
നിലവിലെ സങ്കീർണമായ ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൽ നയപരമായ വ്യക്തത ഉറപ്പാക്കുന്നതിനും അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സർക്കാരുകൾ, വ്യവസായ മേഖല, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള തന്ത്രപരമായ ഏകോപനത്തെ പിന്തുണയ്ക്കുന്നതിനുമാണ് തന്ത്രപരമായ സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാങ്കേതിക സമ്മേളനം: 45 യോഗങ്ങൾ, 250 വിദഗ്ധർ
നേതൃത്വതല ചർച്ചകൾക്ക് അനുപൂരകമായി സാങ്കേതിക സമ്മേളനം കേന്ദ്രീകൃതവും പരിഹാരധിഷ്ഠിതവുമായ പരിപാടിയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജമൂല്യ ശൃംഖലയിൽ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 15 സാങ്കേതിക വിഭാഗങ്ങളെക്കുറിച്ചുള്ള 45ലധികം യോഗങ്ങളിൽ 250ലധികം സാങ്കേതിക വിദഗ്ധർ പങ്കെടുക്കും.
നിർമിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം, പെട്രോളിയം, പ്രകൃതിവാതകങ്ങൾ, ജൈവ ഇന്ധനങ്ങൾ, വൻതോതിൽ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നത് തടയുന്ന സാങ്കേതികവിദ്യയായ കാർബൺ ക്യാപ്‌ചർ, ശുദ്ധ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം, ഭാവിസജ്ജമായ ഗതാഗത മാർഗങ്ങൾ, എൽഎൻജി, ഊർജ സംവിധാനങ്ങൾ, ശുദ്ധീകരണം, പെട്രോകെമിക്കൽസ്, അവശ്യ സേവനങ്ങൾ, ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 15ലധികം സാങ്കേതിക മേഖലകളാണ് ഈ പരിപാടിയിൽ ഉൾപ്പെടുന്നത്. ഓരോ യോഗവും പ്രവർത്തന മികവ്, നൂതന സാങ്കേതികത, സമകാലിക ലോക വിന്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു.
എൻജിനീയർമാർ, ശാസ്ത്രജ്ഞർ, ഓപ്പറേറ്റർമാർ, സാങ്കേതികദാതാക്കൾ എന്നിവർക്കിടയിലെ വിജ്ഞാന കൈമാറ്റത്തിനും മികച്ച രീതികൾ പങ്കിടാനും, ഊർജ സംവിധാനങ്ങളിലുടനീളം നിർവഹണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനും സാങ്കേതിക സമ്മേളനം സമഗ്ര വേദി സജ്ജമാക്കുന്നു. തന്ത്രപരവും സാങ്കേതികവുമായ സമ്മേളനങ്ങൾ ഒരുമിച്ച്, നയപരമായ ദർശനങ്ങളെ സാങ്കേതിക നിർവഹണവുമായി ബന്ധിപ്പിക്കുന്ന സംയോജിത ഘടന രൂപപ്പെടുത്തുന്നു.
ആഗോള ഊർജ സഹകരണ വേദി
ഭാരത സർക്കാരിന്‍റെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ആതിഥേയത്വം വഹിക്കുന്നതും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രിയും (എഫ്ഐപിഐ) ഡിഎംജി പരിപാടികളും സംയുക്തമായി സംഘടിപ്പിക്കുന്നതുമായ ഇന്ത്യ ഊർജ വാരം- 2026 ഊർജ സുരക്ഷ, താങ്ങാവുന്ന ചെലവ്, സുസ്ഥിരത എന്നിവയിലൂന്നി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ആഗോള വേദിയായി നിലകൊള്ളും.