ടെക്നിക്കൽ ടെക്സ്റ്റൈൽസ്; ഭാവിയുടെ ഇഴകൾ നെയ്യുന്ന നൂതനാശയങ്ങൾ 
Special Story

ടെക്നിക്കൽ ടെക്സ്റ്റൈൽസ്; ഭാവിയുടെ ഇഴകൾ നെയ്യുന്ന നൂതനാശയങ്ങൾ

കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ് എഴുതുന്നു

നീതു ചന്ദ്രൻ

"പരിവര്‍ത്തന്‍ ഹീ സന്‍സാര്‍ കാ നിയം ഹേ'' - മാറ്റം പ്രപഞ്ച നിയമമാണ്. ഈ കരുത്തുറ്റ സന്ദേശത്തിന് അനുസൃതമായി, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയുടെ തുണിത്തര പാരമ്പര്യം രൂപാന്തരപ്പെടുകയാണ്. ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിലെ നമ്മുടെ യാത്ര കേവലം തുണിത്തരങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല; സ്വപ്നങ്ങള്‍ നെയ്യുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും 140 കോടി ഇന്ത്യക്കാര്‍ക്കു സുസ്ഥിരമായ നാളെ രൂപപ്പെടുത്തുന്നതിനും കൂടിയുള്ളതാണ്. ഇന്ന്, ഇന്ത്യയുടെ ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് മേഖല നമ്മുടെ രാജ്യത്തുടനീളമുള്ള ജീവിതങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നത് എങ്ങനെയെന്ന കാര്യം ഞാന്‍ അഭിമാനത്തോടെ പങ്കുവയ്ക്കുകയാണ്. പാക്ക്ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക്, ക്ലോത്ടെക്, ഹോംടെക്, മെഡിടെക്, അഗ്രോടെക്, ബില്‍ഡ്ടെക്, പ്രോടെക്, ജിയോടെക്, സ്‌പോര്‍ട്ടെക്, ഓക്കോടെക് തുടങ്ങിയ 12 പ്രത്യേക വിഭാഗങ്ങളില്‍ ഓരോന്നും മികച്ച അവസരങ്ങളാണു വാഗ്ദാനം ചെയ്യുന്നത്.

2500 കോടി ഡോളര്‍ മൂല്യമുള്ളതും 2030 ഓടെ 4000 കോടി ഡോളര്‍ കവിയുമെന്നു പ്രതീക്ഷിക്കുന്നതുമായ ലോകത്തിലെ അഞ്ചാമത്തെ വലിയ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ വിപണി എന്ന നിലയില്‍, ഇന്ത്യ ശ്രദ്ധേയമായ കയറ്റുമതി വളര്‍ച്ച കൈവരിച്ചു, 2014ല്‍ പൂജ്യത്തിനടുത്ത് എന്ന നിലയില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി ഡോളറായി ഉയര്‍ന്നു. 2030-ഓടെ 1000 കോടി ഡോളറാണ് ലക്ഷ്യമിടുന്നത്. പാക്ക്ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക് എന്നിവ കയറ്റുമതിയുടെ 70% വരും. ഇത് ഇന്ത്യയുടെ ഉല്‍പ്പാദനശക്തി ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ബില്‍ഡ്ടെക് മേഖലയിലെ 229% വളര്‍ച്ച പ്രത്യേക മേഖലകളിലെ വൈദഗ്ധ്യം പ്രകടമാക്കുന്നു. മുന്നോട്ടുള്ള പാതയില്‍, ബില്‍ഡ്ടെക്, മെഡിടെക്, അഗ്രോടെക്, വളര്‍ന്നുവരുന്ന മറ്റു മേഖലകള്‍ എന്നിവയുള്‍പ്പെടെ മറ്റു സാങ്കേതിക ടെക്സ്റ്റൈല്‍ വിഭാഗങ്ങളിലുടനീളം കയറ്റുമതി വിപുലീകരിക്കാനും ഗവേഷണവും വികസനവും, സംരംഭകത്വം, സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയിലൂടെ ആഭ്യന്തര ആവശ്യകത ഉത്തേജിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. സമൃദ്ധമായ മാനവവിഭവശേഷിയും വര്‍ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിതരണവും കാരണം, ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് ഇന്ത്യയുടെ ഭാവിക്ക് സുസ്ഥിരവും പ്രായോഗികവുമായ മാര്‍ഗമായിരിക്കും.

സ്വയംപര്യാപ്തമാകുക എന്ന നമ്മുടെ രാജ്യത്തിന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിന്, നൈലോണ്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈസ്‌പെഷ്യാലിറ്റി ഫൈബറുകള്‍, അള്‍ട്രാ ഹൈ മോളിക്യുലാര്‍ വെയ്റ്റ് പോളിയെത്തിലീന്‍ (യുഎച്ച്എംഡബ്ല്യുപിഇ) തുടങ്ങിയ നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിരോധ- എയ്റോസ്‌പേസ് മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സെമികണ്ടക്റ്ററുകളില്‍ സ്വയംപര്യാപ്തത നേടാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതുപോലെ, ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍ മേഖലയിലും അതിനായി നാം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്രഗവണ്മെന്‍റ് 1480 കോടി രൂപയുടെ പിന്തുണയോടെ ദേശീയ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് ദൗത്യം (എൻടിടിഎം) ആരംഭിച്ചു. ഈ സംരംഭം ഇതിനകം 509 കോടി രൂപയുടെ 168 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.79 കോടി രൂപയുടെ ധനസഹായം നല്‍കുകയും ചെയ്തു. ആഗോള പുരോഗതിക്കു സംഭാവന നല്‍കുക മാത്രമല്ല നാം ചെയ്യുന്നത്; അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നു. സാംസ്‌കാരിക പൈതൃകത്തെ മാനിക്കുമ്പോള്‍ തന്നെ നൂതനാശയങ്ങളിലൂടെ മുന്നേറുന്ന സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ കാഴ്ചപ്പാട് അക്കങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.

രണ്ടര വര്‍ഷത്തിനുള്ളില്‍ ടി100 കാര്‍ബണ്‍ ഫൈബറിന്‍റെ ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ സുപ്രധാന നാഴികക്കല്ല് നമ്മെ കാത്തിരിക്കുന്നു. ഇത് നിര്‍ണായക പ്രതിരോധ-എയ്റോസ്‌പേസ് ആപ്ലിക്കേഷനുകളിലെ നമ്മുടെ ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറയ്ക്കും. ഇറക്കുമതി ചെയ്ത നെയ്ത്ത് ഇതര സാമഗ്രികള്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈ-സ്‌പെഷ്യാലിറ്റി ഫൈബറുകള്‍, നൈലോണ്‍, യുഎച്ച്എംഡബ്ല്യുപിഇ എന്നിവയെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യ ആഭ്യന്തര കാര്‍ബണ്‍ ഫൈബര്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സ്വയംപര്യാപ്തതയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു.

ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിന്‍റെ പരിവര്‍ത്തന ശക്തിയാണ് നമ്മുടെ കാര്‍ഷിക മേഖല പ്രകടമാക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ അഞ്ചു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ, 567 ദശലക്ഷം ഡോളറിലധികം കയറ്റുമതിയാണ് നൂതന അഗ്രോടെക്സ്‌റ്റൈലുകള്‍ക്കുള്ളത്. നൂതന തണല്‍ വലകളും കമ്പോസ്റ്റ് പായകളും ഉപയോഗിക്കുന്ന ഗ്രാമീണ ഇന്ത്യയിലെ കര്‍ഷകനെ നോക്കിയാല്‍, വിളവ് 30-40% വര്‍ധിക്കുന്നുവെന്നും വെള്ളത്തിന്‍റെ ഉപയോഗം 40% കുറവാണെന്നും കാണാനാകും. നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്‍റെ (നിട്ര) സണ്‍ ഹെംപ് ക്രോപ്പ് കവറുകളും സൗത്ത് ഇന്ത്യ ടെക്‌സ്‌റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്‍റെ (സിട്ര) ഔഷധലേപനമുള്ള വിത്ത് ബാഗുകളും ഉള്‍പ്പെടെ എൻടിടിഎമ്മിന് കീഴിലുള്ള പതിനൊന്ന് പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം അഭൂതപൂര്‍വമായ തോതില്‍ 67-75% വര്‍ധിക്കുന്നത് നാം കാണുന്നു. ഇത് യഥാര്‍ഥ രൂപത്തിലുള്ള സുസ്ഥിര വികസനമാണ്.

നമ്മുടെ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് യാത്രയില്‍ ദേശീയ സുരക്ഷയും പ്രധാനമാണ്. 449 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കുന്ന,നിട്രയുടെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത നൂതന സംരക്ഷണവസ്ത്രത്തില്‍ നിന്ന് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിക്കുന്നു. ഇത് സാങ്കേതിക പുരോഗതി മാത്രമല്ല; നമ്മെ സംരക്ഷിക്കുന്നവരെ സംരക്ഷിക്കല്‍ കൂടിയാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വാഹന വില്‍പ്പന 40 ലക്ഷം യൂണിറ്റ് പിന്നിട്ടതോടെ ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖല അഭിവൃദ്ധി പ്രാപിക്കുകയാണ്. ഇത് എയര്‍ബാഗിന്‍റെ ആവശ്യകത വര്‍ധിപ്പിക്കുകയും ഓട്ടോലിവ്, ഇസഡ്എഫ്, ജോയ്സണ്‍ തുടങ്ങിയ ആഗോള പ്രമുഖരെ പ്രാദേശികമായി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഓട്ടോകോപ്പിന്‍റെയും മാരുതി സുസുക്കിയുടെയും പിന്തുണയില്‍ 9.2% വളര്‍ച്ചാനിരക്കോടെ, സീറ്റ് ബെല്‍റ്റ് നിര്‍മിക്കുന്ന തുണിത്തരത്തിന്‍റെ അതിവേഗം വളരുന്ന വിപണി എന്ന നിലയില്‍, ഇന്ത്യ സുരക്ഷയിലും നൂതനത്വത്തിലും മുന്നേറുകയാണ്. പാക്കേജിങ്ങില്‍ ഗ്ലാസ്, മെറ്റല്‍, കാര്‍ഡ്‌ബോര്‍ഡ് കണ്ടെയ്‌നറുകള്‍ പോലെയുള്ള പരമ്പരാഗത സാമഗ്രികള്‍ക്കു പകരം ഫ്‌ലെക്‌സിബിള്‍ ഇന്‍റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്‌നറുകള്‍ (എഫ്ഐബിസി) വരുന്നു. ഇത് ഈടും വൈവിധ്യവും പുനരുപയോഗവും വാഗ്ദാനം ചെയ്യുന്നു. ഭാരം കുറഞ്ഞതും കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമായ എഫ്ഐബിസി ബാഗുകള്‍ ഗതാഗതച്ചെലവു കുറയ്ക്കുകയും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

കൂടാതെ, തുണിത്തര ഉത്പാദനം മികച്ചതും സുതാര്യവുമാക്കുന്നതിന് നിര്‍മിതബുദ്ധി, ബ്ലോക്ക്‌ചെയിന്‍ എന്നിവ അത്യാവശ്യമാണ്. പ്രക്രിയകള്‍ യാന്ത്രികമാക്കുന്നതിലൂടെയും പിശകുകള്‍ കുറയ്ക്കുന്നതിലൂടെയും തത്സമയ നിരീക്ഷണം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെയും നിര്‍മിതബുദ്ധി കാര്യക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ഉല്‍പ്പന്ന ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വിതരണ ശൃംഖലയിലെ ഓരോ ഘട്ടവും സുരക്ഷിതമായി രേഖപ്പെടുത്തുന്നതിലൂടെ ബ്ലോക്ക്‌ചെയിന്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. ഉപയോക്താക്കളെയും ഉത്പാദകരെയും സാമഗ്രികളുടെ ഉത്ഭവം, ആധികാരികത, ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ അനുവദിക്കുന്നു. ഇതു വ്യവസായത്തില്‍ വിശ്വാസവും സുതാര്യതയും വളര്‍ത്തുന്നു.

അമെരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, ഇസ്രായേല്‍ തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അത്യാധുനിക ഗവേഷണ-വികസനത്തിലൂടെയും ഹൈടെക് പ്രതിവിധികളിലൂടെയും ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പെട്ടന്ന് തിരിച്ചറിയാതിരിക്കാനുള്ള പ്രച്ഛന്നവേഷത്തിനായുള്ള കിറ്റ് 300 പോലെയുള്ള പ്രോടെക് മേഖലയിലെ ഇസ്രായേലിന്‍റെ നവീകരണങ്ങളും, നൂതന വലകളും തെര്‍മോ റിഫ്‌ലക്റ്റിവ് സ്‌ക്രീനുകളും പോലുള്ള സുസ്ഥിര പരിഹാരങ്ങളുള്ള അഗ്രോടെക്കിലെ ഇറ്റലിയുടെ നേതൃത്വവും പ്രധാന മാതൃകകളായി വര്‍ത്തിക്കുന്നു. ദേശീയ വിജ്ഞാന കേന്ദ്രം സ്ഥാപിക്കുന്നതിലൂടെയും പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെയും നാം മികച്ച രീതികള്‍ സ്വീകരിക്കുന്നു. ആഗോള ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വിപണി 2030-ഓടെ 250 ശതകോടിയില്‍ നിന്ന് 300 ശതകോടി ഡോളറായി വളരുമെന്നതിനാല്‍, അതിവേഗം വികസിക്കുന്ന ഈ മേഖലയില്‍ നവീകരണവും വളര്‍ച്ചയും നയിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത അടിവരയിട്ട് 15% വിപണിവിഹിതം സ്വന്തമാക്കാനാണു നാം ലക്ഷ്യമിടുന്നത്.

'വിഷന്‍ 2047'-ലേക്ക് നാം പുരോഗമിക്കുമ്പോള്‍, ഇന്ത്യയുടെ സമ്പന്നമായ വസ്ത്രനിര്‍മാണ പൈതൃകവും അതിന്‍റെ സാങ്കേതികഭാവിയും തമ്മിലുള്ള കണ്ണിയായി ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് ഉയര്‍ന്നുവരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ നാം മാറ്റങ്ങളുമായി പൊരുത്തപ്പെടുക മാത്രമല്ല, അതിനെ നയിക്കുകയും ചെയ്യുന്നു. നൂതനമായ നാരിഴകളും സുസ്ഥിരമായ പരിഹാരങ്ങളും വികസിപ്പിച്ച്, ഇന്ത്യയുടെ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിനെ ഗുണനിലവാരത്തിന്‍റെയും നവീകരണത്തിന്‍റെയും സുസ്ഥിരതയുടെയും ആഗോള പ്രതീകമാക്കും. തുണിത്തര മേഖല 2030ഓടെ 100 ശതകോടി ഡോളറിന്‍റെ കയറ്റുമതിയിലൂടെ 350 ശതകോടി ഡോളര്‍ വിപണിവലിപ്പത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ ടെക്‌നിക്കല്‍ ടെക്സ്റ്റൈല്‍ മേഖല ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ മേഖല തൊഴില്‍, സംരംഭകത്വം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ വിശാലമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും, നാളേക്കുവേണ്ടി കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഇന്ത്യ നെയ്‌തെടുക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

അണ്ടർ-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം

ടി20 ലോകകപ്പ്: ഇന്ത്യ ഇറങ്ങുന്നു

ഇന്ത്യ - ജിസിസി വ്യാപാര കരാർ ചർച്ച തുടങ്ങുന്നു

'പ്രസവിക്കാൻ ആരെയും നിർബന്ധിക്കാനാവില്ല', പതിനേഴുകാരിയുടെ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി

"കോൺഗ്രസാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത്": മുഖ്യമന്ത്രി