അഡ്വാൻസ്ഡ് പാക്കെജിങ്ങിനായുള്ള ദർശനം
സെമികണ്ടക്റ്റർ രംഗത്തെ പ്രയാണത്തിൽ രാജ്യം ഇന്ന് ഒരു നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണ്. ചിപ്പ് ഡിസൈനിലും സോഫ്റ്റ്‌വെയർ മേഖലയിലും ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യയ്ക്ക്, ഇനി അഡ്വാൻസ്ഡ് സെമികണ്ടക്റ്റർ പാക്കെജിങ് രംഗത്ത് ആഗോള നേതൃത്വം കൈവരിക്കാനും, തുടർന്ന് ലോകോത്തര "സിസ്റ്റംസ് ഫൗണ്ടറി'യായി വളരാനും ഉള്ള സുവർണാവസരമുണ്ട്. അഡ്വാൻസ്ഡ് പാക്കെജിങ് സാങ്കേതികവിദ്യയിലും വൈദഗ്ധ്യമുള്ള തൊഴിൽശക്തിയുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സെമികണ്ടക്റ്റർ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ ഇന്ത്യയ്ക്ക് സൃഷ്ടിക്കാനാകും. എന്‍റെ അഭിപ്രായത്തിൽ, സെമികണ്ടക്റ്റർ വ്യവസായത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളിലൊന്നായി അഡ്വാൻസ്ഡ് പാക്കെജിങ് ഇന്ന് മാറിയിരിക്കുകയാണ്. ചിപ്പുകൾ, ചിപ്ലെറ്റുകൾ, മെമ്മറി, ഫോട്ടോണിക്സ്, സെൻസറുകൾ, ആർഎഫ് ഘടകങ്ങൾ, പവർ ഡിവൈസസ് തുടങ്ങിയ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച് ഉയർന്ന പ്രവർത്തനക്ഷമതയുള്ള സമഗ്ര സംവിധാനങ്ങളാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. നിർമിത ബുദ്ധി, ഉയർന്ന പ്രകടന ശേഷിയുള്ള കംപ്യൂട്ടിങ്, ആശയവിനിമയം, ഗതാഗതം, ആരോഗ്യപരിചരണം, പ്രതിരോധം, ഉപഭോക്തൃ ഇലക്‌ട്രോണിക്സ് തുടങ്ങി നിർണായകമായ ഭാവിയുടെ സാങ്കേതിക മേഖലകൾക്ക് ആവശ്യമായ ശേഷിയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ അഡ്വാൻസ്ഡ് പാക്കെജിങ് നിർണായക പങ്ക് വഹിക്കുന്നു.
നിർമിത ബുദ്ധിയുടെ (എഐ) ആവശ്യകത അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സെമികണ്ടക്റ്റർ രംഗത്തെ നൂതനാശയങ്ങളെ പ്രായോഗിക ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുന്ന നിർണായക സാങ്കേതികവിദ്യയായി അഡ്വാൻസ്ഡ് പാക്കെജിങ് മാറിക്കൊണ്ടിരിക്കുകയാണ്. സിസ്റ്റം- ഓൺ- ചിപ്പ് (SoC) എന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് സിസ്റ്റം- ഓൺ- പാക്കേജ് (SoP) എന്ന പുതിയ മാതൃകയിലേക്കുള്ള വ്യവസായത്തിന്‍റെ അടിസ്ഥാനപരമായ പരിവർത്തനം ഇതിന് കൂടുതൽ ശക്തി പകരുന്നു- ജോർജിയ ടെക്കിൽ ഞാൻ മുൻകൈയെടുത്ത നടപ്പാക്കിയ ആശയങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞ നിരവധി ദശകങ്ങളായി, പ്രകടനമികവ് മെച്ചപ്പെടുതുത്തുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് സെമികണ്ടക്റ്റർ വ്യവസായത്തിന്‍റെ പുരോഗതി പ്രധാനമായും ട്രാൻസിസ്റ്റർ സ്കെയിലിങ്ങിനെ ആശ്രയിച്ചായിരുന്നു നിലകൊണ്ടിരുന്നത്. എന്നാൽ ഇന്ന്, ട്രാൻസിസ്റ്റർ സ്കെയിലിങ് ഭൗതിക, വൈദ്യുത, സാമ്പത്തിക പരിമിതികൾ നേരിടുകയാണ്. ഒപ്പം നൂതന സെമികണ്ടക്റ്റർ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവും ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്നു. തത്ഫലമായി, സെമികണ്ടക്റ്റർ നൂതനാശയങ്ങളുടെ കേന്ദ്രബിന്ദു ട്രാൻസിസ്റ്റർ തലത്തിൽ നിന്ന് പാക്കേജ്, സിസ്റ്റം തലങ്ങളിലേക്ക് ക്രമേണ മാറുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സെമികണ്ടക്റ്റർ നിർമാണ മേഖലയിലേക്ക് കടക്കുന്നതിനുള്ള പ്രായോഗികവും ഉയർന്ന സാധ്യതകളുള്ളതുമായ ഒരു മാർഗമാണ് അഡ്വാൻസ്ഡ് പാക്കെജിങ്. പതിനായിരക്കണക്കിന് കോടി ഡോളർ നിക്ഷേപം ആവശ്യമായ അഡ്വാൻസ്ഡ് വേഫർ ഫാബ്രിക്കേഷൻ സൗകര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അഡ്വാൻസ്ഡ് പാക്കെജിങ്ങിന് താരതമ്യേന കുറഞ്ഞ മൂലധന നിക്ഷേപത്തിൽ ഉയർന്ന മൂല്യമുള്ള ഉത്പാദനവും സാങ്കേതിക നൂതനാശയങ്ങളും സാധ്യമാക്കാൻ കഴിയും. അതിനാൽ, ആഗോള സെമികണ്ടക്റ്റർ മൂല്യശൃംഖലയിൽ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ അവസരമായി അഡ്വാൻസ്ഡ് പാക്കെജിങ്ങിനെ കാണാം.
ഒന്നിലധികം പ്രത്യേക ചിപ്പുകളെ ആവശ്യാനുസൃതമായി ഒപ്റ്റിമൈസ് ചെയ്ത ആർക്കിടെക്ചറുകളിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ, അഡ്വാൻസ്ഡ് പാക്കെജിങ് മികച്ച പ്രവർത്തനക്ഷമത, ഉയർന്ന കമ്പ്യൂട്ടിങ് ശേഷി, കുറഞ്ഞ വൈദ്യുതി ഉപഭോഗം, വേഗത്തിലുള്ള വികസനം, ലളിതമായ ഡിസൈൻ എന്നിവ സാധ്യമാക്കുന്നു. എന്‍റെ അഭിപ്രായത്തിൽ, ഈ പരിവർത്തനത്തിൽ പങ്കാളിയാകുന്നതിൽ മാത്രം ഇന്ത്യയുടെ അഭിലാഷം ഒതുങ്ങരുത്; അഡ്വാൻസ്ഡ് പാക്കെജിങ്ങിലെ തിരഞ്ഞെടുത്ത തന്ത്രപ്രധാന മേഖലകളിൽ ആഗോള നേതൃത്വം കൈവരിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതിനായി, ചിപ്പ് തലത്തിൽ നിന്ന് സമഗ്രമായ സിസ്റ്റം തലത്തിലേക്ക് വ്യാപിക്കുന്ന ശക്തമായ ഒരു സെമികണ്ടക്റ്റർ- ടു- സിസ്റ്റംസ് ആവാസവ്യവസ്ഥ ഇന്ത്യയിൽ വികസിപ്പിക്കേണ്ടതുണ്ട്. സിസ്റ്റം ഡിസൈൻ, ആർക്കിടെക്ചർ, അഡ്വാൻസ്ഡ് സബ്‌സ്‌ട്രേറ്റുകൾ, ഇന്‍റർകണക്റ്റ് സാങ്കേതികവിദ്യകൾ, എംബഡഡ് പവർ ഇന്‍റഗ്രേഷൻ, അസംബ്ലി, ടെസ്റ്റിങ്, വിശ്വാസ്യതാ എൻജിനീയറിങ് എന്നിവയ്‌ക്കൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽശക്തിയുടെ വികസനം, സാങ്കേതികവിദ്യകളുടെ വാണിജ്യവത്ക്കരണം, അത്യാധുനിക സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ സൃഷ്ടി എന്നിവയും ഈ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായിരിക്കണം.
അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല, സ്റ്റാർട്ടപ്പുകൾ, സർക്കാർ എന്നിവ തമ്മിലുള്ള ശക്തവും സുസ്ഥിരവുമായ സഹകരണത്തിലൂടെ രൂപപ്പെടുത്തുന്ന ഒരു ദേശീയ നൂതനാശയ ആവാസവ്യവസ്ഥയാണ് ഈ ദർശനത്തിന്‍റെ കേന്ദ്രബിന്ദു. ഇതിനായി, ഐഐടികൾ, ഐഐഎസ്‌സി, ബിറ്റ്‌സ് തുടങ്ങിയ പ്രമുഖ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഒമ്പത് ഇൻഡസ്ട്രി കോ-ഡെവലപ്‌മെന്‍റ് ടെക്‌നോളജി സെന്‍ററുകൾ സ്ഥാപിക്കുന്നതിനും, അതോടൊപ്പം ഒരു നാഷണൽ സിസ്റ്റം ഇന്‍റഗ്രേഷൻ സെന്‍ററും ഐഐടി ഗാന്ധിനഗറിൽ ഒരു പൈലറ്റ് ലൈനും സ്ഥാപിക്കുന്നതിനും ഞാൻ നിർദ്ദേശിക്കുന്നു. ചിപ്ലെറ്റ് ആർക്കിടെക്ചറുകൾ, ഗ്ലാസ്-കോർ സബ്‌സ്‌ട്രേറ്റുകൾ, പവർ- എഫിഷ്യന്‍റ് പാക്കെജിങ്, ഫോട്ടോണിക് പാക്കെജിങ്, തെർമൽ മാനെജ്‌മെന്‍റ്, റിലയബിലിറ്റി എൻജിനീയറിങ്, അഡ്വാൻസ്ഡ് ടെസ്റ്റിങ് തുടങ്ങിയ ഭാവിസാങ്കേതികവിദ്യകളിൽ ഈ കേന്ദ്രങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഗവേഷണശാലകളിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളെ വ്യാവസായിക തലത്തിൽ പരീക്ഷിക്കാനും വികസിപ്പിക്കാനും വാണിജ്യപരമായി പ്രായോഗികമായ ഉത്പന്നങ്ങളാക്കി മാറ്റാനും സഹായിക്കുന്ന നിർണായക കണ്ണിയായി പൈലറ്റ് ലൈൻ പ്രവർത്തിക്കും. ഇത്തരമൊരു സംവിധാനത്തിലൂടെ ഗവേഷണവും വ്യവസായവത്കരണവും തമ്മിലുള്ള അന്തരം നികത്തുകയും, ഇന്ത്യയിലെ സെമികണ്ടക്റ്റർ നൂതനാശയങ്ങളെ വേഗത്തിൽ വിപണിയിലെത്തിക്കുകയും ചെയ്യാം.
ഗവേഷകർ, വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ പങ്കാളികൾ എന്നിവർക്ക് പുതുതലമുറ സെമികണ്ടക്റ്റർ സാങ്കേതികവിദ്യകൾ വാണിജ്യവത്ക്കരണത്തിന് മുന്നോടിയായി വികസിപ്പിക്കാനും പരീക്ഷിക്കാനും സാധൂകരിക്കാനും ആവശ്യമായ തോതിലേക്ക് വിപുലീകരിക്കാനും കഴിയുന്ന ഒരു സമഗ്രമായ അന്തരീക്ഷം ഈ സംവിധാനത്തിലൂടെ സൃഷ്ടിക്കാനാകും. വിഭവങ്ങളും വൈദഗ്ധ്യവും കേന്ദ്രീകരിക്കുന്നതിനുപകരം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രത്യേക കേന്ദ്രങ്ങളെ പരസ്പരപൂരകമായ സാങ്കേതിക ശേഷികളിലും മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഹബ്- ആൻഡ്- സ്പോക്ക് മാതൃകയിലുള്ള ഈ സമീപനം ഇന്ത്യയുടെ വൈവിധ്യമാർന്ന ശാസ്ത്ര- സാങ്കേതിക നൈപുണ്യത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം, പ്രാദേശിക വൈദഗ്ധ്യം വളർത്താനും വിതരണ-സാങ്കേതിക ശൃംഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്താനും രാജ്യവ്യാപകമായി നൂതനാശയങ്ങളുടെ മുന്നേറ്റം ശക്തിപ്പെടുത്താനും സഹായിക്കും.
വ്യവസായമേഖലയുമായി നിരന്തര ബന്ധം ഉറപ്പാക്കുന്നതിലൂടെ, ഗവേഷണ പ്രവർത്തനങ്ങൾ യഥാർഥ വിപണി ആവശ്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുകയും ലബോറട്ടറിയിൽ നിന്ന് ഉത്പന്നത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കുകയും ചെയ്യും. ഈ തന്ത്രത്തിൽ, വൈദഗ്ധ്യമുള്ള തൊഴിൽശക്തിയുടെ വികസനവും തുല്യപ്രാധാന്യമുള്ള ഘടകമായിരിക്കണം. വികസിച്ചു വരുന്ന സെമികണ്ടക്റ്റർ വ്യവസായത്തിന് ആയിരക്കണക്കിന് എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ഓപ്പറേറ്റർമാർ, പ്രോസസ്- മാനുഫാക്ചറിങ് വിദഗ്ധർ എന്നിവരടങ്ങുന്ന വലിയൊരു നൈപുണ്യശേഷി ആവശ്യമായി വരും. അതിനാൽ, ഗവേഷണവും സാങ്കേതിക വികസനവും മാത്രമല്ല, വ്യവസായത്തിന്‍റെ നിലവിലെ ആവശ്യങ്ങൾക്കും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കും അനുയോജ്യമായ മാനവവിഭവശേഷി സൃഷ്ടിക്കുന്നതും ഇന്ത്യയുടെ സെമികണ്ടക്റ്റർ ദൗത്യത്തിന്‍റെ അവിഭാജ്യ ഘടകമാകണം.
ഇന്‍റർഡിസിപ്ലിനറി അക്കാദമിക് പ്രോഗ്രാമുകൾ, വ്യവസായ ഇന്‍റേൺഷിപ്പുകൾ, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ കോഴ്സുകൾ, പൈലറ്റ്-ലൈൻ പരിശീലനം, സഹകരണ ഗവേഷണ സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യയ്ക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിൽശക്തിയുടെ ശക്തമായ നിരയെ സൃഷ്ടിക്കാനാകും. വ്യവസായത്തിന്‍റെ മാറിവരുന്ന ആവശ്യങ്ങളുമായി വിദ്യാഭ്യാസവും പരിശീലനവും കൂടുതൽ സമന്വയിപ്പിക്കുന്നതിലൂടെ, ആഗോളതലത്തിൽ ഏറ്റവും വലുതും വൈദഗ്ധ്യമുള്ളതുമായ സെമികണ്ടക്റ്റർ തൊഴിൽശക്തികളിലൊന്നായി ഇന്ത്യയെ വികസിപ്പിക്കാം. അതോടൊപ്പം, അഡ്വാൻസ്ഡ് പാക്കെജിങ് സാങ്കേതിക സ്വാശ്രയത്വം, സാമ്പത്തിക വളർച്ച, ദേശസുരക്ഷ എന്നീ വിശാലമായ ലക്ഷ്യങ്ങൾക്കും ശക്തമായ പിന്തുണ നൽകാം. ആഗോള വിതരണ ശൃംഖലകൾ കൂടുതൽ വിശ്വസനീയവും വൈവിധ്യപൂർണവുമായ നിർമാണ-നൂതനാശയ പങ്കാളികളെ തേടുന്ന സാഹചര്യത്തിൽ, അഡ്വാൻസ്ഡ് പാക്കെജിങ്, അസംബ്ലി, ടെസ്റ്റിങ് എന്നിവയുടെ ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള അവസരം ഇന്ത്യയ്ക്കുണ്ട്. ഈ തന്ത്രം ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ- ആഭ്യന്തര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തിന്‍റെ വ്യാവസായിക മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. എന്നാൽ, ഈ ദർശനം യാഥാർഥ്യമാക്കുന്നതിന് ദീർഘകാലീനവും സുസ്ഥിരവുമായ പ്രതിബദ്ധത, തന്ത്രപരമായ നിക്ഷേപങ്ങൾ, ഏകോപിതമായ നയരൂപീകരണം, സർക്കാർ- വ്യവസായ- അക്കാദമിക് മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണം എന്നിവ അനിവാര്യമാണ്. ഈ ഘടകങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകാനായാൽ, സെമികണ്ടക്റ്റർ മേഖലയിലെ ഇന്ത്യയുടെ വളർച്ചയ്ക്ക് മാത്രമല്ല, സാങ്കേതിക ശേഷി, സാമ്പത്തിക ശക്തി, ആഗോള മത്സരക്ഷമത എന്നിവയെ സമൂലം പരിവർത്തനം ചെയ്യുന്നതിനുള്ള നിർണായക ചാലകശക്തിയായി അഡ്വാൻസ്ഡ് പാക്കെജിങ് മാറും.
(അഡ്വാൻസ്ഡ് പാക്കെജിങ്ങിന്‍റെ പിതാവും, ജോർജിയ ടെക്കിലെ എമെറിറ്റസ് പ്രൊഫസറും, ഐഎസ്‌എമ്മിൽ ഉപദേഷ്ടാവുമാണ് ലേഖകൻ)