ഡോ. എസ്. രാധാകൃഷ്ണന്‍
എന്ഡ. ഷംസുദ്ദീൻ
പൊതുവിദ്യാഭ്യാസ മന്ത്രി
നമ്മള്‍ സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുക മാത്രല്ല, ത്യാഗപൂര്‍ണമായ, ഒരു ജീവിതയാത്രയിലൂടെ നാടിനു വഴികാട്ടിയായ ഡോ. എസ്. രാധാകൃഷ്ണന്‍ എന്ന മഹാനായ അധ്യാപകന്‍റെ പാത പിന്തുടരുകയുമാണ്, അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ഗുരുസ്ഥാനീയരായി കണ്ടുകൊണ്ട് ഹൃദയത്തോട് ചേര്‍ക്കുകയും ചെയ്യുകയാണ്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയും നേട്ടങ്ങളും കൈവരിക്കാന്‍ നമ്മുടെ നാടിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സമ്പൂര്‍ണ സാക്ഷരതയില്‍ നിന്ന്, ഹൈടെക് ക്ലാസ്മുറികളിലേക്കുള്ള പ്രയാണം മികവേറിയ നേട്ടമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊച്ചു കേരളത്തിലെ പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും മാതൃകയായി മാറുന്നു എന്നതും ചരിത്രപരമായ അടയാളപ്പെടുത്തല്‍ തന്നെയാണ്. ഈ മികവുകള്‍ യാദൃശ്ചികമായി വന്നു ഭവിച്ചതല്ല. കൊളോണിയല്‍ പൂര്‍വ കാലഘട്ടത്തിലെ ഗുരുകുല - പള്ളികൂട സംസ്‌കൃതിയും, പ്രദേശിക ഭരണകൂടങ്ങളുടെ ഇടപെടലുകളും, മിഷനറി വിദ്യാഭ്യാസവും, തുടര്‍ന്നു നടപ്പിലായ ഔപചാരിക വിദ്യാഭ്യാസവുമാണ് സ്വാതന്ത്ര്യാനന്തരം നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അടിത്തറയൊരുക്കിയത്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ സംരക്ഷിക്കുന്നതില്‍ ഓരോ അധ്യാപകരും നടത്തുന്ന ആത്മസമര്‍പ്പണവും അധ്യാപക ദിനത്തില്‍ സ്മരിക്കപ്പെടേണ്ടതു തന്നെയാണ്.
മികവിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോഴും അതിന്‍റെ പേരില്‍ അഭിരമിച്ച് നില്‍ക്കാന്‍ നമുക്ക് ഒട്ടും സമയമില്ലെന്നതാണു വര്‍ത്തമാനകാല യാഥാർഥ്യം. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോഴും ഗൗരവമായ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ മറച്ചുവയ്ക്കാതെ വിജയകരമായി തരണം ചെയ്ത് പൊതുവിദ്യാഭ്യാസ മേഖലയെ നാടിന്‍റെ വഴികാട്ടിയായി നിലനിര്‍ത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
പരിഹരിക്കപ്പെടേണ്ടുന്ന സാമൂഹികമായ അന്തരം
ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി നമ്മള്‍ അടയാളപ്പെടുത്തപ്പെടുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ നിരവധി അസമത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് യാഥാർഥ്യമാണ്. പല കാരണങ്ങളാല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതുഇടങ്ങളില്‍ നിന്നും തുല്യമായ അവസരങ്ങളില്‍ നിന്നും അരികുവത്കരിക്കപ്പെട്ടവര്‍ക്ക് നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വം ഉറപ്പുവരുത്തുക എന്നത് ഗവണ്‍മെന്‍റിന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
എഐ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ഡിവൈസ് പോലുള്ള അസമത്വങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടണം. ഒരു വശത്ത് എല്ലാ സൗകര്യവുമുള്ള കുട്ടികള്‍, മറുവശത്ത് ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും സ്വപ്നം കാണാന്‍ കഴിയാത്ത കുട്ടികള്‍. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ തുടങ്ങിയ യാഥാർഥ്യങ്ങളെ ഒരു കുട്ടിയുടെയും പരിമിതികളായി മാറാതെ പരിഹാരം കാണാനുള്ള പരിശ്രമം എന്നതാണ് നമ്മുടെ നയം. ഇത് ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രതിജ്ഞയാണ്.
കാലത്തിനൊപ്പം സഞ്ചരിക്കുക എന്ന ദൗത്യം
മിഴി ചിമ്മി തുറക്കുന്ന വേഗതയിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ മേഖലയിലെ വന്‍മാറ്റങ്ങള്‍ തുടങ്ങി ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ജീവിത യാഥാർഥ്യങ്ങള്‍ നമ്മള്‍ ഇന്നലകളില്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നമ്മുടെ പഠനരീതികളും പരീക്ഷാ സമ്പ്രദായങ്ങളും കാലാനുസൃതമായി നിരന്തര പരിഷ്‌കരണത്തിന് വിധേയമാകണം. ഓരോ വിദ്യാർഥിയും പഠനത്തോടൊപ്പം സ്വയം ചിന്തിക്കാന്‍ കഴിയുന്ന തലത്തിലേക്കും, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതില്‍ നിന്നും ജീവിത യാഥാർഥ്യങ്ങളോട് ചോദ്യം ചോദിക്കാന്‍ കഴിയുന്നതിലേക്കും മാര്‍ക്ക് വാങ്ങാന്‍ പഠിക്കുന്നതില്‍ നിന്ന്, ജീവിക്കാന്‍ പഠിക്കുന്നതിലേക്കും പ്രാപ്തരാക്കുക എന്നതാണ് അധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ഭൗതികമായി പ്രാപ്യതയും തുല്യതയും ഉറപ്പുവരുത്തുന്നതില്‍ നമ്മള്‍ വിജയം കൈവരിച്ചിട്ടുണ്ട് എങ്കിലും വിദ്യാർഥികളെ പഠന പ്രവര്‍ത്തനങ്ങളിലും, കലാ കായിക മേഖലകളിലും സജീവമായി പങ്കെടുപ്പിക്കുന്നതില്‍ നമ്മള്‍ക്ക് കഴിയുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്. നവമാധ്യമങ്ങളുടെ അതിപ്രസരവും, അപകടകരമായ ലഹരിയുടെ വ്യാപനവും വിദ്യാർഥികളുടെ നിസംഗതയും പൂര്‍ണമായും ഇല്ലാതാക്കി സ്വയം നിര്‍ണയവും പഠന നേട്ടങ്ങളും തിരിച്ചറിവും നേടാന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഭരണകൂടവും അധ്യാപകരും വിദ്യാലയ സംവിധാനങ്ങളും നടത്തുന്ന ഈ ഭഗീരഥപ്രയത്‌നത്തിനൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും അതീവ ജാഗ്രതയോടെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്.
അധ്യാപകരുടെ ആത്മവിശ്വാസം
ഇന്ന് അധ്യാപകര്‍ കൗണ്‍സിലറും, സാമൂഹിക പ്രവര്‍ത്തകനും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ നിരന്തരം നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഈ അമിത ഉദ്യോഗസ്ഥ ഭാരം നിങ്ങളുടെ സര്‍ഗാത്മകതയെ ബാധിക്കുന്നു എന്നത് ഇനിയും തിരിച്ചറിയാതിരിക്കുന്നത് ശരിയല്ല. കൃത്യാന്തര ബാഹുല്യം പരിഹരിക്കുകയും തൊഴില്‍ മേഖലയിലെ സുരക്ഷിതത്വവും ആത്മാഭിമാനവും ഉയര്‍ത്തി അധ്യാപകരെ രാഷ്‌ട്ര പുനര്‍നിര്‍മാണത്തിനായി പരിപൂര്‍ണ സജ്ജരാക്കേണ്ടതുണ്ട്.
അധ്യാപകരുടെ സംഭാവനകളെ അടയാളപ്പെടുത്താനുള്ള ഒരവസരം കൂടിയാണ് നമ്മുടെ രാഷ്‌ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനം. നമ്മുടെ നാടിന്‍റെ അഭിമാനമായി മാറിയ അധ്യാപകരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തല്‍ കൂടിയാണ് സംസ്ഥാന അധ്യാപക പുരസ്‌കാരം. നമ്മുടെ അക്കാദമിക സമൂഹത്തിന് പ്രചോദനവും ആത്മവിശ്വാസം പകരുന്ന സന്ദര്‍ഭം കൂടിയായി ഈ പുരസ്‌കാരങ്ങള്‍ മാറും. അതോടൊപ്പം മികച്ച സൗകര്യങ്ങള്‍ നല്‍കി പൊതുവിദ്യാലയത്തെ നാടിന്‍റെ അഭിമാനസ്തംഭമായി നിലനിര്‍ത്തുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്‍റെ മികവും നന്മയും നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെയും അധ്യാപകരുടെയും മാത്രമല്ല, നാടിന്‍റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. രക്ഷിതാക്കളും പൂര്‍വ വിദ്യാർഥികളും പൊതുസമൂഹവും സ്‌കൂളിനെ ചേര്‍ത്തുപിടിക്കാന്‍ ഒപ്പം നില്‍ക്കുമെന്നത് തെളിവാര്‍ന്ന ശുഭാപ്തി വിശ്വാസമാണ്.
ചിലപ്പോഴൊക്കെ ദൈനംദിന ജോലിഭാരങ്ങള്‍ക്കിടയില്‍, പരീക്ഷകളുടെയും മാര്‍ക്കുകളുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍, നിങ്ങളുടെ ഉള്ളിലെ അധ്യാപകന് തളര്‍ച്ച തോന്നിയേക്കാം. "ഞാന്‍ ചെയ്യുന്നത് വലിയ കാര്യമാണോ?' എന്നൊരു ചോദ്യം മനസില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ പ്രവര്‍ത്തനമാണ്.
അധ്യാപകരിലൂടെ ആത്യന്തികമായി വിദ്യാര്‍ഥിയിലേക്കെത്തുന്ന നന്മകളിലാണ് നോട്ടം. മാനവിക മൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുല്യ നീതി തുടങ്ങിയ ആദര്‍ശങ്ങളും രാഷ്‌ട്രത്തിന്‍റെ ആത്മാവായ വിദ്യാര്‍ഥി മനസുകളില്‍ പ്രസരിപ്പിക്കുന്നത് ഗുരുനാഥരാണ്.
മനുഷ്യന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗശക്തിയെ ഉണര്‍ത്തുന്ന അധ്യാപകന്റെ മാന്ത്രിക സ്പര്‍ശത്തെക്കുറിച്ച്, യശഃശരീരനായ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിതയാത്രയിലെ ഓരോ വഴിയിലും കൈപിടിച്ചു നടത്തിയ ഗുരുവര്യരുടെ ഒരു ദിനം എന്നത് ഹൃദയത്തില്‍ നന്ദിയുടെയും കടപ്പാടുകളുടെയും സഹസ്രങ്ങളായ ചിന്തകളും ഓര്‍മപ്പൂക്കളും വിടരുന്ന ദിവസം കൂടിയാണ്. അക്ഷരങ്ങളുടെ അര്‍ഥ,താള, ലയ മാന്ത്രികത മലയാളിയെ ഏറ്റവും നന്നായി അനുഭവിപ്പിച്ച ഒ.എന്‍.വി. കുറുപ്പ് എന്ന ഗുരുവര്യന്‍റെ വരികള്‍ കൂടി ഇവിടെ കുറിക്കട്ടേ.
""അക്ഷരമെന്നത്
അനശ്വരമായ വെളിച്ചം;
അത് പകരുന്ന
കൈകളാണ് പുണ്യം''.
എല്ലാ ഗുര്യവര്യര്‍ക്കും അധ്യാപക ദിനാശംസകള്‍.