ഐഎഫ്എഫ്കെയ്ക്ക്
വെള്ളിയാഴ്ച തുടക്കം
symbolic
വിജയ് ചൗക്ക്| സുധീര്‍നാഥ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് അന്താഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ കേരള- 2025ന് (ഐഎഫ്എഫ്കെ- 2025) വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയുകയാണ്. ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി ശക്തമായ ഒരു ടീമാണ് ഐഎഫ്എഫ്കെയ്ക്ക് നേതൃത്വം നല്‍കുന്നത് എന്നതാണു ശ്രദ്ധേയം.
ലോക പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ഐഎഫ്എസ്കെ ആണ് നടക്കുന്നത്. ആറ് ഐഎഫ്എഫ്കെയ്ക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരിത്രം ഐഎഫ്എഫ്കെയ്ക്കുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമേളയാകും ഇത്തവണത്തേതെന്ന് കഴിഞ്ഞ ദിവസം റസൂല്‍ പൂക്കുട്ടി രാജ്യ തലസ്ഥാനത്തു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
തിരുവനന്തപുരത്തു നടക്കുന്ന ഐഎഫ്എഫ്കെ ഒരു പാഠശാലയാണെന്നും അതിൽ നിന്ന് വളര്‍ന്നുവന്ന ചെറുപ്പക്കാരായ സിനിമാ പ്രവര്‍ത്തകര്‍ നിർമിക്കുന്ന ചിത്രങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്നും റസൂല്‍ പൂക്കുട്ടി ഡല്‍ഹിയില്‍ പറയുകയുണ്ടായി. ഓരോ ഐഎഫ്എഫ്കെയും സിനിമകളുടെ സാങ്കേതികവശം പഠിക്കാനുള്ള ഒരു പരിശീലന ക്യാംപായാണ് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മലയാള സിനിമയെ ലോക സിനിമാ സ്ക്രീനുകളില്‍ കാണിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞത് മലയാള ചലച്ചിത്ര രംഗത്തെ എല്ലാവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
മലയാള സിനിമ ആശയങ്ങള്‍ കൊണ്ടും സാങ്കേതിക മികവു കൊണ്ടും നടീനടന്മാരുടെ സ്വാഭാവിക അഭിനയ മികവുകൾ കൊണ്ടും ശക്തമാണെന്ന് സിനിമാലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മലയാള ചലച്ചിത്ര മേളകള്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും പ്രദര്‍ശിപ്പിക്കാന്‍ കേരള ചലച്ചിത്ര അക്കാദമി ശ്രമിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ലോക സിനിമയില്‍ മലയാള സിനിമകള്‍ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടാക്കിയെടുക്കുവാന്‍ വരും കാലങ്ങളില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
അക്കാദമി എന്ന പേരിനെ അന്വർഥമാക്കുന്ന പ്രവൃത്തികളില്‍ ശക്തമായ നീക്കമുണ്ടാകും. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തി അക്കാദമിക തലത്തില്‍ അവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന പദ്ധതികളും കേരള ചലച്ചിത്ര അക്കാദമി വരുംകാലങ്ങളില്‍ ഉണ്ടാക്കും എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക മികവിന്‍റെ കാര്യത്തിലും തന്ത്രപരമായ ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തനങ്ങളിലും മലയാളികള്‍ കാണിക്കുന്ന മികവ് പ്രശംസനീയമാണ്. അനിമേഷന്‍ രംഗത്തും സമാനമായ രീതിയിലുള്ള വലിയ വളര്‍ച്ചയാണ് കേരളത്തില്‍ നിന്നുണ്ടാകുന്നത്. ലോകോത്തര അനിമേഷന്‍ ചിത്രങ്ങളുടെ പിന്നണിയില്‍ മലയാളികള്‍ വെന്നിക്കൊടി പാറിക്കുന്നത് ഇതിന്‍റെ ഉദാഹരണം മാത്രമാണ്.
മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന "ഐഎഫ്എഫ്കെ എക്സ്പീരിയന്‍സിയ', ഋത്വിക് ഘട്ടക്കിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആൻഡ് കള്‍ച്ചറല്‍ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയെറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്ര കലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ലൊക്കേഷന്‍ സ്കെച്ചുകള്‍ ന്യൂ തിയെറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്‍റെയും സഹകരണത്തോടെയാണ് ഈ എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.
ഇത്തവണ വിയറ്റ്നാം യുദ്ധത്തിന്‍റെ അന്‍പതാം വാര്‍ഷികവുമാണ്. വിയറ്റ്നാമാണ് ഇത്തവണ കണ്‍ട്രി ഫോക്കസ്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്നാമില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങളാണ് ഇത്തവണ ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തില്‍ 60ലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലെഡോസ്കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ലാസിക്സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയെറ്ററുകളിലായി ഐഎഫ്എഫ്കെയില്‍ 70ഓളം രാജ്യങ്ങളില്‍ നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ലോകത്തെ മുന്‍നിര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുകയും ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗം 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണമാവും. ഐഎഫ്എഫ്കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് "സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമാ ലോകത്തെ നാളത്തെ താരങ്ങളുടെ ഉദയമാണ് ഓരോ ഐഎഫ്എഫ്കെയിലും ഉണ്ടാകുന്നത് എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിന് സാഹചര്യം ഒരുക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരിത്രമുള്ള ഐഎഫ്എഫ്കെയ്ക്ക് അഭിമാനത്തോടെ പറയുവാന്‍ സാധിക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവമാണ് എന്നുള്ളത് തന്നെയാണ്.
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന മികവ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചലചിത്രോത്സം സ്വന്തമാക്കിയിരിക്കുന്നു. ഇത്തവണത്തെ ഗോവയിലെ ചലച്ചിത്രോത്സവം നിരാശയാണെന്ന് പറയാതിരിക്കുവാനും സാധിക്കുകയില്ല. പ്രശസ്ത സിനിമ പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നതാണ് ഇത്. മികച്ച സിനിമകള്‍ കാണാന്‍ കേരളത്തിന്‍റെ ചലച്ചിത്രോത്സവം തന്നെ പോയി പോകണമെന്നാണ് ഗോവ ചലചിത്രോത്സവ വേദിയില്‍ ഉയര്‍ന്ന അഭിപ്രായം.
സിനിമയുടെ കലാമൂല്യത്തില്‍ ഒരു കാരണവശാലും രാഷ്‌ട്രീയം കടന്നുകൂടാന്‍ പാടില്ലാത്തതാണ്. എങ്കിലേ ഓരോ ചലച്ചിത്രോത്സവവും ഉന്നതിയില്‍ എത്തൂ. ഏറ്റവും ജനകീയമായ കലാരൂപമായി സിനിമ മാറിയപ്പോള്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ നിഷ്പക്ഷമായ ഒരു ഇടപെടലുകള്‍ വേണ്ടതാണ്. അത്തരമൊരു ഇടപെടലാണ് തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന് ഉള്ളത്.
അതുകൊണ്ട് തന്നെയാണ് മറ്റ് ചലച്ചിത്രോത്സവത്തില്‍ നിന്ന് ഐഎഫ്എഫ്കെ വേറിട്ട് നില്‍ക്കുന്നതും. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവ വേദിയില്‍ നമുക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നതും.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട്ടാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐഎഫ്എഫ്കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തു നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്.
1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ. നായനാര്‍ സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം നാലാമത് മേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു.
നാലാം മേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിർമാതാക്കളുടെ അന്താരാഷ്‌ട്ര സംഘടനയായ ഫിയാഫിന്‍റെ അംഗീകാരം ഐഎഫ്എഫ്കെക്ക് ലഭിച്ചിരുന്നു. മത്സര വിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്ര മേളയ്ക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.