സതീശന്‍ എന്ന സമര്‍ഥനായ തന്ത്രജ്ഞന്‍

 
Special Story

സതീശന്‍ എന്ന സമര്‍ഥനായ തന്ത്രജ്ഞന്‍

' ടീം യുഡിഎഫ് ' എന്ന ആശയത്തിലൂടെ തകര്‍ന്ന ഒരു സംഘടനയ്ക്കുള്ളിലെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം സതീശന്‍ പുനര്‍നിര്‍മിച്ചു.

MV Desk

കൊച്ചി: വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് കേരളത്തിലെ ഏറ്റവും പോരാട്ടവീര്യമുള്ള ശബ്ദങ്ങളിലൊന്നായി മാറിയ രാഷ്‌ട്രീയ നേതാവാണ് വടശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി.എസ് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ 1964 മേയ് 31ന് വടശേരി ദാമോദര മേനോന്‍റെയും വിലാസിനിയമ്മയുടെയും മകനായി ജനിച്ച സതീശന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത് എറണാകുളത്തെ പനങ്ങാടുള്ള സ്‌കൂള്‍ പഠനകാലത്താണ്. സ്‌കൂള്‍ ലീഡറില്‍ നിന്നുള്ള തുടക്കം പടിപടിയായി വളർന്ന് തേവര എസ്.എച്ച്. കോളെജില്‍ യൂണിയന്‍ ഭാരവാഹിയും എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും, എന്‍എസ്‌യു ദേശീയ സെക്രട്ടറിയുമായി.

അടിത്തറയിട്ടത് തേവരയില്‍

രാഷ്‌ട്രീയത്തില്‍ അടിത്തറയിട്ടത് തേവര എസ്എച്ച് കോളേജിലെ ക്യാംപസ് ആക്റ്റിവിസത്തിലൂടെയായിരുന്നെന്നു പറയാം. പിന്നീട് എന്‍എസ്‌യുഐയുടെ ദേശീയ ഭാരവാഹി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം സതീശന്‍റെ സംഘടനാപരമായ കഴിവുകളെ വികസിപ്പിച്ചു. ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനായിരുന്നപ്പോഴാണ് സതീശന്‍ 1996ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. എതിരാളി സിപിഐയിലെ പി.രാജുവായിരുന്നു. വടക്കന്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ മത്സരം പക്ഷേ പരാജയത്തിലാണ് കലാശിച്ചത്. അന്ന് വടക്കന്‍ പറവൂര്‍ ഇടത് കോട്ട കൂടിയായിരുന്നു. മാത്രമല്ല, സംസ്ഥാനത്തുടനീളം ഇടത് തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യ തെരഞ്ഞെടുപ്പിലെ തോല്‍വി സതീശനെ നിരാശനാക്കിയില്ല. അദ്ദേഹം പെട്ടെന്ന് തന്നെ 1996ലെ തിരിച്ചടി ഒരു ചവിട്ടുപടിയാക്കി മാറ്റി. പിന്നീട് 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. 2006ല്‍ കെ.എം. ദിനകരനെയും, 2011ല്‍ പന്ന്യന്‍ രവീന്ദ്രനെയും, 2016ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ മകളും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശാരദ മോഹനെയും, 2021ല്‍ എം.ടി.നിക്‌സനെയും, 2026ല്‍ ഇ.ടി. ടൈസനെയും തോല്‍പ്പിച്ച് വി.ഡി.എസ്. അജയ്യനായി.

നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്

കേരളത്തിന്‍റെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ ഇപ്പോഴും നെഹ്റുവിയന്‍ സോഷ്യലിസത്തിന്‍റെ ശക്തമായ ഘടകങ്ങള്‍ ഉണ്ടെന്നു പൂര്‍ണമായി അറിയാവുന്ന നേതാക്കളില്‍ ഒരാളാണ് സതീശന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെ 'യഥാര്‍ത്ഥ ഇടതുപക്ഷം' ആയിട്ടാണ് സതീശന്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കാട്ടുന്നത്. അതിലൂടെ പരമ്പരാഗത ഇടതുപക്ഷ പിന്തുണക്കാരില്‍ പോലും സതീശന്‍റെ നിലപാട് പ്രതീക്ഷയുടെ ഒരു തോന്നല്‍ സൃഷ്ടിക്കുന്നു.

വ്യത്യസ്ത പാത

കേരളത്തിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍ അധികാര സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സാധാരണയായി ശക്തരായ ജാതി-സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുണ്ട്. കേരളത്തില്‍ സാമൂഹിക സംഘടനകള്‍ ഇപ്പോഴും വന്‍ സ്വാധീനം ചെലുത്തുന്നതു കൊണ്ടാണ് ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ 2021ല്‍ പ്രതിപക്ഷ നേതാവായപ്പോള്‍ സതീശന്‍ ആ പാത പിന്തുടര്‍ന്നില്ല. എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി നടേശന്‍റെയോ എന്‍എസ്എസിന്‍റെ ജി. സുകുമാരന്‍ നായരുടെയോ അനുഗ്രഹം അദ്ദേഹം പരസ്യമായി തേടിയില്ല. ഇവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹം ഒഴിവാക്കി. ഈ നേതാക്കളില്‍ നിന്ന് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍, ജനാധിപത്യത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് സതീശന്‍ പറഞ്ഞു. ആ പ്രതികരണത്തിലൂടെ സതീശന്‍ പിന്തുടരുന്ന രാഷ്‌ട്രീയ ശൈലി എന്താണെന്നു വെളിപ്പെടുത്തി കൊടുത്തു.

ജാതി സംഘടനകളുടെ നേതാക്കളെ പിണക്കുന്നത് രാഷ്‌ട്രീയ ജീവിതത്തെ തകര്‍ക്കുമെന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ പല രാഷ്‌ട്രീയക്കാരും വിശ്വസിച്ചിരുന്നു. എന്നാല്‍ ആ വിശ്വാസത്തെ സതീശന്‍ വെല്ലുവിളിച്ചു. 2026ലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും ജാതി സംഘടനകളുടെ സ്വാധീനം അവരുടെ സമുദായങ്ങളുടെ വോട്ടിങ് സ്വഭാവത്തെ ഇനി പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയില്ല എന്നു തന്നെയാണ്.

രാഷ്‌ട്രീയ മൂര്‍ച്ച

ബി.എ. എംഎസ്ഡബ്ല്യു, എല്‍എല്‍ബി തുടങ്ങിയ ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള സതീശന്‍ മൂന്നര പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രീയ മൂര്‍ച്ചയും ഉള്‍ക്കാഴ്ചയുമുള്ള നേതാവായി രൂപപ്പെട്ടത്. സമീപ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്‍റെ പോരാട്ടവീര്യം പുനരുജ്ജീവിപ്പിക്കുന്നതില്‍ മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത്. 2026ല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ നടത്തിയ ഒരു പ്രസ്താവന വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് നിര്‍ണായക വിജയം നേടാനായില്ലെങ്കില്‍ താന്‍ രാഷ്‌ട്രീയ വനവാസം സ്വീകരിക്കുമെന്നായിരുന്നു ആ പ്രസ്താവന. അത് ധീരമായൊരു പ്രസ്താവനയായിട്ടാണ് വിലയിരുത്തപ്പെട്ടത്.

ടീം യുഡിഎഫ്

2021ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകരുമെന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭയപ്പെട്ടിരുന്നു. യുഡിഎഫ് തോല്‍വി പല പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസം തകര്‍ത്തു. കോണ്‍ഗ്രസ് കൂടുതല്‍ വിഭജിക്കപ്പെട്ടതായും, ആശയക്കുഴപ്പത്തിലായതായും, ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിയതായും കാണപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ വ്യത്യസ്ത ദിശകളില്‍ സഞ്ചരിച്ച നേതാക്കളെ ഒരേ ദിശയിലേക്ക് കൊണ്ടുവന്നു. കലഹങ്ങള്‍ കുറച്ചു കൊണ്ടുവന്നു. സഖ്യകക്ഷികള്‍ക്ക് ആത്മവിശ്വാസം നല്‍കി. പ്രവര്‍ത്തകരുടെ മനോവീര്യം പുനസ്ഥാപിച്ചു. ' ടീം യുഡിഎഫ് ' എന്ന ആശയത്തിലൂടെ തകര്‍ന്ന ഒരു സംഘടനയ്ക്കുള്ളിലെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം സതീശന്‍ പുനര്‍നിര്‍മിച്ചു.

സംഘടനാ ചുമതലകള്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്‍റ് തുടങ്ങിയ സംഘടനാ ചുമതലകള്‍ സതീശന്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനാ തലത്തില്‍ പ്രകടിപ്പിച്ചതിനേക്കാള്‍ മികവ് സതീശന്‍ പുറത്തെടുത്തത് വിഷയാധിഷ്ഠിത ഇടപെടലുകളിലാണ്. അതിലൂടെ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ പ്രൊഫൈല്‍ ക്രമാനുഗതമായി ഉയര്‍ന്നുവന്നു. 2010ല്‍ അന്തര്‍സംസ്ഥാന ലോട്ടറികളെച്ചൊല്ലി മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായി നടത്തിയ ഡിബേറ്റ് രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളിലും സതീശന്‍റെ ഇടപെടലുണ്ടായി. 2011-16 കോണ്‍ഗ്രസ് ഭരണകാലത്ത് പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ട് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെ സതീശന്‍ പിന്തുണച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയ ആറ് യുഡിഎഫ് നിയമസഭാംഗങ്ങളുടെ സംഘത്തിലെ ഒരു പ്രധാന ശബ്ദമായിരുന്നു സതീശന്‍. ഈ ആറംഗ സംഘം 'ഗ്രീന്‍ എംഎല്‍എമാര്‍' അല്ലെങ്കില്‍ 'ഹരിത എംഎല്‍എമാര്‍' എന്നാണ് അനൗപചാരികമായി അറിയപ്പെട്ടിരുന്നത്.

നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിഷയം ആഴത്തില്‍ പഠിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് സതീശന്‍. ഈ സമീപനം നേതാവെന്ന നിലയില്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടായി. അങ്ങനെയാണ് സതീശന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. അത് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയും ചെയ്തു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ ആക്രമണാത്മക നിലപാട് സ്വീകരിച്ചു. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ വാദങ്ങള്‍ ഉപയോഗിച്ച് ഭരണകൂടത്തെ വിമര്‍ശിച്ചു. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും വിജയം നേടി. ഇതിനുപുറമെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഉള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ യുഡിഎഫ് രേഖപ്പെടുത്തി. തന്‍റെ ബോധ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സതീശനെ പലപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവായിട്ടാണ് കാണുന്നത്. ലൈംഗിക പീഡന ആരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാംകൂട്ടത്തിലിനെതിരേ നടപടിയെടുക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ആര്‍ജവം ഉദാഹരണമാണ്.

റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്തു മുംബൈയ്ക്ക് ആശ്വാസ ജയം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം