രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൂട്ടായ പ്രചാരണമാണ് കോൺഗ്രസ് ഹൈക്കമാൻഡ് കേരള നിയമസഭാ തെരഞ്ഞെടുപ്പിനായി നിർദേശിക്കുന്നത്.

 

MV Graphics

Special Story

ഏകപക്ഷീയ നേതൃത്വം വേണ്ട; തെരഞ്ഞെടുപ്പിനെ കൂട്ടായി നേരിടാൻ കോൺഗ്രസ്

രമേശ് ചെന്നിത്തലയുടെ തിരിച്ചുവരവും ഹൈക്കമാൻഡിന്‍റെ 'കൂട്ടായ നേതൃത്വ' തന്ത്രവും; നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് വി.ഡി. സതീശന് കടിഞ്ഞാൺ?

Thiruvananthapuram Bureau

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിർണായക പുനഃസംഘടനയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രചാരണ സമിതിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നതിലൂടെ, ഒരു വ്യക്തിയിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കുന്ന രീതിക്ക് മാറ്റം വരുത്താനാണ് എഐസിസി ലക്ഷ്യമിടുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുമായുണ്ടായ അകൽച്ച പരിഹരിക്കാൻ ചെന്നിത്തലയുടെ പരിചയസമ്പത്ത് സഹായിക്കുമെന്ന് പാർട്ടി കരുതുന്നു. ഷാഫി പറമ്പിൽ, ശശി തരൂർ തുടങ്ങിയവരെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചത് എല്ലാവരെയും ഉൾക്കൊള്ളുന്ന 'കൂട്ടായ നേതൃത്വം' എന്ന സന്ദേശമാണ് നൽകുന്നത്. ഏകപക്ഷീയമായ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രചാരണങ്ങൾക്ക് ഹൈക്കമാൻഡ് നൽകിയ പരോക്ഷമായ താക്കീത് കൂടിയാണ് ഈ പുതിയ നീക്കം.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കം തുടങ്ങവേ, കേരളത്തിലെ കോൺഗ്രസ് പ്രചാരണ സമിതിയുടെ തലപ്പത്തേക്ക് രമേശ് ചെന്നിത്തലയെ നിയോഗിച്ച ഹൈക്കമാൻഡ് നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവർത്തനശൈലിയിൽ കൂടുതൽ മിതത്വവും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയും കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

കുറച്ചു കാലമായി കേരളത്തിലെ പാർട്ടി തീരുമാനങ്ങൾ ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. പ്രത്യേകിച്ച്, എൻഎസ്എസ് പോലുള്ള പരമ്പരാഗതമായി കോൺഗ്രസിനോട് ചേർന്നുനിൽക്കുന്ന സാമൂഹിക സംഘടനകളുമായി ഉണ്ടായ അകൽച്ച നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുള്ള എതിർപ്പ് പാർട്ടിക്കുള്ളിൽ ശക്തമാണ്.

ഈ സാഹചര്യത്തിൽ, എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിൽ വൈദഗ്ധ്യമുള്ള ചെന്നിത്തലയെ മുന്നിൽ നിർത്തുന്നത് ഒരു 'കറക്ഷൻ പ്രക്രിയ'യുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു.

ഹൈക്കമാൻഡ് ഇടപെടൽ

പ്രതിപക്ഷ നേതാവിന്‍റെ വ്യക്തിപരമായ നീക്കങ്ങൾ പലപ്പോഴും പാർട്ടിയുടെ സംഘടനാ സംവിധാനത്തെ മറികടക്കുന്നു എന്ന സൂചനകൾ എഐസിസിക്ക് ലഭിച്ചതായാണ് വിവരം. ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടുകളിൽ സംസ്ഥാന ഘടകത്തിലെ ഐക്യമില്ലായ്മ പ്രകടമായിരുന്നു. 'പുതുയുഗ യാത്ര' പോലുള്ള സുപ്രധാന പരിപാടികളിൽ പാർട്ടി നേതൃത്വത്തെ പൂർണമായി സഹകരിപ്പിക്കാത്ത രീതിയിലുള്ള നീക്കങ്ങൾ ദേശീയ നേതൃത്വത്തിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ചില കേന്ദ്രങ്ങൾ ഏകപക്ഷീയമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി ഉയർത്തിക്കാട്ടി പ്രചരണം നടത്തുന്നത് കോൺഗ്രസിന്‍റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. ഒരു വ്യക്തിയിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ശ്രദ്ധ തിരിക്കുന്നത് പാർട്ടിയുടെ ഐക്യത്തിന് ഗുണകരമല്ലെന്ന തിരിച്ചറിവിലാണ് ശശി തരൂർ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചത്.

ചെന്നിത്തലയുടെ തിരിച്ചുവരവ്

രമേശ് ചെന്നിത്തലയുടെ പരിചയസമ്പത്ത് ഉപയോഗിക്കുന്നതിലൂടെ നിലവിൽ നേരിടുന്ന സാമുദായിക-രാഷ്ട്രീയ സമവാക്യത്തിലെ പ്രതിസന്ധി മറികടക്കാമെന്നാണ് ഹൈക്കമാൻഡ് കരുതുന്നത്. എൻഎസ്എസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്‍റെ സുദൃഢമായ ബന്ധം യുഡിഎഫിന്‍റെ വോട്ട് അടിത്തറ ഭദ്രമാക്കാൻ സഹായിക്കും.

ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിയുടെ വിജയത്തിന് വിഘാതമാകുമെന്ന തിരിച്ചറിവിൽ, കെ.സി. വേണുഗോപാലിനെയും ചെന്നിത്തലയെയും പോലെ പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം നേതൃത്വത്തിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നും വിലയിരുത്തൽ.

എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കിയ കമ്മിറ്റി രൂപീകരണത്തിലൂടെ 'സോഷ്യൽ എൻജിനീയറിങ്' പ്രക്രിയയ്ക്ക് എഐസിസി വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഷാഫി പറമ്പിലിന്‍റെയും മറ്റും പുതിയ ചുമതലകൾ ഇതിന്‍റെ ഭാഗമാണ്. അതേസമയം, കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ പ്രവർത്തനങ്ങളിൽ പൂർണമായ സംതൃപ്തിയില്ലെന്ന സൂചനയും പുനഃസംഘടന നൽകുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ ചുമതലയുള്ള ഹൈബി ഈഡന് പ്രചാരണ കമ്മിറ്റിയില്‍ സുപ്രധാന ചുമതല നല്‍കാത്തതിനു കാരണം ഇതാണെന്നും വിലയിരുത്തപ്പെടുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ