Special Story

വിവാഹാഘോഷങ്ങൾക്കിടെ നോട്ട് മഴ: 500 രൂപ നോട്ടുകൾക്കായി തിക്കിത്തിരക്കി നാട്ടുകാർ

 ഗുജറാത്ത് : വിവാഹത്തിനെത്തുന്നവർക്കു നാരങ്ങ നൽകിയും പനിനീര് തളിച്ചു വരവേൽക്കുന്ന രീതിക്കൊക്കെ നമ്മുടെ നാട്ടിൽതന്നെ മാറ്റം വന്നു തുടങ്ങി. പുതിയ പുതിയ സർപ്രൈസുകൾ കല്യാണാഘോഷങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ നാട്ടുകാർക്ക് മിഠായിയും ലഡ്ഡുവുമൊക്കെ കൊടുക്കുന്നതും പഴഞ്ചൻ രീതിയാണ്. ഒരു വെറൈറ്റി വേണ്ടേ എന്നു ചിന്തിച്ചതു കൊണ്ടാകണം, ഗുജറാത്തിൽ അനന്തരവന്‍റെ കല്യാണത്തിനു നോട്ട് മഴ പെയ്യിച്ചിരിക്കുന്നു സ്വന്തം അമ്മാവൻ. 500ന്‍റെയും 200ന്‍റെയും നോട്ടുകളിങ്ങനെ ആൾക്കൂട്ടത്തിനിടയിലേക്കു ഇടതടവില്ലാതെ പറന്നിറങ്ങുന്നതും, അതിനായി നാട്ടുകാർ തിക്കി തിരക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായ കരീം യാദവാണു കല്യാണത്തിന് ഈ കടന്നകൈ പ്രയോഗം നടത്തിയത്. അനന്തരവൻ റസാഖിന്‍റെ വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്‍റെ ടെറസിനു മുകളിൽ നിന്നും നോട്ടുകൾ വാരിവിതറി. ചില ബന്ധുക്കളും കരീമിനു കൂട്ടായി 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മറിഞ്ഞു വീഴുന്ന സാഹചര്യം വരെയുണ്ടായി.

ഇതാദ്യമായല്ല ഗുജറാത്തിൽ നോട്ടുകൾ വാരിവിതറിയുള്ള ആഘോഷം. ആഭരണവർഷം നടത്തിയും കല്യാണാഘോഷം കെങ്കേമമാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഈ നോട്ട് മഴ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നിരവധി കമന്‍റുകളും നിറയുന്നുണ്ട്. വെറുതെ നൽകുന്നതാണെങ്കിൽക്കൂടി അന്യന്‍റെ മുതൽ ആഗ്രഹിക്കരുതെന്നൊക്കെ, കല്യാണത്തിനു ക്ഷണമില്ലാത്തവർ കമന്‍റ് ബോക്സിൽ സ്വയം ആശ്വസിക്കുന്നുണ്ട് .

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ