ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും കടന്നുപോരുന്ന ഹോർമുസ് കടലിടുക്ക്

 

MV Graphics

Special Story

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യയിൽ ഇന്ധന ക്ഷാമത്തിനു സാധ്യത

ക്രൂഡ് ഓയില്‍ ചരക്ക്‌നീക്കം നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തടസം സൃഷ്ടിച്ചേക്കുമെന്ന ഭീതി നിലനിൽക്കുന്നു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ എണ്ണ വില റോക്കറ്റേറിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലൊന്നും ഇനി എണ്ണ വില താഴേക്ക് വരില്ലെന്ന് ഉറപ്പായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ക്ഷാമം ഉണ്ടായേക്കുമെന്ന ഭയം പൊതുവേയുണ്ട്.

ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എങ്കിലും ക്രൂഡ് ഓയില്‍ ചരക്ക്‌നീക്കം നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തടസം സൃഷ്ടിച്ചേക്കുമെന്ന ഭീതി നിലവിലുണ്ട്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്.

ഹോര്‍മുസ് കടലിടുക്ക്

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ വെള്ളിയാഴ്ച ആരംഭിച്ച ഇസ്രായേലിന്‍റെ ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്‍റെ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കു നേരേ നടത്തിയ ആക്രമണം സൂയസ് കനാല്‍ വഴിയുള്ള വ്യാപാരത്തെ ഏതാണ്ട് സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് എണ്ണ വില ഉയരുമെന്ന ആശങ്കയ്ക്കു കാരണം.

പ്രതിദിനം ആഗോളതലത്തില്‍ എണ്ണ ചരക്കു നീക്കത്തിന്‍റെ 20 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. പ്രതികാരം നടപടികളുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലെ ചരക്കുനീക്കം ഇറാന്‍ തടസപ്പെടുത്തിയാല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായി രണ്ടു ദിവസത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വില 11 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഹോര്‍മുസ് കടലിടുക്കിൽ ഇറാന്‍റെ ഇടപെടലുണ്ടാകാതെ തന്നെയാണ് ഇതു സംഭവിച്ചത്. സംഘര്‍ഷം രൂക്ഷമായാല്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 100-120 ഡോളര്‍ കടക്കുമെന്നാണു സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഇന്ത്യയുടെ പ്രതിദിന ആവശ്യം

ഇന്ത്യ പ്രതിദിനം 45 മുതല്‍ 50 ലക്ഷം ബാരല്‍ വരെ എണ്ണ ഉപയോഗിക്കുന്നു. രാജ്യത്ത് 50 ലക്ഷം ടണ്‍ (ഏകദേശം 3.7 കോടി ബാരല്‍) ക്രൂഡ് ഓയിലാണ് എമര്‍ജന്‍സി റിസര്‍വായി സൂക്ഷിക്കുന്നത്. റിഫൈനറികളും എണ്ണക്കമ്പനികളും 40 മുതല്‍ 45 ദിവസത്തേക്ക് അധിക സ്റ്റോക്കും സൂക്ഷിക്കാറുമുണ്ട്. ഇത്തരത്തില്‍ വന്‍തോതില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്‍റെ 80 ശതമാനത്തിനും ഇറക്കുമതിയാണ് ആശ്രയം. പ്രകൃതിവാതകത്തിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

ഇത്തരത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും കടന്നുവരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇനി ഗ്യാസിന്‍റെ കാര്യമെടുക്കാം. ആഗോളതലത്തില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നത് ഖത്തറാണ്. ഹോര്‍മുസ് വഴിയാണ് ഖത്തറും എല്‍എന്‍ജി വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ പകുതിയും വരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.

ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ വര്‍ധനയുണ്ടാകാന്‍ കാരണമായിട്ടുണ്ടെങ്കിലും രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പറയുന്നത്. അതേസമയം, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള എണ്ണ വില്‍പ്പനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ കുറവുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് ഓയിലിന്‍റെ സപ്ലൈയില്‍ തടസം നേരിടാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ടെങ്കിലും സര്‍ക്കാര്‍ അത്തരം ആശങ്കകള്‍ തള്ളിക്കളയുകയാണ്. രാജ്യത്ത് ഇപ്പോള്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ടെന്നും, എണ്ണ ഇറക്കുമതിക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഉണ്ടെന്നുമാണു സര്‍ക്കാര്‍ പറയുന്നത്.

കേന്ദ്ര പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിന്‍, പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം, ഇന്ത്യയില്‍ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്.

നേട്ടം റഷ്യക്ക്

മിഡില്‍ ഈസ്റ്റ് തിളച്ചുമറിയുമ്പോള്‍, ഒരു അപ്രതീക്ഷിത വിജയി ഇവിടെ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. അത് റഷ്യയാണ്. നിലവില്‍ പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റഷ്യന്‍ എണ്ണയ്ക്ക് വിലക്കുറവാണ്. ഇന്ത്യയും ചൈനയുമാണ് പ്രധാനമായും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകത ഉയരാന്‍ കാരണമായാല്‍ അത് ഗുണം ചെയ്യുക റഷ്യയ്ക്കായിരിക്കും. സംഘര്‍ഷം മൂലമുണ്ടാകുന്ന എണ്ണവിലയിലെ കുതിച്ചുചാട്ടം മോസ്‌കോയുടെ ഇന്ധന വരുമാനത്തിനു പുതുജീവന്‍ നല്‍കിയേക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ