ഭക്ഷ്യ നഷ്ടത്തിൽ നിന്ന് ഭക്ഷ്യ നേതൃത്വത്തിലേക്ക്
ഐക്യരാഷ്‌ട്ര സഭാ ഭക്ഷ്യ- കാർഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം പാലും പയറുവർഗങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യവും, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യവുമാണ് ഇന്ത്യ
(കേന്ദ്ര മന്ത്രി, ഭക്ഷ്യ സംസ്‌കരണ വ്യവസായം)
ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തന പാതയിലെ നിർണായക വഴിത്തിരിവിലാണ് ഇപ്പോള്‍ ദക്ഷിണേഷ്യ. സമ്പന്ന കാർഷിക- ജൈവ വൈവിധ്യമുള്ള പ്രമുഖ മേഖലയായിരുന്നിട്ടും കൃഷിയിടത്തിനും ഉപഭോക്താവിനുമിടയിൽ വൻ മൂല്യനഷ്ടം സംഭവിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കർഷകർക്കും തൊഴില്‍ മേഖലയ്ക്കും പോഷകാഹാര ലഭ്യതയ്ക്കും നഷ്ടമാകുന്നത് വലിയൊരു അവസരമാണ്. ഈ വൈരുധ്യത്തെ ഇന്ത്യ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഐക്യരാഷ്‌ട്ര സഭാ ഭക്ഷ്യ- കാർഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം പാലും പയറുവർഗങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യവും, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യവുമാണ് ഇന്ത്യ. എങ്കിലും ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെയും സംഭരണം, ഗതാഗതം, സംസ്‌കരണം എന്നിവയിലെയും പോരായ്മകൾ മൂലം വലിയ ഭക്ഷ്യനഷ്ടം നിലനിൽക്കുന്നു.
ആഗോള വികസന മുൻഗണനകളിലേക്കുള്ള രാജ്യ പുരോഗതിയെ ഇത് തടസപ്പെടുത്തുന്നു. കേവലം കാര്യക്ഷമതയില്ലായ്മ മാത്രമല്ല, മറിച്ച് വലിയൊരു അവസരം നഷ്ടപ്പെടുത്തൽ കൂടിയാണിത്. ഇങ്ങനെ നഷ്ടപ്പെടുന്ന ഓരോ ടൺ ഭക്ഷണവും കർഷകരുടെ വരുമാന നഷ്ടത്തെയും യുവാക്കളുടെ തൊഴിൽ നഷ്ടത്തെയും കുടുംബങ്ങളുടെ പോഷകാഹാര നഷ്ടത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ നഷ്ടത്തെ മൂല്യമാക്കി മാറ്റുക എന്നത് ദക്ഷിണേഷ്യയുടെ സുപ്രധാന മുൻഗണനയായി മാറേണ്ടതുണ്ട്.
കാർഷിക മേഖലയുടെ മൂല്യവര്‍ധനയില്‍ ഭക്ഷ്യ സംസ്‌കരണത്തിന് സുപ്രധാന പങ്കുണ്ട്. കൃഷിയിടങ്ങളെ വിപണികളുമായും കർഷകരെ കമ്പനികളുമായും പ്രാദേശിക ഉത്പാദനത്തെ പ്രാദേശിക- ആഗോള മൂല്യ ശൃംഖലകളുമായും ബന്ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഭക്ഷ്യ സംസ്കരണം കാർഷിക മേഖലയ്ക്കും വിപുലമായ സാമ്പത്തിക പരിവർത്തനത്തിനും ഇടയിലെ പാലമായി നിലകൊള്ളുന്നു.
അളവിൽ നിന്ന് മൂല്യത്തിലേക്ക്
ഉത്പാദനം വർധിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുമാണ് കാർഷിക നയങ്ങൾ പതിറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിലൂടെ ഭക്ഷ്യസുരക്ഷയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ അടുത്തഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തൊഴിലവസരങ്ങളുണ്ടാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, മികച്ച പോഷകാഹാര ഫലങ്ങൾ കൈവരിക്കുക തുടങ്ങിയ മൂല്യസൃഷ്ടിയിലാണ്. രാജ്യത്തെ കാർഷികോത്പാദനത്തിന്‍റെ ഏകദേശം 17% മാത്രമാണ് നിലവിൽ സംസ്‌കരിക്കപ്പെടുന്നത്. ഈ മേഖലയുടെ പൂർണ സാമ്പത്തിക സാധ്യതകൾ പുറത്തെടുക്കണമെങ്കിൽ 2030ഓടെ ഇത് 25% ആയി ഉയരേണ്ടതുണ്ട്.
ഒപ്പം, വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതും സംസ്‌കരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതും സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ മൂല്യം നിലനിർത്തുന്നു എന്ന് ഉറപ്പാക്കുന്നതില്‍ നിർണായകമാകും. സംസ്‌കരണം ഉത്പന്നങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കും, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തും, പുതിയ ആഭ്യന്തര- കയറ്റുമതി വിപണികളിലേക്ക് വഴിതുറക്കും. അതിലുപരി, ഉത്പാദക രാജ്യങ്ങളില്‍ തന്നെ നിലനിൽക്കുന്ന സാമ്പത്തിക മൂല്യത്തിന്‍റെ പങ്ക് ഉയര്‍ത്തുന്നത് കർഷകർക്കും സംരംഭങ്ങൾക്കും ഗ്രാമീണ സമൂഹങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യും.
വിപണി അധിഷ്ഠിത മൂല്യശൃംഖല രൂപീകരണം
ഈ പരിവർത്തനം കൈവരിക്കാൻ മൂല്യ ശൃംഖലയിലുടനീളം ഉത്പാദനവും സമാഹരണവും മുതൽ സംസ്‌കരണവും ചരക്കുനീക്കവും വിപണി പ്രവേശവും വരെ ഏകോപിത നിക്ഷേപം ആവശ്യമാണ്. ഗുണനിലവാരം, സുരക്ഷ, സുതാര്യത, ചെലവ് കുറയ്ക്കൽ എന്നിവയിൽ ഉപയോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾ നിറവേറ്റാന്‍ സംയോജിതമായ സമീപനം അനിവാര്യമാണ്.
കൂടുതൽ വൈവിധ്യപൂര്‍ണവും പോഷക സമ്പുഷ്ടവുമായ പ്രത്യേക ഭക്ഷണങ്ങളിലേക്ക് ആഗോളതലത്തിൽ താല്പര്യം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേഷ്യയിലെ സമ്പന്ന കാർഷിക- ജൈവവൈവിധ്യം ഇത്തരം മൂല്യവര്‍ധിത ഉത്പന്നങ്ങൾ നിർമിക്കാൻ വലിയ സാധ്യത നല്‍കുന്നു. അതേസമയം, കൂടുതൽ സങ്കീർണമാകുന്ന ആഗോള വിപണികളിൽ സുതാര്യത ശക്തിപ്പെടുത്തുന്നതിലും ഗുണനിലവാര മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിലും മത്സരശേഷി വര്‍ധിപ്പിക്കുന്നതിലും ഡിജിറ്റൽ പരിഹാരങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകും.
പൊതു നിക്ഷേപങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. എങ്കിലും അത് കൂടുതലും സ്വകാര്യ മേഖലാ പങ്കാളിത്തത്തെ ഉത്തേജിപ്പിക്കുന്നതാകണം. ആവശ്യമായ തോതില്‍ നിക്ഷേപങ്ങൾ ആകര്‍ഷിക്കാന്‍ വ്യാപാര അന്തരീക്ഷത്തിന്‍റെ ശാക്തീകരണവും അപകട സാധ്യതകളുടെ ലഘൂകരണവും ഫലപ്രദമായ പൊതു- സ്വകാര്യ പങ്കാളിത്തവും അനിവാര്യമാണ്.
പ്രധാനമന്ത്രി കിസാൻ സമ്പദ യോജന, പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ ഔദ്യോഗികവത്കരണം, ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനാധിഷ്ഠിത പ്രോത്സാഹനം തുടങ്ങിയ മുൻനിര പദ്ധതികളിലൂടെ ഇന്ത്യ ഇതിനകം സുപ്രധാന ചുവടുവയ്പ്പുകൾ നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും സംഭരണ ശൃംഖലകള്‍ വ്യാപിപ്പിക്കുകയും ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങൾ കൂടുതൽ ഊർജസ്വലവും മത്സരശേഷിയാര്‍ന്നതുമായ മേഖലയ്ക്ക് അടിത്തറയിടുന്നു.
ആവശ്യമായ ഇടങ്ങളില്‍ തൊഴിലവസരങ്ങൾ
ഭക്ഷ്യ സംസ്‌കരണം കേവലം സാമ്പത്തിക കാര്യക്ഷമത മാത്രമല്ല; ഉപജീവന മാർഗം കൂടിയാണ്. ദക്ഷിണേഷ്യയിലുടനീളം ദശലക്ഷക്കണക്കിന് യുവജനങ്ങളാണ് ഓരോ വർഷവും തൊഴിൽ വിപണിയില്‍ പ്രവേശിക്കുന്നത്. എന്നാൽ വർധിച്ചുവരുന്ന തൊഴിൽ ശക്തിയെ ഉൾക്കൊള്ളാൻ കൃഷിക്കു മാത്രം സാധ്യമല്ല. ഭക്ഷ്യസംസ്‌കരണ മേഖല ഇതിന് ശക്തമായ പരിഹാരം കണ്ടെത്തുന്നു.
ഉത്പാദന കേന്ദ്രങ്ങൾക്ക് സമീപം വ്യവസായങ്ങൾ സ്ഥാപിക്കുന്നതിലൂടെ ചരക്കു നീക്കം, പാക്കെജിങ്, ഭക്ഷ്യ സാങ്കേതികവിദ്യ, അനുബന്ധ സേവനങ്ങൾ എന്നിവയിലുടനീളം വികേന്ദ്രീകൃത തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. നിരവധി സംരംഭകത്വ സാധ്യതകള്‍ തുറക്കുന്ന ഈ നീക്കം സൂക്ഷ്മ- ചെറുകിട സംരംഭങ്ങളെ വളരാനും ഔദ്യോഗിക പദവി നേടാനും ആധുനിക മൂല്യ ശൃംഖലകളുമായി സംയോജിക്കാനും പ്രാപ്തമാക്കും.
ഭക്ഷണത്തിന്‍റെ മൂല്യം കൂട്ടുന്നതിൽ മാത്രമല്ല, അർഥപൂര്‍ണമായ തൊഴിലവസരങ്ങൾ വന്‍തോതിൽ സൃഷ്ടിക്കുന്നതിലാണ് ഈ മേഖലയുടെ യഥാർഥ വിജയം; പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും സ്ത്രീകൾക്കും യുവാക്കൾക്കുമിടയിലും.
മാറിവരുന്ന ആഗോള വിപണിയിലെ മത്സരം
ഭക്ഷ്യസംസ്കരണ ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ സ്ഥിരതയാര്‍ന്ന വളര്‍ച്ച ആഗോള വിപണിയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു. പുതിയ വ്യാപാര കരാറുകൾ വിപണിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ ശ്രദ്ധ ഇനി അസംസ്കൃത ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍നിന്ന് സംസ്‌കരിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലേക്ക് മാറേണ്ടതുണ്ട്.
സുരക്ഷിതവും പോഷകസമ്പുഷ്ടവും സുതാര്യവും സുസ്ഥിരമായി ഉത്പാദിപ്പിച്ചതുമായ ഭക്ഷണമാണ് ആഗോള ഉപഭോക്താക്കൾ കൂടുതലായി തേടുന്നത്. ഗുണനിലവാരത്തിനും മാനദണ്ഡങ്ങള്‍ക്കും നൂതനാശയത്തിനും വലിയ മുൻഗണന നൽകുന്ന സാഹചര്യത്തില്‍ ഈ മേഖലകളിലെല്ലാം സുസ്ഥിരമായി കരുത്താര്‍ജിക്കുകയാണ് ഇന്ത്യ.
ഈ അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താന്‍ സാങ്കേതികവിദ്യയിലും ഗുണനിലവാരമേറിയ അടിസ്ഥാന സൗകര്യങ്ങളിലും സുതാര്യതാ സംവിധാനങ്ങളിലും ബ്രാൻഡിങിലും ഉയര്‍ന്ന നിക്ഷേപം നിർണായകമാകും. ആഗോളതലത്തില്‍ മത്സരക്ഷമമായ മൂല്യ ശൃംഖലകൾ കെട്ടിപ്പടുക്കുന്നത് ഉത്പാദകർക്കും സംരംഭകർക്കും മൂല്യവർധനയുടെ പടവുകൾ കയറാനും അന്താരാഷ്‌ട്ര വിപണിയിൽ സാന്നിധ്യം ശക്തമാക്കാനും സഹായകമാകും.
സുസ്ഥിരത കേന്ദ്രബിന്ദു
ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമാകണം. ഭക്ഷ്യനഷ്ടം കുറയ്ക്കുക എന്നത് ഭൂമിക്കും ജലത്തിനും ഊർജ സ്രോതസുകൾക്കും മേലുള്ള സമ്മർദം ലഘൂകരിക്കാന്‍ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. അതേസമയം, മാലിന്യ മൂല്യ വർധനയിലെ (കാർഷിക ഉപോത്പന്നങ്ങളെ പുതിയ ഉത്പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയ) നൂതനാശയങ്ങള്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനൊപ്പം പുതിയ സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുന്നു.
സുസ്ഥിരമായ ഒരു ഭക്ഷ്യസംസ്‌കരണ വ്യവസ്ഥ വിവിധ തലങ്ങളില്‍ മൂല്യം പകരുന്നു. മികച്ച പോഷകാഹാര ഫലങ്ങളെ പിന്തുണയ്ക്കുകയും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇത് ശൃംഖലയിലുടനീളം വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നു.
ദക്ഷിണേഷ്യയുടെ നേതൃത്വ അവസരം
അതുല്യമായ ഈ അവസരം ഒരു രാജ്യത്തിന്‍റേത് മാത്രമല്ല. മറിച്ച് ഒരു മേഖല ഒന്നടങ്കം ഒരുമിച്ച് മുന്നേറേണ്ടതാണ്. അതുകൊണ്ടു തന്നെ ഈ നിമിഷം ഏറെ സവിശേഷമാണ്. വിഭജിക്കപ്പെട്ട വിതരണ ശൃംഖലകളും പരിമിതമായ സംസ്‌കരണ ശേഷിയും ഉയർന്ന വിളവെടുപ്പാനന്തര നഷ്ടവുമെല്ലാം ദക്ഷിണേഷ്യൻ രാജ്യങ്ങൾ പൊതുവില്‍ നേരിടുന്ന ചില വെല്ലുവിളികളാണ്. എന്നാൽ പൊതുവായ ഈ പരിമിതികളാണ് കൂട്ടായ പരിഹാരങ്ങൾക്ക് അവസരമൊരുക്കുന്നത്.
സൗത്ത് ഏഷ്യൻ പോളിസി ലീഡർഷിപ്പ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷൻ ആൻഡ് ഗ്രോത്ത് (സാപ്ലിങ്) പോലുള്ള പ്രാദേശിക വേദികള്‍ ഈ മാറ്റത്തിന് ഉത്തേജനം നൽകും. ഒരു രാജ്യത്തിന് തനിയെ കൈവരിക്കാനാവാത്ത സഹകരണത്തിനും വൈജ്ഞാനിക പങ്കാളിത്തത്തിനും നിക്ഷേപത്തിനും ഇത് അവസരമൊരുക്കുന്നു. ഈ പ്രതിബദ്ധതയുടെ നേരിട്ടുള്ള ആവിഷ്കാരമാണ് "അൺലോക്കിങ് വാല്യൂ' സംവാദം.
എല്ലാവര്‍ക്കും മികച്ച തൊഴിലവസരങ്ങളും കൂടുതൽ പ്രതിരോധശേഷിയുള്ള ഭക്ഷ്യസംവിധാനങ്ങളും ഉറപ്പാക്കുന്ന പങ്കാളിത്തം കെട്ടിപ്പടുക്കാനും അറിവ് പങ്കിടാനും ബന്ധങ്ങൾ സുദൃഢമാക്കാനും മേഖലയിലെ നയ രൂപകർത്താക്കൾ, നൂതന ആശയക്കാർ, വ്യവസായ പ്രമുഖർ, വികസന പങ്കാളികൾ എന്നിവരെ ഈ സംവാദ പരിപാടി ഒരുമിച്ചു കൊണ്ടുവരുന്നു.
ഉത്പാദനത്തിലും നയപരമായ നൂതനാശയങ്ങളിലും ഒരുപോലെ മുൻപന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഈ പ്രാദേശിക പരിവർത്തനം സാക്ഷാത്കരിക്കുന്നതില്‍ നിർണായക പങ്കുവഹിക്കാനുണ്ട്.
പ്രവൃത്തിപഥത്തിലേക്ക്
നമുക്ക് മുന്നിലെ അവസരങ്ങള്‍ സുവ്യക്തമാണ്. വിതരണ ശൃംഖലയിലുടനീളം മൂല്യം നഷ്ടപ്പെടുത്തുന്നത് തുടരുകയോ, പകരം ഓരോ ഘട്ടത്തിലും മൂല്യവര്‍ധന ഉറപ്പാക്കി അത് നിലനിർത്തുന്ന ആധുനികവും സംയോജിതവുമായ മൂല്യ ശൃംഖലകൾ കെട്ടിപ്പടുക്കുകയോ ചെയ്യാം. നമുക്ക് അസംസ്കൃത ഉത്പന്നങ്ങളുടെ കയറ്റുമതിക്കാരായി തുടരുകയോ, പകരം മൂല്യമേറിയ സുസ്ഥിര ഭക്ഷ്യോത്പന്നങ്ങളുടെ ആഗോള നേതാക്കളാവുകയോ ചെയ്യാം. ഭക്ഷ്യസംസ്‌കരണമാണ് ഈ ലക്ഷ്യങ്ങളിലേക്കുള്ള വഴി.
കൃഷിയിടങ്ങൾ മുതൽ കമ്പനികൾ വരെയും പ്രാദേശിക വിപണികൾ മുതൽ ആഗോള മൂല്യ ശൃംഖലകൾ വരെയും ഭക്ഷ്യ സംവിധാനങ്ങളുടെ പരിവർത്തനം ഈ മേഖലയുടെ സാമ്പത്തിക ഭാവി നിര്‍ണയിക്കും. ശരിയായ നയങ്ങളും നിക്ഷേപങ്ങളും പങ്കാളിത്തവും ഒത്തുചേരുമ്പോൾ ദക്ഷിണേഷ്യയ്ക്ക് ഭക്ഷ്യ നഷ്ടത്തിൽ നിന്ന് ഭക്ഷ്യ നേതൃത്വത്തിലേക്ക് മുന്നേറാനാവും.
ഈ ലക്ഷ്യത്തിലൂന്നി ദക്ഷിണേഷ്യയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും നിക്ഷേപങ്ങൾ ലഭ്യമാക്കുന്നതും പ്രതിരോധ ശേഷിയുള്ള ഭക്ഷ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതുമായ പരിഹാരങ്ങളെ മുന്നോട്ടുനയിക്കാന്‍ സര്‍ക്കാരുകളെയും വ്യവസായങ്ങളെയും ലോകബാങ്ക് ഗ്രൂപ്പ് ഉൾപ്പെടെ വികസന പങ്കാളികളെയും ഒരുമിച്ചുനിര്‍ത്തി സംഘടിപ്പിക്കുന്ന അടുത്ത "സാപ്ലിങ്' ഉന്നതതല നയ സംവാദത്തെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.