പിന്നാക്ക വിദ്യാർഥികളും ഐതിഹാസിക വിധിയും
file photo
അഡ്വ. ജി. സുഗുണന്‍
രാജ്യത്തെ വിദ്യാർഥികളാകേണ്ട പ്രായത്തിലുള്ളവരില്‍ മഹാ ഭൂരിപക്ഷവും പിന്നാക്ക- ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവരാണ്. എന്നാല്‍ നൂറ്റാണ്ടുകളായി സ്‌കൂളുകളുടെ സമീപത്തു പോലും പോകാന്‍ അവകാശമില്ലാതിരുന്നു ഇക്കൂട്ടര്‍ക്ക്. ആ ദുഃസ്ഥിതിക്ക് ചെറിയ മാറ്റങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ പൊതുസ്ഥിതി ഇപ്പോഴും പഴയതു തന്നെ.
പിന്നാക്ക- ദുര്‍ബല വിദ്യാർഥികളുടെ പരിരക്ഷയ്ക്കായി ജാതി സംവരണവും അതുപോലുള്ള നടപടികളും മറ്റും നിലവിലുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ സംവരണം ഈ മേഖലയില്‍ വ്യാപകമായി അട്ടിമറിക്കപ്പെടുകയാണ്. ഇതിനെതിരേ പ്രതികരിക്കാന്‍ പോലും പ്രമുഖ പാര്‍ട്ടികള്‍ തയാറാവാത്തതാണ് ഈ ദുഃസ്ഥിതിക്ക് കാരണം.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇന്ന് ലാഭകരമായ ഒരു വ്യവസായമായി മാറിയിട്ടുണ്ട്. കുത്തക വ്യവസായികളില്‍ പലരും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സ്ഥാപിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നു. കേരളത്തില്‍ തന്നെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ പ്രതിമാസ ഫീസ് ഒരു ലക്ഷം രൂപ വരെ ആയിട്ടുണ്ട്. കുട്ടികള്‍ക്ക് താമസവും ഭക്ഷണവും കൂടി കൊടുക്കുന്നതിനാണ് ഈ തുകയെന്നാണ് ചില മാനെജ്‌മെന്‍റുകളുടെ ഭാഷ്യം.
സ്വകാര്യ നഴ്‌സറി സ്‌കൂളും പ്രീ കെജിക്കും, യുകെജിക്കും, എല്‍കെജിക്കുമൊക്കെ ഒരു ലക്ഷം രൂപ വരെ ക്യാപിറ്റേഷന്‍ ഫീസ് വാങ്ങുന്ന സ്‌കൂളുകളുമുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് ഒരു കോടി രൂപ വരെ പല സ്‌കൂള്‍ മാനെജ്‌മെന്‍റുകൾ കോഴ വാങ്ങുന്നു. ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കാനുള്ള ചങ്കൂറ്റം സംസ്ഥാന സര്‍ക്കാരിനില്ല.
അംഗവൈകല്യമുള്ളവര്‍ക്ക് (ഭിന്നശേഷിക്കാർ- ഹാന്‍ഡിക്യാപ്ഡ്) അധ്യാപന നിയമനത്തിലെ നിശ്ചിത % സംവരണം നടപ്പാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്‌കൂള്‍ മാനെജ്‌മെന്‍റുകളുടെ ഭീഷണിക്കു മുന്‍പില്‍ മുട്ടു മടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഈ ദുഃസ്ഥിതിയില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഇപ്പോള്‍ അധ്യാപന നിയമനത്തിന് കോഴ വാങ്ങിക്കല്‍ പതിവായി. യാതൊരു സാമ്പത്തിക അടിത്തറയില്ലാത്ത പാവപ്പെട്ടവരും കടം വാങ്ങിയും ഇപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്നു.
സ്വകാര്യ സ്‌കൂളുകളില്‍ കുറഞ്ഞത് പ്രതിമാസം 5,000 രൂപയെങ്കിലും ഒരു കുട്ടിക്ക് ചെലവു വരും.എന്തായാലും, പിന്നാക്ക ദുര്‍ബല വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 25 % സീറ്റുകള്‍ സ്വകാര്യ സ്‌കൂളുകളില്‍ സംവരണം ചെയ്യണമെന്ന സുപ്രീം കോടതി വിധി ചരിത്രപരമാണെന്നതില്‍ സംശയമില്ല. സമൂഹത്തിലെ ദുര്‍ബല- പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ 25 % സൗജന്യ കോട്ട നടപ്പിലാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്.
സ്വകാര്യ അണ്‍ എയ്ഡഡ്, സ്‌പെഷ്യല്‍ കാറ്റഗറി സ്‌കൂളുകളിലെ പ്രൈമറി- അപ്പര്‍ പ്രൈമറി ക്ലാസുകളിലെ 25 % സീറ്റുകളില്‍ പിന്നാക്കക്കാരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. ഇത് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്ഥാപങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.
നിർധന വിദ്യാർഥികളുടെ സ്‌കൂള്‍ പ്രവേശനം ദേശീയ ദൗത്യമായി ഏറ്റെടുക്കണമെന്ന് ജഡ്ജിമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുക്കര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ദുര്‍ബല പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നില്ലായെന്ന് ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും, തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ടെന്ന് എടുത്ത് പറഞ്ഞു.
വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിലെ 12(1) സി വകുപ്പ് പ്രകാരം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 25 % സീറ്റുകള്‍ ദുര്‍ബല, പിന്നാക്ക വിഭാഗം കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണം. ഓരോ കുട്ടിക്കുമുള്ള ചെലവ് സര്‍ക്കാരില്‍ നിന്നും മടക്കിക്കിട്ടാന്‍ നിയമപരമായി തന്നെ ഈ സ്ഥാപങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും പരമോന്നത കോടതി പറഞ്ഞു.
മക്കള്‍ക്ക് സ്വകാര്യ സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസത്തിനുള്ള 25 % പ്രവേശനം നിഷേധിച്ചെന്ന് കാണിച്ച് മഹാരാഷ്‌ട്രയിലെ പിന്നാക്കക്കാരായ മാതാപിതാക്കളാണ് സൂപ്രീം കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പ്രവേശനത്തിന് ഈ ക്വാട്ടയില്‍ അപേക്ഷിക്കാനാവില്ല എന്നാണ് സ്വകാര്യ സ്‌കൂള്‍ നിലപാടെടുത്തത്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കുന്നത് സര്‍ക്കാര്‍- തദ്ദേശ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും കോടതി വിധിയില്‍ പറയുന്നു. ആര്‍ടിഇ പ്രകാരം പാവപ്പെട്ട കുട്ടികള്‍ സ്വകാര്യ സ്‌കൂകളില്‍ പ്രവേശനം നേടാന്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച ഗൗരവമായ വിഷയമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ വിഷയത്തിലെ വിധി സുപ്രീം കോടതി രാജ്യവ്യാപകമായി ബാധകമാക്കി. ഉത്തരവ് നടപ്പിലാക്കി സത്യ വാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസ വ്യവസ്ഥകള്‍ മിക്കതും രാജ്യത്ത് നടപ്പായിരുന്നില്ല. സമൂഹത്തിലെ പിന്നാക്ക- ദുര്‍ബല വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് 25% സൗജന്യ പ്രവേശനം ഉറപ്പാക്കണമെന്ന് പരമോന്നത കോടതിയുടെ വിധി വിദ്യാഭ്യാസ അവകാശ വ്യസ്ഥകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിനാവശ്യമായ ചട്ടം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരിക്കലും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ മാനെജ്‌മെന്‍റുകള്‍ തയാറാവുകയില്ല. ഒടുവിലത്തെ സുപ്രീം കോടതി വിധിയെയും ഇക്കൂട്ടര്‍ വെല്ലുവിളിച്ചേക്കും. അതുകൊണ്ടു തന്നെ ഈ നിയമം നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരുകളാണ് ഏറ്റെടുക്കേണ്ടത്.
ന്യായമായി നല്‍കേണ്ട പിന്നാക്ക വിദ്യാർഥികളുടെ പ്രവേശനം നിഷേധിക്കുന്ന സ്വകാര്യ സ്‌കൂളിന്‍റെ അംഗീകാരം പിന്‍വലിക്കുമെന്ന് പറയാനുള്ള ധൈര്യം അവർക്കുണ്ടാകണം. സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടില്ലെങ്കില്‍ സുപ്രീം കോടതി വിധി കടലാസില്‍ മാത്രം ഒതുങ്ങാനാണ് സാധ്യത. ഇന്ത്യ വികസനത്തിന്‍റെ പാതയിലാണെന്നാണ് പ്രചാരണം.
വിദ്യാഭ്യാസ മേഖലയിലാണ് കുറച്ചെങ്കിലും പുരോഗതി ഉണ്ടായിരിക്കുന്നത്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നോട്ടുപോയ കേരളത്തിലേതു പോലെയുള്ള സ്ഥിതിയല്ല മിക്കവാറും സംസ്ഥാനങ്ങളിലുള്ളത്. പ്രൈമറി വിദ്യാഭ്യാസം പോലും ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പ്രൈമറി സ്‌കൂളുകളില്‍ ലക്ഷം രൂപ വരെ പ്രവേശനത്തിന് കോഴയും പതിനായിരങ്ങള്‍ ഫീസായും വാങ്ങുന്ന സ്വകാര്യ സ്‌കൂളുകള്‍ 25% സീറ്റുകൾ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കല്‍ ദുഷ്‌കരമായ ഒരു കാര്യമാണ്. കേരളത്തില്‍ പോലും പരമോന്നത കോടതി വിധി നടപ്പിലാക്കല്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും. ധീരവും വളരെ നിശ്ചയ ദാര്‍ഢ്യത്തോടും കൂടിയുള്ള നടപടികളില്‍ കൂടി മാത്രമേ പിന്നാക്ക ദുര്‍ബല വിദ്യാർഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കൂ എന്ന യാഥാർഥ്യം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനും ബോധ്യം വന്നേ മതിയാകൂ.
(ലേഖകന്‍റെ ഫോണ്‍: 9847132428)