വയനാട്ടിൽ 2024 ജൂൺ 30നുണ്ടായ ഉരുൾപൊട്ടലിന്‍റെ ദൃശ്യം.

 
Special Story

മുണ്ടക്കൈ ഉരുൾപൊട്ടൽ മനുഷ്യനിർമിതം: വിദഗ്ധ സമിതി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യക്തമാകുന്നു: ദുരന്തം മനുഷ്യനിർമിതം, മുന്നറിയിപ്പ് മുങ്ങി, അധികൃതർ ഇനിയെങ്കിലും ഉണരണം

വയനാട്ടിലെ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവന്നു; മനുഷ്യന്‍റെ അശ്രദ്ധയും ഭരണകൂടത്തിൻ്റെ നിസംഗതയും മൂലമുണ്ടായ ദുരന്തമാണിതെന്ന് കണ്ടെത്തൽ. 230ലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ ദുരന്തത്തിനു കാരണം പാറമടകൾ, അനധികൃത നിർമാണങ്ങൾ, പരിസ്ഥിതിക്കു ദോഷകരമായ കൃഷിരീതികൾ എന്നിവയാണ്. 2019ൽ സമാന അപകടമുണ്ടായിട്ടും അധികാരികൾ മുന്നറിയിപ്പുകൾ അവഗണിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വികസന നയങ്ങൾ പുനപ്പരിശോധിക്കാനും കർശനമായ ഭൂവിനിയോഗ നിയമങ്ങൾ നടപ്പാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

അജയൻ

ഹിമാലയൻ മേഖലകളിൽ മേഘപാതവും മണ്ണിടിച്ചിലും സ്ഥിരമായിരിക്കുന്നു; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഞെട്ടിക്കുന്ന തെളിവുകൾ മനുഷ്യർ നേരിട്ട് അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനിടെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം ഉരുൾപൊട്ടലുകളെക്കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. സമീപ വർഷങ്ങളിൽ മണ്ണിനെ ചൂഷണം ചെയ്ത രീതി വച്ചു നോക്കുമ്പോൾ ഈ ദുരന്തം അനിവാര്യമായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തുന്നു.

2024 ജൂൺ 30നുണ്ടായ ദുരന്തത്തിൽ 230 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായവരുടെ പട്ടിക അനിശ്ചിതമായി നിലനിൽക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ജനകീയ ശാസ്ത്ര പഠന സമിതി 'സ്ലൈഡിങ് എർത്ത്, സ്കാറ്റേഡ് ലൈവ്സ്' എന്ന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ജിയോസയന്‍റിസ്റ്റ് സി.പി. രാജേന്ദ്രൻ, റിസ്ക് അനലിസ്റ്റ് സാഗർ ധാര, ക്ലൈമറ്റോളജിസ്റ്റ് എസ്. അഭിലാഷ്, ഫോറസ്റ്റ് സയന്‍റിസ്റ്റ് ടി.വി. സജീവ്, ബയോഡൈവേഴ്സിറ്റി വിദഗ്ധൻ സി.കെ. വിഷ്ണുദാസ്, നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ തുടങ്ങിയവർ ചേർന്നാണ് ഇതു തയാറാക്കിയിട്ടുള്ളത്.

വിവിധ സാമൂഹിക വിഷയങ്ങളുടെയും നാട്ടറിവുകളുടെയും സംയോജനമാണ് ഈ റിപ്പോർട്ട് എന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞനായ സജീവ് മെട്രൊ വാർത്തയോട് പറഞ്ഞു. ദുരന്തത്തിനു ശേഷം തിടുക്കത്തിൽ ശേഖരിച്ച വിവരങ്ങൾക്കുപരി, വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. അതുകൊണ്ടുതന്നെ, ഒരു സാധാരണ അവലോകനത്തെക്കാൾ ആഴമുള്ളതും കൂടുതൽ ഉൾക്കാഴ്ച നൽകുന്നതുമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദുരന്തം ഒരു അപ്രതീക്ഷിത സംഭവമായിരുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ദുർബലമായ ഒരു ആവാസവ്യവസ്ഥയ്ക്കു നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണങ്ങളും, അപകടസാധ്യതകൾ കണ്ടിട്ടും കണ്ണടച്ച സർക്കാരുകളുമാണ് ഇതിനു കാരണം. വിരോധാഭാസമെന്നു പറയട്ടെ, ഈ ദുരന്തം സംഭവിച്ച അതേ സ്ഥലത്ത്, കോഴിക്കോടിനും വയനാടിനും ഇടയിലുള്ള യാത്രാസമയം കുറയ്ക്കാൻ എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കത്തിനു സംസ്ഥാന സർക്കാർ ഇപ്പോൾ അനുമതിയും നൽകിയിരിക്കുന്നു.

പതിറ്റാണ്ടുകളായി വയനാടിന്‍റെ ചരിവുകൾക്ക് മുറിവേറ്റുകൊണ്ടിരിക്കുകയാണ് - തോട്ടങ്ങൾ മുകളിലേക്കു വ്യാപിപ്പിച്ച് വനമേഖലകൾ കൈയേറുന്നു. ടൂറിസ്റ്റ് റിസോർട്ടുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നു. ക്വാറി മാഫിയ കുന്നുകളുടെ ചരിവുകൾ ഇല്ലാതാക്കുന്നു. ചരിത്രാതീത കാലത്തിന്‍റെ രേഖപ്പെടുത്തലുകളുള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയുടെ ഒരു ഭാഗംതന്നെ അതിക്രൂരമായി ഇല്ലാതാക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴയെ പ്രതിരോധിക്കേണ്ടിയിരുന്ന കുന്നിൻചരിവ് ഇപ്പോൾ പൂർണമായും തുറന്ന നിലയിലാണ്. 2019ലെ പുത്തുമല ദുരന്തം ഒരു മുന്നറിയിപ്പായിരുന്നു, എന്നിട്ടും ഒന്നും ചെയ്തില്ല. പുത്തുമലയിലെ ദുരന്തത്തിന്‍റെ മുറിപ്പാടുകൾ ഇപ്പോഴും അവിടെ കാണാം.

ഏറ്റവും ഒടുവിലത്തെ ദുരന്തത്തിനു തൊട്ടുമുൻപുള്ള 48 മണിക്കൂറിനിടയിൽ, 500 മില്ലിമീറ്ററിലധികം മഴയാണ് വയനാട്ടിൽ പെയ്തിറങ്ങിയത്. ഇതിൽ 370 മില്ലിമീറ്ററോളം ജൂലൈ 29ന്, അതായത് കുന്നുകൾ ഇടിഞ്ഞുതാഴുന്നതിന് തലേന്നു രാത്രി മാത്രം പെയ്തതാണ്. 2019 മുതൽ 200 ഗ്രാമങ്ങളിലെ മഴയുടെ അളവ് നിരീക്ഷിച്ചുവരുന്ന കൽപ്പറ്റയിലെ ഹ്യൂം സെന്‍റർ ഫൊർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി നൽകിയ മുന്നറിയിപ്പ് പ്രകാരം മുണ്ടക്കൈയിൽ 'അതിരൂക്ഷമായ അപകടസാധ്യത' ചൂണ്ടിക്കാണിച്ചിരുന്നു. അധികാരികൾ ഇത് അവഗണിച്ചു. അതിന്‍റെ വില കനത്തതായിരുന്നു.

ദുരന്തത്തിനു മാസങ്ങൾക്കു ശേഷം ഇവിടെ പഠനം നടത്തിയ ഭൗമ ശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രൻ, പുലർച്ചെ ഒരു മണിയോടെ ആരംഭിച്ച ഒരു വലിയ ദുരന്തമായിരുന്നു ഇതെന്നും രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. മലമുകളിൽ നിന്ന് ഒരു ജലപ്രവാഹം പാറകളും അവശിഷ്ടങ്ങളും ഒഴുക്കിക്കൊണ്ടുവന്ന് മണ്ണും കല്ലുകളും നിറഞ്ഞ ഒരു അണക്കെട്ട് പോലെയായി. സമ്മർദം കൂടിയപ്പോൾ, പുലർച്ചെ അത് തകർന്നു; പലരും അതിനെ രണ്ടാമത്തെ മണ്ണിടിച്ചിലായി തെറ്റിദ്ധരിച്ചു. അതിന്‍റെ ശക്തി അമ്പരപ്പിക്കുന്നതായിരുന്നു: അതിന്‍റെ പാതയിലുണ്ടായിരുന്നതെല്ലാം പൂർണമായും നശിച്ചു.

ഈ റിപ്പോർട്ട് അധികാരികളുടെ, പ്രത്യേകിച്ച് ഭരണത്തിലുള്ളവരുടെ കണ്ണുതുറപ്പിക്കണം. ''മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാനും അവയുടെ വ്യാപനം എവിടെയൊക്കെയാണ് സംഭവിക്കുന്നതെന്നു കണ്ടെത്താനും ഇപ്പോൾ ലഭ്യമായ സാങ്കേതികവിദ്യകൾ നാം ഉപയോഗിക്കണം'', രാജേന്ദ്രൻ പറഞ്ഞു.

ഒരു പുനർവിചിന്തനമാണ് കാലഘട്ടത്തിന്‍റെ ആവശ്യം, പുതിയ ഭൂവിനിയോഗ ആസൂത്രണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന മാതൃക ഉണ്ടാവണം. അപകടസാധ്യതകൾ തിരിച്ചറിയുന്നിടത്തെല്ലാം കർശനമായ ഭൂവിനിയോഗ വിഭജനം നടപ്പിലാക്കണമെന്നും രാജേന്ദ്രൻ ഊന്നിപ്പറഞ്ഞു.

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു