തീരദേശജീവിതത്തിന് ആഘാതമായ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദേശം ശരിയല്ല.

 
Special Story

മദ്യവും മണലും... വാക്ക് വാക്കല്ലേ

തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദേശം തുടർന്നു പോവാനാവാത്തതു തന്നെയാണ്.

MV Desk

വീണ്ടുവിചാരം|ജോസഫ് എം. പുതുശ്ശേരി

വീര്യം കുറഞ്ഞ മദ്യത്തിന് യഥാർഥത്തിൽ വീര്യം കൂടുതലോ? ബജറ്റിലെ നികുതി നിർദേശവുമായി ബന്ധപ്പെട്ട് മദ്യക്കുപ്പിയിൽ വിവാദം നുരഞ്ഞു പൊന്തുമ്പോൾ അങ്ങനെ വേണം അനുമാനിക്കാൻ. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. തുടക്കത്തിലെ ഒരു മാസം ഒരു സർക്കാരിനെ വിലയിരുത്താനുള്ള കാലാവധി അല്ല. ഇത് മധുവിധു കാലഘട്ടമാണ്. ഇപ്പോൾ എതിർപ്പുകളുടെ കൂരമ്പുകൾ പായിക്കുന്നതിൽ വലിയ അർഥവുമില്ല. അതു മാത്രമല്ല തുടക്കം പ്രതീക്ഷാനിർഭരമാണു താനും. ആശ ജീവനക്കാർക്ക് 3,000 രൂപയുടെ വർധനവ് നൽകിയതും കെ - റെയ്‌ൽ പദ്ധതി ഉപേക്ഷിച്ചതും സ്ത്രീകൾക്കുള്ള യാത്രാ സൗജന്യം നടപ്പിലാക്കിയതുമെല്ലാം കൈയടി നേടിക്കൊടുക്കുന്ന തീരുമാനങ്ങളായിരുന്നു. വാഗ്ദാനങ്ങൾ പാലിക്കുന്ന, വാക്കു പാലിക്കുന്ന സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കാനും ഇതിന് കഴിഞ്ഞു.

അതിനിടയിലാണ് "അളിയൻ' ബന്ധു നിയമനവും ദേവസ്വം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനവും വിവാദമായത്. വിവാദം കനത്തപ്പോൾ അത് ഒഴിവാക്കിക്കൊണ്ട് തിരുത്തി, അത്രയും നന്ന്. എന്നാൽ, ഇക്കാര്യത്തിൽ ആദ്യം ഉയർത്തിയ ന്യായവാദങ്ങളും പിഴവുകൾ ആവർത്തിക്കുന്ന അവസ്ഥാവിശേഷവും ശോഭ കെടുത്തിയെന്ന വസ്തുത കാണാതിരിക്കാനും വയ്യ.

അതിന്‍റെ തുടർച്ചയാണ് ബജറ്റ് നിർദേശങ്ങളെച്ചൊല്ലിയുള്ള വിവാദം. വീര്യം കുറഞ്ഞ മദ്യത്തിനു നിലവിലുണ്ടായിരുന്ന നികുതി ഗണ്യമായി കുറക്കുന്ന ബജറ്റ് പ്രഖ്യാപനമാണ് വിവാദത്തിനു തിരി കൊളുത്തിയതിലൊന്ന്. ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന നിർദേശമാണ് മറ്റൊന്ന്. മദ്യം, മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാർഥങ്ങളുടെ വ്യാപനം അതിഗുരുതര വിപത്തായ സാഹചര്യത്തില്‍ കേരളത്തെ ഈ മാരക വിപത്തില്‍നിന്നും മുക്തമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ശക്തവും ഫലപ്രദവുമായ നയങ്ങളും കർമപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നാണ് യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു പൊലീസ് നടപ്പാക്കിവരുന്ന "ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ നടപടി അതുകൊണ്ടുതന്നെ വ്യാപകമായ പിന്തുണയ്ക്കു കാരണമായിട്ടുണ്ട്. ലഹരി പദാർഥങ്ങൾ കൈവശം വച്ചിരിക്കുന്നവരെയും കൊണ്ടുനടന്ന് വിൽക്കുന്നവരെയുമൊക്കെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയിട്ടുള്ളത്. ഇവരിലേക്ക് ഇത് എത്തിക്കുന്ന കണ്ണികളും ശൃംഖലകളും പിടിക്കപ്പെടണം.

ഇതിന് വിരുദ്ധമായാണ് വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകിയ പ്രഖ്യാപനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് നിരക്കാത്ത ഒരു നിർദേശവും പ്രത്യക്ഷമായോ പരോക്ഷമായോ ബജറ്റില്‍ ഉണ്ടാകാന്‍ പാടില്ല എന്നിരിക്കെയാണു മദ്യ ലഭ്യതയ്ക്കും വ്യാപനത്തിനും വൻതോതിൽ വഴി വയ്ക്കുന്ന പ്രഖ്യാപനം.

ഇത്തരമൊരു നിർദേശം ബജറ്റില്‍ വന്നത് പ്രകടന പത്രികയുടെ അന്തഃസത്തയ്ക്കു തന്നെ നിരക്കാത്തതാണ്; വാഗ്ദാന ലംഘനവുമാണ്. വീര്യം കുറഞ്ഞതെന്ന പേരില്‍ നടത്തുന്ന ഏതൊരു മദ്യ വ്യാപനവും ആപത്കരമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുളതുമാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കേ മാസങ്ങൾക്ക് മുമ്പ് ഇതേക്കുറിച്ച് പറഞ്ഞതിന്‍റെ നേർ വിപരീതമാണ് ഈ നടപടി. ഇടതുപക്ഷ സർക്കാർ ഇത്തരമൊരു നീക്കം നടത്താൻ ഒരുമ്പെടുമ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ""ഇത് മദ്യവ്യാപനത്തിനും വൻ അഴിമതിക്കും വഴിവയ്ക്കുന്ന തീരുമാനമാണ്. സർക്കാർ ഖജനാവിലേക്ക് വരണ്ട കോടികൾ സ്വകാര്യ ഡിസ്റ്റിലറി ഉടമകളുടെ കരങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന നടപടി. ഒരു കാരണവശാലും സർക്കാർ ഈ നടപടിയുമായി മുന്നോട്ടു പോകരുത്'' എന്നു പറഞ്ഞത്. അത് മർമത്തു കൊണ്ടതുകൊണ്ടാവാം ഇടതു സർക്കാർ ആ നീക്കം ഉപേക്ഷിച്ചു.

മാസങ്ങൾക്കു ള്ളിൽ അന്നു പറഞ്ഞത് വിഴുങ്ങി അതേ നടപടി പുതിയ സർക്കാർ സ്വീകരിച്ചാൽ അത് എങ്ങനെ ധാർമികവും സ്വീകാര്യവുമാവും? മാത്രമല്ല, അന്നത്തെ വാദഗതി തിരിഞ്ഞ് കൊത്തുകയും ചെയ്യും. അതുകൊണ്ടാണ് "എത്ര കിട്ടിയെന്ന് പറഞ്ഞാൽ മതി' എന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് തിരിച്ചടിക്കുന്നത്.

ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. നികുതി കുറച്ചാൽ മദ്യ ലഭ്യതയും വ്യാപനവും വൻ തോതിലാവുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? അത് വിദ്യാർഥികളെയും യുവതലമുറയെയും വലവീശിപ്പിടിക്കും എന്നത് ആർക്കാണ് നിഷേധിക്കാനാവുക? വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉപയോഗം വീര്യം കൂടിയ മദ്യത്തിന്‍റെ ഉപയോഗത്തിലേക്കുള്ള പ്രേരണയും പ്രലോഭനവുമാവുമെന്ന സത്യം കാണാതിരിക്കാനാവുമോ? തൂഫാന്‍റെ ലക്ഷ്യപ്രാപ്തിക്ക് കടകവിരുദ്ധമാവും ഇത്.

അഴിമതിയെന്നത് വെറും ആരോപണമാണ് എന്ന് പറഞ്ഞ് വേണമെങ്കിൽ തള്ളിക്കളയാം. പക്ഷേ സർക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം വസ്തുതാപരമായി നിലനിൽക്കുകയല്ലേ? ഖജനാവിൽ എത്തേണ്ട കോടികളുടെ കുറവ് ഈ ഘട്ടത്തിൽ സർക്കാരിന് സഹിക്കാവുന്നതാണോ? അതു താങ്ങാനുള്ള സാമ്പത്തിക ആരോഗ്യം ഇപ്പോൾ സർക്കാരിനുണ്ടോ? മുൻ സർക്കാർ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിപിരി കൊള്ളാൻ വിധിക്കപ്പെടുകയും വാഗ്ദാനങ്ങൾ പാലിക്കുന്നതിനും ക്ഷേമ പദ്ധതികൾക്കും അവധി വയ്ക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന പുതിയ സർക്കാരിന് ഈ വരുമാന നഷ്ടം നിസാരമായി തള്ളാനാവുമോ?

മാത്രമല്ല, ഇതൊരു നയം മാറ്റം കൂടിയാണ്. മദ്യനയം പാർട്ടിയിലും യുഡിഎഫിലും മന്ത്രിസഭയിലുമൊക്കെ ചർച്ച ചെയ്ത് രൂപപ്പെടേണ്ടതാണ്. യുഡിഎഫിന്‍റെ മദ്യ നയമാണ് സർക്കാർ നടപ്പിലാക്കേണ്ടത്. അത്തരം എന്തെങ്കിലും നടപടികൾ ഇതിനകം സംഭവിച്ചതായി റിപ്പോർട്ടുകളുമില്ല. അതുകൊണ്ടാണ് ഭംഗ്യന്തരേണ ആഭ്യന്തര മന്ത്രിയും എക്സൈസ് മന്ത്രിയും ഒക്കെ ഈ നിർദേശത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കുന്നത്. മാത്രമല്ല മദ്യനയം വിശദമായ ചർച്ചകൾക്ക് ശേഷം രൂപപ്പെടുകയേയുള്ളൂ എന്ന് എക്സൈസ് മന്ത്രി പറയുകയും ചെയ്യുന്നു. മുതിർന്ന നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇത് സംബന്ധിച്ചു നടത്തിയിരിക്കുന്ന അഭിപ്രായപ്രകടനവും നയപരമായ കാര്യങ്ങൾ കൂടിയാലോചനയിലൂടെ രൂപപ്പെടണമെന്ന പൊതുധാരണയ്ക്ക് അടിവരയിടുന്നതാണ്.

ബജറ്റ് അവതരണത്തിൽ ധനമന്ത്രി തനിക്കുള്ള പ്രത്യേക അവകാശം പ്രയോഗിച്ചു എന്നതിനപ്പുറം ഒന്നുമില്ല എന്ന വാദഗതിയിലൂടെ ഇതിനെ ന്യായീകരിക്കാം. എന്നാൽ നയപരമായ കാര്യങ്ങളിൽ കൂട്ടായ ചർച്ചയും തീരുമാനവും കൈകൊണ്ടിട്ടു വേണം ആ അവകാശം വിനിയോഗിക്കേണ്ടതെന്ന മുന്നണി രാഷ്‌ട്രീയത്തിലെ മര്യാദയും കീഴ്വഴക്കങ്ങളും രീതികളുമാണ് നിലനിൽക്കുന്നതെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

"നിങ്ങൾ ഇതൊക്കെയല്ലേ ചെയ്തത് ' എന്ന പ്രതിപക്ഷത്തോടുള്ള ചോദ്യം ദുർബല പ്രതിരോധമാണ്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ 29ൽ നിന്ന് 876 പുതിയ ബാറുകൾ കൂടി അനുവദിച്ച് 905 ആയി ബാറുകളുടെ എണ്ണം കുത്തനെ കൂട്ടിയത് ഇടതു സർക്കാരിന്‍റെ കാലത്താണ്. 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യം ബെവ്റിജസ് ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യാനുള്ള അനുമതി നൽകിയതും ഇടതു സർക്കാരാണ്. ഇതിനായി വിദേശ മദ്യം സംബന്ധിച്ച ചട്ടങ്ങളിലെ സബ് റൂൾ 3 എ-യിൽ 2023ൽ ഭേദഗതി വരുത്തിയ കാര്യവും വസ്തുതാപരമായി നിലനിൽക്കുന്നു. ഇതിൽ നിന്നെല്ലാം പെറ്റമ്മ എൽഡിഎഫ് ആണെന്ന കാര്യം വ്യക്തം .എന്നാൽ ഇതിനെല്ലാം എതിരായാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വൻ ജനവിധി എന്നതു വിസ്മരിക്കാവുന്നതല്ല.

ധാധുമണല്‍ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബജറ്റ് നിർദേശവും മുൻ നിലപാടിന് വിരുദ്ധമാണ്. കേന്ദ്ര സർക്കാർ ഇത്തരമൊ രു നീക്കവുമായി രംഗത്തുവന്നപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുള്ള "ഇന്ത്യ' സഖ്യം അതിശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. പരിസ്ഥിതി നാശവും കടൽക്കൊള്ളയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഇതിനെതിരേ പട നയിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ബജറ്റില്‍ ഇക്കാര്യം വന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. തീരദേശ ജനതയാകെ ആശങ്കയിലായിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മറയില്‍ തോട്ടപ്പള്ളിയില്‍ ആരംഭിച്ച കരിമണല്‍ ഖനനത്തിനെതിരെ തീരദേശ ജനത സമരരംഗത്താണ്. 2021 ജൂൺ 10ന് ആരംഭിച്ച സമരത്തെ പലരും അവജ്ഞയോടെ തള്ളിക്കളഞ്ഞെങ്കിലും കരിമണൽ കൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങളും നടക്കുന്ന കേസുകളും ചോദ്യം ചെയ്യലുകളുമെല്ലാം സമരക്കാർ എത്ര ന്യായയുക്തമായിരുന്നുവെന്നും അവരുടേത് പ്രവാചക ശബ്ദമായിരുന്നുവെന്നും വെളിപ്പെടുത്തുന്നവയാണ്. ‌ അടുത്തിടെയുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ധ സമിതിയുടെ സമഗ്ര പഠനത്തിനു ശേഷമേ ഖനന നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഖനനം ഇപ്പോള്‍ നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്.

കുട്ടനാട്ടിലെ പ്രളയക്കെടുതികള്‍ക്ക് പരിഹാരമുണ്ടാക്കാനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയില്‍ നടത്തിയ കരിമണല്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള സര്‍വ ഉത്തരവുകളും റദ്ദാക്കണമെന്ന പൊതു ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. കുട്ടനാടിന്‍റെ രക്ഷയ്ക്കായി അനിവാര്യമായി ചെയ്യേണ്ടതായ ഒരൊറ്റ കാര്യവും ചെയ്യാതെ കുട്ടനാട്ടിലെയും തീരദേശത്തെയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കരിമണല്‍ ലോബിയുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമായിരുന്നുവെന്നതാണ് യാഥാർഥ്യം.

ഈ സാഹചര്യമെല്ലാം കണക്കിലെടുക്കുമ്പോൾ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദേശം തുടർന്നു പോവാനാവാത്തതു തന്നെയാണ്.

മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്ന ഒരു കാര്യത്തിലാണ് എല്ലാവരും പ്രതീക്ഷ വയ്ക്കുന്നത്. "വാക്ക്, ഇതു വാക്കാണ്. അത് പാലിക്കാതെ വന്നാൽ വിശ്വാസ്യതയാണ് നഷ്ടമാകുന്നത് '. മുൻപ് ഈ രണ്ടു കാര്യങ്ങളിലും അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ വിശ്വാസ്യത തരിമ്പുപോലും ചോർന്നു പോകാതെ ഈ രണ്ടു കാര്യങ്ങളിലും തീരുമാനം ഉണ്ടാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ